ഒരു ശരാശരി ചലച്ചിത്ര കാഴ്ച
Santhosh Iriveri Parootty
“അമർ അക്ബർ അന്തോണി”, “കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ” എന്നീ ചിത്രങ്ങളിലൂടെ മികച്ച വാണിജ്യ സിനിമകൾ എടുക്കാനാവുമെന്ന് തെളിയിച്ചയാൾ ആണ് നാദിർഷാ. തുടർന്നിങ്ങോട്ട് വന്ന “മേരാ നാം ഷാജി “, “കേശു ഈ വീടിന്റെ നാഥൻ ” എന്നീ രണ്ട് ചിത്രങ്ങളും പ്രതീക്ഷയ്ക്കൊത്തുയർന്നില്ല എന്ന് മാത്രമല്ല, അവസാനത്തെ ചിത്രം ഒരു ദുരന്തവുമായിരുന്നു. ഇത്തവണ കോമഡി ട്രാക്ക് മാറ്റിപ്പിടിക്കുന്ന നാദിർഷാ ത്രില്ലർ പശ്ചാത്തലത്തിൽ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ്. ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ‘ഈശോ’ സോണി ലൈവിൽ ആണ് സ്ട്രീമിംഗ് ആരംഭിച്ചിട്ടുള്ളത്. ഏതാണ്ട് ഒന്നേ മുക്കാൽ മണിക്കൂർ മാത്രമാണ് ചിത്രത്തിന്റെ ദൈർഘ്യം.
സത്യം പറഞ്ഞാൽ നിരാശപ്പെടുത്തി “ഈശോ”. ഒരു പാട്ടിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ആ പാട്ടാകട്ടെ, “കേശു ഈ വീടിന്റെ നാഥൻ ” എന്ന സിനിമയിലെ പാട്ട് കോപ്പി പേസ്റ്റ് ചെയ്തത് പോലുണ്ട്. നിരവധി തവണ പറഞ്ഞു പോയ സ്ത്രീപീഡനവും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കലും ഒക്കെ തന്നെയാണ് ഇവിടെയും പറയുന്നത്. വേണമെങ്കിൽ സാക്ഷികളുടെ മൊഴി മാറ്റലുമായി ബന്ധപ്പെട്ട വിഷയത്തിന് മുൻതൂക്കം നൽകിയത് ഒരു ചേയ്ഞ്ച് ആണെന്ന് പറയാം.
ആദ്യ ഭാഗങ്ങളിൽ ചൈൽഡ് ലൈനിന് മുന്നിൽ സ്കൂൾ വിദ്യാർഥിനി നടത്തുന്ന വിവരണമൊക്കെ ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം “ദ ഗ്രേറ്റ് ഫാദർ ” നെ ഓർമിപ്പിക്കുന്നുണ്ട്. ജയസൂര്യയുടെ കഥാപാത്രം പോലും അദ്ദേഹത്തിന്റെ പഴയ പല കഥാപാത്രങ്ങളെയും ഓർമയിൽ കൊണ്ടു വരുന്നുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത “താങ്ക് യു ” ഒക്കെ ഉദാഹരണം. ആദ്യഭാഗങ്ങളിലെ സംഭാഷണങ്ങൾ ഒക്കെ വളരെ അമച്വറിഷ് ആയി തോന്നിച്ചു. കഥാപരിചരണത്തിൽ പുതുമ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞതുമില്ല.
എടിഎമ്മിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന പ്രാരാബ്ധക്കാരൻ രാമചന്ദ്രൻ പിള്ള (ജാഫർ ഇടുക്കി) പോക്‌സോ കേസിൽ ഒരു ഉന്നതനെതിരെ സാക്ഷി പറയാൻ ഒരുങ്ങുന്നു. അയാളെ അവസാനിപ്പിക്കാൻ ശത്രുക്കൾ തീരുമാനിക്കുന്നു. മൊഴി രേഖപ്പെടുത്താൻ കോടതിയിൽ ഹാജരാകേണ്ടതിന്റെ തലേദിവസം രാത്രി എ ടി എമ്മിൽ സെക്യൂരിറ്റി ജോലി എടുക്കേണ്ടി വരുന്ന പിള്ളയുടെ ജീവിതത്തിലേക്ക് വിചിത്ര സ്വഭാവക്കാരനായ ഒരപരിചിതൻ (ജയസൂര്യ) കടന്നുവരുന്നു. അയാൾ ആരാണ് എന്ന ചോദ്യത്തിന് ഇത്തരം തേടിയാണ് കഥ മുന്നോട്ട് പോവുന്നത്. സംവിധായകൻ മനസ്സിൽ കണ്ട സസ്പെൻസ് സിനിമ കാണുന്ന ഒന്നാം ക്ലാസ്സിലെ കുട്ടികൾ പോലും മാനത്ത് കാണും എന്നതാണ് ചിത്രത്തിന്റെ ദുര്യോഗം.
ജയസൂര്യ, ജാഫർ ഇടുക്കി എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റ്. സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ജോണി ആന്റണി, ഇന്ദ്രൻസ്, രാജിനി ചാണ്ടി, യദു കൃഷ്ണൻ, മണികണ്ഠൻ, അക്ഷര കിഷോർ, കോട്ടയം നസീർ,ശ്രീകാന്ത് മുരളി, രജിത് കുമാർ, അരുൺ നാരായണൻ, നാദിർഷാ എന്നിവരടക്കം നിരവധി അഭിനേതാക്കൾ ചിത്രത്തിലുണ്ടെങ്കിലും ആർക്കും കാര്യമായൊന്നും ചെയ്യാനില്ല.
നേരത്തെ പറഞ്ഞപോലെ അത്യന്തം പ്രവചനീയമായ കഥാഗതിയാണ് ചിത്രത്തിന്റേത്. അതിനാൽ തന്നെ ഉദ്ദേശിക്കുന്ന ത്രില്ലിംഗ് ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുന്നില്ല. സുനീഷ് വാരനാടിന്റെ തിരക്കഥ പരാജയമാണ് എന്ന് പറയേണ്ടി വരും. വാളയാർ പീഡനക്കേസൊക്കെയാണ് ചിത്രം പറഞ്ഞു വെക്കാൻ ശ്രമിക്കുന്നത്. ക്ലൈമാക്സിനോടടുത്ത് ഒരു വില്ലനെ കൊല്ലുന്ന രംഗം 1993ൽ റിലീസ് ചെയ്ത “ഗാന്ധാരി” എന്ന ചിത്രത്തിൽ നിന്ന് അതേ പടി പകർത്തിയ പോലുണ്ട്. റോബി രാജ് വർഗീസിന്റെ ക്യാമറ മികച്ചു നിന്നു. രാത്രി സീനുകളെല്ലാം നന്നായിട്ടുണ്ട്. രാഹുൽ രാജിന്റെ ബി ജി എമ്മും കൊള്ളാമായിരുന്നു.ചുരുക്കത്തിൽ തലവാചകത്തിൽ കൊടുത്ത പോലെ “ഒരു ശരാശരി ചലച്ചിത്ര കാഴ്ച”. ഒ ടി ടി സിനിമകൾ കാണുന്ന കുടുംബ പ്രേക്ഷകർക്ക് ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം.
എൻ ബി :- പലരും “പൊന്ന്യൻ സെൽവം -1”, “മേം ഹൂം മൂസ ” ഒക്കെ കണ്ട് എഴുതാൻ പറയുന്നുണ്ട്. എല്ലാ സിനിമയും കാണണം എന്നുണ്ട്. പക്ഷേ ആരോഗ്യം പഴയ പോലെയല്ല. കുറച്ച് മോശമാണ്. പ്രായവും കൂടി വരുന്നു. ഒഴിവ് ദിവസങ്ങളിൽ പഴയ പോലെ തിയേറ്ററിൽ പോകാറില്ല. വീട്ടിൽ തന്നെ കിടന്നുറങ്ങാറാണ് പതിവ്. രാവിലെ മുതൽ വൈകുന്നേരം വരെ ഉറങ്ങിയാലും ക്ഷീണം മാറുന്നില്ല. അതാണ് അവസ്ഥ. പിന്നെ സിനിമ കണ്ട് കഴിഞ്ഞാലും അതിനെപ്പറ്റി എഴുതുക എന്നത് മടുപ്പിക്കുന്ന കാര്യമാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥയിലെ അനുഭവം. ചുരുക്കത്തിൽ മനസ്സ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ല. കുറേക്കാലമായില്ലേ മരുന്നൊക്കെ കഴിക്കുന്നു. ഇതൊക്കെ സ്വാഭാവികമായും വരേണ്ടുന്ന അവസ്ഥയാണ്. അത് കൊണ്ട് ആഗ്രഹിച്ച എല്ലാ സിനിമയും കണ്ടെഴുതാൻ പറ്റാറില്ല. കഴിയുന്നത്ര ശ്രമിക്കാം. ഓക്കേ, താങ്ക് യു..