ജിക്കുഭായിയെ നിങ്ങള്‍ അറിയുമോ എന്ന് എനിക്കറിയില്ല. വര്‍ഗീസ് അച്ചായനെ സംബന്ധിച്ചും സംഗതി തഥൈവ. ജിക്കുഭായ് ഒരു പുലിക്കുട്ടിയാണെങ്കില്‍ അച്ചായന്‍ ഒരു കടുവക്കുട്ടിയാണ് ! എന്റെ പഴയകാല ഹോസ്റ്റല്‍ ബഡീസാണ് ഈ ഗഡീസ്. സീനിയേഴ്‌സ്.
157 സെന്റിമീറ്ററിലാണ് തന്റെ ഉടല്‍ നീണ്ടു നില്‍ക്കുന്നത് എന്നതിനാല്‍, എപ്പൊഴും തല അല്പം ഉയര്‍ത്തിപ്പിടിച്ചേ ജിക്കുഭായ് നടക്കാറുള്ളു. അച്ഛന്‍ ആര്‍മിയില്‍ ക്യാപ്റ്റനാണ്. പുലിയുടെ കുഞ്ഞ് പുലിയെങ്കില്‍ ക്യാപ്റ്റന്റെ കുഞ്ഞ് ക്യാപ്റ്റന്‍ ആകണമല്ലോ. അതുകൊണ്ട് ജിക്കു ഭായ്, ക്യാപ്റ്റന്‍ ജിക്കു ഭായ് എന്നാണ് അറിയപ്പെട്ടിരുന്നത്.
അച്ചായന്‍ ക്ലീന്‍ ഷേവന്‍, സുസ്‌മേരവദനന്‍, കമിഴ്ന്നു വീണാല്‍ കാല്‍പ്പണം പൊക്കുന്നവന്‍……. ഏതു പ്രതിസന്ധിഘട്ടത്തിലും ജന്മസിദ്ധമായ അതിജീവനശക്തി പുറത്തെടുക്കുന്നവന്‍……സ്വന്തം അപ്പന്റെ റബര്‍ വെട്ടുകാര്‍ക്കൊപ്പം കൂടി, കൂലിയിനത്തില്‍ പോക്കറ്റ്മണി സമ്പാദിക്കുന്നവന്‍……രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ ഗായകന്‍……!
അച്ചായന്റെ ഫേയ്മസായ ചില പാട്ടുകളുണ്ട്.
‘മലമൂട്ടില്‍ നിന്നൊരു മാപ്പിളാ
മാലാഹാ പൊലൊരു പെമ്പിളാ
ഇളം കാറ്റടിച്ചനേരം അവര്‍
മുളങ്കാട്ടില്‍ വച്ചു കണ്ടുമുട്ടി….’
ഇതാണൊന്ന്.
മറ്റൊന്ന് സ്ഥിരം കോളേജ് ടൂറുകളിലും, ക്യാമ്പുകളിലും പാടുന്ന പാട്ടാണ്.
‘മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ…
വാണീ ഗണപതീ കമലഹാസപത്‌നീ….
മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ…’
അര്‍ത്ഥമൊന്നും ചോദിക്കരുത്. ഇതില്‍ക്കൂടുതല്‍ ഈ ഗാനസുമങ്ങളെക്കുറിച്ചു വര്‍ണിക്കാന്‍ അടിയന് ആവതില്ല!
‘മേരാ മുര്‍ഗാ കോ ദേഖാ ക്യാ!?’ എന്ന പുണ്യപുരാതനമായ ഹിന്ദി സില്‍മാക്കഥയുടെ നിര്‍മ്മാതാവ് കൂടിയാണ് ജിക്കു ഭായ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയും അദ്ദേഹം തന്നെ. എന്നു വച്ചാല്‍ കോളേജ് മാഗസിനില്‍ അതിയാന്‍ എഴുതിയ ഒരു കഥയുടെ പേരാണ് ദാ മുകളില്‍ കണ്ടത്. അതോടെ അച്ചായന്‍ താരമായി!
കഥയെന്നാണ് എല്ലാവരോടും പറഞ്ഞതെങ്കിലും സംഗതി സത്യമായിരുന്നു. കോളേജ് മാഗസിന്‍ ഇപ്പോള്‍ സര്‍ക്കുലേഷനില്‍ ഇല്ലാത്തതിനാല്‍ ആക്കഥ ഞാനിവിടെ രഹസ്യമായി കുറിക്കാം. ആര്‍ക്കും ഫോര്‍വേഡ് ചെയ്യരുത് !
മെയ് മാസത്തിന്റെ മൂര്‍ധന്യത്തില്‍ വേനല്‍ ജ്വലിക്കുമ്പോള്‍ ഹോസ്റ്റല്‍ അടയ്ക്കുന്നത് സ്ഥിരം പതിവാണ്. അങ്ങനെയൊരു വേനലവധിക്കാലത്താണ് ജിക്കു ഭായ് അച്ചായനെ ബോംബേയ്ക്കു ക്ഷണിച്ചത്.
ഓസിനു ടിക്കറ്റും, ശാപ്പാടും. അച്ചായന്‍ കമിഴ്ന്നുവീണു. ഭാണ്ഡവും മുറുക്കി ക്യാപ്റ്റനൊപ്പം വച്ചുപിടിച്ചു.
ഇരുവരും ബോംബേയിലെ ഫ്‌ലാറ്റിലെത്തി.അച്ചായന്‍ ആകെ അമ്പരപ്പിലായിരുന്നു. ഇത്രവലിയ ഫ്‌ലാറ്റിലാ ഇവര്‍ താമസിക്കുന്നത് എന്ന് , ക്യാപ്റ്റന്റെ പുളുവടിശീലം കാരണം അതിയാന്‍ വിശ്വസിച്ചിരുന്നില്ല!
ലിഫ്റ്റിനരികില്‍ വച്ച് ഒരു സര്‍ദാര്‍ജിയെ കണ്ടുമുട്ടി.
‘ഗ്രൌണ്ട് ഫ്‌ലോറിലെ താമസക്കാരനാണ്’ ജിക്കുഭായ് പറഞ്ഞു.
സര്‍ദാര്‍ജി മൊഴിഞ്ഞു ‘സത് ശ്രീ അകാല്‍!’
‘വാഹിഗുരുജി കാ ഖല്‍സാ, വാഹീഗുരുജി കി ഫത്തേ!! ‘ സര്‍ദാറിനെ ഇംപ്രസ് ചെയ്യിക്കാനും,അച്ചായനെ ഞെട്ടിക്കാനുമായി ക്യാപ്റ്റന്‍ ഒറ്റവെടി! സത്യം പറയണമല്ലോ, അച്ചായന്റെ വെടിതീര്‍ന്നു!
അതുകേട്ട് ഉച്ചത്തില്‍ ചിരിച്ച് സര്‍ദാര്‍ ജിക്കുഭായിയെ കെട്ടിപ്പിടിച്ചു. ഭീമാകാരന്റെ കുപ്പായക്കൂടാരത്തില്‍ ജിക്കുഭായ് മുങ്ങിപ്പോയി. ഭാഗ്യവശാല്‍ ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ സര്‍ദാര്‍ പിടിവിട്ടു. ആള്‍ വീണ്ടും പ്രത്യക്ഷനായി !
ഫ്‌ലാറ്റിലെത്തി. ഊഷ്മളമായസ്വീകരണം. ആദ്യദിവസം ഗംഭീരമായിരുന്നു. ജിക്കൂ’സ് ഡാഡ് ക്യാപ്റ്റന്‍ ഗോപാല്‍ജിയും, മോം സാവിത്രി ജിയും നന്നായി സല്‍ക്കരിച്ചു. പക്ഷേ മൊത്തം പച്ചക്കറി മയം. രണ്ടാം ദിവസം മുതല്‍ അച്ചായ് മ്ലാനവദനനായി. മൂന്നാം ദിനവും നാലാം ദിനവും പരവേശം കൂടി.ഒരു തുണ്ടു മീനോ, ഇറച്ചിയോ ഇല്ലാതെ എങ്ങനെ ചോറിറങ്ങും!?
അഞ്ചാം ദിനം രാത്രി അച്ചായന്‍ ആകുലകുമാരനായി വ്യാകുലമാതാവിനെ വിളിച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിച്ചു മയങ്ങിപ്പോയ ടിയാന്‍ ഉറക്കമുണര്‍ന്നത് ഒരു കോഴികൂവല്‍ കേട്ടാണ്.
പണ്ട് പള്ളിമേടയിലെ ഏതോ നാടകത്തില്‍ ‘ആരവിടെ? ദാവീദിന്റെ കണ്ടത്തിലും കോഴിയോ!?’ എന്ന് , ഡയലോഗ് കിട്ടാഞ്ഞ ഒരു വിഖ്യാത നടന്‍, അരുളിച്ചെയ്തതു പോലെ അച്ചായനും ആക്രോശിച്ചു ‘ക്യാപ്റ്റന്റെ ഫ്‌ലാറ്റിലും കോഴിയോ!? നാശം പിടിക്കാന്‍….. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കുകേലേ!?’
പുതപ്പു വലിച്ചു മൂടി പിന്നെയും ഉറങ്ങാന്‍ തുടങ്ങിയ അച്ചായന്റെ ഉള്ളില്‍ ലഡു പൊട്ടിയത് പെട്ടെന്നായിരുന്നു.അടുത്തു കിടന്ന ജിക്കു ഭായിയെ തട്ടിവിളിച്ച് അച്ചായന്‍ കൂവി.
‘കോഴി കൂവി! അതെ…. പൂവന്‍ കോഴി കൂവി …. ഡാ എണീക്കെടാ!’
‘കോഴി കൂവി…. കൊടിമരം നാട്ടി…. കൊടി ഉയര്‍ത്തി…..’ജിക്കു ഭായ് മൂന്നാം ക്ലാസിലെ മലയാളം പാഠം ഉരുവിട്ടുകൊണ്ട് തിരിഞ്ഞു കിടന്നു. മെല്ലെ, സഹപാഠിനിയായിരുന്ന താരാദേവി.കെ.കെ.യുടെ കൈ പിടിച്ച് സ്വപ്നസഞ്ചാരത്തിലെക്കു മടങ്ങി.
അച്ചായന് ഉറക്കം പൂര്‍ണമായും നഷ്ടപ്പെട്ടു. ഈ ഫ്‌ലാറ്റില്‍ ഒരു കോഴിയുണ്ട്. ഒരു പൂവന്‍ കോഴി. താനിവിടെ പച്ചക്കറീം തിന്ന് ഓക്കാനിച്ചു നടക്കുമ്പോ അവനിവിടെ അങ്കവാലുയര്‍ത്തി വിഹരിക്കുകയായിരുന്നോ…!
അവനെ തട്ടണം!
നേരം എങ്ങനെയെങ്കിലും ഒന്നു പുലര്‍ന്നാല്‍ മതിയെന്നായി അച്ചായന്. വാച്ചിലാണെങ്കില്‍ സമയം 4.10 എ.എം!
ക്യാപ്റ്റന്‍ ഫാമിലിയുടെ ഒഫീഷ്യല്‍ ഉറക്കമുണരല്‍ 6.30 ആക്കി നിജപ്പെടുത്തിയിട്ടുള്ളതാണ്. അതിന് ഒരു മിനിറ്റ് മുന്‍പോ, പിന്‍പോ ആരും പള്ളിക്കുറുപ്പുണരാന്‍ പാടുള്ളതല്ല എന്നതാണ് സുഗ്രീവാജ്ഞ. അതുകൊണ്ട് കൂര്‍ക്കം വലിച്ചുറങ്ങുകയാണ് യുവരാജാ അംഗദന്‍! രണ്ട് രണ്ടര മണിക്കൂര്‍ കഴിഞ്ഞാലെ പള്ളിക്കുറുപ്പുണരൂ എന്നത് നിശ്ചയം. ഈ ലോകത്തുള്ള സകല പട്ടാളക്കുറുപ്പുമാരെയും പ്‌രാകി അച്ചായന്‍ നേരം വെളുപ്പിച്ചു. ആറരയായപ്പോള്‍ അവിടുന്നും ഇവിടുന്നും ഒക്കെ അലാം മുഴങ്ങി. കുറുപ്പന്മാര്‍ ഉണര്‍ന്ന് പള്ളിക്കു പുറത്തു വന്നു.അച്ചായന്‍ കണ്ണും ചുവപ്പിച്ച് കതകു തുറന്നു നോക്കിയപ്പോള്‍ വാതില്‍ക്കല്‍ ക്യാപ്റ്റന്‍ സീനിയര്‍, കുളിച്ചു കുട്ടപ്പനായി നില്‍ക്കുന്നു!
അദ്ദേഹം മകനെ വിളിച്ചു പറഞ്ഞു ‘ ജിക്കു ബേട്ടാ, ആജ് തേരീ മമ്മീ കേ സാ!ഥ് , മെ ഷിര്‍ഡി ജാ രഹാ ഹൂം…. കല്‍ ഷാം കോ വാപ്പസ് ആയേംഗേ…..’
‘അച്ചനും അമ്മേം ഷിര്‍ഡി സായി ബാബേടേ അമ്പലത്തീ പോവാ….. നാളെ വൈകിട്ടേ വരൂ!’ പരിഭ്രാന്തനായി ജിക്കുഭായ് പരിഭാഷപ്പെടുത്തി.
‘ഫസ്റ്റ് ഒബേയ്; ദെന്‍ ക്വെസ്റ്റ്യന്‍’! അതാണ് ക്യാപ്റ്റന്‍ ജിയുടെ പോളിസി. അതുകൊണ്ട് പുത്രന്‍ ഒന്നും ചോദിച്ചില്ല. വായ് പൊത്തി നിന്നു.
ഷിര്‍ദ്ദി സായിബാബാ സന്നിധാനത്തുപോകണം എന്നത് കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു. ഫ്‌ലാറ്റ് നോക്കാന്‍ ആരുമില്ലാത്തതു കാരണം പോകാതിരിക്കുകയായിരുന്നത്രെ, ഇതുവരെ.
ഇപ്പോ വീടേല്‍പ്പിച്ചുപോകാന്‍ ആളായി!
രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കുക്ക് ചെയ്തുവച്ചാണ് അവര്‍ പോകുന്നത്. ജിക്കുഭായ് മമ്മിജിയോട് ദീനമായി എതിര്‍ത്തുനോക്കി. നോ രക്ഷ. അവര്‍ പുറപ്പെട്ടു.
എന്നാല്‍, സായിബാബ എന്നു കേട്ടാല്‍ ‘പുജ്ഞ’മായിരുന്ന അച്ചായന്‍ ഈ തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്തു!
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ചിക്കന്‍!
തേടിയ കാലേല്‍ വള്ളിചുറ്റി!
പൂവനെ കണ്ടുപിടിക്കുക. കയ്യിലുള്ള കാശുകൊടുത്തു വാങ്ങിക്കുക. അവനെ പൊരിക്കുക! അച്ചായന്റെ വായില്‍ വെള്ളമൂറി.
‘ഇമ്മീഡിയേറ്റ് ആക്ഷന്‍ റിക്വയേഡ്….. ഫാളിന്‍ ക്യാപ്റ്റന്‍ ജിക്കൂ!’ അച്ചായ് അലറി.
അടുത്ത നിമിഷം ക്യാപ്റ്റന്‍ ഓണ്‍ ഹിസ് ഹീല്‍സ്!
എന്നാല്‍ ജിക്കുഭായിയുടെ അന്വേഷണത്തില്‍ തെളിഞ്ഞ വിവരങ്ങള്‍ ഒട്ടും ആശാവഹമായിരുന്നില്ല. ആദ്യദിവസം ലിഫ്റ്റിനരികില്‍ കണ്ട സര്‍ദാര്‍ജിയുടെ പെറ്റാണത്രെ ആ! പൂവന്‍. ആണ്‍ മക്കളില്ലാത്ത അയാള്‍ അതിനെ പുത്രനു തുല്യം സ്‌നേഹിക്കുന്നു! വില്‍ക്കാന്‍ ഒരു സാധ്യതയുമില്ല. കുല്‍വന്ത് സിങ്ങ് എന്നാണ് സര്‍ദാര്‍ജിയുടെ പേര്.
‘ഏതു കുല വന്ത സിങ്ങമായാലും ശരി, അവന്റെ പൂ!വനെ എനിക്കു വേണം!’ അച്ചായ: ഉവാച.
‘അതു നടക്കില്ല മോനേ’ജിക്കുഭായ് പറഞ്ഞു.
കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല അച്ചായ്. ഒരാഴ്ചയായി കൊതിച്ചു വലഞ്ഞ് താനൊരു ‘മാംസദാഹി’യായി മാറിയിരിക്കുകയാണെന്നും, തന്നെ തടഞ്ഞാല്‍ ഫലം വിനാശകരമായിരിക്കുമെന്നും ആ മഹാന്‍ പ്രഖ്യാപിച്ചു.
അച്ചായന് കോഴി എന്നു വച്ചാല്‍ ജീവനാണ്. സ്വന്തം ജീവന്‍ കൊടുത്തും അവനെ സ്വന്തമാക്കും. പിന്നെ ഏമ്പക്കം പോകുന്നതു വരെ ഒരു പരവേശമാണ്. അവന്‍ ദഹിച്ച് സ്വന്തം ശരീരത്തിന്റെ ഭാഗമായി മാറിയാലേ, ഏമ്പക്കം വരൂ…..!
കുടുംബപരമായി മഹാത്മാഗാന്ധിയുടെ ആരാധകന്‍ ഒക്കെയാണെങ്കിലും സസ്യാഹാരപ്രേമം എന്ന വീക്‌നെസ് അദ്ദേഹത്തിനില്ല. അതില്‍ പശ്ചാത്താപവുമില്ല.
ഇതൊന്നും വെറുതേ പറയുന്നതല്ല. വേദവാക്യമുണ്ട്. അതിനു സദൃശവാക്യവുമുണ്ട്. ‘കൊന്നാല്‍ പാപം തിന്നാല്‍ പോകും’ എന്നതത്രെ ആ വാക്യം!
വേദം ഒക്കെ ഉദ്ധരിച്ചതോടെ, ജിക്കു ഭായ് പെട്ടു. അച്ചായ് അചഞ്ചല്‍ രഹാ. ഒടുവില്‍ രണ്ടാളും കൂടി അപ്പാര്‍ട്ട്‌മെന്റ്‌റ് മുഴുവന്‍ ഒന്നു ചുറ്റിനടന്നു കണ്ടു.
രണ്ടു മലയാളത്താന്മാര്‍ പമ്മിനടക്കുന്നത് തൊട്ടടുത്ത ഫ്‌ലാറ്റിലെ ശിവശങ്കരമൂര്‍ത്തിയില്‍ ചില സംശയങ്ങളുണര്‍ത്തിയെങ്കിലും ജിക്കു ഭായ് അതൊക്കെ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. ഭയങ്കര മുരുകഭക്തനാ മൂര്‍ത്തി.
പളനിയില്‍ മാത്രമല്ല മരുതമലയിലും താന്‍ പോയിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ തട്ടിവിട്ടു. തെളിവിനായി ഒരു പാട്ടും പാടി. ‘മറുതമലൈ മാമുനിയേ മുറുകയ്യാ……!’ അതോടെ ആള്‍ വീണു.
കുലവന്ത സിംഹത്തിന്റെ മടയിലെത്തി. പുറമെ ആരുമില്ല്‌ല. തുറന്നു കിടന്ന വാതിലിലൂടെ പൂവന്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. സിംഹം പുറത്തു പോയിരിക്കുകയാണ്. സിംഹി അകത്തെവിടെയോ ഉണ്ട്.
സംഗതികളുടെ കിടപ്പുവശവും, പൂവന്റെ നടപ്പുവശവും മനസ്സിലാക്കാന്‍ അച്ചായന് മിനിറ്റുകളേ വേണ്ടിവന്നുള്ളൂ.
പൂവന്‍ പുറത്തുവരാന്‍ കാത്തു നിന്നു. അവന്‍ പുറത്തു വന്നതോടെ അച്ചായ് വാതില്‍ അടച്ചു. പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. മിനിമം ഒച്ചപ്പാടോടെ അവന്റെ കഴുത്ത് കൈപ്പിടിയിലാക്കി. ക്ലോക്ക്‌വൈസ് നാലു തിരി…… പൂവന്‍ സൈലന്റ്!
ജിക്കുഭായിയുടെ ഹൃദയം പടപടാ മിടിച്ചു. ആരെങ്കിലും കണ്ടാല്‍ അപ്പോ തീര്‍ന്നു, മാനം! എന്നാല്‍ ഒപ്പമുള്ള ‘മാംസദാഹി’യുണ്ടോ കുലുങ്ങുന്നു….. ഒറ്റ മിനിറ്റു കൊണ്ട് ലിഫ്റ്റില്‍ കയറി. റൂമിലെത്തി. ക്യാപ്റ്റന്‍ ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. ഒരു കുപ്പി വെള്ളം കുടിച്ചു.
പക്ഷേ അച്ചായന്‍ ആത്മാര്‍ത്ഥതയുള്ളവനായിരുന്നു. പപ്പും പൂടയും പറിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പൂവനെ ഡ്രെസ് ചെയ്തു കുട്ടപ്പനാക്കി. ഒരു സര്‍ജന്റെ വൈദഗ്ധ്യത്തോടെ അവനുമേല്‍ കത്തി പായിച്ചു. കാലുകള്‍ രണ്ടും സര്‍ജറിക്കു വിധേയമാക്കി. നല്ല ഷെയ്പ്പില്‍ മുറിച്ചെടുത്തു. അത് െ്രെഫ ചെയ്യാന്‍ ! ബാക്കി വൃത്തിയായി നുറുക്കിയെടുത്തു. അത് കറി വയ്ക്കാന്‍ !
എന്നിട്ട് തൈരു കൊണ്ടു വരാന്‍ ജിക്കുഭാ!യിക്ക് ഓര്‍ഡര്‍ കൊടുത്തു. കാലും,കഷണങ്ങളും തൈരില്‍ കുഴച്ചു വച്ചു. പൂവന്‍ ആള് സീനിയറാ…. മുറ്റിയ ഇറച്ചി സോഫ്റ്റാക്കാന്‍ ഇതാ ടെക്ക്‌നിക്ക്.
‘ഇനി നമുക്ക് പുറത്തുപോയി ചിക്കന്‍ മസാല വാങ്ങിവരാം!’ അച്ചായ് ഉവാച. ഹോസ്റ്റല്‍ വാസത്തോടെ ചിക്കന്റെ രുചിയറിഞ്ഞ ജിക്കു ഭായിയുടെ കണ്ട്രോളും പോയി!
ഫ്‌ലാറ്റില്‍ നിന്ന് രണ്ടാളും പറന്നിറങ്ങി, മസാലയുമായ് പറന്നെത്തി.
ജനലും വാതിലും, എന്തിന് വെന്റിലേഷന്‍ വരെ അടച്ചിടാന്‍ അച്ചായന്‍ ആവശ്യപ്പെട്ടു. ജിക്കു ഭായ് ഫസ്റ്റ് ഒബെയ്ഡ് ആന്‍ഡ് ദെന്‍ ക്വെസ്റ്റ്യന്‍ഡ് ‘എന്തിനാ എല്ലാം അടച്ചിടുന്നേ?’
‘മോനേ പുലിക്കുഞ്ഞേ, സിങ്ങന്മാരുടെ ഘ്രാണശക്തി നിനക്കറിയാമ്മേലാ….. ആ കുലവന്ത സിങ്ങം എങ്ങാനും ഇതു മണത്തറിഞ്ഞാ, നമ്മടെകാര്യം കട്ടപ്പൊക!’
അച്ചായന്‍ ആസ്വദിച്ച് പാചകം ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ മേശപ്പുറത്ത് കറിവേറേ, െ്രെഫ വേറെ!
പഞ്ചാബി ചിക്കന്റെ രുചിയില്‍ രണ്ടാളും മൂക്കു മുട്ടെ തിന്നു. മമ്മിജി ഉണ്ടാക്കി വച്ചുപോയ ചപ്പാത്തി മുഴുവന്‍ കാലി!
വൃത്തിയായി ഊറിയെടുത്ത എല്ലുകള്‍ മാത്രം ബാക്കി.
മുറി വൃത്തിയാക്കി, ഫാന്‍ ഓണ്‍ ചെയ്ത് ജനല്‍ തുറന്നിട്ടു.
എന്നിട്ട് ഒരു കൂട് ചന്ദനത്തിരി കത്തിച്ചു വച്ച് ജനലും കതകും അടച്ചു.
ഓരോ ഏമ്പക്കം കൂടി വിട്ടതോടെ ‘പൂര്‍ണകുമ്പന്‍’മാര്‍ക്ക് തൊട്ടടുത്ത ബീച്ചില്‍ പോയാല്‍ എന്തെന്നായി.
‘കൊന്നാല്‍ പാപം തിന്നാ!ല്‍ പോമെടി മറിയേ…… അതു തിന്നാല്‍ പോമെടി മറിയേ…..’ അച്ചായന്‍ പാടി.
‘പാപം മറിച്ചിട്ടാല്‍ പമ്പാ…. സര്‍വ പാപ നാശിനി പമ്പാ…..’ ജിക്കു ഭായ് ഒരു ഭക്തിഗാനം പാടി!
അങ്ങനെ പാപം മറിച്ചിട്ട് ബോംബെ മറൈന്‍ െ്രെഡവിലെ പമ്പാതീരത്തെത്തി കാഴ്ചകള്‍ ഒക്കെകണ്ട് മടങ്ങിവരവേ ആണ് സര്‍ദാര്‍ജിയുടെ വരവ്. വെടിച്ചില്ലു പോലെ തുളച്ചു കയറുന്ന ഒരു ചോദ്യവുമായി. ‘മേരാ മുര്‍ഗാ കോ ദേഖാ ക്യാ!!??’
കാര്യം, ഹിന്ദിയൊന്നും അറിയാമ്മേലാ എങ്കിലും അഞ്ചാറു ഭാഷകളില്‍ കോഴിക്കു പറയുന്ന പേര് അച്ചായനറിയാം. പൂച്ചു പുറത്തായോ എന്നോര്‍ത്ത് അമ്പരന്നിരിക്കുകയായിരുന്ന ജിക്കുഭായിയെ ഞെട്ടിച്ചു കൊണ്ട് അച്ചായന്‍ പറഞ്ഞു.
‘ആ….. ഞങ്ങക്കെങ്ങും അറിയാമ്മേല. ആ ശിവശങ്കരമൂര്‍ത്തിയുടെ വീട്ടിലെങ്ങാനും തപ്പ്. സദാ ‘മുര്‍ഗാ മുര്‍ഗാ’ന്നു വിളിച്ചു നടക്ക്വാ ആ സാമി!’
മലയാളത്തിലായതുകൊണ്ട് ഒന്നും പിടികിട്ടാതെ നിന്നു സര്‍ദാര്‍ജി.
ജീവന്‍ തിരിച്ചു കിട്ടിയ ജിക്കു ഭായ് ഇടപെട്ടു.
‘ഹമേ കുച്ഛ് പതാ നഹി ജി…… പര്‍…. പര്‍……’
‘ഹാ…. പര്‍… പര്‍… ബോലോ, സച്ച് സച്ച് ബോലോ…’
‘ജീ… വോ….. വോ….ഷിവ് ഷങ്കര്‍ മൂര്‍ത്തി ഹേ നാ, ബാജൂവാലാ…. വോ ഹമേഷാ ‘മുര്‍ഗാ മുര്‍ഗാ’ ബോല്‍ കേ ഘൂം രഹാ ഥാ ഉധര്‍…… ബാക്കി കുച്ഛ് ഹമെ പതാ നഹി….!’
‘സാലാ മദ്രാസീ…!’ കുലവന്തന്‍ മൂര്‍ത്തിയുടെ ഫ്‌ലാറ്റിലേക്ക് പാഞ്ഞു.
ചെന്നനേരം സ്വാമി സന്ധ്യാപൂജയുമൊക്കെ കഴിഞ്ഞ് ഇഷ്ടദൈവത്തെ സ്മരിച്ച് ‘മുറുഗാ മുറുഗാ’ എന്നു ജപിച്ച് വരാന്തയില്‍ ഉലാത്തുന്നു. കുടവയര്‍ തടവി ‘മുറുഗാ മുറുഗാ’ എന്നു മുറുമുറുക്കുന്ന സ്വാമിയെ ഒരു ക്ഷണമേ സിങ്ങന്‍ നോക്കിയുള്ളു. ഒറ്റ അലര്‍ച്ചയായിരുന്നു പിന്നെ.
‘സാലേ! തൂ മേരാ മുര്‍ഗാ കൊ ഖാ ലിയാ??’
ഒന്നും പിടികിട്ടാതെ സ്വാമി വീണ്ടും ‘മുറുഗാ മുറുഗാ’ എന്നു ജപിച്ചു.
ക്ഷണനേരത്തിനുള്ളില്‍ കുലവന്തന്‍ അലറിയടുത്തു. അടിവയറ്റില്‍ നാലു തൊഴിയും മര്‍മ്മഭേദകമായ മറ്റൊരു ക്രിയയും. താഡന പൂജയും മണിയടിയും സിങ്ങന്‍ രണ്ടു മിനിറ്റില്‍ പൂര്‍ത്തിയാക്കി.
ഇടിയും തൊഴിയുമെല്ലാം സ്വീകരിച്ച് മൂത്രമൊഴിക്കാന്‍ വിഷമിച്ച് മൂര്‍ത്തി വാ തുറന്നു.
‘കോളിക്കറി വച്ചത് അന്ത മളയാള പസങ്ക!!’
ക്യാപ്റ്റന്‍ & അച്ചായ് വിറച്ചു. തീറ്റയ്ക്കു ശേഷം മുറിതുറന്നപ്പോള്‍ കുക്കുടഗന്ധം തമിഴനു കിട്ടിക്കാണും !
‘യുവര്‍ ചിക്കന്‍…. ദ മലയാളി ബായ്‌സ്….. കില്‍… കറി…..’ സ്വാമി പറഞ്ഞൊപ്പിച്ചു.
‘സേര്‍ച്ച് ദ ഫ്‌ലാറ്റ്! ‘ രക്തവദനനായി സിംഹം അലറി.
മുറി തുറന്നപ്പോള്‍ ചന്ദനസുഗന്ധം. നിഷ്‌കളങ്കരായി നിന്ന അച്ചായ് &ഭായ് ബഹുത് ഖുഷ്.
പക്ഷേ മണത്തുനടന്ന സിംഹം ഒരു പ്ലാസ്റ്റിക് കവര്‍ കണ്ടെടുത്തു. അതിനുള്ളില്‍ എല്ലിന്‍ കഷണങ്ങള്‍!
മളയാളത്താന്മാര്‍ കുടുങ്ങി. സിംഹത്തിനു മുന്നില്‍ പുലിക്കുട്ടിയ്ക്കും കടുവാക്കുട്ടിയ്ക്കും മുട്ടിടിച്ചു.
പുറത്തുപോകും വഴി വെയ്സ്റ്റ് കൊണ്ടുപോയിക്കളയാന്‍ നിറവയറന്മാര്‍ മറന്നു പോയിരുന്നു!
ബഹളം കേട്ട് ചുറ്റുപാടുമുള്ള താമസക്കാര്‍ തടിച്ചുകൂടി. മൊത്തത്തില്‍ ശിവസൈനികന്മാരുടെ ഒരു താവളമായിരുന്നു അത് !
സര്‍ദാര്‍ജിയുടെ നിരപരാധിയായ കോഴിയെ മോഷ്ടിച്ച് നിഷ്‌കരുണം കണ്ടിച്ച് കറിവച്ച മലയാളികളെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യമുയര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ ഓടിയെത്തി. വന്നവര്‍ വന്നവര്‍ മൂക്കത്തു വിരല്‍ വച്ചു. സംഗതി പന്തിയല്ലെന്ന് അച്ചായനു മനസ്സിലായി. പിന്നൊരു നിമിഷം പാഴാക്കിയില്ല.
വെട്ടിയിട്ട വാഴത്തടിപോലെ അച്ചായന്‍ സര്‍ദാര്‍ജിയുടെ കാല്‍ക്കലേക്കൊരു വീഴ്ച!
‘മാപ്പ് സര്‍ദാര്‍ജീ… മാപ്പ്….!’
അടുത്ത നിമിഷം ജിക്കുഭായിയുടെ തടിയും സിംഹത്തിന്റെ കാല്‍ക്കല്‍. കരച്ചിലോടു കരച്ചില്‍….. കണ്ണീര്‍ പ്രവാഹം!
ആകെ വികാരഭരിതനായ സര്‍ദാര്‍ജി എന്തു ചെയ്യണം എന്നറിയാതെ നിന്നു.
സിക്കുകാരെ മുഴുവന്‍ അപമാനിച്ചു, ഈ മദ്രാസികള്‍ എന്നായി ചില സിക്കന്മാര്‍.
ഹിന്ദുധര്‍മസംസ്ഥാപനാര്‍ത്ഥം അയല്‍ക്കാരനായ ശിവസൈനികന്‍ ഇടപെട്ടു. (അച്ചായ് എന്ന നസ്രാണിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല!)
നഷ്ടപരിഹാരമായി സര്‍ദാര്‍ജിക്ക് 200 രൂപ.
പാപപരിഹാരാര്‍ത്ഥം പ്രായശ്ചിത്തം ഷിവ് ജി കേ മന്ദിര്‍ മേ പൂജാ…. സത് സംഗ്!
സിംഹത്തിന്റെ കാല്‍ച്ചുവട്ടില്‍ കിടന്ന് മദ്രാസികള്‍ തലയാട്ടി. മറ്റെന്തു വഴി! അറുപിശുക്കന്‍ അച്ചായന്റെ പെട്ടിയില്‍ ഭദ്രമായിരുന്ന ഇരുനൂറു രൂപ സ്വാഹാ!
‘സീധാ ജാവോ ഷിവ് ജീ കാ മന്ദിര്‍! ‘
അവിടെയെത്തി. പൂജാരിയില്ല. ശിവസൈനികന്‍ തന്നെ കാര്‍മ്മികത്വം ഏറ്റെടുത്തു. കര്‍പ്പൂരം കത്തിച്ചു. ആരതിയുഴിഞ്ഞു. സൈനികന്‍ മന്ത്രം ചൊല്ലി. ഏറ്റുചൊല്ലണം.
‘ഈശായ നമ:
ജഗദീശായ നമ:
പരമേശായ നമ:
ഭുവനേശായ നമ:’
അച്ചായന്റെ ചങ്കു പതറി. എന്തൊക്കെയായാലും താനൊരു സത്യകൃസ്ത്യാനിയല്ലേ…? ജപിച്ചില്ലേല്‍ ഇവന്മാര്‍ വച്ചേക്കില്ല. ഈശോയേ, ഞാനെന്നാ ചെയ്യും! ഇവനു മുന്നില്‍ തോല്‍ക്കാന്‍ പാടുണ്ടോ?
‘യേ സാലാ ചുപ് ക്യും? അബേ മന്ത്ര് ബോല്‍!’ സൈനികന്‍ അലറി.
കുഴപ്പമുണ്ടാക്കല്ലേ എന്ന് ജിക്കുഭായ് കണ്ണുകളാല്‍ യാചിച്ചു.
അച്ചായന്‍ കണ്ണിറുക്കി. അനന്തരം ഇമകളടച്ച് മന്ത്രിക്കാന്‍ തുടങ്ങി
ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!
സംതൃപ്തനായ സൈനികന്‍ പോയി.
വലതുകാല്‍ വച്ച് ഫ്‌ലാറ്റില്‍ കയറുമ്പോള്‍ അച്ചായന്‍ പറഞ്ഞു.
‘ഈശോയെ വിട്ടൊരു കളിയില്ല മോനേ!’
ജിക്കു ഭായ് അച്ചായ് തിരുവടികളുടെ പാദാരവിന്ദങ്ങളില്‍ സാഷ്ടാംഗം വീണു.
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഈ കഥ സത്യമാണെന്നു നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍, ഇതില്‍ കൊടുത്തിരിക്കുന്ന പേരുകള്‍ തെറ്റാണ്; പേരുകള്‍ ശരി എന്നു തോന്നുന്നെങ്കില്‍ കഥ കള്ളമാണ്!