ഇനി മുതൽ അമേരിക്കയിലെ ബൂർഷ്വ സർക്കാർ കേരളത്തിലെ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു എന്ന ഡയലോഗ് കേൾക്കേണ്ടി വരില്ലല്ലോ എന്ന സമാധാനം മാത്രം

0
100
Efthikar Ahamed B.
“സഖാവ് ബൈഡന്റെ സ്ഥാനാരോഹണം നമ്മൾ ആഘോഷിക്കണമെന്നോ? ഓരോ ലോക്കൽ കമ്മറ്റിയും?”
സ്റ്റഡി ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും, ഉത്തമന്റെ സംശയം തീർന്നില്ല..
പിള്ള സാർ ഉത്തമനെ കടുപ്പിച്ചൊന്ന് നോക്കി:
“അതേടോ.. അദ്ദേഹത്തിന്റെ ചില്ലിട്ട ഫോട്ടോ തരപ്പെടുത്തി പാർട്ടിയാപ്പീസുകളിൽ തൂങ്ങുന്ന നമ്മുടെ റഷ്യൻ, ചൈനീസ് വിപ്ലവ സിംഹങ്ങളോടൊപ്പം വെക്കാനാണ് പാർട്ടിയുടെ പുതിയ തീരുമാനം..”
“അപ്പോൾ , ഇനി കശ്മീരികൾക്ക് സ്വസ്ഥമായി ഉറങ്ങാമെന്നാണോ?” ഉത്തമൻ വിടാനുള്ള മട്ടില്ല..
“പിന്നല്ലാതെ.. ഫോർക്കും സ്പൂണും എന്തെന്നറിയാതെ, മൂന്ന് നേരം തനി കേരളീയ തനിമയിൽ കൈകൾ ഉപയോഗിച്ച് മാത്രം കഞ്ഞിപ്പുഴുക്കിൽ പുളിശ്ശേരിയിട്ട് കൂട്ടിക്കുഴച്ച് കഴിക്കുന്ന സഖാവ് കമലാ ഹാരിസിന്റെ ഒരു കണ്ണ്, ഇനിമുതൽ എപ്പോഴും കാശ്മീർ താഴ്‌വരയിൽ ഉണ്ടാകുമെന്ന് ഓർമ വേണം..” പിള്ള സാറിന്റെ മുഖത്ത് പൂക്കൾ വിരിയുന്നത് കണ്ട്, കൂടെ നടക്കുകയായിരുന്ന കോട്ടപ്പള്ളി ഒന്ന് അമർത്തി മൂളി..
“അതിന് അവര് ഇഡ്ഡലിയും സാമ്പാറുമാണ് കഴിക്കുന്നത് എന്നാണല്ലോ നമ്മുടെ പാർട്ടി പത്രം പറയുന്നത്.. കഞ്ഞി എന്നല്ലല്ലോ?” ഉത്തമൻ, നടത്തം ഒന്ന് നിർത്തി..
കോട്ടപ്പള്ളിക്ക് പെട്ടെന്ന് ദേഷ്യം വന്നു: “ഉത്തമാ, പൗരത്വ ബിൽ എന്നൊരു വാക്ക് ഇനി സംഘികൾക്ക് മിണ്ടാൻ സാധിക്കില്ല, അറിയോ? ബൈഡൻ സഖാവോ മറ്റോ അത് കേട്ടാൽ ഇന്ത്യയുടെ സ്ഥിതി എന്തായിരിക്കും?”
“അതു മാത്രമല്ല കോട്ടപ്പള്ളീ.. മെക്സിക്കൻ അഭയാർത്ഥികൾക്ക് ഇനി ആരെയും പേടിക്കാതെ അതിർത്തി കടന്ന് വരികയും പോകുകയും ചെയ്യാം.. പണ്ട് സ്‌കൂളിൽ പഠിച്ചപ്പോൾ കൂടെയുണ്ടായിരുന്ന, അമേരിക്കൻ എസ്എഫ്ഐ യിൽ പ്രവർത്തിച്ചിരുന്ന, കഷ്ടപ്പെട്ട് പഠിച്ചിട്ടും പത്താം തരം തോറ്റുപോയ പഴയ സതീർത്ഥ്യർക്ക് അഡീഷണൽ സെക്രട്ടറി പദവി വരെ നൽകി മെക്സിക്കരെ പുനരധിവസിപ്പിക്കാൻ പിആർ ഏജൻസികളെ ഏൽപ്പിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് ഇന്ന് കിട്ടിയ ലേറ്റസ്റ്റ് വാർത്ത..” പിള്ള സാറും ഉഷാറായി..
“ഇനി കോവിഡ് മൂലം ഒരു മരണം പോലും അവിടെ സംഭവിക്കില്ല എന്നാണോ?” ഉത്തമൻ അവരോടൊന്നിച്ച് എത്താൻ നടത്തിന് വേഗം കൂട്ടി..
“അതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞുവത്രെ.. എല്ലാം വിശദീകരിക്കാൻ, ഇനി, ഞായറാഴ്ച ഒഴികെ എല്ലാ വൈകുന്നേരങ്ങളിലും അദ്ദേഹം പത്രസമ്മേളനങ്ങൾ വിളിക്കും.. പക്ഷെ, അവിടുത്തെ ആറുമണി നമ്മുടെ പാതിരയാണ് എന്നതാണ് വലിയൊരു പ്രശ്നം..” കോട്ടപ്പള്ളി ഒരു ബീഡി കത്തിച്ചു കൊണ്ട്, ഉത്തമനോടായി പറഞ്ഞു..
“കറുത്തവൻ എന്ന വാക്ക് ഇനി മുതൽ അൺപാർലമെന്ററി വിഭാഗത്തിൽ പെടുമത്രെ.. പോരെ പൂരം.. അതിനി ഉപയോഗിച്ചാൽ ജാമ്യമില്ലാ കുറ്റമായി കരുതി തുറുങ്കിലടയ്ക്കുമെന്നാണ് കേട്ടത്..” പിള്ള സാർ കോട്ടപ്പള്ളിയിൽ നിന്നും ഒരു ബീഡി പിടിച്ചു വാങ്ങിക്കൊണ്ട് കൊണ്ട് തുടർന്നു..
“സംഘികളെയും ജിഹാദികളെയും അമേരിക്കൻ മണ്ണിൽ നിന്ന് നിരോധിക്കുന്ന നിയമം കൊണ്ടുവരുമെന്നും, നമ്മൾ കമ്യുണിസ്റ്റുകൾക്ക് ചുവന്ന പരവതാനി വിരിച്ച് ഫ്രീ എൻട്രി അനുവദിക്കുമെന്നും കേൾക്കുന്നുണ്ട്..” സംശയം ഒരിക്കലും തീരാത്ത ഉത്തമനെ നോക്കി, കോട്ടപ്പള്ളി, പുകയൂതി കൊണ്ട് പറഞ്ഞു..
“മാത്രമല്ല..” പിള്ള സാർ ബീഡി കത്തിച്ച ശേഷം ഒരു പുക ആഞ്ഞെടുത്തു, “അമേരിക്കയിലെ അംബാനിമാർക്കും അദാനിമാർക്കും സ്വത്ത് മുഴുവൻ സഖാവ് ബൈഡന്റെ ഏരിയ കമ്മറ്റിയിൽ സറണ്ടർ ചെയ്യേണ്ടി വരും.. അത്, അവരുടെ പോളിറ്റ് ബ്യുറോ നിഷ്ക്കർഷിക്കുന്ന രീതിയിൽ , ലോക്കൽ കമ്മറ്റികളിലൂടെ മുഴുവൻ പേർക്കും വിതരണം ചെയ്യും..”
“ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കും അനാഥർക്കും ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്‌ളാറ്റുകൾ പണിയുമോ, സഖാവേ?” ഉത്തമന്റെ മുഖത്ത് പുച്ഛം വിടരുന്നത് രണ്ടുപേർക്കും ഇഷ്ടപ്പെട്ടില്ല..
പക്ഷെ, അതിന്റെ ഈർഷ്യ പുറത്തു കാണിക്കാതെ, കോട്ടപ്പള്ളി ഉറക്കെ പറഞ്ഞു: “പണിയും !! ഒരഴിമതിക്കും അവസരം നൽകാതെ തന്നെ !!”
“അമേരിക്കൻ സാമ്രാജ്യത്വം എന്ന പദപ്രയോഗം നടത്തുന്ന ക്യൂബ, വെനുസ്വല, പിന്നെ നമ്മുടെ കേരളം എന്നീ ഭൂവിഭാഗങ്ങളിലെ കമ്യുണിസ്റ്റുകാരോട് അങ്ങിനെ ഇനി പറയരുതെന്ന് സഖാവ് ബൈഡന്റെ അഭ്യർത്ഥന വന്നിട്ടുണ്ടത്രേ – തെറ്റ് പറ്റിയത് പരിശോധിക്കും എന്ന ഉറപ്പ് നൽകിക്കൊണ്ട് തന്നെ..” പിള്ള സാറ് ഒരു ഗൂഢസ്മിതം പൊഴിച്ചു..
“ഇറാഖ്, പലസ്തീൻ, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളോട് ചെയ്ത ക്രൂരതയ്ക്ക് പ്രതിക്രിയയായി പരസ്യമായ മാപ്പ് പറച്ചിൽ നടത്തുമെന്നും, അവിടങ്ങളിൽ, സഖാക്കളുടെ നേതൃത്വത്തിൽ ഒരു മനുഷ്യച്ചങ്ങല സംഘടിപ്പിച്ച്, ഇസ്രായേലിന്റെ ചെയ്തികളോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമെന്നും കൂടി അറിയിപ്പുണ്ട്..” അദ്ദേഹം കൂട്ടിച്ചേർത്തു..
“സമകാലീന അമേരിക്കയിൽ ജനകീയ സാംസ്കാരിക പ്രവർത്തനങ്ങളുടെ പൊതു സാംഗത്യം എന്ന വിഷയത്തിൽ ഒരു പ്രഭാഷണ പരമ്പര സംഘടിപ്പിക്കാനുള്ള നിർദ്ദേശം, നമ്മുടെ പുരോഗമന കലാ സാഹിത്യക്കാരോട് പറഞ്ഞ്, അവിടെ അവതരിപ്പിച്ചു കൂടേ?” കോട്ടപ്പള്ളിയും വിട്ടുകൊടുത്തില്ല..
“കോട്ടപ്പള്ളീ, വാ, നമുക്കൊരു ചയകുടിച്ചിട്ട് പിരിയാം..” പിള്ളസാർ ചായക്കട ലക്ഷ്യമാക്കി നടന്നു..
“എനിക്കൊരല്പം പണിയുണ്ട് സാറേ.. ഞാൻ പോകുകയാ.” ഉത്തമൻ കൂട്ടം വിട്ടു..
“ഇനി മുതൽ അമേരിക്കയിലെ ബൂർഷ്വ സർക്കാർ കേരളത്തിലെ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു എന്ന ഡയലോഗ് കേൾക്കേണ്ടി വരില്ലല്ലോ എന്ന സമാധാനം മാത്രം..” എന്ന് പറഞ്ഞ് ഉത്തമൻ നടന്നു നീങ്ങിയപ്പോൾ, അത് കേൾക്കാത്ത മട്ടിൽ, കോട്ടപ്പള്ളി, കൈയ്യിലിരുന്ന ബീഡിക്കുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു..