കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില വകുപ്പ് മേധാവി ഡോ. എന്‍ തോമസ്‌കുട്ടിയുടെ ദലിത്, സ്ത്രീവിരുദ്ധത ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാന്‍ ഇടയാക്കിയെന്ന ആരോപണവുമായി യുവതി. ഈ വിഷയവുമായി ബന്ധപ്പെട്ട്  Efthikar Ahamed B.P എഴുതുന്നു

Link > ദലിത് വിദ്യാര്‍ഥിനിയുടെ ഗവേഷണ പ്രബന്ധം വൈകിപ്പിച്ച് വകുപ്പ് മേധാവി, സംഭവം കാലിക്കറ്റ് സർവ്വകലാശാലയിൽ

ദളിത് നവോത്ഥാനവും സ്ത്രീശാക്തീകരണവും ജനാധിപത്യ മൂല്യങ്ങളും പുരോഗമനകലാസാഹിത്യപ്രവർത്തനങ്ങളുടെ അട്ടിപ്പേറും കൊണ്ട്, എന്നും സ്വർഗീയാരാമ പ്രതീതി മാത്രം ജനിപ്പിക്കുന്ന ഈ കേരകേദാര ഭൂമിയിലാണ് സാർ, വംശീയ വിദ്വേഷം എന്ന് പച്ചമലയാളത്തിൽ വിശേഷിപ്പിക്കാവുന്ന ഈ സംഭവം നടന്നിട്ടുള്ളത്..

അല്ലാതെ, യു.പി.യിലോ ബീഹാറിലോ ഒന്നുമല്ല..

കോഴിക്കോട് സർവകലാശാലയിലായത്‌ നന്നായി.. വല്ല കേന്ദ്രസർവകലാശാലകളിലും ആയിരുന്നെങ്കിൽ ഫാഷിസം, കാവിവൽക്കരണം, കപട ദേശീയത എന്നിങ്ങനെയുള്ള മധുര മനോജ്ഞ ഗീതങ്ങൾ ഉരുവിടാനും, നടവഴികളടച്ച് ‘ആസാദി’പ്പാട്ടും കൊട്ടും കെട്ടിപ്പിടുത്തവുമൊക്കെ ആചരിക്കാനും, അംബേദ്‌കറിന്റെ ഛായാ ചിത്രത്തിന് മുമ്പിൽ വെച്ച് Annihilation of Caste എന്ന ലേഖനത്തിന്റെ ഓപ്പൻ ഡിസ്കഷൻ നടത്താനും ഒക്കെയുള്ള സുവർണ്ണാവസരവും, കലക്കു വെള്ളത്തിൽ കുറച്ച് ഇളയിട സാംസ്കാരിക മീനുകളെ പിടിച്ച് വറചട്ടിയിലിടാനുമുള്ള സാഹചര്യവും ലഭിക്കുമായിരുന്നു, നമ്മുടെ ബുദ്ധിജീവി സിൻഡിക്കേറ്റിന്..

ദളിത് പഠനം, പാർശ്വവൽക്കരണം, ബാക്‌വേഡ് മാർജിനലൈസേഷൻ എന്നിങ്ങനെയുള്ള വിഷയങ്ങളെ അധികരിച്ച്, യു.ജി.സി. അനുവദിക്കുന്ന ഭീമൻ ഫണ്ടുകൾ ഉപയോഗിച്ച്, ശീതീകരണമുറികളിലും കറക്കമവസാനിക്കാത്ത കസേരകളിലും മാത്രം പ്രതിഷ്ഠിക്കപ്പെട്ട് നടക്കുന്ന സെമിനാറുകളുടെയും കൊളോക്യങ്ങളുടെയും ഏറ്റവും കൂടുതൽ പ്രദർശനങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നവരുടെ നാടാണിത്..

നാഴികയ്ക്ക് നാൽപ്പതല്ല, നാലായിരം വട്ടം ‘പ്രാന്തവത്കൃത ശാക്തീകരണം’ എന്ന മന്ത്രവുമോതി, എന്നാൽ മനസ്സ് മുഴുവൻ പിന്നാക്ക വിഭാഗങ്ങളോടുള്ള വിദ്വേഷം ഒളിപ്പിച്ച് മേനി നടിക്കുന്ന അക്കാദമിക് പ്രഭൃതികളുടെ നാട്..

ഇതിനൊക്കെ ചെലവാക്കിയ തുക ഈ വിഭാഗങ്ങൾക്ക് നേരിട്ട് കൊടുത്തിരുന്നുവെങ്കിൽ, ഇവരുടെ അരപ്പട്ടിണിയെങ്കിലും മാറിയിരുന്നേനെ !!

ഇന്നാട്ടിലെ പിന്നാക്കക്കാരുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരു വിഭാഗമാണ് ‘അക്കാദമിക് ഫ്യുഡലിസ്റ്റു’കളായ ഇത്തരം ചിലർ.. (കപട) ഇടതുപക്ഷ സഹയാത്രികർ എന്ന ഒരേയൊരു പ്രതിരോധ മരുന്ന് സേവിക്കുന്നത് കൊണ്ട് മാത്രം യാതൊരു എലിപ്പനിയും ബാധിക്കാത്തവർ..

പി.എസ്.സി. പരീക്ഷയ്ക്ക് മലയാളം ട്രാൻസലേഷൻ ഒപ്പിച്ച് നാല് കാശുണ്ടാക്കുന്നതിന്റെ സാധ്യത, ഇപ്പോൾ നടക്കുന്ന മലയാളവൽക്കരണ സമരത്തിനിടയിൽ, ആലോചിച്ചിരിക്കുന്ന ഇക്കൂട്ടർക്ക് ഇതൊന്നും ഒരു വിഷയമേയല്ല എന്ന് നന്നായിട്ടറിയാം..

ഏതൊരു ഗവേഷണ പ്രക്രിയയ്ക്കിടയിലും, അഭിപ്രായ വ്യത്യാസങ്ങളും അനിഷ്ടക്കേടുകളും ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്.. അത് പച്ചയ്ക്ക് വിളിച്ച് പറഞ്ഞ് പരിഹരിക്കുക എന്നത് ഒരു ഗവേഷണ ഗൈഡ് എന്ന സ്ഥാനത്തിരുന്ന് കൊണ്ട് ഈയുള്ളവനും ചെയ്തിട്ടുണ്ട്.. ചെയ്യുന്നുമുണ്ട്..

എന്നാൽ പോലും, അത് ഒരു ഗവേഷക വിദ്യാർത്ഥിയുടെ പ്രബന്ധ സമർപ്പണത്തിന് എതിരായ അവകാശ ലംഘനമാക്കുക എന്നത് (ഈ വാർത്ത ശരിയാണെങ്കിൽ) അചിന്തനീയമാണ്..

നമ്മുടെ അക്കാദമിക് മേഖലയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം അപചയങ്ങൾ അപലപിക്കാനെങ്കിലും ശക്തിയില്ലെങ്കിൽ പിന്നെ നമ്മുടെ അസ്തിത്വത്തിന് എന്ത് പ്രസക്തി !! നാം രാജാക്കന്മാർ കൂടുതൽ നഗ്നരാവുന്നു.. അത് വിളിച്ചു പറയുന്ന ചെറിയ കുട്ടികൾ കൂടി വരുന്നു..

അത് മറയ്ക്കാൻ ലഭ്യമായ ഒലീവിലകൾ തികയാതെ വരുന്നു..
Efthikar Ahamed B.P

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.