മൊട്ടറോസ്റ്റ് ..!
സമയത്തിന് ആഹാരം കഴിച്ചിരുന്ന പല ഭര്ത്താക്കന്മാരും വിരഹാര്‍ത്തരായി ചിന്തകളില്‍ പൂണ്ടിരുന്നു ബീഡിവലിച്ചു നെടുവീര്‍പ്പെടുന്നത് കാര്യമറിയാതെ നോക്കി നില്ക്കാന് വിധിയ്ക്കപ്പെട്ട ഭാര്യമാരെ അലട്ടി.
125 total views

ഏതൊരു നാടിന്റെയും ചര്‍ച്ചാ പ്രാധാന്യമുള്ള മഹാപ്രസ്ഥാനമാകുന്നു ചായക്കട. ഞങ്ങളുടെ നാട്ടിലെ ഈ പ്രസ്ഥാനം നടത്താന്‍ ഭാഗ്യം ലഭിച്ചതോ.. നല്ല മനുഷ്യനായ ബഷീര്ക്കയ്ക്കും. ഈ ചായക്കടയ്ക്ക് ഒരു ബോര്‍ഡ് ഇല്ലായെന്നുള്ളതാണ് മറ്റ് അതിര്‍ത്തി ഗ്രാമങ്ങളിലെ ചായക്കടകളില്‍ നിന്നും ഇതിനെ വേറിട്ടതാക്കുന്നത്. തുളവീണ വെളുപ്പില്ലാത്ത വെളുത്ത ഇറുകിയ ബന്യന് ഇട്ട് നെഞ്ചില്‍ നിറയെ രോമങ്ങളുമായി ബഷീര്‍ക്കാ ഊര്‍ജ്ജ്വസ്വലനായി കസ്റ്റമേര്‍സിന്റെ താല്പര്യങ്ങള്ക്കൊത്ത് ടൈലര്‍ മേഡ് ചായകള്‍ ബാച്ച് ബാച്ചായി അടിച്ച് വിസ്മയിപ്പിച്ചിരുന്നു.ഉയരുന്ന കട്ടപ്പുക കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും ഇതൊരു ചായക്കടയാണെന്ന്. കരിപുരണ്ട ചുവരുകള്‍ ചായക്കടയ്ക്ക് മാറ്റ് കൂട്ടിയിരുന്നു എന്നതും വിസ്മരിക്കാവുന്നതല്ല.
ചായയും കൂടെ രാവിലത്തെ സ്പെഷ്യല്‍ ദോശയും മുട്ടറോസ്റ്റും എല്ലാവര്ക്കും ഹൃദയഹാരിയായിരുന്നു. ദോശയുണ്ടാക്കി ബോറടിയ്ക്കുമ്പോള്‍ ഇടയ്ക്ക് അപ്പവും, പുട്ടും ഉണ്ടാക്കി ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ബഷീര്‍ക്ക അമാന്തിച്ചിരുന്നില്ല.
ആരാ ഒരു ചേഞ്ച് ഇഷ്ടപ്പെടാത്തത്.പൊറോട്ടയുണ്ടാക്കാനുള്ള പലരുടേയും അഭ്യര്‍ത്ഥന നിരസിച്ചത് ,അടിസ്ഥാനപരമായി ബഷീര്‍ക്കാ പൊറോട്ടയ്ക്ക് മാനസികമായി എതിരായിരുന്നു എന്ന് തോന്നല്‍ ജനങ്ങളില്‍ ഉളവാക്കിയിരുന്നു. രാവിലെ അഞ്ച് മണി മുതല്‍ പാല് തീരുന്നത് വരെ ചായകിട്ടും.പാല് തീര്‍ന്നാല്‍ ശാരദേച്ചിയുടെ പശുക്കളെ വൈകിട്ട് നാല് മണിയ്ക്ക് കറക്കുന്നത് വരെ കട്ടന്‍ മാത്രം…! മില്‍മ മറ്റ് ഇതര കവര്‍പാല്‍ ബഷീര്‍ക്ക ഉപയോഗിക്കാറില്ല. ശാരദേച്ചിയുടെ പശുക്കളുടെ പാലില്‍ ഇടുന്ന ചായയ്ക്ക് പ്രത്യേക രുചി ആണെന്നാണ് നാട്ടാരുടെ ഭാഷ്യം. പാലിന്റെ ഗുണം കൊണ്ടല്ല പീരുമേട്ടില്‍ നിന്ന് നേരിട്ട് വരുത്തുന്ന ശുദ്ധമായ ചായപ്പൊടിയാണെന്ന് ചായ നന്നാവാന്‍ കാരണമെന്ന് ശാരദേച്ചിയോട് ഉള്ളില്‍ അസൂയയുള്ളവര്‍ പറഞ്ഞു പരത്തിയത്, പിണ്ണാക്കിനും, പരുത്തിക്കുരുവിനും വില കൂടിയിട്ടും പാല് വില കൂട്ടിക്കൊടുക്കാതിരിയ്ക്കാന് ബഷീര്‍ക്ക നേരാം വണ്ണം ഉപയോഗിച്ചുവെന്നതും പകല്‍പോലെ സത്യം.
ഇതിലെല്ലാം ഉപരിയായി ബഷീര്‍ക്കയുടെ ബീടര് , പ്രത്യേക കറിക്കൂട്ടുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ‘മുട്ടറോസ്റ്റ്’ ആണ് ഗംഭീരം എന്ന് ആരും അംഗീകരിയ്ക്കും. ബീടരെ മുട്ടറോസ്റ്റ് ഉണ്ടാക്കാന്‍ താനാണ് പഠിപ്പിച്ചതെന്ന വാദം പുഞ്ചിരിയോടെ ബീടരും അംഗീകരിച്ചിരുന്നു. ബഷീര്‍ക്കയും, ബീടരും, കുട്ട്യോളും പകലെല്ലാം ചായക്കടയുടെ ചായ്പിലും , രാത്രി എട്ടര കഴിഞ്ഞാല്‍ കടപൂട്ടി നാല് കിലോമീറ്റര്‍ അകലെയുള്ള കുടുമ്പത്തേയ്ക്കും യാത്രയാവും. രാവിലെ അഞ്ചരയ്ക്ക് കടതുറക്കാന്‍ കൃത്യസമയത്ത് ഹാജര്‍. കുട്ട്യോള് എന്നു പറഞ്ഞാല്‍ എന്റെ കൂടെ എഴുത്തിനിരുത്തിയ ഷുക്കൂറിന് മുകളില്‍ മൂന്നും താഴെ മൂന്നും എന്നാണ്. ഇതിനൊക്കെ സമയം എപ്പൊഴാ… എന്ന് ചോദിച്ചാല്‍ ഇതിനൊക്കെ സമയം വേണോടോ..? എന്ന ചിരിയും ബഷീര്‍ക്കാന്റെ വക.
ഇനി രണ്ട് മഹാ പ്രസ്ഥാനങ്ങള്‍ കൂടെയുണ്ട് ചായക്കടയുടെ അരക്കിലോമീറ്റര്‍ അപ്പുറത്തും ഇപ്പുറത്തുമായി. രണ്ട് എഴുത്തിനിരുത്ത് പുരകള്‍, എല്ലാവരും ആശാന് പള്ളിക്കൂടങ്ങള്‍ എന്ന് വിളിച്ചുപോരുന്നു.ഇത് ശരിയായിരുന്നില്ല, കാരണം ഇതില്‍ ഒന്ന് ആശാട്ടി ആയിരുന്നു മാനേജ് ചെയ്തിരുന്നത്…ശ്രീമതി. ഹേമാംബികയും ആശാന്‍പള്ളിക്കൂടം ശ്രീമാന്‍ ‘വഴിത്തൂറി’ മത്തായി സാറും. ‘വഴിത്തൂറി’ എന്ന സ്ഥാനപ്പേര് ചുമ്മാ വീണതൊന്നുമല്ല. ഞങ്ങളുടെ നാട്ടിലെ ചെറു റോഡുകളുടെ സൈഡിലെ ചാലില്‍ വെള്ളമൊഴുകുന്നുണ്ട്. ആളനക്കം ഇല്ലെന്നു കണ്ടാല്‍ മാത്തായി സാര്‍ വഴിയരുകില്‍ തൂറും, ചാലില്‍ ഇറങ്ങി ‘ചവിരിയ്ക്കും’. അതു കണ്ട ഏതോ ചെത്തുകാരന്മാരോ, തണ്ടാന്മാരോ ഇട്ട ചെല്ലപ്പേരാണ് ‘വഴീത്തൂറി’ മത്തായി.മത്തായി സാര്‍ ഏകദേശം ആറ് അടിപ്പൊക്കം, മീശയില്ലാത്ത മുഖം , അതിനൊത്ത പേര്‍സനാലിറ്റി. കണ്ടാല്‍ പറയില്ലാ വഴിയില്‍ തൂറുന്നത് ഇങ്ങേരാണെന്ന്.
ഹേമാംബിക ആശാട്ടിയും വഴീത്തൂറി മത്തായിയും നല്ല കട്ട കോമ്പറ്റീഷനിലാണ്. മത്തായി സാര്‍ കണക്ക് പഠിപ്പിക്കാന്‍ മുമ്പനാണെങ്കില്, ഹേമാംബിക ഭാഷ പഠിപ്പിക്കാന്‍ മിടുമിടുക്കിയാണെന്നത്രെ നാട്ടുകാരുടെ സര്‍ട്ടിഫിക്കേറ്റ്.ആശാട്ടിയുടെ എഴുത്തുപുരയില്‍ കുട്ടികളെ ഭര്ത്താക്കന്മാരോടൊപ്പം കൂട്ടി വിടുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.. കാരണം ആശാട്ടിയുടെ ജ്വലിയ്ക്കുന്ന സൌന്ദര്യം തന്നെ. നിതമ്പം കവിഞ്ഞു കിടക്കുന്ന കറ്റക്കാര്കൂന്തലുള്ള ഹേമാംബിക ആശാട്ടി കാണാന്‍ ഉഷാറാണ്, ഒരു മകള്‍ ‘ശശികല’. അവള് ജനിച്ചപ്പോള്‍ത്തന്നെ ഭര്‍ത്താവ് നാടുവിട്ടു എന്നും അതല്ല വേറേ കല്യാണം കഴിച്ചു എന്നും കിംവദന്തി..! എന്തായാലും ആശാട്ടിയും ആശാനും തമ്മില്‍ കണ്ടാല്‍ മിണ്ടാറില്ല.
എന്നാല്‍ എമ്പ്ലോയിമെന്റ് എക്സ്ചേഞ്ചില്‍ പേര് പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ പട്ടണത്തില്‍ പോയ ചില ചെത്ത് പിള്ളേര് ഇവരെ ഒരുമിച്ച് മാറ്റിനിയ്ക്ക് ഏതോ തീയറ്റേറില്‍ വച്ച് കണ്ടെന്ന വാര്‍ത്ത ഹേമാംബിക ആശാട്ടിയെ നോട്ടമിട്ടിരുന്ന പലര്‍ക്കും വല്ലാത്ത ഷോക്കായിരുന്നു. സമയത്തിന് ആഹാരം കഴിച്ചിരുന്ന പല ഭര്ത്താക്കന്മാരും വിരഹാര്‍ത്തരായി ചിന്തകളില്‍ പൂണ്ടിരുന്നു ബീഡിവലിച്ചു നെടുവീര്‍പ്പെടുന്നത് കാര്യമറിയാതെ നോക്കി നില്ക്കാന് വിധിയ്ക്കപ്പെട്ട ഭാര്യമാരെ അലട്ടി.
ക്രമേണ സത്യം സത്യമായി. ആശാന്& ആശാട്ടി പള്ളിക്കൂടങ്ങള്‍ ലയിച്ചു. ആ സമയത്ത് ഞാനും , ഷുക്കൂറുമൊക്കെ പഠിക്കാനായി ഗോദയില്‍ ഇറങ്ങി. ആശാന് പള്ളിക്കൂടത്തില്‍ വരുന്ന പലരും രാവിലെ ‘മൊട്ടറോസ്റ്റ്’ ക്യൂ നിന്ന് വാങ്ങി തട്ടിയിട്ടാണ് വരുന്നത്. ഞാന്‍ വെജിറ്റേറിയന്‍ തിന്നാന്‍ വിധിക്കപെട്ടതുകൊണ്ട് മൊട്ടറോസ്റ്റ് എന്താണെന്നും അതിന്റെ രുചിയെന്താണെന്നും അറിഞ്ഞിരുന്നില്ല. സഹപാഠികളില്‍ പലരും പറഞ്ഞ് ‘മൊട്ടറോസ്റ്റ്’ എന്നില്‍ വല്ലാതെ കൌതുകമുണര്‍ത്തി. മൊട്ടറോസ്റ്റിന്റെ നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും വരുന്ന ഷുക്കൂറിനോട് അതിയായ അസൂയയും. ഇവന്റെ ഒരു ഭാഗ്യമേ..എന്നും മൊട്ടറോസ്റ്റ് തിന്ന് സുഖിക്കുന്നവന്..എന്ന് ഞാന്‍ മനസ്സില്‍ അവനെക്കാണുമ്പോഴെല്ലാം കരുതും.
പനയോലയില്‍ നാരായം കൊണ്ട് എഴുതുകയും , തറയില്‍ പഞ്ചാരമണലിട്ട് ട്രെഡീഷണലായിട്ടാണ് അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്നത്. പില്ക്കാലത്ത് എനിയ്ക്ക് മനസ്സിലായി കേരളത്തില്‍ ഇതൊക്കെ എന്നേ അന്യം നിന്നിരുന്നു എന്ന്.
ഓരോ ദിവസവും അക്ഷരങ്ങളും അക്കങ്ങളും എഴുതാന്‍ പഠിച്ചിരുന്നു. ഓരോ ജീവികളെപ്പറ്റിയും പരിചയപ്പെടുത്തിയിരുന്നു. കോഴിയെപ്പറ്റിയും മുട്ടയെപ്പറ്റിയും വിവരിയ്ക്കുന്ന സുദിനമെത്തി . എനിയ്ക്കും ഉത്സാഹമായിരുന്നു.
ഹേമാംബിക ആശാട്ടി പൊതുവില്‍ ചോദ്യമുന്നയിച്ചു
‘കോഴിയെക്കണ്ടിട്ടൂള്ളവര് കൈ പൊക്കൂ..’ എല്ലാരും കൈ പൊക്കി, കൂടെ ഞാനും..!!
‘എന്താണ് മുട്ട..?’
‘കോഴി കോത്തീക്കൂടെ ഇടുന്നത്..!’ തലയില്‍ ഒരു മുടിയുമില്ലാത്ത ഒരു മൊട്ട വിളിച്ച് പറഞ്ഞു..ആശാട്ടി അവനെ ഒന്ന് ഇരുത്തി നോക്കി. !
‘വെളുത്ത് ഉരുണ്ടിരിയ്ക്കുന്നത്..’ മറ്റൊരുത്തന്
‘കോഴി തൂറുന്നതാണ് മുട്ട’ പല നാടന്‍ ഉത്തരങ്ങള്‍..!!
‘ഉമ്മാ.. മുട്ടറോസ്റ്റ് ഉണ്ടാക്കാന്‍ തോടുരിച്ച് കറിയില്‍ ഇടുന്നത്..’ ഷുക്കൂറും വിട്ടുകൊടുത്തില്ല
മുട്ട തിന്നിട്ടുള്ളവര്‍ കൈ പൊക്കൂ… ആശാട്ടി ചര്‍ച്ച പ്രോത്സാഹിപ്പിച്ചു
ഞാനും ഷുക്കൂറും ഒഴിച്ച് മറ്റു കുട്ടികള്‍ കൈ പൊക്കി.
എല്ലാവരും ഷുക്കൂറിനെ അത്ഭുതത്തോടെയും പരിഹാസത്തോടെയും നോക്കുന്നത് കണ്ട് ഞാന്‍ ആശ്വസിച്ചു..!!
വാല്‍ക്കഷണം: അതില്‍പ്പിന്നെ മുട്ടറോസ്റ്റ് ഉണ്ടാക്കുമ്പോള്‍ ആദ്യം ഷുക്കൂറിന് ഒരു മുട്ട മാറ്റിവെയ്ക്കാന്‍ ബഷീര്‍ക്ക മറന്നിട്ടില്ല.
=============================================
നോട്ട്: നമ്മള് കരുതുന്നത് പോലെയാവില്ല മറ്റുള്ളവര്‍ ജീവിയ്ക്കുന്നത് എന്ന് എനിക്ക് ഇതോടെ മനസ്സിലായി..!! എല്ലാ സ്വര്ണ്ണപ്പണിക്കാരന്മാരുടെ ഭാര്യമാര്‍ക്കും ഇഷ്ടം പോലെ സ്വര്‍ണ്ണം കാണും എന്ന് കരുതുന്നത് പോലെ വിഢ്ഢിത്തം..!!
126 total views, 1 views today
