വിദ്യാർത്ഥി സംഘടനകൾ രാഷ്ടീയ പ്രസ്ഥാനങ്ങളല്ല

152
Ekbal Bappukunju
വിദ്യാർത്ഥി സംഘടനകൾ രാഷ്ടീയ പ്രസ്ഥാനങ്ങളല്ല.
കേരള ഹൈക്കോടതി കാമ്പസ് സമരവും മറ്റും നിരോധിച്ച്തോടെ വിദ്യാർത്ഥി രാഷ്ടീയം കേരളത്തിൽ വീണ്ടും ചർച്ചാവിഷയമായിരിക്കയാണ്. കാമ്പസ്സ് രാഷ്ടീയത്തിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളിൽ പലതും അടിസ്ഥാനപരമായ പലവസ്തുതകളും കണക്കിലെടുക്കാതുള്ളവയാണ്, എസ് എഫ് ഐ, കെ എസ് യു തുടങ്ങിയ സംഘടനകളെ രാഷ്ടീയ പാർട്ടികളോട് തുല്യമായിട്ടാണ് പൊതുസമൂഹവും ആശ്ചര്യകരമെന്ന് പറയട്ടെ വിദ്യാർത്ഥിസംഘടനകൾ പോലും കരുതുന്നത് എന്നാൽ യാഥാർത്ഥ്യമെന്താണ്? കേരളത്തിലെ കോളേജുകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാർത്ഥിസംഘടനകൾ അവയുടെ ഭരണഘടനയും പരിപാടിയും അനുസരിച്ച് രാഷ്ടീയ പ്രസ്ഥാനങ്ങളോ രാഷ്ടീയപാർട്ടികളുടെ പോഷക സംഘടനകളെ അല്ല എന്നതാണ് വസ്തുത. ഈ സംഘടനകളെല്ലാം അവയുടെ പ്രഖ്യാപിത നയപ്രകാരം വിദ്യാർത്ഥികളുടെ പൊതു ജനാധിപത്യ വേദികളാണ്. ഇവക്കെല്ലാം പൊതു രാഷ്ടീയ കാഴ്ചപ്പാടുകളുണ്ടെങ്കിലും അവയൊന്നും സാങ്കേതികമായി രാഷ്ടീയ പാർട്ടികളല്ല.
കോളേജ് കാമ്പസ്സുകളിലെ പ്രമുഖ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ യുടെ പരിപാടിയിൽ ഈ വസ്തുത വ്യക്തമായി പറഞ്ഞിട്ടുണ്ട്. “രാഷ്ട്രീയ സോഷ്യലിസമെന്താണെന്നും അത് നേടിയെടുക്കുന്നതിനുള്ള ശരിയായ മാർഗ്ഗമെന്തെന്നുമുള്ള വിഷയത്തെക്കുറിച്ച് സ്വതന്ത്രവും ഉള്ളുതുറന്നതുമായ ചർച്ചയിൽ എ സ് എഫ് ഐക്ക് താത്പര്യമുണ്ട്. എന്നാൽ ഇതൊരു രാഷ്ടീയപാർട്ടിയല്ല. വിശാലാടിസ്ഥാനത്തിൽ സംഘടിപ്പിച്ചിട്ടുള്ളതും പ്രാഥമികമായും അടിയന്തിരമായും വിദ്യാർത്ഥിസമൂഹത്തിന്റെ അഭുന്നതിക്ക് വേണ്ടി പ്രവർത്തിക്കുന്നതുമായ ഒരു സംഘടനയാണ് എസ് എഫ് ഐ“ പരിപാടി വ്യക്തമാക്കുന്നു.
കെ എസ് യു 1996 ഫെബ്രുവരി 3 ന് ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ അംഗീകരിച്ച് ഭരണഘടനയിൽ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ പുരോഗതിയും നന്മയും ലക്ഷ്യമാക്കിയും വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും പ്രശ്നങ്ങളും ആവശ്യങ്ങളൂം പരിഹരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന തികച്ചും സ്വതന്ത്രമായ പ്രവർത്തന പരിപാടികളുള്ള സംഘടനയായിരിക്കും കെ എസ് യു എന്നും പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ മറ്റു വിദ്യാർത്ഥിസംഘടനകളും സമാന സ്വഭാവമുള്ള ഭരണഘടനയും പ്രവർത്തന പരിപാടിയുമാണ് അംഗീകരിച്ചിട്ടുള്ളത്.
രാഷ്ട്രീയപാർട്ടികളും വിദ്യാർത്ഥിസംഘടനകളെ സംബന്ധിച്ച് ഇതേ കാഴ്ചപ്പാട്തന്നെയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഇ എം എസ് നമ്പൂതിരിപ്പാട് 1992 ലെ എഴുതിയ ഒരു ലഘുലേഖയിൽ വിദ്യാർത്ഥിസംഘടനകളെ സംബന്ധിച്ചുള്ള പാർട്ടി നിലപാട് ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്.
“ഇനിപ്പോൾ ഒന്നല്ലെങ്കിൽ മറ്റൊരു രാഷ്ടീയ പാർട്ടിയുടെ നേതൃത്വത്തിൽ വ്യവസായ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെതുമെന്ന പോലെ കൃഷിക്കാർ, യുവാക്കൾ, മഹിളകൾ, വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങളുടെയുമെല്ലാം സംഘടനകളുണ്ട്. സി പി ഐ (എം) ന്റെ നേതൃത്വത്തിലുള്ള എസ് എഫ് ഐ, സി പി ഐ യുടെ നേതൃത്വത്തിലുള്ള എ ഐ എസ് എഫ്, കോൺ ഗ്രസ്സ് നേതൃത്വത്തിലുള്ള എൻ എസ് യു, ബി ജെ പി യുടെ നേതൃത്വത്തിലുള്ള എ ബി വി പി തുടങ്ങിയവ.
ഏതൊരു രാഷ്ടീയ പാർട്ടിക്കും ഉള്ളതിനേക്കാൽ വിശാലമായ താതപര്യങ്ങളും പ്രശ്നങ്ങളൂം വിദ്യാർത്ഥി സമൂഹത്തിന് അതായത് നാളത്തെ പൌരന്മാരായ ഇന്നത്തെ വിദ്യാർത്ഥികൾക്ക് ഉണ്ടെന്ന കാര്യം ഈ പ്രക്രിയയിൽ കാണാതെ പോവുന്നു. അതിനാൽ നാളത്തെ പൌരന്മാരായ ഇന്നത്തെ വിദ്യാർത്ഥികളുടെ താത്പര്യങ്ങൾ ഏറ്റെടുത്ത് സ്വമേധയാ പ്രവർത്തിക്കുന്ന സ്വതന്ത്രമായ വിദ്യാർത്ഥിസംഘടനകൾ ഉണ്ടാവേണ്ടത് ആവശ്യമാണ്. അത്കൊണ്ട് വിദ്യാർത്ഥിസംഘടകളുടെ നേതാക്കളും പ്രവർത്തകരും ഏതെങ്കിലും രാഷ്ടീയപാർട്ടി വരച്ചവരക്കപ്പുറം കടന്ന്, വിദ്യാർത്ഥികളുടെ പൊതുവായ പ്രശ്നങ്ങളെയും ആസ്പദമാക്കി വേണം പ്രവർത്തിക്കാൻ ”.
അദ്ദേഹം ഒരു പടികൂടി മുന്നോട്ട് കടന്ന് “വിവിധ രാഷ്ടീയപാർട്ടികളോട് കൂറുള്ള വിദ്യാർത്ഥിസംഘടനകൾ പിരിച്ച് വിട്ട് വിദ്യാർത്ഥി സമൂഹത്തിന്റെ പൊതുവായ ഒരു സംഘടന രൂപീകരിക്കുകയാണെങ്കിൽ അത് ആരോഗ്യകരമായ ഒരു സംഭവ വികാസമായിരിക്കുമെന്ന്” കൂടി അഭിപ്രായപ്പെട്ടിരിക്കുന്നു.
ചുരുക്കത്തിൽ ഭരണഘടനയും നയപരിപാടിയും പ്രകാരം വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ രാഷ്ടീയപാർട്ടികളോ അവയുടെ പോഷക സംഘടനകളെ അല്ല. പരോക്ഷമായ രാഷ്ടീയ ബന്ധങ്ങൾ ഉള്ളപ്പോൾ തന്നെ ആപേക്ഷികമായി സംഘടനസ്വാതന്ത്ര്യം നിലനിർത്തികൊണ്ട്, ദേശീയ സാർവദേശീയ രംഗങ്ങളിലുണ്ടാവുന്ന ചലനങ്ങൾ വിദ്യാർത്ഥിസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നുകൊണ്ടും വിദ്യാർത്ഥി സമൂഹം നേരിടുന്ന പൊതു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സമരങ്ങൾ സംഘടിപ്പിച്ച് കൊണ്ടുമാണ് കേരളത്തിലെ വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ വളർന്ന് വന്നത്.
വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കയും കക്ഷി രാഷ്ടീയ പ്രവണതകൾക്ക് വിധേയരാവുകയും ആക്രമണ വാസന പ്രകടിപ്പിക്കയും ചെയ്തതോടെയാണ് കാമ്പസ്സ് വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളോട് പൊതുസമൂഹത്തിനും വിദ്യാർത്ഥികളിൽ തന്നെ പലരിലും എതിർപ്പുയർന്ന് വന്നത്. തുടർന്നാണ് കോടതി കേസും കാമ്പസ്സ് രാഷ്ടീയ നിരോധനവുമെല്ലാം അരങ്ങേറിയത്.
ശക്തമായ പൊതു രാഷ്ടീയ നിലപാടുകൾ വിദ്യാർത്ഥി സംഘടനകൾ സ്വീകരിച്ച് പോന്നിരുന്ന 1960 കൾ മുതൽ 1980 കളുടെ ആദ്യവർഷങ്ങൾ വരെ കേരളത്തിൽ കാമ്പസ്സ് രാഷ്ടീയം കേരളത്തിൽ എതിർക്കപ്പെട്ടിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. അർത്ഥവത്തായ രാഷ്ടീയ പ്രവർത്തനങ്ങളുടെ സ്ഥാനത്ത് വിഭാഗികമായ “കക്ഷി രാഷ്ടീയം” കടന്ന് വന്നപ്പോഴാണ് വിദ്യാർത്ഥി സംഘടനകൾക്കെതിരായ മനോഭാവം സമൂഹത്തിൽ വളർന്ന് വന്നത്.
സംഘടനാതത്വങ്ങളിൽ നിന്ന് വ്യതിചലിക്കാതിരിക്കാതെ വിദ്യാർത്ഥികളുടെ പൊതു ജനാധിപത്യ വേദികളായി പ്രവർത്തിക്കാൻ വിദ്യാർത്ഥിസംഘടനകൾ ജാഗ്രതകാട്ടണം. പകക്ഷി രാഷ്ടീയത്തിന്റെ സ്ഥാനത്ത് വിശാല രാഷ്ടീയവും അക്കാദമിക്ക് രാഷ്ടീയവും കാമ്പസ്സുകളിൽ കൊണ്ട് വന്നുകൊണ്ട് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും പൊതു സമൂഹത്തിന്റെയും അംഗീകാരം തിരിച്ച് പിടിക്കാൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് കഴിയണം. വിദ്യാർത്ഥിസംഘടനകളുടെ ഭരണഘടനയും പ്രവർത്തന പരിപാടിയുമനുസരിച്ച് അവയെ വിദ്യാർത്ഥികളുടെ പൊതു ജനാധിപത്യവേദികളായി പ്രവർത്തിക്കാൻ കോളേജ് മാനേജ് മെന്റുകളും അനുവദിക്കണം.
ഹൈക്കോടതി വിധിക്കെതിരെ കോടതിയിൽ അപ്പീൽ നൽകുമ്പോൾ സർക്കാർ വിദ്യാർത്ഥി രാഷ്ടീയം കാമ്പസുകളിൽ അനുവദിക്കണമെന്നല്ല ആവശ്യപ്പെടേണ്ടത്. മറിച്ച് വിദ്യാർത്ഥി സംഘടനക:ളൂടെ ഭരണഘടനയനുസരിച്ച് അവയെ വിദ്യാർത്ഥികളൂടെ ജനാധിപത്യ വേദികളായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ്.