“”ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാലും ഞാൻ ട്രേഡ് യൂണിയനെ അംഗീകരിക്കില്ല”എന്നുപറയാൻ ഒരു തൊഴിലുടമയ്ക്ക് എങ്ങനെ ധൈര്യം വരുന്നു? “

396

നിയമം മുത്തൂറ്റ് മാനേജ്മെന്റ് അംഗീകരിക്കണം

Elamaram Kareem

മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരുടെ പണിമുടക്ക് എന്തിനാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മുത്തൂറ്റ് ചെയർമാന്റെ വാർത്താസമ്മേളനത്തിലെ പ്രഖ്യാപനം.””ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാലും ഞാൻ ട്രേഡ് യൂണിയനെ അംഗീകരിക്കില്ല”എന്നാണ് അദ്ദേഹം വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പാർലമെന്റ് പാസാക്കിയ “ഇന്ത്യൻ ട്രേഡ് യൂണിയൻ ആക്ട്’ താൻ അംഗീകരിക്കില്ല എന്നുപറയാൻ ഒരു Image may contain: 1 person, smiling, close-upതൊഴിലുടമയ്ക്ക് എങ്ങനെ ധൈര്യം വരുന്നു? “എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി ഒന്നര നൂറ്റാണ്ടുമുമ്പ് തൊഴിലാളികൾ നടത്തിയ സമരവും തുടർന്ന് ലോകത്താകെ നടന്ന തൊഴിലാളി മുന്നേറ്റങ്ങളുടെയും ഫലമായിട്ടാണ് തൊഴിൽ നിയമങ്ങൾ നടപ്പാക്കിയത്. ഐഎൽഒ അംഗീകരിച്ച പ്രമാണങ്ങളിൽപ്പെട്ടതാണ് കൂട്ടായ വിലപേശലിനുള്ള തൊഴിലാളികളുടെ അവകാശം. വികസിത മുതലാളിത്ത രാജ്യങ്ങളിൽ പോലും ഈ തത്വം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ മൗലികമായ ഈ അവകാശം താൻ അംഗീകരിക്കില്ല എന്ന് ഒരു മുതലാളി പരസ്യമായി പറയാൻ മടികാണിച്ചില്ല എന്നതു തന്നെയാണ് മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന്റെ ന്യായീകരണം.
വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ബാധകമായ “മിനിമം വേതന’ വ്യവസ്ഥയാണ് മുത്തൂറ്റ് ഫിനാൻസ് കമ്പനി ജീവനക്കാർക്കും ബാധകമായിരുന്നത്. മുത്തൂറ്റിനെപ്പോലുള്ള നോൺ ബാങ്ക് ഫിനാൻസ് കമ്പനികൾ, വ്യാപാരസ്ഥാപനങ്ങളിൽനിന്ന് വിഭിന്നമാണ്. മുത്തൂറ്റ് 2018‐ 19 വർഷത്തിൽ നേടിയ ലാഭം 2106 കോടി രൂപയാണ്. 2019‐20 വർഷത്തെ ആദ്യ ക്വാർട്ടറിൽ നേടിയ ലാഭം 546 കോടി രൂപയാണ്. ഈ ലാഭം നേടാൻ കഠിനാധ്വാനം ചെയ്തവരാണ് ജീവനക്കാർ. ഇവർക്ക് അർഹമായ വേതനവും ആനുകൂല്യങ്ങളും വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്.

“ഞങ്ങൾ ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അതിനാൽ ശമ്പളപരിഷ്കരണം ആവശ്യമില്ല’ എന്നാണല്ലോ മാനേജ്മെന്റ് വാദം. നിലവിലുള്ള ഷോപ് ജീവനക്കാർക്കുള്ള മിനിമം വേതനം മുത്തൂറ്റ് ജീവനക്കാർക്ക് എല്ലാവർക്കും ലഭിക്കുന്നില്ല. എല്ലാ കമ്പനികളിലും “എംപ്ലോയ്മെന്റ് സ്റ്റാൻഡിങ് ഓർഡേഴ്സ് ആക്ട്’ അനുസരിച്ച് ഒരു സ്റ്റാൻഡിങ് ഓർഡർ ഉണ്ടാകണം. സ്ഥാപനത്തിലെ ജീവനക്കാരുടെ തൊഴിൽ വ്യവസ്ഥകൾ ഇതിലാണ് വ്യവസ്ഥപ്പെടുത്തുന്നത്. മാനേജ്മെന്റും തൊഴിലാളി യൂണിയനും ചേർന്ന് അംഗീകരിച്ചതിനുശേഷം ഡെപ്യൂട്ടി ലേബർ കമീഷണർ ഒപ്പിട്ടു നൽകുന്നതാണ് സ്റ്റാൻഡിങ് ഓർഡർ. ഇത് പ്രാദേശികഭാഷയിൽ കമ്പനിയിൽ പ്രസിദ്ധപ്പെടുത്തണം. മാനേജ്മെന്റും യൂണിയനും അംഗീകരിച്ച സ്റ്റാൻഡിങ് ഓർഡർ ഉണ്ടാകുന്നതുവരെ നിയമത്തിലെ “മോഡൽ സ്റ്റാൻഡിങ് ഓർഡർ’ കമ്പനി നടപ്പാക്കണം. കോടികൾ ലാഭം വാരുന്ന ഉയർന്ന നിയമജ്ഞന്മാരുടെ ഉപദേശം വാങ്ങുന്ന മുത്തൂറ്റ് മാനേജ്മെന്റിന് ഇതൊന്നും ബാധകമല്ല.

കമ്പനികളിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 വയസ്സാണ്. എന്നാൽ, മുത്തൂറ്റ് ഫിനാൻസിൽ അത് 55 വയസ്സാണ്. സർക്കാർ ജീവനക്കാരുടേതുപോലും 56 വയസ്സാണ്. ഒരു ദിവസം ഒമ്പതു മണിക്കൂറാണ് ജീവനക്കാരുടെ ജോലി സമയം. എട്ട് മണിക്കൂറിനു ശേഷമുള്ള ജോലിക്ക് ഓവർടൈം വേതനമില്ല. ബോണസ് കണക്കാക്കുന്നത് മാനേജ്മെന്റ് നിശ്ചയിച്ച അടിസ്ഥാന ശമ്പളം + ഡിഎ എന്നിവയ്ക്കാണ്. നിയമപ്രകാരം തൊഴിലാളികൾ വാങ്ങുന്ന മുഴുവൻ ശമ്പളത്തിനുമല്ല. മുത്തൂറ്റ് ഫിനാൻസിലെ 80 ശതമാനം ജീവനക്കാരുടെയും ശമ്പളം പ്രതിമാസം 13,000ത്തിനും 18,000ത്തിനും ഇടയിലാണ്. സാധാരണ തൊഴിലാളികളുടെ മിനിമം കൂലിയായി നിശ്ചയിക്കണമെന്ന് “ഇന്ത്യൻ ലേബർ കോൺഫറൻസ്’ അംഗീകരിച്ച 18,000 രൂപ പോലും മുത്തൂറ്റ് നൽകുന്നില്ല. 2016ലെ ഷോപ് തൊഴിലാളി മിനിമം വേതനം കിട്ടാത്ത ഒരുപറ്റം തൊഴിലാളികൾ ഇപ്പോഴുമുണ്ട്.

ഷോപ് ആക്ട് ബാധകമായ സ്ഥാപനങ്ങളിലെ മിനിമം വേതനം ഏറ്റവുമൊടുവിൽ പുതുക്കി നിശ്ചയിച്ചത് 2016 ലാണ്. ഞങ്ങൾ എല്ലാം നൽകുന്നുവെന്നു പറഞ്ഞ മാനേജ്മെന്റ് അത് നടപ്പാക്കിയില്ല. സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച ദിവസംമുതൽ ബാധകമായ വേതനം യൂണിയൻ രൂപീകരിച്ച് ശബ്ദമുയർത്തിയതിനുശേഷം 2018ലാണ് നടപ്പാക്കിയത്. 2016 മുതൽ നൽകേണ്ട കുടിശ്ശിക നൽകിയില്ല.

എൻബിഎഫ്സികളെ (നോൺ ബാങ്ക് ഫിനാൻസ് കമ്പനി) ഷോപ് ആക്ടിന്റെ ഷെഡ്യൂളിൽനിന്നു മാറ്റി പ്രത്യേക വേതനവ്യവസ്ഥ വേണമെന്ന് ട്രേഡ് യൂണിയനുകൾ കുറെ കാലമായി ആവശ്യപ്പെട്ടു വരുന്നതാണ്. അതനുസരിച്ച് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ നടപടികൾ ആരംഭിച്ചു. എൻബിഎഫ്സികൾക്ക് പ്രത്യേകമായി ഒരു ശമ്പളഘടന തയ്യാറാക്കി എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 2016 ആഗസ്തിൽ അത് വിജ്ഞാപനംചെയ്തു. പ്രസ്തുത വിജ്ഞാപനം മുത്തൂറ്റ് ഉൾപ്പെടെയുള്ള കമ്പനികൾ ഹൈക്കോടതിയിൽ ചോദ്യംചെയ്തു. ഹൈക്കോടതി വിജ്ഞാപനം സ്റ്റേ ചെയ്തു. പ്രസ്തുത വേതനം മുത്തൂറ്റ് ഇന്നേവരെ നൽകിയില്ല.
ഈ സാഹചര്യത്തിലാണ് മുത്തൂറ്റ് ജീവനക്കാർ മാനേജ്മെന്റിന് ഡിമാന്റ് നോട്ടീസ് നൽകിയത്. എൻബിഎഫ്സികളിലെ ജീവനക്കാരുടെ വേതനഘടന വിജ്ഞാപനം ചെയ്തതുപോലെ നടപ്പാക്കുക, സ്റ്റാൻഡിങ് ഓർഡർ ഉണ്ടാക്കുക, തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകുക, പ്രതികാരനടപടികൾ അവസാനിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

പണിമുടക്ക് ആരംഭിച്ചതിനുശേഷം ഹൈക്കോടതിയെ സമീപിച്ച മാനേജ്മെന്റിനോട് കോടതി ഒരു മധ്യസ്ഥനെ നിയോഗിച്ചാൽ അംഗീകരിക്കാമോ എന്ന് ചോദിച്ചിരുന്നു. യൂണിയൻ അംഗീകരിച്ചു. മാനേജ്മെന്റ് അംഗീകരിച്ചില്ല. മുത്തൂറ്റ് മാനേജ്മെന്റിന് നിയമങ്ങളോടും സർക്കാരിനോടും കോടതിയോടും പുച്ഛം! ജീവനക്കാർ നടത്തുന്ന സത്യഗ്രഹസമരത്തിനു മുമ്പിൽ വന്ന് തൊഴിലാളികൾക്കുനേരെ “ഗോഷ്ടി’ കാണിക്കാൻ മടിക്കാത്ത മാനേജിങ് ഡയറക്ടർ സന്ധിസംഭാഷണത്തിനു വിളിച്ച ലേബർ കമീഷണറെ അപമാനിക്കൽ, തൊഴിൽ മന്ത്രിയോടുപോലും അപമര്യാദയായി പെരുമാറൽ, കമ്പനി അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി സമരം തകർക്കാൻ ശ്രമം. കേരള ചരിത്രത്തിൽ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത രീതിയിലാണ് മുത്തൂറ്റ് മാനേജ്മെന്റ് പെരുമാറുന്നത്. ഈ ധിക്കാരത്തിനു മുമ്പിൽ കീഴടങ്ങാൻ ആത്മാഭിമാനമുള്ള ഒരാൾക്കും കഴിയില്ല. നിയമവ്യവസ്ഥയ്ക്ക് മുത്തൂറ്റ് മാനേജ്മെന്റും വഴങ്ങണം.

Advertisements