ചരിത്രത്തെയും ചരിത്ര സംഭവങ്ങളെയും വളച്ചൊടിക്കുന്നതിൽ അഗ്രഗണ്യരായ ഇക്കൂട്ടർ പുതുതായി ഉന്നംവച്ചിരിക്കുന്നത് നമ്മുടെ പാര്ലമെന്റ് മന്ദിരത്തെയാണ്

301

Elamaram Kareem

Elamaram Kareem
Elamaram Kareem

പുതിയ പാർലമെൻറ് മന്ദിരത്തിൻറെ നിർമാണവുമായി ബന്ധപ്പെട്ട് എംപിമാരുടെ നിർദേശങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള കത്ത് കുറച്ചുനാൾ മുന്നെ ലഭിക്കുക്കുകയുണ്ടായി. നിലവിലുള്ള പാർലമെൻറ് മന്ദിരം പുതുക്കിപ്പണിയുന്നതുമായോ അല്ലെങ്കിൽ പുതിയ പാർലമെൻറ് മന്ദിരം നിർമിക്കുന്നതുമായോ സംബന്ധിച്ച വിഷയം സർക്കാരിൻറെ സജീവ പരിഗണനയിലാണെന്നും ഇതിലേക്ക് എല്ലാ രാജ്യസഭാ അംഗങ്ങളുടെയും നിർദേശങ്ങൾ ക്ഷണിക്കുന്നു എന്നുമാണ് കത്തിൻറെ ചുരുക്കം. ലോക്സഭാ എംപിമാർക്കും ഇതേ ഉള്ളടക്കത്തിൽ കത്തു ലഭിച്ചിട്ടുണ്ട് എന്നാണ്‌ അറിയാൻ കഴിഞ്ഞത്. വളരെ നിരുപദ്രവകരമായ ഒരു സാധാരണ communication മാത്രമായേ ഇതിനെ എലാവരും വിലയിരുത്താൻ സാധ്യതയുള്ളൂ. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിലവിലെ പാർലമെൻറ് മന്ദിരത്തിനു എന്തൊക്കെയോ വലിയ പോരായ്മകൾ ഉണ്ടെന്നു പറയാതെ പറയുകയാണ് നമ്മുടെ സർക്കാർ ചെയ്യുന്നത്. രാജ്യത്തിന്റെ അഭിമാനമായി പതിറ്റാണ്ടുകളോളം നിലകൊണ്ട പല ബിംബങ്ങളെയും തകർത്തു ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കവും എന്ന കാര്യത്തിൽ തർക്കമില്ല. താജ് മഹലിനുനേരെയും മുകൾ കാലഘട്ടത്തിലെ മറ്റനേകം സ്മാരകങ്ങൾക്കുനേരെയും നടക്കുന്ന ആസൂത്രിതമായ വിദ്വെഷ പ്രചാരണത്തിന്റെ മറ്റൊരു പതിപ്പാണിത്. രാഷ്‌ട്രപതി ഭവനും ഇന്ത്യ ഗേറ്റും പാർലമെൻറ് മന്ദിരവും അടങ്ങുന്ന നമ്മുടെ തലസ്ഥാന നഗരം രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമാണ്. രാജ്യസ്നേഹിയായ ഏതൊരാൾക്കും ഉൾപ്പുളകമുണ്ടാക്കുന്ന ചരിത്ര സ്മാരകങ്ങളാണ് ഇവയോരോന്നും. ഇന്തോ യൂറോപ്യൻ വാസ്തുകലയുടെ ഏറ്റവും മികച്ച സങ്കരമാണ് ഇവ. ഇന്ത്യാ ചരിത്രവുമായും സ്വാതന്ത്ര്യ സമര പോരാട്ടവുമായും ബന്ധപ്പെട്ട ഒട്ടേറെ ഓർമകളുറങ്ങുന്ന ഈ സ്മാരകങ്ങളെ വെറും കെട്ടിടങ്ങൾ മാത്രമായാണ് നിർഭാഗ്യവശാൽ നമ്മുടെ ഭരണാധികാരികൾ കാണുന്നത്.

ചരിത്രത്തെയും ചരിത്ര സംഭവങ്ങളെയും വളച്ചൊടിക്കുന്നതിൽ അഗ്രഗണ്യരായ ഇക്കൂട്ടർ പുതുതായി ഉന്നംവച്ചിരിക്കുന്നത് നമ്മുടെ പാര്ലമെന്റ് മന്ദിരത്തെയാണ്. കാലാകാലങ്ങളായി കേന്ദ്ര പൊതുമരാമത്തു വകുപ്പ് (CPWD) അറ്റകുറ്റപ്പണികളും പരിഷ്കാരങ്ങളും ആവശ്യാനുസരണം നടത്തുന്നുണ്ടെന്നിരിക്കെ പാര്ലമെന്റ് മന്ദിരത്തിന്റെ പുതുക്കിപ്പണിയലുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇത്തരത്തിൽ ഒരു കത്ത് അയക്കേണ്ട സാഹചര്യം എന്താണെന്ന് മനസിലാകുന്നില്ല. ഇനി അഥവാ അറ്റകുറ്റപ്പണികൾ ആവശ്യമാണെങ്കിൽ സാധാരണ നടക്കുന്നപോലെ ബന്ധപ്പെട്ട വകുപ്പ് അത് ചെയ്തുകൊള്ളും. എന്തിനാണ് ഇതിൽ എല്ലാ പാർലമെന്റ് അംഗങ്ങളുടെയും അഭിപ്രായം ആരായുന്നത്? പാർലമെന്റിനോടും ജനാധിപത്യ സംവിധാനങ്ങളോടും ഒരു തരത്തിലുമുള്ള സ്നേഹമോ വിധേയത്വമോ കാണിക്കാത്ത ഒരു കൂട്ടരാണ് ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത്. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനം അതിനു ഏറ്റവും വലിയ ഉദാഹരണമാണ്. എതിർ ശബ്ദങ്ങളെ അത് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനകത്തായാൽപോലും ഇക്കൂട്ടർ അടിച്ചമർത്തും. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള ബില്ല് എല്ലാ സഭാ മര്യാദകളും ലംഘിച്ചു അവതരിപ്പിച്ചു എന്നു മാത്രമല്ല അതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാനോ ആവശ്യമായ ചർച്ചകൾ നടത്താനോ പ്രതിപക്ഷത്തെ അനുവദിച്ചില്ല. പാർലമെന്റ് മന്ദിരത്തിന്റെ അറ്റകുറ്റപ്പണികൾക്കുപോലും എംപിമാരുടെ അഭിപ്രായമാരാഞ്ഞു പ്രത്യേകം കത്തുകൾ അയക്കുന്ന ഇക്കൂട്ടർ പാർലമെന്റ് സമ്മേളനം മുൻ നിശ്ചയിച്ചതിലും ഒരാഴ്ച നീട്ടാനുള്ള തീരുമാനം ഏകപക്ഷീയമായി എടുത്തത് ആരും മറന്നിട്ടില്ല. സഭയിലെ ചർച്ചകൾക്കുള്ള സമയം വെട്ടിക്കുറച്ചും വിവാദ വിഷയങ്ങളിൽ ആവശ്യമായ സംവാദങ്ങളോ കൂടിയാലോചനകളോ നടത്താൻ അനുവദിക്കാതെയും ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന ഒരു ഭരണകൂടത്തിന് പെട്ടെന്ന് മാനസാന്തരം വന്നു എന്നു കരുതുക വയ്യ. അങ്ങനെയെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തെ കരകയറ്റാനുള്ള നിർദ്ദേശങ്ങൾ ചോദിച്ചു എംപിമാർക്ക് കത്തയക്കണമായിരുന്നു. ആഗോള വിശപ്പ്‌ സൂചികയിൽ അവികസിതരാജ്യങ്ങളേക്കാൾ പുറകിലായ നമ്മുടെ രാജ്യത്തെ മുന്നേറാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾക്കായി കത്തയക്കണമായിരുന്നു. ഈ രാജ്യത്തെയോ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയോ ബാധിക്കുന്ന വിഷയങ്ങളിൽ എംപിമാരുടെ നിർദ്ദേശങ്ങൾക്കായി കത്തുകളയക്കാതെ പാർലമെന്റ് മന്ദിരത്തിന്റെ പുതുക്കിപ്പണിയലിനു നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഞങ്ങൾക്കയച്ച ഈ കത്ത് രാജ്യത്തെ ജനപ്രതിനിധികളോടുള്ള അനാദരവാണ്‌. നേരത്തെ സൂചിപ്പിച്ച സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള വ്യഗ്രതയോടൊപ്പം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കോപ്പുകൂട്ടുകയാണ് ബിജെപി ഗവൺമെന്റ്.