നേര് സിനിമാ അനുഭവം

Eldho Kurian സോഷ്യൽ മീഡിയയിൽ കുറിച്ചത്

ജിത്തു ജോസഫ് പറഞ്ഞത് പോലെ ട്വിസ്റ്റുകളോ സസ്പെൻസുകളോ കൊണ്ടുള്ള എക്സൈറ്റ്മെന്റ് ഒന്നുമില്ലാതെ വളരെ മികച്ച ഒരു സിനിമാ അനുഭവം തന്നൊരു സിനിമ.

അഭിനേതാക്കളിലേക്ക് വന്നാൽ മോഹൻലാലിലെ നടൻ മരിച്ചു താരമാണ് മിച്ചം എന്ന് പറഞ്ഞു നടക്കുന്നവർക്ക് ഇതിനു മുൻപും പല തവണ അദ്ദേഹം തന്റെ സിനിമകളിലൂടെ മറുപടി നൽകിയിട്ടുണ്ടെങ്കിലും നേര്‌ സിനിമ ആ ലിസ്റ്റിൽ ഏറ്റവും പുതിയതായി ചേർക്കപ്പെട്ട സിനിമയാണ്. നടൻ സിദ്ദിക്ക് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്, അഭിനയം എന്നത് ഏറ്റവും എളുപ്പമാണെന്നത് മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോഴാണ്, എന്നാൽ അതേ അഭിനയം ഏറ്റവും ബുദ്ധിമുട്ടായി തോന്നുന്നത് നമ്മൾ അഭിനയിച്ചു നോക്കുമ്പോഴാണെന്നത്. അത് തികച്ചും ശരിയാണെന്നത് ഈ സിനിമയിലും കാണാം.

പലരും പറഞ്ഞു കണ്ടു, മോഹൻലാൽ എന്ന അഭിനയ പ്രതിഭയ്ക്ക് കൂടുതലായി ഒന്നും ചെയ്യാനില്ലാത്ത സിനിമയാണെന്ന് തോന്നിയെന്നത്. ശരിയാണ്, പക്ഷെ അത് പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കുന്നത് മോഹൻലാൽ ചെയ്തു വെച്ചിരിക്കുന്ന രീതി കൊണ്ട് തന്നെയാണ്. ദുർബലനായ, വൈര്യാഗ്യ ബുദ്ധികൾ ഇല്ലാത്ത എന്നാൽ അത്യാവശ്യം ബുദ്ധിയുള്ള നീതി ബോധമുള്ളൊരു വക്കീലിനെ ആയിരുന്നു സിനിമയ്ക്ക് ആവശ്യം. അത് വളരെ കൂൾ ആയി മോഹൻലാൽ എന്ന നടൻ ചെയ്തു വെച്ചിട്ടുണ്ട്. സിദ്ദിക്ക് പറഞ്ഞത് പോലെ താൻ അഭിനയിക്കുക ആണെന്ന് വിളിച്ചു പറഞ്ഞുള്ള അഭിനയ രീതി അല്ല ലാലിന്റെ, അത് സ്വാഭാവികമായൊരു ഒഴുക്കിന്റെ പ്രതിഫലനമാണ്. യാതൊരു അമാനുഷികതയും ഇല്ലാത്ത കഥ ആവശ്യപ്പെടുന്ന കഥാപാത്രത്തെ ഒരു തരി കൂടുതലോ കുറവോ ഇല്ലാതെ വളരെ അധികം ഭംഗിയായി ചെയ്തു വെച്ചിട്ടുണ്ട്.

 അനശ്വര രാജൻ

കഥ സഞ്ചരിക്കുന്നത് അനശ്വരയുടെ കഥാപാത്രത്തെ ചുറ്റികറങ്ങിയാണ്, അതായത് കേന്ദ്ര കഥാപാത്രം. കഥാപാത്ര സൃഷ്ടിയിൽ ഈ വ്യക്തിയുടെ സഹനത്തിനോ ദുരിതത്തിനോ മുകളിൽ അല്ല സിനിമയിലെ നായകൻ ഉൾപ്പെടെ ആരും. സിനിമാ കഥാപാത്രം ആയിട്ടല്ല, നമ്മളിൽ ഒരാളായിട്ട് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളിൽ ഒന്നായിട്ടാണ് അനശ്വരയുടെ കഥാപാത്ര സൃഷ്ടി. വാളയാറിലും വയനാട്ടിലും ഉണ്ടായ സംഭവങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട്. പ്രതിയെന്നു ഉറപ്പിച്ചിട്ടും കോടതികളിൽ നിന്ന് അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ ഊരിപോന്നവരെ ഓർത്തു നമ്മളും അമർഷം കൊണ്ടത് ആ പിഞ്ചു കുഞ്ഞുങ്ങളുടെ നിസ്സഹായാവസ്ഥ ഓർത്താണ്. ഇവിടെ അത്തരമൊരു കഥാപാത്ര സൃഷ്ടിയാണ് അനശ്വരയ്ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടത്.

അനശ്വര അത് അതി മനോഹരമായി ചെയ്തു വെച്ചിട്ടുണ്ട്. ഇരയായ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ട്. പീഡന വാർത്തകളിൽ നാം സ്ഥിരം കേൾക്കുന്ന കാണുന്ന ചില കമന്റുകൾ ഉണ്ട്, അവളും ഇതൊക്കെ ആസ്വദിച്ചു കാണുമെന്നത്. പത്തിരുപത് വര്ഷം മുൻപ് സൂര്യനെല്ലി പീഡനക്കേസിലെ 16 വയസു പോലും തികയാത്ത ഇരയായ പെൺകുട്ടിയെ കോട്ടയം അനുപമ തിയറ്ററിന്റെ ഭാഗത്ത് തെളിവെടുപ്പിന് കൊണ്ട് വന്നപ്പോഴും ചുറ്റും ആർത്തു കൂടിയ പുരുഷാരം വിളിച്ചു കൂവിയതു അവൾക്ക് ഓടി രക്ഷപെടാൻ മേലായിരുന്നോ, അപ്പൊ ഇതൊക്കെ അവളും ആസ്വദിച്ചിട്ടുണ്ടെന്നതാണ്. ഇന്നും നമ്മുടെ ആ മനോഭാവത്തിന് മാറ്റം ഒന്നുമില്ല. ഇരകൾ എന്നത് അതിജീവിത എന്ന് മാറ്റിയെഴുതി തുടങ്ങിയത് കൃത്യമാണ്. കാരണം താൻ അനുഭവിച്ച ശാരീരിക ആക്രമണത്തിൽ ഉപരി അതിലും ക്രൂരമായി ചുറ്റും ആർത്തു വിളിക്കുന്ന പുരുഷാരത്തെ കൂടെ അതിജീവിച്ചാണ് ഒരു റേപ്പിൽ അകപ്പെട്ട പെൺകുട്ടിക്ക് മുൻപോട്ട് ജീവിക്കാൻ ആവുക. അങ്ങനെയൊരു ധീരയായ പെൺകുട്ടിയെ എത്ര മാത്രം മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാമോ അത്രത്തോളം അതി മനോഹരമായി അനശ്വര രാജൻ എന്ന അഭിനേത്രി അഭിനയിച്ചു കാണിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. പൊതുബോധത്തിൽ ഒരു റേപ്പിൽ അകപ്പെട്ടു പോകുന്ന പെൺകുട്ടി പൊട്ടി തകർന്നു പുറം ലോകത്തെ അഭിമുഖീകരിക്കാനാവാതെ എന്നും മുറിയുടെ മൂലയിൽ കരഞ്ഞു തളർന്നു ഇരിക്കേണ്ടവർ ആണെന്നാണ്. ആ പൊതുബോധത്തെ സിനിമയുടെ എതിർപക്ഷത്തു പ്രതിഷ്ഠിച്ചു യാഥാർഥ്യ ബോധമുള്ള സ്ത്രീ കഥാപാത്രത്തെ കൃത്യമായ ബോധവൽക്കരണത്തോടെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. കുറച്ചു പേർക്കെങ്കിലും വെളിവ് വീഴാൻ ഇത്തരം സിനിമകൾ കൊണ്ട് സാധിക്കും.

സിദ്ദിക്ക്.

ആദ്യം പറഞ്ഞത് പോലെ സിദ്ദിക്കും മമ്മൂട്ടിയും ഒക്കെ മോഹൻലാലിന്റെ നേരെ വിപരീത അഭിനയ ശൈലി പിന്തുടരുന്നവരാണ്. തങ്ങളുടെ ശൈലിയിൽ ഇവരൊക്കെ അഗ്രഗണ്യരുമാണ്. ഏറ്റവും ബുദ്ധിപരമായി ഏറ്റവും ശക്തമായി തങ്ങളുടെ അഭിനയ ശൈലി ഉപയോഗിക്കുന്നവരാണ് ഇവർ. ഈ സിനിമയിലും വ്യത്യസ്തമല്ല. അങ്ങേയറ്റം വെറുപ്പ് തോന്നിക്കുന്ന മേൽപ്പറഞ്ഞ പുരുഷാരത്തിന്റെ പ്രതീകമായ കഥാപാത്ര സൃഷ്ടി ആയിരുന്നു സിദ്ദിഖിന്റേത്. സിനിമയിൽ അദ്ദേഹത്തിന് ലഭിച്ച സംഭാഷണങ്ങളും വിവരണങ്ങളും ആ കഥാപാത്രത്തിനെ അത്രമേൽ വിവരിക്കുന്ന ഒന്നായിരുന്നു. ഇതോടൊപ്പം തന്റെ ബുദ്ധിപൂർവമായ സൂക്ഷ്മതയോടെയുള്ള അഭിനയം കൂടി ചേർന്നപ്പോൾ അതി ഗംഭീരമായി.

ജഗദീഷ് & ഗണേഷ് കുമാർ

വിതുര കേസിലെ അതിജീവിതയ്ക്ക് കൂട്ടായി ഒരു മനുഷ്യനെത്തി പിന്നീട്. അതീവ നൈർമ്മല്യത്തോടെയുള്ള ആ ബന്ധത്തിൽ അവളുടെ കൂടെയുള്ള ആ കൂട്ടുകാരനാണ് അവളുടെ എല്ലാ പോരാട്ടങ്ങൾക്കും ഇപ്പോളും ഒപ്പമുള്ളത്. ആ കേസിൽ അതിജീവിതയുടെ നേരിട്ടുള്ള മൊഴി ഉണ്ടായിട്ടും കൃത്യമായി തിരിച്ചറിയപ്പെട്ടിട്ടും നിയമം ഇത്ര കാര്യക്ഷമമായി നടത്തപ്പെടുന്നു എന്ന് മേനി നടിക്കുന്ന നമ്മുടെ ഈ കേരളത്തിൽ ഇന്നും അവൾക്ക് നീതി ലഭിച്ചിട്ടില്ല. പ്രൊഫസർ ഗീത എഴുതിയ ബുക്കിൽ സിനിമ നടനായ ജഗതി തന്നെ പീഡിപ്പിക്കുന്നതിനെ കുറിച്ച് അതിജീവിതയുടെ തന്നെ വാക്കുകൾ ഉണ്ട്. അത്രയും പേർക്കിടയിൽ ഒരു പരിചിത മുഖത്തെ സമീപിക്കേണ്ടി വന്നപ്പോൾ ചെറുതെങ്കിലും ഒരു പ്രതീക്ഷ അവൾക്കും ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ എത്ര ക്രൂരമായി ചവിട്ടി മെതിക്കപ്പെട്ടു എന്ന് അവളുടെ വാക്കുകളിലൂടെ വിവരിക്കുന്നുണ്ട്. അതേ ജഗതി പിന്നെയും മലയാളികൾക്ക് പ്രിയങ്കരനായി സിനിമയിലും ജീവിതത്തിലും നിർബാധം തുടർന്നു. എന്നാൽ പതിറ്റാണ്ട് കഴിഞ്ഞിട്ടും നീതി ലഭിക്കാതെ വിസ്‌മൃതിയിലേക്ക് പോവുന്ന അവൾക്ക് കൂട്ടായി അവളെ ചേർത്ത് പിടിച്ചു നിന്ന ചിലരുണ്ട്. ഇവിടെ ഈ സിനിമയിൽ ജഗദീഷും ഗണേഷ് കുമാറും അത്തരം നന്മ വറ്റാത്ത ചിലരെ ഓർമ്മിപ്പിച്ചു.

ജഡ്ജിയും പ്രതിയായ മൈക്കിളും.

ജഡ്ജി ആയി അഭിനയിച്ച ആൾ ആരാണെന്നു അറിയില്ല, പക്ഷെ ഒന്നാം തരം എന്നേ പറയാനുള്ളൂ. തങ്ങളുടെ മുൻപിൽ നിൽക്കുന്ന സത്യത്തിനും അതിലേക്ക് എത്താനുള്ള തെളിവുകളുടെ അഭാവങ്ങളും അഴിമതിക്കാരല്ലാത്ത നീതി ബോധമുള്ള ന്യായാധിപന്മാരെ എങ്ങനെ സ്വാധീനിക്കും എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അങ്ങനൊരു ന്യായാധിപനെ നോട്ടം കൊണ്ടും ഭാവം കൊണ്ടും എത്ര കൃത്യമായിട്ടാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അതേ പോലെ പ്രതിയായി വന്ന മൈക്കിളും. മുൻപ് രക്ഷാധികാരി ബൈജുവിൽ അഭിനയിച്ച നടൻ ആണെന്ന് കണ്ടു. ഇവിടെ ഒരു വൃത്തികെട്ട കഥാപാത്രത്തെ ഏറ്റവും വൃത്തിയായി അഭിനയിച്ചു കാണിച്ചിട്ടുണ്ട്. നല്ല ഭാവിയുള്ള നടൻ.

തിരക്കഥാകൃത്ത് ശാന്തി

പടത്തിന്റെ തിരക്കഥയോടൊപ്പം ശാന്തി അഹാനയായി വേഷവുമിടുന്നു ഈ ചിത്രത്തിൽ. നല്ല പ്രകടനമായിട്ടാണ് തോന്നിയത്. എതിരഭിപ്രായവും കണ്ടു. പക്ഷെ ആ കഥാപാത്രത്തെ എനിക്ക് മനസ്സിലായത് വച്ച് നല്ല പ്രകടനമായിരുന്നു അവരുടെ. തന്റെ തൊഴിലിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും തനിക്ക് പരിചിതമായ അതേ തൊഴിലിടത്തിൽ തന്നെ മറ്റൊരു ജോലിയുമായി കറങ്ങി തിരിഞ്ഞെത്താൻ കുറച്ചു സ്മാർട്നെസ് വേണം. ആ മിടുക്കുള്ള കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് അവരതിൽ.

ജിത്തു ജോസഫ് എന്ന സംവിധായകൻ.

തിരക്കഥയുടെ സ്വഭാവം കാരണം പ്രെഡിക്റ്റബിൾ ആയ കഥാഗതി വെച്ച് ഈ ഓരോ അഭിനേതാക്കളിൽ നിന്നും അളവും തൂക്കവും ഒപ്പിച്ചു പ്രകടനങ്ങൾ പിടിച്ചു വാങ്ങി അതിലേക്ക് പ്രേക്ഷകന്റെ ഇമോഷനെ കണക്ട് ചെയ്ത ഈ കപ്പലിന്റെ കപ്പിത്താനാണ് യഥാർത്ഥ ഹീറോ. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ പിഴച്ചു പോയാൽ ഡോകുമെന്ററി ലെവൽ ആയി പോകേണ്ടിയിരുന്ന ഒന്നിനെ മനോഹരമായ സിനിമയാക്കിയ ഹീറോ. സിനിമ കണ്ടു കഴിയുമ്പോൾ നിങ്ങൾക്കും ഒരിക്കലെങ്കിലും കണ്ണ് നിറഞ്ഞിട്ടുണ്ടാവും.
അതോടൊപ്പം ഒന്ന് കൂടി പറയാനുണ്ട്. ജിത്തു ജോസഫിനെ പറ്റി മുൻപ് വായിച്ചതും കേട്ടതുമായ കാര്യങ്ങളാണ് ഇപ്പൊ കാര്യമായ അവസരമില്ലാത്ത ഒന്നോ രണ്ടോ പേരെ എങ്കിലും അദ്ദേഹം തന്റെ സിനിമകളിൽ ഉൾപ്പെടുത്താറുണ്ട് എന്ന്. ഈ സിനിമയിലും അങ്ങനെ ചിലരെ കാണാം.

എതിരഭിപ്രായങ്ങൾ

ചിലർ എഫ് ബി യിൽ കുറിച്ചു കണ്ടു, ഇങ്ങനെ ദുർബലമായി കേസുകൾ കോടതിയിൽ അവതരിപ്പിക്കുമോ എന്ന്? അതിൽ ചില വക്കീലന്മാരും ഉണ്ട്. തിരിച്ചു ഒറ്റ ചോദ്യമേ ഉള്ളൂ. അതിജീവിതയുടെ മൊഴി ഉണ്ടായിട്ടും വിതുര, സൂര്യനെല്ലി, കവിയൂർ, കിളിരൂർ പോലുള്ള നൂറു കണക്കിന് കേസുകളിൽ എത്ര എണ്ണത്തിൽ തെളിവുകൾ ഇല്ലാതെ ദുർബലമായ പ്രോസിക്യൂഷനുമായി അതിജീവിതകൾക്ക് മുൻപോട്ട് പോകേണ്ടി വന്നിട്ടുണ്ട്. വാളയാറിലും വയനാട്ടിലും കൊന്നു കെട്ടി തൂക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയില്ലായിരുന്നോ തെളിവുകളുടെ പ്രധാന്യം? എങ്ങനെയാണ് ഈ കേസുകളിൽ ഇരകൾ ഇരകളായി തന്നെ തുടരുന്നത്?

നേരെന്ന സിനിമ നാം ഓരോരുത്തരുടെ മനോഭാവങ്ങൾക്ക് ചെറുതായെങ്കിലും മാറ്റം വരുത്താൻ സാധിക്കുന്ന സിനിമ ആണ്. നിങ്ങൾ ആ കഥാപാത്രങ്ങൾക്ക് ഒപ്പം സഞ്ചരിക്കുമ്പോൾ പേരില്ലാത്ത ഒരു ജീവിതമില്ലാത്ത നൂറു കണക്കിന് പെൺകുട്ടികൾക്ക് ഒപ്പമാണ് നിങ്ങളും സഞ്ചരിക്കുക. അവരിൽ വിതുരയിലും സൂര്യനെല്ലിയിലും വാളയാറിലും വയനാട്ടിലും കവിയൂരും കിളിരൂരും അങ്ങനെ അനേകം അനേകം സ്ഥലങ്ങളിലായി എരിഞ്ഞു തീരുന്ന/തീർന്ന നൂറായിരം പെൺകുട്ടികൾ/സ്ത്രീകൾ/ പിഞ്ചു കുഞ്ഞുങ്ങൾ ഒക്കെ ഉണ്ടാവും. അവരെ നിങ്ങൾക്ക് മനസ്സിലാക്കാൻ ഈ സിനിമ സഹായകരം ആയാൽ അതൊരു മാറ്റമാണ്, കൂടുതൽ സിവിലൈസ്ഡ് ആയ ഒരു സമൂഹത്തിലേക്കുള്ള മാറ്റം.

You May Also Like

ആ പെൺകുട്ടിയെത്തേടി ചില അമാനുഷിക ശക്തിയുള്ള ചിലരും അവിടേക്ക് എത്തുന്നു

The Witch: Part 2. The Other One (2022) ????️Mystery Thriller Nishad Peruva…

തമിഴ് സിനിമാ ലോകത്ത് ഭീതി പടർത്തിയ തമിഴ് റോക്കേഴ്‌സിനെ കുറിച്ചുള്ള വെബ് സീരീസ്

TAMIL ROCKERZ (SonyLiv) പത്ര മാധ്യമങ്ങളിൽകൂടി ചർച്ച ചെയ്യപ്പെടുകയും പൈറേറ്റഡ് മൂവി കണ്ടന്റിനെ എങ്ങനെ പ്രിവന്റ്…

“മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി 

“മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി  പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി…

രൺബീർ കപൂറും രശ്മിക മന്ദാനയുമൊന്നിച്ചുള്ള ‘അനിമൽ’ സിനിമയിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ ഓൺലൈനിൽ ചോർന്നു

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന തന്റെ ആദ്യ സംവിധാനത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ…