നിങ്ങൾ ഡേറ്റിങ്ങിൽ ആണോ, അമ്മയുടെ സമ്മതം ചോദിച്ചോ ?

113

Eldho Kurian

ഇന്ന് ചെമ്പൻ വിനോദിന്റെയും മറിയത്തിന്റെയും വെഡിങ് പിക്സിനു പ്രബുദ്ധ മലയാളികളുടെ തെറി കമന്റുകൾ കണ്ടപ്പോൾ ഓർമ വന്നത് മണി ഹെയ്സ്റ്റ് എന്ന സ്പാനിഷ് സീരീസിലെ ഈ അതി മനോഹര രംഗമാണ് . സെപ്പറേറ്റഡ് ആയ അമ്മയോടൊപ്പം വീട്ടിലേക്കു വരുന്ന ബോയ് ഫ്രണ്ടിനോട് അഞ്ചോ ആറോ വയസ്സുള്ള മകൾ ചോദിക്കുന്നതാണ്, നിങ്ങൾ ഡേറ്റിങ്ങിൽ ആണോ എന്നത്. അതേ എന്നു പറയുമ്പോൾ അമ്മയുടെ സമ്മതം ചോദിച്ചോ എന്നു കുട്ടി ചോദിക്കുന്നു. രണ്ടു പേർക്കും സമ്മതമാണ് എന്നു പറയുമ്പോൾ അത് മനസ്സിലാക്കി കൊണ്ട് കുഞ്ഞ് അത് അംഗീകരിക്കുന്നതാണ് രംഗം.

പാരന്റ്‌സും ഓരോ സ്വതന്ത്ര വ്യക്തികളാണെന്നും അവരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും മറ്റൊരാൾക്ക് വേണ്ടിയും ബലി കഴിക്കാൻ ഉള്ളതല്ല എന്നും മനസ്സിലാക്കാവുന്ന അംഗീകരിക്കാവുന്ന മാനസിക പക്വത കൈ വരിച്ചവരായിട്ടാണ് അവിടങ്ങളിൽ കുഞ്ഞുങ്ങൾ പോലും വളർന്നു വരുന്നത് . ഇതൊരു സീരീസിലെ രംഗം ആണെങ്കിലും ഒരു സമൂഹത്തിന്റെ മാനസിക വളർച്ചയെ കൃത്യമായി വരച്ചു കാണിക്കാൻ കെൽപ്പുള്ളവയാണ് .

ഇനി നമ്മുടെ കലാ സാഹിത്യ മേഖലകളിലേക്ക് വന്നാലോ ? നമ്മൾ കണ്ടു വളരുന്നത് മറ്റുള്ളവർക്ക് വേണ്ടി ജീവിതം ത്യജിക്കുന്ന മനുഷ്യരെ ഉത്തമർ ആക്കുന്ന ശൈലിയാണ്. എന്നിട്ടും പീഡനങ്ങൾക്കും മോറൽ പോലീസിംഗിനും കുറവൊട്ടില്ല താനും. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വയോ വൃദ്ധർ വരെ പീഡിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. ലോകത്ത് ഏറ്റവുമധികം ഒളിക്യാമറ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും അതിന്റെ പേരിൽ ജീവിതം നശിപ്പിക്കപ്പെടുന്നതും നമ്മുടെ ഇടയിലാവും . തുറിച്ചു നോട്ടത്തിന് പേര് കേട്ട നമ്മൾ തന്നെയാണ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറാൻ ഏറ്റവുമധികം ഉത്സാഹം കാണിക്കുന്നത് .

ചെമ്പനും മറിയവും ഒരു ജീവിതം തുടങ്ങുമ്പോൾ അതിൽ വിധി നിർണയിക്കാൻ നമ്മൾ ആരാണ് ? പ്രായപൂർത്തി ആയ കാര്യങ്ങൾ മനസ്സിലാക്കാൻ മനപ്രാപ്തിയുള്ള രണ്ടു പേർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുമ്പോൾ അതിൽ സമൂഹത്തിന് എന്താണ് റോൾ ? നമുക്കു നമ്മളിലേക്ക് നോക്കിയാൽ പോരെ ? എന്തിന് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നമ്മുടെ കണ്ണുകൾ തുറന്നു പിടിക്കുന്നു ? സംസ്കാര സമ്പന്നരും പ്രബുദ്ധരും എന്നു മേനി നടിക്കുന്ന നമ്മൾ മലയാളികളുടെ അസൂയയുടെയും വിഷമത്തിന്റെയും തോത് അറിയണമെങ്കിൽ ചെമ്പന്റെ പ്രൊഫൈലിലേക്ക് ഒന്ന് നോക്കിയാൽ മതി .

ചെമ്പനോടും മറിയത്തിനോടും അവരുടെ ജീവിതം കണ്ടു കുരു പൊട്ടിക്കുന്ന മലയാളികളോടും പൗല എന്ന കുഞ്ഞി കഥാപാത്രം പറഞ്ഞതേ പറയാൻ ഉള്ളൂ , അവർക്ക് സമ്മതമാണോ ? എങ്കിൽ ബാക്കി എല്ലാരും ഗോ 2 യുവർ ക്ലാസ്സസ് . ഇനി അല്ലെങ്കിലും അത് പരിഹരിക്കാനും വിധി നിർണയിക്കാനും ഇവിടെ നിയമ സംവിധാനങ്ങളും നടപടി ക്രമങ്ങളും ഉണ്ട് . നിങ്ങളുടെ അസൂയയുടെയും കൊതിക്കെറുവിന്റെയും കുരുക്കൾ മൂത്തു പഴുത്തു പൊട്ടി ആ ചലം നിങ്ങളുടെ തന്നെ മുഖത്തും ശരീരത്തിലും ആണ് ബാധിക്കുന്നത് . വൃത്തിഹീനർ ആവുന്നത് നിങ്ങൾ തന്നെയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക .

അനുശ്രീയെ സാരിയുടുപ്പിക്കാൻ ഓടിനടന്ന അഭിനവ ആങ്ങളമാർ തന്നെയാണ് ഇന്നലെ ഈ ഫോട്ടോകൾക്ക് താഴെയുള്ള കമന്റുകളിൽ നിറഞ്ഞുനിന്നതും. പ്രബുദ്ധ മലയാളി ഡാ എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞിട്ട് ഒരുമാതിരി മറ്റേടത്തെ പരിപാടി കാണിക്കുന്ന ചില ഫേസ്ബുക്ക് മലയാളികളുടെ വൃത്തികെട്ട സ്വഭാവം, എത്രയൊക്കെ ചമഞ്ഞിട്ടും ഇതിനുമപ്പുറം പോകുന്നില്ലല്ലോ ചേട്ടന്മാരെ. കുത്തിയിരുന്ന് പ്രായവ്യത്യാസം കണക്കുകൂട്ടി, നിറം ചേരുന്നില്ലല്ലോ, സൗന്ദര്യം പോരല്ലോ തുടങ്ങി അവരുടെ സ്വകാര്യതയിലേക്ക് വരെ എത്തിവലിഞ്ഞു നോക്കുന്ന മലയാളിയുടെ കരുതല് കാണുമ്പോൾ പുച്ഛം തോന്നുന്നു. എന്തുമാത്രം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവർ നമുക്ക് ചുറ്റിനുമുണ്ട് എന്ന് ഓർക്കുമ്പോഴാണ് അത്ഭുതം. ഇതൊക്കെ കാണുമ്പോൾ എന്തിനാണോ എന്തോ കുരുപൊട്ടുന്നത്. വേവലാതിപ്പെടുന്നവർ നീട്ടിയൊന്ന്… അല്ലേൽ വേണ്ട

ആശംസകൾ ചെമ്പൻ ആൻഡ് മറിയം .

Advertisements