ലോകത്തു ജനപ്പെരുപ്പം കുറയുന്നു, വൃദ്ധരുടെ എണ്ണം കൂടും, യുവജനങ്ങൾ കുറയും, , കാത്തിരിക്കുന്നത് വലിയ പ്രതിസന്ധികൾ

591

Eldo Daniel

ഭൂമിയിലെ ജനസംഖ്യ അപകടകമായ വിധത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ മുന്‍പു വരെ കരുതിയത്. എന്നാലിപ്പോള്‍ Lancet നടത്തിയ വിശദമായ പഠനങ്ങള്‍ പ്രകാരം, മുന്‍പു കരുതിയിരുന്നതിനേക്കാള്‍ വളരെ മെച്ചമായ രീതിയില്‍ ജനപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞുകൊണ്ടിരിക്കുന്നു. 2064 ഓടെ ഭൂമിയിലെ ജനസംഖ്യ 8.8 ആകുമെന്നും, അതിനു ശേഷം പതിയെ കുറയുമെന്നാണ് Lancet പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് United Nations നടത്തിയ കണക്കുകളേക്കാള്‍ 2 ബില്യണ്‍ കുറവാണ്. 2100 ല്‍, ലോകത്തിലെ 20 രാജ്യങ്ങളില്‍ (Japan, Spain, Italy, Thailand, Portugal, South Korea, Poland etc.) ഇപ്പോഴത്തേക്കാള്‍ പകുതി ജനങ്ങള്‍ മാത്രമേ ഉണ്ടാകൂ!!! ഇന്ത്യയിലെ ജനസംഖ്യ 300 മില്യണ്‍ കുറഞ്ഞ്, 1.1 ബില്യണ്‍ ആകും.

ലോകത്തിലെ നാലിലൊന്ന് ആളുകള്‍ 65 വയസ്സിനും മുകളില്‍ പ്രായമുള്ളവര്‍ ആയിരിക്കും; ജോലിയെടുക്കാനുള്ള ചെറുപ്പക്കാരുടെ എണ്ണം വളരെക്കുറവും. ആരോഗ്യ രംഗത്തും, മറ്റെല്ലാ സാമ്പത്തിക രംഗങ്ങളിലും വലിയ വെല്ലുവിളികളാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാക്കാന്‍ പോകുന്നത്. കേരളം ഇപ്പോള്‍ എടുത്തിരിക്കുന്ന വമ്പന്‍ കടങ്ങളൊക്കെ തിരിച്ചടക്കാന്‍ ഇവിടെ അധികം പേരൊന്നും ഉണ്ടാകില്ല എന്നു സാരം 🙁 അടിയന്തിരാവസ്ഥയില്‍ നടപ്പിലാക്കിയ നിര്‍ബ്ബന്ധിത വന്ധീകരണം, ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കിയ one-child പോളിസി തുടങ്ങിയവയാണ് ജനസംഖ്യ നിയന്ത്രിക്കാന്‍ നല്ലത് എന്നായിരുന്നു അടുത്തയിടെ വരെ കരുതിയിരുന്നത്. ഇത്തരം ഫാഷിസ്റ്റു രീതികള്‍ക്ക് ഇപ്പൊഴും ഒരുപാട് ആരാധകരുമുണ്ട്.

എന്നാല്‍, സ്ത്രീ വിദ്യാഭ്യാസം, പ്രത്യുത്‌പാദന ആരോഗ്യ സഹായം സ്ത്രീകള്‍ക്ക് ലഭ്യമാകുക തുടങ്ങിയ വളരെ ലളിതമായ കാര്യങ്ങളാണ് ജനസംഖ്യ നിയന്ത്രിക്കാന്‍ ഫലപ്രദം എന്നാണ് പുതിയ കണ്ടെത്തല്‍. വിചിത്രമെന്നു പറയട്ടെ, ഈ സത്യം യഥാര്‍ത്ഥത്തില്‍ പണ്ടു മുതലേ തിരിച്ചറിഞ്ഞത് താലിബാന്‍, ISIS ആങ്ങളമാരൊക്കെയാണ്. അതുകൊണ്ടാണ്, പെങ്കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് താലിബാന്‍ ബോംബിടുന്നത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം കൊടുത്താല്‍ “പ്രശ്നമാകും” എന്ന് അവര്‍ക്കറിയാം.