അവർക്കില്ലാത്ത ജനാധിപത്യമര്യാദ നമ്മളെന്തിന് നൽകുന്നു ?

661

അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു…

നോട്ടിന്റെ കാര്യത്തിൽ അവസാന വാക്കായിരുന്ന റിസർവ് ബാങ്ക് പോലും പറയുന്നത് കേൾക്കാതെ, അഹങ്കാരവും വിവരമില്ലായ്മ്മയും താൻപോരിമയും കൊണ്ടാണു അയാൾ നോട്ടുനിരോധനം നടപ്പാക്കിയത്.

കള്ളപ്പണം നോട്ടുകളായല്ല എന്ന കേന്ദ്രസർക്കാരിന്റെ 2 ഉന്നതതല പഠനറിപ്പോർട്ടുകൾ പോലും അയാൾക്ക് ബാധകമായിരുന്നില്ല.

നോട്ടുകൾ അപ്പടി തിരിച്ചു വരില്ലെന്ന് ഊളയ്ക്ക് കോറസ് പാടിയ സംഘികളും അല്ലാത്തവരും ഇപ്പോൾ മിണ്ടുന്നില്ല.

ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തന്റെ അധികാര പ്രമത്തത കൊണ്ട് മരവിപ്പിച്ചു നിർത്തിയിട്ട് അതിൽ ആളുകൾ ഞെട്ടുമ്പോൾ ആ ഞെട്ടലിൽ സന്തോഷിക്കുന്ന ഒരു നരാധമന്റെ, ഫാസിസ്റ്റിന്റെ ചിരി കാണാൻ അയാളുടെ അന്നത്തെ വീഡിയോ നെറ്റിൽ ലഭ്യമാണ്.

“നിങ്ങളുടെ പോക്കറ്റിലെ നോട്ട് കടലാസായി” എന്നു പറഞ്ഞ ശേഷമുള്ള ആ ചിരി..

അത് നോക്കിയാൽ മതി. ഗുജറാത്ത് കലാപത്തിനിടെ രക്ഷിക്കാനായി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച ഒരു മുസ്ലീമിനോട് “നിങ്ങളിതുവരെ ചത്തില്ലേ” എന്നു തിരിച്ചു ചോദിച്ച ഒരു നരാധമനെപ്പറ്റി വായിച്ച അന്നത്തെ വാർത്തകൾ നാം അറിയാതെ വിശ്വസിച്ചു പോകും.

2012 ൽ ഇന്ത്യ കൈവരിച്ചിരുന്ന ഒരു കഴിവാണ് ഉപഗ്രഹവേധ മിസൈൽ.

എന്തുകൊണ്ട് ഇതുവരെ പരീക്ഷിച്ചില്ല?

സർക്കാർ അനുമതി നൽകിയില്ല.

എന്തുകൊണ്ട്?

ബഹിരാകാശം നമ്മുടെമാത്രം സ്വന്തമല്ല. മാനവരാശിയുടെ ഭാവി തലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണ്.

തകർക്കുന്ന ഉപഗ്രഹം നൂറുകണക്കിന് കഷണങ്ങളായി ചിതറും.

ആ മാലിന്യം കിലോമീറ്ററുകൾ ചിതറി തെറിക്കുകയും, ആ ഓരോ കഷണങ്ങളും മണിക്കൂറിൽ 17,000 മൈൽ വേഗതയിൽ സഞ്ചരിക്കുകയും ചെയ്യും.

അവ കൂട്ടിയിടിക്കുകയും അതുവഴി ആ മാലിന്യം മറ്റു ഉപഗ്രഹങ്ങളിൽ ചെന്നിടിച്ചു കേടുപാടുകൾ വരുത്തും.

തീരെ ചെറിയ കഷണങ്ങൾ ആണെങ്കിൽ റഡാറിൽ കാണാനാവില്ലത്രേ.

നിർണ്ണായകമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളിൽ ചിലത് ഇതുമൂലം ഉപയോഗശൂന്യമാകാം. എന്നുമാത്രമല്ല, മാലിന്യം കാരണം ചില ഭ്രമണപഥങ്ങൾ ശാസ്ത്രലോകത്തിനു തലമുറകളോളം ഉപേക്ഷിക്കേണ്ടി വരും. നാസയുടെ വിഖ്യാത ശാസ്ത്രജ്ഞനായ ഡോ.കെസ്ലർ ഇതേപ്പറ്റി പഠിച്ചിട്ടുണ്ട്.

നൂറുകണക്കിന് കോടിരൂപ മുടക്കി രാജ്യം വിവരസാങ്കേതികവിദ്യയ്ക്ക് വേണ്ടി വിട്ട ഉപഗ്രഹങ്ങളുടെ പാതകളാണ് ഈ മാലിന്യത്തിൽ വരിക.

നഷ്ടം പ്രവചനാതീതമാണ്.

ഇപ്പോൾ നടത്തിയ ഉപഗ്രഹവേധത്തിൽ മാലിന്യം കിലോമീറ്ററുകൾ പരക്കാൻ സാധ്യതയുണ്ടെന്നും നല്ല ലക്ഷണമല്ല എന്നും ഈ രംഗത്ത് വൈദഗ്ധ്യമുള്ളവർ പറഞ്ഞു കഴിഞ്ഞു.

ഒരു വർഷത്തിനകം മാലിന്യങ്ങൾ ഭൂമിയിൽ പതിച്ചേക്കാമെങ്കിലും, ഇതെന്തോ മാതൃകയായ കാര്യമായി അവതരിപ്പിക്കുന്നത്, മറ്റു രാജ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത് മാനവരാശിയോട് ചെയ്യുന്ന പാതകമാണത്രേ.
ഞാൻ ശാസ്ത്രജ്ഞനല്ല, അതേപ്പറ്റി വൈശാഖൻ തമ്പിയെപ്പോലുള്ള വിദഗ്ധർ പറയട്ടെ.

ലാഭ-നഷ്ടങ്ങളേപ്പറ്റി, ഗുണ-ദോഷങ്ങളെപ്പറ്റി എന്ത് പഠനം നടത്തിയിട്ടാണ് ഇയാൾ ഇപ്പോഴീ ഇലക്ഷൻ സ്റ്റണ്ടിനു ഇറങ്ങിയത്?

ഏതൊക്കെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം?

എന്തായിരുന്നു ആ പ്രോസസ്?

അതീ രാജ്യത്തെ ജനത്തെ അറിയിക്കാൻ ഇയാൾക്ക് ബാധ്യതയില്ലേ?

വനം-പരിസ്ഥിതി സംബന്ധിച്ച 39 നിർണ്ണായക നിയമങ്ങളിൽ പാര്ലമെന്റിനെയോ ജനങ്ങളേയോ അറിയിക്കാതെ വെള്ളംചേർത്തത് ഇന്നാട്ടിന്റെ ദീർഘകാല ഭാവിയെ ഇങ്ങനെയൊക്കെ ദോഷകരമായി ബാധിക്കുമെന്നത് ഈ രാജ്യത്ത് എത്രപേർക്ക് അറിയാം?

1,70,000 ഹെക്ടർ വനം ചങ്ങാത്ത മുതലാളിക്ക് ഖനനത്തിന് നൽകിയത് എത്രപേർക്ക് അറിയാം?

പ്രതിപക്ഷം പോലും മിണ്ടുന്നില്ല.

ഭരണത്തിൽ ഇരുന്നവരൊക്കെയും അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും ഒക്കെ നടത്തിയിട്ടുണ്ട്. അവരാരും ഈ രാജ്യവും ഇവിടുത്തെ തലമുറയും നശിക്കുംവിധമുള്ള ദ്രോഹം ആലോചനാരഹിതമായി ഈ രാജ്യത്തോട് ചെയ്തിട്ടില്ല.

അവനവന്റെ പെറ്റി തെരഞ്ഞെടുപ്പ് താല്പര്യങ്ങൾക്ക് വേണ്ടി ഭാവിയെക്കുറിച്ച് ഒരാലോചനയും ഇല്ലാതെ അധികാരം എടുത്ത് ദുരൂപയോഗിക്കുന്ന ഈ രാജ്യദ്രോഹിയും അയാളുടെ കൂട്ടാളികളും ഈ രാജ്യത്ത് ഭരണത്തിൽ എന്നല്ല, പ്രതിപക്ഷത്ത് പോലും വരുന്നത് സമാധാനം കാംക്ഷിക്കുന്ന മനുഷ്യർക്കെല്ലാം അപകടകരമാണ്.

BJP യ്ക്ക് വോട്ടുചോദിച്ചുവന്ന സ്ഥാനാർഥിയെ യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ നിന്ന് അധ്യാപകൻ ഇറക്കിവിട്ട വാർത്ത കണ്ടു.

ആ പാർട്ടിക്ക് വേണ്ടി വോട്ടു ചോദിച്ചു വരുന്ന ആർക്കായാലും, Get out ലും കൂടിയ മാന്യത ഇത്തവണ എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്.

ജനാധിപത്യത്തിലെ അവർ പുലർത്താത്ത ഉയർന്ന മര്യാദകൾ അവർ തിരികെ അർഹിക്കുന്നില്ല.

അഡ്വ.ഹരീഷ് വാസുദേവൻ.