തെരഞ്ഞെടുപ്പുകളും ചിഹ്നങ്ങളും, പോയകാലത്ത്

0
753

തെരഞ്ഞെടുപ്പുകളും ചിഹ്നങ്ങളും, പോയകാലത്ത്. ആർ.ഗോപാലകൃഷ്ണന്റെ (Gopal Krishnan)പോസ്റ്റ് 
——————-

ഇന്ത്യൻ ജനാധിപത്യത്തിൽ നടന്ന ഏറ്റവും വലിയ സാഹസിക പരീക്ഷണം, നിരക്ഷരരായ ജനസഹസ്രങ്ങൾ ഉണ്ടായിരുന്ന അക്കാലത്തു് വെറും ചിഹ്നങ്ങളിലൂടെ അത് മറികടന്നു എന്നതാണ്. വികസിത രാജ്യങ്ങളിലും തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ ഉണ്ടെങ്കിലും അതിനു വെറും ആലങ്കാരിക സ്ഥാനം മാത്രമേയുള്ളു. തെരഞ്ഞെടുപ്പു ചിഹ്നങ്ങളിൽ വന്ന പരിണാമം രസകരമായ ഒന്നാണ്…

സ്വാതന്ത്ര്യം കിട്ടി ആദ്യത്തെ മൂന്ന് പതിറ്റാണ്ടു കാലം ഭരണത്തിലേറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒന്നാം ലോക്‌സഭ തെരഞ്ഞെടുപ്പ് മുതൽ 1969 വരെ തെരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിച്ചിരുന്നത് ‘നുകം വച്ച ഒരു ജോടി കാളകൾ’ (‘Pair of bullocks carrying a yoke’) ആയിരുന്നു. 1969-ൽ കോൺഗ്രസ് പിളർന്നു കോൺഗ്രസ് ( ഭരണം)-Congress(R); കോൺഗ്രസ് (സംഘടന)-Congress(O) എന്നിങ്ങനെ രണ്ടു പാർട്ടി ആയപ്പോൾ ഇന്ദിര ഗാന്ധി പ്രസിഡണ്ട് ആയ കോൺഗ്രസ് (ഭരണം) ‘പശുവും കിടാവും’ (cow with a suckling calf) ചിഹ്നമായി സ്വീകരിച്ചു…. 1969-ൽ എസ്. നിജലിംഗപ്പ പ്രസിഡണ്ടായിരുന്ന സംഘടന കോൺഗ്രസ് ‘ചക്കയിൽ നൂൽ നൂക്കുന്ന സ്ത്രീ’ (Charkha being plied by a woman) ചിഹ്നമായി. 1978-ൽ പാർട്ടി പിന്നെയും പിന്നെയും പിളർന്നു കോൺഗ്രസ് (ഇന്ദിര) ഉണ്ടായപ്പോൾ കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു… ഇത് ഒന്നാം ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തു ‘ഫോർവേഡ് ബ്ലോക്ക്’ പാർട്ടിയുടെ ‘ഋയ്കർ’ ഗ്രൂപ്പ് സ്വീകരിച്ച ചിഹ്നമായിരുന്നു…

ഒന്നാം ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത പ്രധാന രാഷ്ട്രീയ കക്ഷികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയും (CPI)യും ഭാരതീയ ജനസംഘവും (BJS) വും ആയിരുന്നു… കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നം ഇന്നത്തേത് തന്നെയായിരുന്നു: ‘അരിവാളും നെൽക്കതിരും’. 1964-ൽ ഇതിൽ നിന്ന് ഒരു വിഭാഗം വിഘടിച്ചു മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി (CPM) ഉണ്ടായപ്പോൾ ‘അരിവാൾ ചുറ്റിക നക്ഷത്രം’ ചിഹ്നം ആക്കി…

ഭാരതീയ ജനസംഘത്തിൻറെ ചിഹ്നം ‘ദീപം’ ആയിരുന്നു. 1977-ൽ ഈ പാർട്ടി ജനതാപാർട്ടിൽ ലയിച്ചു. 1980-ൽ ഭാരതീയ ജനത പാർട്ടി രൂപികരിച്ചു. ചിഹ്നം ‘താമര’

ഇനിയും ഒട്ടേറെ പറയുവാനുണ്ട്… വിശേഷിച്ചു കേരളം കോൺഗ്രസ്സിന്റെ ചിഹ്നങ്ങളുടെ കഥ…. അതൊരു നീണ്ട കഥയായാണ്.. മറ്റൊരിക്കൽ ആവാം…

– ആർ. ഗോപാലകൃഷ്ണൻ | 22/03/2019