ആനയും ഉറുമ്പും ഒരു മാർക്സിസ്റ്റ്‌ വിമർശനമല്ല

340

Vinod Chandra

ആനയും ഉറുമ്പും ഒരു മാർക്സിസ്റ്റ്‌ വിമർശനമല്ല.

രവിചന്ദ്രൻ സാറിന്റെ ആനയും ഉറുമ്പും ഒരു മാർക്സിസ്റ് വിമർശനം ആയാണ് മിക്കവാറും ചർച്ച ചെയ്യപ്പെടുന്നത്. അതൊരു നിസാരവത്കരിക്കലായാണ് അനുഭവപ്പെടുന്നത് . ഇത് വിമര്ശിക്കുന്നവർക്കും പ്രതിരോധിക്കുന്നവർക്കും ഒരുപോലെ കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്. പക്ഷേ ഇങ്ങനെ ചർച്ച ചെയ്യപ്പെടുമ്പോൾ സാർ പറയാതെ പോയ കുറച്ചു കാര്യങ്ങൾ അവഗണിക്കപ്പെടുന്നുണ്ട്.

1. ക്യാപിറ്റലിസത്തിന്റെ തുടക്കം – ക്യാപിറ്റലിസം തുടങ്ങി വച്ചതു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉൾപ്പടെ ഉള്ള യൂറോപ്യൻ കമ്പനികളാണെന്നു സാർ പറയുന്നുണ്ട് (After Venice). വ്യാപാരത്തിനായി സ്വന്തം ജീവൻ തന്നെ റിസ്ക് എടുത്തു കടൽ കടന്നവരെ പറ്റിയാണ് സാർ വിവരിച്ചത്. പക്ഷെ അവർ നടത്തിയ കൂട്ട കുരുതികൾ സാർ പറഞ്ഞിട്ടില്ല. അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉണ്ടായിരുന്ന തദ്ദേശീയരായ ഒരുവിധം എല്ലാ ജനങ്ങളെയും ഇവർ സ്വന്തം ലാഭ താത്പര്യത്തിനായി കൊന്നൊടുക്കി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വരുത്തി വച്ച 1770-ഇലെ ബംഗാൾ ക്ഷാമം മാത്രം 10 ദശലക്ഷം പേരുടെ ജീവനെടുത്തത്. ഇതൊക്കെ കുറച്ചു ഉദാഹരങ്ങൾ മാത്രം . ഈ കമ്പനികൾ തന്നെ ആണ് ആഫ്രിക്കയിൽ നിന്നും അടിമകളെ അമേരിക്കയിൽ എത്തിക്കാൻ പ്രധാന പങ്കു വഹിച്ചിട്ടുള്ളത്.

2. സാമ്പത്തിക അസമത്വം :- സാർ തന്നെ പറയുന്നുണ്ട് അത് ശെരി അല്ല എന്നും പ്രകൃതി നിയമങ്ങളാണ് എന്നും. ഇങ്ങനെയുള്ള ശെരി അല്ലാത്ത പ്രകൃതി നിയമങ്ങളെ മറികടന്നു തന്നെയല്ലേ നമ്മൾ മുന്നോട്ടു പോയിട്ടുള്ളത്?അതിനല്ലേ നമ്മൾ ശ്രെമിക്കേണ്ടത്‌
ഇവിടെ ഒരു കാര്യം പറയുന്നുണ്ട്…സോഷ്യലിസം ഇതിന്റെ പരിഹാരമായി എന്താണ് പറയുന്നത് -“പണക്കാർക്ക് കൂടുതൽ നികുതി ഏർപ്പെടുത്തുക” – അപ്പോൾ ഒരു സംശയം ഉണ്ട്. സാർ സോഷ്യലിസ്റ്റ് മോഡൽ ആയി എടുത്ത സോവിയറ്റ് യൂണിയനിലോ ക്യൂബയിലോ പണക്കാർ ഉണ്ടോ? ഇനി അതല്ലെങ്കിൽ നമ്മുടെ ക്ഷേമ രാജ്യങ്ങളായ സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ ഇത് തന്നെയല്ലേ നടക്കുന്നത്. സ്വീഡനിൽ 60 ശതമാനം വരെ ഉണ്ട് നികുതി. സത്യം പറഞ്ഞാൽ അമേരിക്ക ഒഴികെയുള്ള ബാക്കിയെല്ലാ വികസിത രാജ്യങ്ങളിലും ഏതാണ്ടിതു തന്നെയാണ് സ്ഥിതി..എന്ന് പറഞ്ഞാൽ , “സോഷ്യലിസ്റ്റ്കാർ പറയുന്ന കാര്യം”
3. അമേരിക്ക: ഈ കാര്യം പല ഭാഗത്തും ഉപയോഗിച്ചിരിക്കുന്നത് കൊണ്ടു ഒരു പോയിന്റ് ആയി പറയേണ്ടി വരും. സാർ നികുതി സങ്കല്പത്തിനെതിരെ അമേരിക്കയിൽ പണ്ട് നിലവിൽ ഇരുന്ന 90% നികുതിയെ പറ്റി പറയുന്നുണ്ട്. അമേരിക്കയിലെ ജനങ്ങൾ ഒരു പ്രശ്നമുണ്ടാക്കിയപ്പോഴല്ല നികുതി അവർ കുറച്ചത്. പണ്ട് ഒരു ക്ഷേമരാജ്യമായിരുന്ന അവരെ കോർപ്പറേട്സിന്റെ താത്പര്യത്തിനനുസരിച്ചു ഇന്നത്തെ അവസ്ഥയിലോട്ടു മാറ്റിയത് പ്രസിഡന്റ് റീഗൻ ആണ് (Reaganomics). അതിന്റെ ഫലം കാണാനുമുണ്ട്. ഹാപ്പിനെസ്സ് ഇന്ഡക്സിൽ അമേരിക്കയുടെ സ്ഥാനം ഇപ്പോൾ 18 ആണ്. രാജ്യത്തിൻറെ ആകെ സമ്പത്തിൽ ലോകത്തിൽ ഒന്നാമതായിട്ടും ഒരസുഖം വന്നാൽ പാപ്പരാകും പകുതി അമേരിക്കകാരും. വീടിന്റെ ലോണും കോളേജ് പഠനത്തിന് വേണ്ട ലോണും ഏതാണ്ട് ഒരേ പോലെയാണ്. വേറെ ഒരു വികസിത രാജ്യത്തും ഇല്ല ഈ സ്ഥിതി
4. ക്യാപിറ്റലിസവും ജനാധിപത്യവും – അമേരിക്കയിലെ കാര്യം നോക്കിയാൽ മതി. കോർപ്പറേറ്റ് ഫണ്ടിംഗ് ഇല്ലാത്ത ഇലക്ഷൻ ആലോചിക്കാൻ പോലും അവർക്കു സാധ്യമല്ല. എന്ത് കൊണ്ട് കോർപ്പറേറ്റ് പാർട്ടികളെ ഫണ്ട് ചെയ്യുന്നു? ഇന്ത്യയിൽ തന്നെ ഒരു വിധം എല്ലാ ദേശീയ ചാനലുകളും ഇപ്പൊ വലിയ കോര്പറേറ്സിന്റെ കൈയിലാണ് .അവർക്കു എന്ത് ജനം കാണണമെന്ന് ആഗ്രഹിക്കുന്നുവോ അത് മാത്രമേ കാണിക്കുകയുള്ളൂ. അങ്ങനെയുള്ള ഒരു അവസ്ഥയിൽ എങ്ങനെയാണു ജനാധിപത്യം സാധ്യമാവുക ? ഒരു കാര്യം കൂടി, പണ്ട് സോവിയറ്റ് യൂണിയൻ പറഞ്ഞു കൊണ്ടിരുന്നത് അവർ ഒരു ജനാധിപത്യ രാജ്യം കൂടിയാണ് എന്നായിരുന്നു. അവരുടെ സോഷ്യലിസ്റ്റ് അവകാശ വാദം നമ്മൾ സ്വീകരിക്കുകയാണെങ്കിൽ എന്ത് കൊണ്ട് ജനാധിപത്യ അവകാശ വാദം സ്വീകരിക്കുന്നില്ല?
5. ക്രോണി ക്യാപിറ്റലിസം – ക്യാപിറ്റലിസത്തിന്റെ എല്ലാ പ്രശ്നങ്ങളും ഈ ഒരു പോയിന്റിൽ ഒതുക്കുന്നുണ്ട്. പക്ഷേ അവിടെ ഒരു വിശദീകരണം സാർ തരുന്നുണ്ട്. “അത് ക്യാപിറ്റലിസത്തിലെ പ്രശ്നമല്ല, നമ്മുടെ വികാരങ്ങളുടെ പ്രശ്നമാണ്”…Ok, ക്യാപിറ്റലിസത്തിൽ വരുമ്പോൾ അത് വികാരവും സോഷ്യലിസത്തിൽ വരുമ്പോൾ അത് സിസ്റ്റത്തിന്റെ പ്രശ്നവും ആകുന്നതെങ്ങനെ?…സമത്വം എന്ന സങ്കൽപം പറഞ്ഞു അധികാരത്തിൽ എത്തിയ സ്റ്റാലിനുൾപ്പടെയുള്ളവർ സ്വേച്ഛാധിപതികാളായതു ഈ പറഞ്ഞ വികാരത്തിന്റെ പ്രശ്നമല്ലേ? സാർ തന്നെ പറയുന്ന ഒരു കാര്യമുണ്ട്…ആഫ്രിക്കയിലെ രാജ്യങ്ങൾക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വേച്ഛാധിപധികളാകുന്നതിനു വേണ്ടി സോഷ്യലിസം തിരഞ്ഞെടുക്കുന്ന കഥ…അപ്പോൾ പ്രശനം സിസ്റ്റത്തിനാണോ?
6. ചൈനയിലെ ഫോസ്‌കോൺ കമ്പനി അവിടത്തെ തൊഴിലാളികൾ ആത്മഹത്യാ ചെയ്യാതിരിക്കാൻ കെട്ടിടത്തിന് ചുറ്റും വല വിരിച്ച കാര്യം പറയുന്നുണ്ട്. അമേരിക്കൻ കമ്പനികൾക്കു വേണ്ടി ഐഫോൺ ഉൾപ്പടെയുളള ഉത്പന്നങ്ങൾ നിർമിക്കുന്ന പ്രൈവറ്റ് കമ്പനിയാണിതു, ഒരുപാടു മനുഷ്യാവകാശ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്യാപിറ്റലിസത്തെ ഉപയോഗിച്ച് ചൈനയെ കുറ്റം പറയുന്ന ഒരു വിരോധാഭാസം ഈ കാര്യത്തിൽ കാണുന്നുണ്ട് (കുറ്റം ക്യാപിറ്റലിസത്തിന്റെയോ ഈ കാര്യത്തിൽ റോൾ ഇല്ലാത്ത സോഷ്യലിസത്തിനോ? ),
7. സൗജന്യ ബസ് യാത്ര : വസ്തുതകളും അഭിപ്രായങ്ങളും രണ്ടാണ്. വസ്തുതകൾക്ക് തെളിവാണ് വേണ്ടത്? ഇത് ക്ഷേമ പദ്ധതിയല്ലാതെ വെറും ഇലക്ഷന് ഗിമ്മിക്ക് ആണെന്ന് പറയാൻ എന്ത് ഡാറ്റയാണ് ഉള്ളത്? അത് ഭാവിയിൽ മാത്രം അറിയാൻ കഴിയുന്ന ഒന്നല്ലേ?. സാറിന്റെ വാചകമാണ് – “എവിടെയൊക്കെ ഫ്രീ കൊടുത്തിട്ടുണ്ടോ അവിടെയെല്ലാം ജനങ്ങൾ അനുഭവിച്ചിട്ടുണ്ട് ” – അപ്പോൾ ക്ഷേമ രാജ്യങ്ങൾ എന്താണ്? ഫിന്ലാന്ഡില് ജോലിയില്ലാത്ത ഒരാൾക്ക് 800 പൗണ്ട് ആണ് സർക്കാർ കൊടുത്തു കൊണ്ടിരുന്നത്. കുട്ടികൾക്ക് വേറെയും . ഇവിടെയും അമേരിക്ക ഒഴികെയുള്ള എല്ലായിടത്തും വിവിധ രീതിയിൽ സബ്സിഡി കൊടുക്കുന്നുണ്ട് (സാർ തന്നെ അത് പറയുന്നുണ്ട്). പിന്നെ സാമൂഹ്യ ബാധ്യത – അവർ സ്കൂളുകളും ആശുപത്രികളും നന്നായി കെട്ടിപൊക്കുന്നുണ്ട് (കുറച്ചു കക്ഷിരാഷ്രീയം പറഞ്ഞെന്നെ ഉള്ളൂ)
8. വെനിസുലയും സോഷ്യലിസവും – ഞാൻ മനസ്സിലാക്കിയിടത്തോളം അവിടെ മാർക്കറ്റ് ഉണ്ട് . സ്റ്റോക്ക് എക്സ്ചേഞ്ച് ഉണ്ട് . പിന്നെ കുറെ ക്ഷേമ പദ്ധതികളും ഉണ്ട്. അങ്ങനെ ആണെങ്കിൽ വെനിസുലയും സ്കാന്ഡിനേവിയൻ രാജ്യങ്ങളും തമ്മിൽ എന്താണ് വ്യത്യാസം? ഒന്ന് ക്യാപിറ്റലിസവും മറ്റൊന്ന് സോഷ്യലിസവും എങ്ങനെ ആയി?
9. ക്യാപിറ്റലിസവും യുദ്ധവും – മനുഷ്യൻ സമാധാനമായി ഇരിക്കാൻ ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തിലും ആയുധക്കച്ചവടം നല്ല പോലെ നടക്കുന്നുണ്ട്. എന്തിനു വേണ്ടി ആണത്? അവസാനം നടന്ന ഇറാക്ക് യുദ്ധം എണ്ണക്കൂ വേണ്ടി ആയിരുന്നില്ലേ? അതിന്റെ ഫലമായി ഉണ്ടായ ഐസിസ് ഇന്ന് ഒരു ഭീഷണിയാണ്. ആയുധത്തിന്റെ കാര്യം പറയുമ്പോൾ ഒരു കാര്യം കൂടി – അമേരിക്കയിൻ സ്‌കൂളുകളിൽ എത്ര വെടിവപ്പ് ഉണ്ടായാലും തോക്കു നിരോധിക്കാൻ സർക്കാരിന് അധികാരമില്ല
10. ക്യാപിറ്റലിസം മാത്രമേ ഉള്ളൂ – ഒരു സിസ്റ്റത്തിൽ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് അതിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്. കൂട്ടക്കൊലകൾ നടത്തിയിരുന്ന, അടിമ വ്യാപാരം പ്രോത്സാഹിപ്പിച്ചിരുന്ന ഒരു വ്യവസ്ഥ ഇപ്പോൾ ക്ഷേമ നയങ്ങൾ നടപ്പിലാക്കുന്നു എങ്കിൽ അത് വിമർശനങ്ങൾ നേരിട്ടത് കൊണ്ടാണ്. യുവൽ ഹാരാരി ഹോമോ ദുസിൽ ഇങ്ങനെ പറയുന്നുണ്ട് – “മനുഷ്യർ മാർക്സിന്റെ നിഗമനങ്ങൾ ഉപയോഗിച്ചു തുടങ്ങിയതോടെ പെരുമാറ്റ രീതികളിൽ മാറ്റം വരുത്തി. അതോടെ മുതലാളിത്ത രാജ്യങ്ങളിലും തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടാൻ തുടങ്ങി. മുതലാളിമാർക്ക് സുഖമായി ഉറങ്ങാൻ സാധിച്ചു. അങ്ങനെ മാർക്സിന്റെ തൊഴിലാളികളുടെ സർവധിപത്യം വന്നില്ല”.
NOTE: ക്യാപിറ്റലിസം നിരാകരിക്കുകയല്ല ഈ പോസ്റ്റിന്റെ ലക്‌ഷ്യം. ക്യാപിറ്റലിസം, സോഷ്യലിസം, കമ്മ്യൂണിസം, വെൽഫെയർ സ്റ്റേറ്റ് – ഇവയെയൊക്കെ ഉപരിപ്ലമായി മാത്രം സമീപിച്ചിരുക്കുകയാണെന്നു തോന്നുന്നത് കൊണ്ട് പോസ്റ്റുന്നതാണ്.