ആരാണ് ബൊമ്മനും ബെല്ലിയും ?

അറിവ് തേടുന്ന പാവം പ്രവാസി

????കുട്ടിയാനയായ രഘുവിന്റെയും , അവന്റെ രക്ഷിതാക്കളായ ബൊമ്മൻ-ബെല്ലി ദമ്പതികളുടെയും ജീവിതം അനാവരണം ചെയ‌്ത എലിഫന്റ് വിസ്‌പറേഴ്‌സ് എന്ന ഹ്രസ്വ ചിത്രത്തിന് ഓസ്‌‌കാർ ലഭിച്ചിരിക്കുകയാണ്. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ‌്ത് ഗുണീത് മോംഗ നിർമ്മിച്ച എലിഫന്റ് വിസ്‌പറേഴ്‌സ് സ്നേഹത്തിന്റെയും , ത്യാഗത്തിന്റെയും മണമുള്ള ജീവിതാനുഭവത്തിന്റെ നേർക്കാഴ്‌ചയാണ്.

തമിഴ്നാട്ടിലെ ധർമപുരിയിലെ ഉൾക്കാട്ടിനുള്ളിൽ പരിക്കേറ്റ ആനക്കുട്ടിയെ കണ്ടെത്താനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വനംവകുപ്പ് ജീവനക്കാരനും ആനപാപ്പാനുമായ ബൊമ്മന്റെ കഥയാണ് ദ എലഫന്റ് വിസ്പറേഴ്സ് എന്ന ഹ്രസ്വ ചിത്രത്തിൽ പറയുന്നത്. മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്ര വിഭാഗത്തിലാണ് എലഫന്റ് വിസ്പറേഴ്സ് അവാർഡ് നേടിയത്. തമിഴ്‌നാട്ടിലെ മുദുമലൈ വന്യജീവി സങ്കേതത്തിലെ ഗോത്രവർഗമായ കാട്ടുനായ‌്ക്കർ വിഭാഗത്തിലെ അംഗങ്ങളാണ് ബൊമ്മനും ബെല്ലിയും. പരമ്പരാഗതമായി പാപ്പാൻ ജോലി ചെയ്യുന്നവരാണ് ബൊമ്മന്റെ കുടുംബം. പണ്ട് കാലങ്ങളിൽ വേട്ടയാടലും മറ്റുമായിരുന്നു കാട്ടുനായ‌്ക്കർ വിഭാഗത്തിന്റെ പ്രധാന തൊഴിൽ. എന്നാൽ പിന്നീടവർ ആനപാപ്പാന്മാരായി മാറുകയായിരുന്നു. കാട്ടിൽ നിന്ന് തേൻ ശേഖരിക്കുന്നതിനും അതീവ നിപുണരാണ് കാട്ടുനായ‌്ക്കർ വിഭാഗം(അതും സിനിമയിൽ കാണിക്കുന്നുണ്ട്). ബൊമ്മനും ഇക്കാര്യത്തിൽ വളരെ സമർത്ഥനാണ്. അതിനെല്ലാം ഉപരിയായി ഗ്രാമത്തിന്റെ മുഖ്യ പൂജാരി കൂടിയാണ് ബൊമ്മൻ. ഊരിലെ പൂജാധികാര്യങ്ങളെല്ലാം നിർവഹിക്കുന്നതും ബൊമ്മന്റെ കർത്തവ്യമാണ്.

ഏഷ്യയിലെ തന്നെ ആദ്യത്തെ ആനവളർത്തൽ കേന്ദ്രമായ തേപ്പക്കാടാണ് ബൊമ്മൻ ജോലി ചെയ‌്തിരുന്നത്.ഉപേക്ഷിക്കപ്പെടുന്നതും, മുറിവേറ്റ് അവശനിലയിൽ പെടുന്നതുമായ ആനകളുടെ പുനരധിവാസത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നയിടമാണ് തേപ്പക്കാട്. ബൊമ്മന്റെ സഹായിയായി തേപ്പക്കാട് എത്തിയ ബെല്ലി വൈകാതെ അദ്ദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു. ബെല്ലിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു അത്.

അവരുടെ ആദ്യ ഭർത്താവ് ചിന്നൻ വനത്തിൽ വിറകുശേഖരിക്കാൻ പോയപ്പോൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ബൊമ്മന് ആദ്യവിവാഹത്തിൽ ആറുമക്കളുണ്ട്. ബൊമ്മന്റെ ആദ്യഭാര്യ അവരെ വിട്ടുപിരിഞ്ഞു. ബൊമ്മനെ പരിചയപ്പെട്ടതോടെ ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.തുടർന്ന് അവരുടെ ജീവിതത്തിലേക്ക് രഘു എന്ന ആന വരികയായിരുന്നു.

2017ൽ ആണ് ഒന്നരവയസുള്ള രഘുവിനെ ഫോറസ്‌റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. കാട്ടുനായ‌്ക്കളുടെ ആക്രണത്തിൽ ദേഹമാസകലം മുറിവേറ്റ നിലയിലാണ് രഘുവിനെ ഫോറസ്‌റ്റുകാർ കാണുന്നത്. പോഷകാഹാരത്തിന്റെ അഭാവത്താൽ മരണത്തോട് മല്ലടിക്കുന്ന നിലയിലായിരുന്നു അവൻ. തുടർന്ന് ആനസങ്കേതത്തിലെത്തിച്ച രഘുവിന്റെ സംരക്ഷണ ചുമതല ബൊമ്മനും ബെല്ലിയും ഏറ്റെടുത്തു. രഘുവിന് ആ പേരിട്ടതും അവർ തന്നെ. സ്വന്തം മകനെ പോലെ അവനെ അവർ പരിപാലിച്ചു. മുറിവുകളിൽ മരുന്ന് പുരട്ടി സുഖപ്പെടുത്തി, അവനോടൊപ്പം കളിച്ചു. അങ്ങനെ ബൊമ്മനും ബെല്ലിയും രഘുവിന്റെ അച്ഛനും അമ്മയുമായി.

ആദ്യവിവാഹത്തിലുണ്ടായ മകളുടെ മരണം അവശേഷിപ്പിച്ച ആഘാതം അതിജീവിക്കാൻ രഘുവിലൂടെ ബൊമ്മിക്ക് കഴിഞ്ഞു. അധികം വൈകാതെ തന്നെ ആ കുടുംബത്തിലേക്ക് പുതിയൊരാൾ കൂടി എത്തി. അമ്മു എന്ന് പേരുള്ള കുട്ടിയാന. രഘുവുമായി അവൾ വേഗം ചങ്ങാത്തത്തിലായി.അഞ്ച് വർഷത്തോളം ബൊമ്മനും ബെല്ലിക്കുമൊപ്പം രഘു കഴിഞ്ഞു. വളർന്നതോടെ അവനെ മറ്റൊരു സങ്കേതത്തിലേക്ക് മാറ്റാൻ വനംവകുപ്പ് നിർബന്ധിതരായി. ബൊമ്മനേയും ബെല്ലിയേയും സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു ആ തീരുമാനം.

ഇന്ന് തേപ്പാക്കാട് ആനസങ്കേത്തിനോട് ചേർന്നുള്ള ഒരു മുറി ഷെൽട്ടറിലാണ് ബൊമ്മനും ബെല്ലിയും കഴിയുന്നത്. കൂട്ടിന് അമ്മുവും ബെല്ലിയുടെ പേരമകളായ സഞ്ജനയുമുണ്ട്. രഘുവിന് ഇപ്പോൾ എട്ട് വയസാണ് പ്രായം. പിരിഞ്ഞെങ്കിലും അവന്റെ മനസിൽ നിന്ന് തന്റെ വളർത്തമ്മയേയും വളർത്തച്ഛനെയും കുറിച്ചുള്ള ഓർമ്മകൾ മാഞ്ഞിട്ടില്ല. രഘൂ… എന്നുള്ള വിളിയിൽ തുമ്പികൈ ഉയർത്തി അവനോടി എത്തും.
രഘുവിനെ പോലുള്ള നിരവധി ആനക്കുട്ടന്മാരുടെ പരിപാലനുമായി ബൊമ്മനും ബെല്ലിയും തങ്ങളുടെ കർമ്മം തുടരുകയാണ്. ചെയ്യുന്ന ജോലിയിൽ അളവറ്റ അഭിമാനം മാത്രേമയുള്ളൂ ഇരുവർക്കും. ഓസ്‌കാർ തിളക്കത്തിൽ ലോകം മുഴുവൻ തങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴും ബൊമ്മനും ബെല്ലിയും ആനത്താവളത്തിൽ തിരക്കിലാണ്.

2022 ഡിസംബറിൽ ‘എലിഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.രണ്ട് ആനപരിപാലകരുടെ കഥമാത്രമല്ല, കാടും കാട്ടുജനതയുടെ ജീവിതവും കാട്ടിലെ മറ്റുജീവികളുമായുള്ള സഹവർത്തിത്വവും വെറും 41 മിനിറ്റിൽ പറഞ്ഞു തീർത്തപ്പോൾ പ്രേക്ഷകര്‍ക്കും ഏറെയിഷ്ടമായി. തമിഴ്‌നാട് മുതുമലൈ ദേശീയോദ്യാനത്തിന്റെയും തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെയും മനോഹാരിത നിറഞ്ഞു നിൽക്കുന്നതാണ് ഓരോ ഫ്രെയിമും.തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും , കേരളത്തിലും കർണാടകത്തിലുമായാണ് മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ‌കാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ആനകളെ സംരക്ഷിച്ചുപോരുന്ന ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ആന സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് മുതുലമയിലെ തേപ്പക്കാട്.

Leave a Reply
You May Also Like

കാലങ്ങള്‍ക്കു മുന്നേ നിയമത്തിലെ പഴുതുകളെ തുറന്നു കാട്ടിയ ഒരു സാധരണക്കാരനുണ്ടായിരുന്നു

Nirmal Nirmal കോടതി മുറികളും വിസ്താരങ്ങളും വാദങ്ങളും നിയമസംഹിതയെ ചോദ്യം ചെയ്യലും ഇടതടവുകളില്ലാതെ ഇന്നും മലയാള…

ബാബ വീണ്ടും വരുമ്പോൾ ആരാധകരുടെ ആവേശവും വാനോളം

ബാബ പുതിയ പ്രതാപത്തോടെ വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. അതനുസരിച്ച്, ചിത്രത്തിന്റെ ട്രെയിലർ…

മാല പാർവ്വതി, മനോജ്‌ കെ.യു എന്നിവർ ഒന്നിക്കുന്ന ‘ഉയിർ’; ഫസ്റ്റ്ലുക്

മാല പാർവ്വതി, മനോജ്‌ കെ.യു എന്നിവർ ഒന്നിക്കുന്ന ”ഉയിർ”; ഫസ്റ്റ്ലുക് പോസ്റ്റർ റിലീസായി..സംവിധായകൻ അജയ് വാസുദേവ്…

ഒരുപാട് വില്ലൻവേഷങ്ങൾ ചെയ്ത സുധീറിന്റെ ജീവിതത്തിൽ വില്ലനായ രോഗം, സുരേഷ്‌ഗോപിയുടെ സാന്ത്വനം

സിഐഡി മൂസ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുധീർ. കൊച്ചിരാജാവ്, ഡ്രാക്കുള, ഭയ്യാ…