പാളിപോയ പ്രകൃതി നിര്‍ധാരണം ?
Eliyas KP
ജിറാഫിന്റെ കഴുത്തില്‍ തൊടണമെങ്കില്‍ മൂന്നാമത്തെ നിലയില്‍ കയറി നില്‍ക്കണം. ജിറാഫ് താഴെ നിന്ന് തരണം. തായ്ലണ്ടിലെ ഒരു മൃഗശാലയില്‍ ഇതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. കൌണ്ടറില്‍ നിന്ന് ഭക്ഷണം വാങ്ങികൊണ്ട് പോകണമെന്ന് മാത്രം.ഒരു സാധു ജീവി. ഭക്ഷണം കഴിക്കുന്ന സമയത്താണ് കഴുത്തില്‍ തലോടുന്നതെങ്കില് അറിയുക പോലുമില്ല. ലോകത്തിലേറ്റവും പൊക്കമുള്ള ജീവി. ഏറ്റവും വലിയ അയവെട്ടുന്ന ജീവി. വീഡിയോ കാണുക
കഴുത്തിന് മാത്രം 2.4 മീറ്ററോളം നീളമുണ്ട്. നമ്മെപോലെ കഴുത്തില്‍ ഏഴ് കശേരുക്കളേ ഉള്ളൂ. പക്ഷെ നീളം ഇത്തിരി കൂടുതലാണ് ഓരോന്നും 28 സെന്റീ മീറ്റര്‍ വരും. ജനിച്ചതിനു ശേഷമാണ് കുഞ്ഞുങ്ങളുടെ കഴുത്ത് നീളുന്നത്. അല്ലെങ്കില്‍ പ്രസവം ബുദ്ധിമുട്ടാവും.ഭക്ഷണത്തിനുവേണ്ടിയുള്ള മത്സരത്തിലാണ് കഴുത്തിന് നീളം വര്‍ധിച്ചതെന്നാണ് ഡാര്വിന് പറഞ്ഞത്. പറഞ്ഞാല്‍ പോരല്ലോ തെളിവുകളും അളവുകളും ഒക്കെ വേണമല്ലോ. അതാണല്ലോ ശാസ്ത്രത്തിന്റെ രീതി.
പ്രകൃതിയില്‍ ഒരു പ്രത്യേക സാഹചര്യം സംജാതമാവുകയും, ഒരു ജീവിയില്‍ സംഭവിക്കുന്ന മ്യൂട്ടേഷന് ഈ സാഹചര്യത്തെ അതിജീവിക്കാന്‍ സഹായകരമാവുകയും ചെയ്യുമ്പോള്‍ ആ ജീവിവര്‍ഗ്ഗത്തിന്റെ അതിജീവനക്ഷമത വര്‍ധിക്കും. ആ മ്യൂട്ടന്റ് സെലക്ട് ചെയ്യപ്പെടും. ആ മ്യൂട്ടേഷന് മൂലമുണ്ടാകുന്ന മാറ്റങ്ങള്‍ മുഴുവനും ആ ജീവിക്ക് അനുകൂലമായികൊള്ളണമെന്നുമില്ല.
ഒരു പരിധിക്കപ്പുറം വലിയ ശരീരം ജീവികള്‍ക്ക് ഗുണകരമാവില്ല. സംരക്ഷിക്കാനും കൊണ്ടു നടക്കാനും ഉള്ള പ്രയാസം തന്നെ പ്രധാനം. ഇത്രയും നീളത്തില്‍ രക്തം എത്തിക്കാന്‍ അതിശക്തമായ ഒരു ഹൃദയം വേണം. 2 അടി നീളവും 11 കിലോ ഭാരവുമുണ്ട് ജിറാഫിന്റെ ഹൃദയത്തിന്. 7.5 സെന്റീമീറ്ററോളം കട്ടിയുണ്ടത്രെ ഹൃദയ ഭിത്തികള്‍ക്ക്. ഒരു മിനിട്ടില്‍ 150 പ്രാവശ്യം മിടിക്കും. ഈ ശരീരം നിലനിര്‍ത്താന്‍ ദിവസത്തില്‍ 20 മണിക്കൂറോളമൊക്കെ തീറ്റതേടേണ്ടതുണ്ട്.
ഇത്തിരി വെള്ളം കുടിക്കണമെങ്കിലും ഒന്നു കിടക്കണമെങ്കിലും ഒക്കെ അതിന് ഒരു പാട് കഷ്ടപ്പെടണം. അധികവും നിന്നുകൊണ്ടാണ് ഉറക്കം.ജിറാഫിന്റെ ലാരിഞ്ചിയല് നെര്‍വിന്റെ കാര്യമാണ് അതിലേറെ രസകരം. ബ്രെയിനും ലാരിംഗ്സും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഈ നാഡി അയോര്‍ട്ടയെ ചുറ്റിയാണ് കിടക്കുന്നത്. ഏതാനും സെന്റീമിറ്ററുകൊണ്ട് പ്രശ്നം തീരുമായിരുന്നു. പക്ഷെ പരിണാമത്തിലൂടെ അയോര്‍ട്ട സഞ്ചരിച്ച വഴിമുഴുവന്‍ ഈ നാഡികളെയും വലിച്ചുകൊണ്ടു പോയി. ജിറാഫിന്റെ കാര്യത്തില്‍ മീറ്ററുകളോളം. 25 ദശലക്ഷം വര്‍ഷങ്ങളുടെ പരിണാമ ചരിത്രമുണ്ട് ജിറാഫിന്. പരിണാമം അന്ധമാണ്.
ഒന്നു തലകുനിക്കണമെങ്കില് ശരീരത്തില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്. അല്ലെങ്കില്‍ തലച്ചോറിലേക്ക് രക്തം ഇരച്ചു കയറി ബോധംകെടും.
കഴുത്തിനു നീളം കൂടുതലുള്ള ജിറാഫുകള്‍ക്ക് വരള്‍ച്ചകാലത്ത് മരണ നിരക്ക് കൂടുതലാണെന്ന് ഒരു പഠനമുള്ളതായി വിക്കിപീഡിയ പറയുന്നു. അവക്ക് കൂടുതല്‍ പോഷകങ്ങള്‍ ആവശ്യമായതുകൊണ്ടാണത്രെ ഇത്.Sexual selection ആണ് നീണ്ട കഴുത്തിന് കാരണം എന്നാണ് മറ്റൊരു തിയറി. ആണുങ്ങള് തമ്മിലുള്ള ഗുസ്തിയില്‍ കഴുത്താണ് പ്രധാന ആയുധം. തല പരമാവധി ഉയര്‍ത്തിപ്പിടിച്ചുള്ള തുറിച്ചു നോക്കലാണ് തുടക്കം. ഏതാനും മിനിട്ടുകളുടെ നോട്ടത്തിനുശേഷം ദുര്ബലന് പിന്തിരിയും. ഇല്ലെങ്കില്‍ കളി കാര്യമാവും.
മുന്‍കാലുകള്‍ അകത്തി നിന്ന് കഴുത്ത് വീശിയുള്ള അടിയാണ് പിന്നെ. ഇതിനെ Necking എന്ന് പറയും. നെക്കിംഗിനിടെ മരണം വരെ സംഭവിക്കാം. ആണ് ജീറാഫുകളില് കഴുത്തിന് നീളവും ശക്തിയും കൂടുതലുണ്ട്. പക്ഷെ എങ്കില്‍ എന്തിനാണ് പെണ്ണുങ്ങള്‍ക്ക് നീണ്ട കഴുത്തുകള്‍ എന്ന ചോദ്യം അവശേഷിക്കുന്നു. ചുറ്റുപാടുകള്‍ കൂടുതല്‍ ജാഗ്രതയോടെ വീക്ഷിക്കാന്‍ കഴിയുന്നു എന്നതാണ് നീണ്ട കഴുത്തിന്റെ മറ്റൊരു ഗുണം.
1990 കളില്‍ Robert Simmons and Lue Scheepers നടത്തിയ പഠനങ്ങളും sexual selection നെ അനുകൂലിക്കുന്ന ഫലങ്ങളാണ് നല്‍കുന്നത്. പൊതുവെ എല്ലാ സീസണുകളിലും ജീറാഫുകള് ഏതാണ്ട് തിരശ്ചീന തലത്തിലാണ് ഭക്ഷണം തേടുന്നത് എന്നാണ് അവരുടെ ഫീല്‍ഡ് സ്റ്റഡീസ് തെളിയിക്കുന്നത്. വലിയ വരള്‍ച്ചക്കാലത്തു മാത്രമേ മുകളില്‍ നിന്ന് ഭക്ഷണം തേടേണ്ട ആവശ്യം വരാറുള്ളൂ. അതിനുവേണ്ടി ഇത്ര വലിയ ഒരു അനുവര്‍ത്തനത്തിന്റെ ആവശ്യമുണ്ടോ എന്നതാണ് ചോദ്യം.ഇതിനെല്ലാം കൂടിയുള്ള ഒരു അനുവര്‍ത്തനം ആയിരിക്കാം നീണ്ട കഴുത്ത് എന്നതാണ് പൊതുവായ നിഗമനം.