ഭയപ്പെടുത്തുന്ന സൈറൺ ആയിരുന്നു എന്റെ മനസ്സിൽ ഇതുവരെ അഗ്നിശമന വിഭാഗത്തിന്റെ അടയാളം

35

Emmar Kinalur എഴുതുന്നു 

ഉമ്മ ഹൃദ്രോഗിയാണ്. മുടങ്ങാതെ മരുന്ന് കഴിക്കുന്ന ആളാണ്. മാസാന്തം കോഴിക്കോട്‌ നിന്ന് ഹോൾസെയിൽ നിരക്കിൽ മരുന്ന് വാങ്ങിക്കുക ആണു പതിവ്‌. സ്ഥിരമായി കഴിക്കുന്ന മരുന്ന് മുടങ്ങിയാൽ ബുദ്ധിമുട്ടാണ്. ലോക്ക്‌ഡൗൺ ആരംഭിക്കും മുന്നെ മരുന്ന് വാങ്ങിയതാണ്. അതുകൊണ്ട്‌ കൂടുതൽ സ്റ്റോക്ക്‌ ചെയ്തിരുന്നില്ല. മരുന്ന് തീരാറായാപ്പോൾ, എങ്ങനെ വരുത്തുമെന്ന് ആലോചിച്ച്‌ നിൽക്കുകയായിരുന്നു ഞാൻ. മെഡിക്കൽസിൽ വിളിച്ചപ്പോൾ മെഡിസിനുണ്ട്‌‌; പക്ഷെ എത്തിക്കാൻ വഴിയില്ലെന്ന് പറഞ്ഞു. ബസ് ഓടുന്നില്ലല്ലൊ, കൊറിയർ സർവ്വീസുമില്ല. ബൈക്ക്‌ ഓട്ടി കോഴിക്കോട്‌ പോകുക അവസാന ഘട്ടത്തിൽ മാത്രമുള്ള ഓപ്‌ഷനാണ്. പത്ത്‌ നാൽപത്‌ കിലോമീറ്റർ ഈ വെയിലത്ത്‌ ബൈക്ക്‌ ഓട്ടുക covidറിസ്കാണ്.

പോംവഴി തേടി നാട്ടുകാരനായ റഫീഖിനെ വിളിച്ചപ്പോൾ അവൻ ഒരുപായം പറഞ്ഞു. ഫയർഫോഴ്സ്‌ മരുന്ന് വീട്ടിൽ എത്തിക്കുന്നുണ്ട്‌ എന്ന് കേട്ടിട്ടുണ്ട്‌. 101 ൽ ഒന്ന് വിളിച്ച്‌ നോക്കൂ. ഞാൻ 101 ൽ വിളിച്ചു. വളരെ സൗമ്യമായാണ് അങ്ങേ തലക്കൽ നിന്നുള്ള മറുപടി. “ഇത്‌ വടകര സ്റ്റേഷൻ ആണ്. നിങ്ങളുടെ ഏറ്റവും അടുത്ത ഫയർ സ്റ്റേഷൻ നരിക്കുനിയാണ്. അവർ മരുന്ന് എത്തിച്ച്‌ തരും”. നരിക്കുനി ഫയർസ്റ്റേഷന്റെ നമ്പറും പറഞ്ഞ്‌ തന്ന് ഫോൺ കട്ട്‌ ചെയ്തു.

നരിക്കുനി സ്റ്റേഷനിൽ ബന്ധപ്പെട്ടു. അവരും ആശ്വസിപ്പിക്കുന്ന മറുപടിയാണ് തന്നത്‌. ” ഞാൻ ഒരു വാട്ട്സാപ്പ്‌ നംബർ തരാം. മരുന്ന് ചീട്ട്‌ അതിലേക്ക്‌ അയച്ചാൽ മതി. മരുന്ന് ഡെലിവറി ചെയ്യുമ്പോ ബിൽതുക നൽകിയാൽ മതി”.
” വില കൂടിയ മരുന്നാണ്. ബിൽ ഒക്കെ ഞാൻ ഓൺലൈൻ ആയി പേ ചെയ്തോളാം. ഫാർമസിയിൽ വിളിച്ച്‌ ഏർപ്പാട്‌ ചെയ്യാം. നിങ്ങൾ കളക്ട്‌ ചെയ്ത്‌ തന്നാൽ മാത്രം മതി.”
” അത്രേയുള്ളോ. എന്നാൽ ഫാർമസിയുടെ നംബർ തരൂ. അവിടെ ഒന്ന് വിളിച്ച്‌ പറയുകയും ചെയ്തോളൂ”
വൈകുന്നേരമായപ്പോൾ ഫയർഫോഴ്സിലെ ഒരു സ്റ്റാഫ്‌ വിളിക്കുന്നു. “നിങ്ങളുടെ മരുന്ന് എത്തീട്ടുണ്ട്‌. വീട്ടിൽ എത്തിക്കണോ?. വേറെയും കുറേ മരുന്നുകൾ എത്തിക്കാനുണ്ട്‌ ബുദ്ധിമുട്ടില്ലെങ്കിൽ ബാലുശേരി ജങ്ഷനിൽ വന്നാൽ എളുപ്പമാകും.”
” പിന്നെന്താ, ഞാൻ വന്ന് വാങ്ങി കൊള്ളാം”.

പറഞ്ഞ സമയത്ത്‌ തന്നെ ഫയർഫോഴ്സിൽ സ്റ്റാഫായ യുവാവ്‌ മരുന്നുമായി എത്തുന്നു. കോഴിക്കോട്‌ നിന്ന് മരുന്നുകൾ ഒന്നിച്ച്‌ ഔദ്യോഗിക വാഹനത്തിൽ കൊണ്ട്‌ വന്ന ശേഷം ബൈക്കിൽ ലോക്കൽ വിതരണം നടത്തുകയാണവർ ചെയ്യുന്നത്‌. മരുന്ന് കൈപ്പറ്റി ഞാൻ നന്ദി പറഞ്ഞു. ഒരു ചെറു ചിരി സമ്മാനിച്ച്‌ ആ യുവാവ്‌ അടുത്ത ഡെലിവറിക്കായി ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്തു. ഭയപ്പെടുത്തുന്ന സൈറൺ ആണ് എന്റെ മനസ്സിൽ ഇതുവരെ അഗ്നിശമന വിഭാഗത്തിന്റെ അടയാളം. മരുന്ന് വിതരണം ചെയ്ത ആ യുവാവിന്റെ മനുഷ്യസ്നേഹത്തിന്റെ ചെറുചിരിയായിരിക്കും ഇനി എന്റെ മനസ്സിൽ ഫയർഫോഴ്സ്‌ എന്ന് കേൾക്കുമ്പോൾ അങ്കുരിക്കുന്നത്‌. കത്തിയാളുന്ന തീ അണയ്ക്കാൻ നിരതമാകുന്ന സേന ഈ കോവിഡ്‌ കാലത്ത്‌ മനുഷ്യ മനസ്സിൽ ആശ്വാസവും കാരുണ്യവും കോരിയൊഴിക്കുന്ന സേവകരായി മാറിയ കാഴ്ച അനുഭവിച്ചറിഞ്ഞപ്പോൾ ഒരുപാട്‌ സന്തോഷം, സ്‌നേഹം.