ദില്ലിയിലെ വെസ്റ്റ്‌ നിസാമുദ്ദീനിലുള്ള തബ്‌ലീഗ്‌ ജമാഅത്തിന്റെ കേന്ദ്രം ഇന്ത്യയിൽ കോവിഡ്‌ 19 വൈറസ്‌ വ്യാപനത്തിന്റെ മൊത്ത വിതരണ കേന്ദ്രമായി മാറുകയാണ്

104
Emmar Kinalur 
“ദില്ലിയിലെ വെസ്റ്റ്‌ നിസാമുദ്ദീനിലുള്ള തബ്‌ലീഗ്‌ ജമാഅത്തിന്റെ കേന്ദ്രം ഇന്ത്യയിൽ കോവിഡ്‌ 19 വൈറസ്‌ വ്യാപനത്തിന്റെ മൊത്ത വിതരണ കേന്ദ്രമായി മാറുകയാണ്. കഴിഞ്ഞ ദിവസം ഒരു വിദേശി അടക്കം 10 പേർ അവിടെ കോവിഡ്‌ 19 ബാധിച്ച്‌ മരിച്ചിരിക്കുന്നു. മരിച്ചവരിൽ 6 പേർ തെലുങ്കാനക്കാരും തമിഴ്‌നാട്‌, കർണാടക, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ്. മരിച്ച മറ്റൊരാൾ ഫിലിപ്പിനോ ആണെന്നാണ് വിവരം. 19 വിദേശികളായ തബ്‌ലീഗ്‌ പ്രവർത്തകർ ദില്ലിയിൽ ചികിൽസയിൽ കഴിയുന്നുണ്ട്‌.
നിസാമുദ്ദീനിൽ നടന്ന ജമാഅത്തിൽ ഇരുന്നോറ്റമ്പതോളം വിദേശികളടക്കം നൂറുക്കണക്കിനാളുകൾ ആണു പങ്കെടുത്തത്‌. തുടർന്ന് അവർ ചെറു സംഘങ്ങളായി പല സംസ്ഥാനങ്ങളിലും പ്രബോധനത്തിനു പോയിട്ടുണ്ട്‌. ഇപ്പോഴും നിസാമുദ്ദീനിലെ പള്ളിയിൽ 1500 ഓളം പേരുണ്ടെന്നും അതിൽ 300 പേർക്ക്‌ കോവിഡ്‌ ബാധയുടെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോർട്ടുണ്ട്‌. ദില്ലിയിലെ പല ഹോസ്പിറ്റലുകളിലും പലരും ചികിൽസയിലുമാണ്.
കോവിഡ്‌ 19 ഭീതി വിതച്ച ഘട്ടത്തിൽ ലോകം അതീവ ജാഗ്രതയിൽ നിൽക്കുമ്പൊഴാണ് തബ്‌ലീഗുകാർ ദില്ലിയിൽ ജമാഅത്ത്‌ നടത്തിയത്‌ എന്നോർക്കണം. അതുമാത്രമല്ല, രോഗപ്പകർച്ചയുള്ള മലേഷ്യ, തായ്‌ലന്റ്‌, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്തു. കാശ്മീരിലെ അദ്യ കോവിഡ്‌ മരണം ഈ ജമാഅത്തിൽ പങ്കെടുത്തത്‌ വഴി രോഗം ബാധിച്ച ആളാണ്. അവിടെ ഇനി എത്ര പേർക്ക്‌ രോഗം ബാധിക്കുമെന്ന് ആർക്കറിയാം.
നേരത്തെ‌ മലേഷ്യയിൽ കോവിഡ്‌ 19 വ്യാപിക്കുന്നതിൽ തബ്‌ലീഗ്‌ സംഘടന ഒരു പള്ളിയിൽ നടത്തിയ ജമാഅത്ത്‌ വലിയ പങ്ക്‌ വഹിച്ചതായി റിപ്പോർട്‌ ഉണ്ടായിരുന്നു. ബ്രിട്ടണിൽ മുസ്ലിംകളിൽ രോഗപ്പകർച്ചക്ക്‌ ഒരു പ്രധാനകാരണമായത്‌ അവിടെ പള്ളികളിൽ നടന്ന തബ്‌ലീഗ്‌ ജമാഅത്തുകളായിരുന്നു എന്ന് ഒരു ബ്രിട്ടീഷ്‌ മുസ്ലിം എഴുതിയ ലേഖനം ചൂണ്ടി കാട്ടുകയുണ്ടായി.
സംഘം ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള ഉദ്‌ബോധനം, പള്ളിയിൽ കൂടിച്ചേരൽ, ഒരേ പാത്രത്തിൽ നിന്നുള്ള ഭക്ഷണം, ഒന്നിച്ച്‌ ഉറക്കം തുടങ്ങി തബ്‌ലീഗ്‌ പ്രവർത്തനത്തിന്റെ രീതി രോഗപ്പകർച്ചയെ ത്വരിതപ്പെടുത്തും. എന്നിട്ടും, മനുഷ്യർ ഒന്നാകെ മഹാമാരിക്ക്‌ എതിരെ പോരാടുമ്പോൾ അത്‌ ലാഘവത്തോടെ കണ്ട്‌ ഊരുതെണ്ടാൻ ഇറങ്ങിയ ഇവർ മത പ്രചാരണമല്ല, രോഗ പ്രചാരണമാണ് നടത്തിയത്‌. കോവിഡ്‌ 19 അപഹരിച്ച ജീവനുകൾക്ക്‌ ഇതിന്റെ സംഘാടകർ ഉത്തരവാദികളാണ്. മനുഷ്യരെ കൊലക്ക്‌ നൽകിയ അവർ മതത്തിന്റെ ഏതു കണക്കിലാണ് മാപ്പർഹിക്കുന്നത്‌?
തബ്‌ലീഗുകാർ വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്തവരല്ല. ഉന്നത ബിരുദങ്ങൾ നേടിയവരും ഡോക്ടർമാരും എഞ്ചിനീയർമാരും അടക്കമുള്ള പ്രഫഷനലുകളും സമ്പന്നരായ ബിസിനസ്സുകാരുമൊക്കെ ആ കൂട്ടത്തിൽ ഉണ്ട്‌. എന്നിട്ടും ഈ ജമാഅത്ത്‌ പരിപാടി ഈ ഘട്ടത്തിൽ അവർ മാറ്റി വെച്ചില്ലെങ്കിൽ ഭക്തി ഉന്മാദമോ ഭ്രാന്തോ ആയി മാറിയവരാകും അവർ എന്നല്ലാതെ എന്ത്‌ പറയും?. ദില്ലിയിലെ ജമാഅത്തിൽ പങ്കെടുത്തവരിൽ കേരളത്തിൽ നിന്നുള്ളവർ കൂടി ഉണ്ടെന്ന് മീഡിയ വൺ റിപ്പോർട്ടിൽ Rasheedudheen Alpatta പറഞ്ഞിരുന്നു. അത്‌ ശരിയാണെങ്കിൽ ജാഗ്രത പാലിക്കണം. ജമാഅത്തിൽ പങ്കെടുത്തവരും അവരോട്‌ സഹവസിച്ചവരും ആരോഗ്യ വകുപ്പിൽ റിപ്പോർട്ട്‌ ചെയ്യണം. തബ്‌ലീഗ്‌ പ്രവർത്തനത്തിൽ പ്രധാനം മുസ്ലിം വീടുകളിൽ കയറി ഇറങ്ങി നമസ്കരിക്കാനും പള്ളിയിൽ പോകാനും ഉദ്‌ബോധിപ്പിക്കലാണ്.
പൊന്നു ചെങ്ങാതിമാരെ, മക്കയിലും മദീനയിലുമടക്കം പള്ളികൾ എല്ലാം അടച്ച്‌ മനുഷ്യരെല്ലാം ഭയന്ന് വീട്ടിലിരിക്കുമ്പോൾ ദയവായി വീട്ടിൽ അടങ്ങി ഇരിക്കൂ. വിഡ്ഢിത്തം കാണിച്ച്‌ മനുഷ്യരെ കൊലക്ക്‌ കൊടുത്ത നിങ്ങളോട്‌ സഹതാപം പോലും തോന്നുന്നില്ല”
Advertisements