ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു സ്ത്രീ പോയാൽ വാർത്തയാകും, ഭാര്യയേയും കുട്ടികളേയും ഉപേക്ഷിക്കുന്ന ഭർത്താക്കന്മാർ വാർത്തയാവില്ല

0
240

സൗമ്യ

സമൂഹത്തിൽ എംപതി ഗ്യാപ്പ് എന്നൊരു സംഗതി ഉണ്ട്. ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു സ്ത്രീ പോയാൽ വാർത്തയാകും. എന്നാൽ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിക്കുന്ന ഭർത്താക്കന്മാർ വാർത്തയാവില്ല. സ്ത്രീകൾ മാത്രമാണല്ലോ ഒളിച്ചോടിപ്പോവുന്നത് !

ആരിൽ നിന്നാണെന്ന ചോദ്യത്തിനൊട്ടു പ്രസക്തിയുമില്ല…കുടുംബത്തിന്റെ അഭിമാനം, അന്തസ്സ്, ചേർത്തു നിർത്തൽ, കുട്ടികളെ വളർത്തൽ, സ്വയം വളരാതിരിക്കൽ, ത്യാഗമനോഭാവം ഇതെല്ലാം ഹോൾസെയിൽ ആയും റീട്ടെയിൽ ആയും കുടുംബത്തിലെ സ്ത്രീകളെ ആണ് നമ്മുടെ സമൂഹം ഏൽപ്പിച്ചിരിക്കുന്നത്. 😌
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഫ്ഐആറിലെ ഒരു വാർത്ത കണ്ടിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയും, കാമുകനും അറസ്റ്റിൽ എന്നതായിരുന്നു വാർത്ത.

പോലീസ് സ്റ്റേഷനിൽ മാസ്ക് മാറ്റി നിൽക്കുന്ന ആ യുവതിയുടെ മുഖത്തേക്ക് ഏഷ്യാനെറ്റിന്റെ ക്യാമറ ആകെയുള്ള ഒരു മിനിറ്റിൽ നാലോ അഞ്ചോ പ്രാവശ്യം തങ്ങി നിന്നു.’എഫ് ഐ ആറുകാർ’ ഒന്ന് മനസിലാക്കേണ്ടത് ആ സ്ത്രീയുടെ സാമ്പത്തിക സാമൂഹിക പിന്നോക്ക ചുറ്റുപാടുകൾ കാരണം കൂടിയാണ് അവരൊരു കാഴ്ച വസ്തുവായി നിങ്ങളുടെ ക്യാമറക്ക് മുന്നിൽ മാസ്കും താഴ്ത്തി നിന്ന് തരേണ്ടി വന്നതെന്നാണ്. ആ സ്ത്രീയുടെ മുഖത്തെ നിർജീവ ഭാവം വേദനയുണ്ടാക്കുന്നതാണ്. നിലവിലുള്ള നിയമങ്ങളാൽ കുറ്റവാളിയാക്കപ്പെടുമ്പോളും അവർക്കും ആത്മാഭിമാനവും, സ്വകാര്യതയും അവകാശപ്പെട്ടതാണെന്ന് നാം മറക്കരുത്.

പതിവുപോലെ ഓൺലൈൻ വിഡിയോയുടെ താഴെ ഇങ്ങനെയുള്ളവളുമാരെ സമൂഹത്തിൽ ജീവിക്കാൻ അനുവദിക്കരുതെന്നും, പൂട്ടിയിടണം എന്നൊക്കെയുള്ള കമന്റുകൾ ധാരാളമായുണ്ട്. എന്തു കണ്ടിട്ടാണ് ഇവളുടെ കൂടെ പോയതെന്ന് കാമുകനോടുള്ള ചോദ്യവും, അവരുടെ രൂപത്തെ പരിഹസിച്ചുള്ള പരാമർശങ്ങളും നിരവധിയായുണ്ട്. ആ സ്ത്രീക്ക് മാർക്കിടാൻ സഹായിക്കുന്ന വിധത്തിൽ സ്റ്റോറിയുടെ സമയത്തിന്റെ ഭൂരിഭാഗവും ക്യാമറ അവരിലേക്ക് വെച്ച ഏഷ്യാനെറ്റ് വലിയൊരു സേവനമാണ് നൽകിയതെന്ന് പറയാതിരിക്കാനാവുന്നില്ല.

ഏതായാലും,നിലവിലുള്ള നിയമം അനുസരിച്ച് കോടതി 14 ദിവസത്തേക്ക് അവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് മക്കളെ ഉപേക്ഷിച്ചു പോകുന്ന അച്ഛന്മാർക്ക് ഈ നിയമം ബാധകമല്ലാത്തത് എന്ന ചോദ്യം അപ്പോഴും അന്തരീക്ഷത്തിലുണ്ട്.