തേങ്ങയെക്കാള്‍ കൂടുതല്‍ എഞ്ചിനീയറന്‍മാരുള്ള കാലം

366

06

‘ എന്നാ ഉണ്ടടാ ഉവ്വേ, വിശേഷം ? ‘

‘ സുഖം. പരമാനന്ദം ! ‘

‘ ഉവ്വ ! എല്ലാം ഞാന്‍ അറിയുന്നുണ്ട്. നീയീ വായിനോക്കി നടക്കുന്ന സമയത്ത് ഗള്‍ഫില്‍ പോയി കുറച്ചു കാശുണ്ടാക്കി വന്നൂടെ ? ‘

‘ അതൊന്നും ശരിയാവില്ല അങ്കിള്‍. ‘

‘ അതെന്നാ ശരിയാവാത്തെ ? ‘

‘ ഗള്‍ഫില്‍ പോയി എത്ര നാള്‍ ജോലി ചെയ്താലാണ് നാട്ടില്‍ സുഖമായി ജീവിക്കാനുള്ള കാശ് സമ്പാദിക്കാന്‍ പറ്റുക ? ‘

‘ ഒരു പത്തു കൊല്ലം ! ‘

‘ അങ്കിള്‍ ഗള്‍ഫില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര കൊല്ലമായി ? ‘

‘ ങാ എന്തിനാ ? നമ്മള്‍ സംസാരിക്കുന്നത് നിന്റെ കാര്യമാണ് ! ‘

‘ ചൂടാവാതെ അങ്കിള്‍. ഒന്നറിഞ്ഞിരിക്കാനാ. ‘

‘ ഏതാണ്ട് 30 കൊല്ലത്തോളമായി കാണും. ‘

‘ 30 കൊല്ലം ഗള്‍ഫില്‍ ജോലി ചെയ്തിട്ടും, നാട്ടില്‍ വന്നു സുഖമായി ജീവിക്കാനുള്ള കാശ് അങ്കിള്‍ സമ്പാദിച്ചു കഴിഞ്ഞില്ലേ ? ‘

‘ എന്ന് പറഞ്ഞാ എങ്ങനാ ? എനിക്കെന്റെ പിള്ളേരെ പഠിപ്പിക്കെണ്ടേ ? ‘

‘ അപ്പൊ എന്നോട് പത്തു കൊല്ലത്തിന്റെ കണക്കു പറഞ്ഞത് എന്ത് ഉദ്ദേശത്തിലാ ? എനിക്കെന്നാ പിള്ളേര് ഉണ്ടാവത്തില്ലേ ?’

‘ ഡാ ഉവ്വേ, നിനക്ക് വേണങ്കില്‍ പോ. പോയില്ലെലും ഇവിടെയാര്‍ക്കുമൊന്നുമില്ല. ‘

‘ അപ്പൊ ആ കാര്യത്തില്‍ ഒരു തീരുമാനമായി. ഇനി അങ്കിളിന്റെ പിള്ളേരുടെ കാര്യം. അവരു കേരളത്തില്‍ അല്ലേ പഠിക്കുന്നത് ? ‘

‘ അതെ. അതിനെന്താ ? ‘

‘ അപ്പൊ, അവരെ പഠിപ്പിക്കാന്‍ ഇത്രയധികം പണമെന്തിനാ ?’

‘ എന്‍ജിനിയറിങ്ങിനു സീറ്റ് കിട്ടണേല്‍ ലക്ഷങ്ങള്‍ എത്ര ചിലവാകുമെന്നു നിനക്കറിയാമോ ? ‘

‘ അറിയില്ല. ‘

‘ അറിയില്ലേല്‍ ഒരിടത്ത് മിണ്ടാതിരിന്നോണം. സീറ്റ് കിട്ടണേല്‍ തന്നെ 2,3 ലക്ഷം രൂപ ചിലവുണ്ട്. നാല് വര്‍ഷത്തെ ട്യുഷന്‍ ഫീ 3.5 ലക്ഷം രൂപയോളം വരും. പിന്നെ ഹോസ്റ്റല്‍ ഫീ, മെസ്സ് ഫീ, സ്‌പോര്‍ട്‌സ് ബൈക്ക്, മൊവൈല്‍ ഫോണ്‍ , SLR കാമറ …അങ്ങിനെ രൂപ കുറച്ചൊന്നും പോരാ ‘

‘ അല്ല, പിള്ളേരെ എന്‍ജിനിയറിങ് തന്നെ പഠിപ്പിക്കണമെന്ന് എന്തിനാ ഇത്ര വാശി ? ‘

‘ അതെന്റെ ഒരു സ്വപ്നമാണ്. എനിക്ക് കഴിയാത്ത് എന്റെ പിള്ളേര്‍ക്ക് കഴിയണം. ‘

‘ എന്‍ജിനിയറിങ് അങ്കിളിന്റെ സ്വപ്നം ആണെങ്കില്‍, അങ്കിള്‍ അല്ലേ എന്‍ജിനിയറിങ് പഠിക്കാന്‍ ചേരേണ്ടത്. ഏതു പ്രായക്കാര്‍ക്കും പഠിക്കാന്‍ രീതിയില്‍ കറസ്‌പ്പോണ്ടന്‍സ് കോഴ്‌സുകള്‍ രാജ്യത്താകമാനം ഉണ്ടല്ലോ ? ആ വഴി നോക്കാതെ, അങ്കിളിന്റെ സ്വപ്നം പിള്ളേരുടെ മേല്‍ അടിചെല്‍പ്പിക്കുന്നത് നല്ലതാണെന്ന് തോന്നുന്നുണ്ടോ ? ‘

‘ എന്റെ പിള്ളേരുടെ കാര്യം ഞാന്‍ നോക്കിക്കോളാം. പിന്നെ എന്‍ജിനിയറിങ് ജോലി സാധ്യതയെ കുറിച്ച് നിനക്ക് വല്ല തേങ്ങയും അറിയാമോ ? ‘

‘ ജോലി സാധ്യതയെ കുറിച്ച് നമുക്ക് വഴിയെ ചര്‍ച്ച ചെയ്യാം. എന്‍ജിനിയറിങ് എന്‍ട്രന്‍സ് എക്‌സാം പാസായാല്‍ ഈ ട്യുഷന്‍ ഫീയും, കാപ്പിറ്റേഷന്‍ ഫീയും ഒക്കെ മുടക്കേണ്ട കാര്യമുണ്ടോ ? ‘

‘ ഓ അങ്ങിനെ. എന്റെ പിള്ളേര്‍ക്ക് ഒരിത്തിരി ബുദ്ധി കുറവാടാ, ഉവ്വേ. അവര്‍ക്ക് ഞാന്‍ കാശ് കൊടുത്തു സീറ്റ് മേടിക്കാന്‍ ആണ് തീരുമാനിച്ചിട്ടുള്ളത്. നീ നിന്റെ പാട് നോക്കി പോടാ ചെക്കാ ! ‘

‘ അല്ല അങ്കിള്‍, ഞാന്‍ പറയട്ടെ. ‘

‘ നീ ഒരു പുല്ലും പറയണ്ട. നീ ഗള്‍ഫില്‍ പോകുവോ, വായി നോക്കി നടക്കയോ എന്താന്നു വച്ച ചെയ്യ്. നിന്നോട് സംസാരിക്കാന്‍ വന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ. ‘

ഈ സംഭാഷണം ഇവിടെ രേഖപെടുത്താന്‍ കാരണം എന്റെ അങ്കിളിന്റെ മനോഭാവത്തിന്റെ ഓള്‍ കേരള സ്വഭാവമാണ്. അദ്ധേഹത്തിന്റെ മാത്രമല്ല 90% മലയാളികളുടെയും (99% പ്രവാസികളുടെയും) മനോഭാവം ഏതാണ്ടിത് പോലെ തന്നെയാണ്. മെഡിക്കല്‍, എന്‍ജിനിയറിങ് എന്‍ട്രന്‍സ് എക്‌സാമുകള്‍ പഠിച്ചു പാസാകാന്‍ സാധിക്കാത്ത തന്റെ കുട്ടിക്ക്, കാശ് ചിലവാക്കി സീറ്റ് മേടിച്ചു കൊടുക്കുന്നതിലൂടെ ആ കുട്ടിയുടെ ഭാവിക്കായി ഒരു മഹാകാര്യം ചെയ്തതായി ആണ് പല മാതാപിതാക്കളും കണക്കാക്കുന്നത്. എന്നാല്‍ ഇതൊരു മഹാകാര്യം ആണോ ? അല്ലാ എന്നാണു എനിക്ക് തോന്നുന്നത്. എന്‍ജിനിയറിങ് വിഷയങ്ങള്‍ പഠിക്കാനും, പ്രാവര്‍ത്തികമാക്കാനും കുട്ടികള്‍ക്കുള്ള കഴിവും, അഭിരുചിയും അളക്കാനാണ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തപെടുന്നത്. പക്ഷെ ഒരു ‘മണ്ടന്‍ നേരം പോക്ക്’ എന്ന രീതിയില്‍ ആണ് പല മാതാപിതാക്കളും ഈ പരീക്ഷകളെ നോക്കി കാണുന്നത്. അത് കൊണ്ട് തന്നെയാണ് പലരും കാശ് കൊടുത്ത് ആ പരീക്ഷകളെ ബൈപാസ് ചെയ്യുന്നതും. പക്ഷെ, അത്തരം അതിബുദ്ധി കൊണ്ട് ലാഭമുണ്ടാക്കുക സ്വാശ്രയ മാനേജുമെന്റുകള്‍ മാത്രമാണ്. കാശ് കൊടുത്തു സീറ്റ് മേടിക്കാം. പക്ഷെ അത് കൊണ്ട് മാത്രമായോ ?

50 ഓളം അസൈന്‍മെന്റുകള്‍, 100 ഓളം ഇന്റെണല്‍ എക്‌സാമുകള്‍, 45 ഓളം യൂണിവേഴ്‌സിറ്റി എക്‌സാമുകള്‍, 15 ഓളം ലാബ് എക്‌സാമുകള്‍, 1 സെമിനാര്‍, 1 പ്രൊജക്റ്റ് ! ഇത്രെയും കടമ്പകള്‍ കടക്കണം ഒരു എന്‍ജിനിയറിങ് ഡിഗ്രി സ്വന്തമാക്കാന്‍. എന്‍ട്രന്‍സ് പരീക്ഷ പഠിച്ചു പാസായ സമര്‍ത്ഥരായ കുട്ടികള്‍ക്ക് ഇത് വലിയ ഒരു പ്രശ്‌നമായി തോന്നില്ല. പൂ പറിക്കുന്ന ലാഘവത്തില്‍ അവരീ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും. പക്ഷെ കാശ് കൊടുത്ത് സീറ്റ് മേടിച്ചവരുടെ അവസ്ഥ അങ്ങനെയാവണമെന്നില്ല. ആദ്യ മാസങ്ങളില്‍ സമര്‍ത്ഥരായ കുട്ടികളുടെ കൂടെ പിടിച്ചു നില്ക്കാന്‍ ക്യാപ്പിറ്റെഷന്‍ പിള്ളേരും ശ്രെമിക്കും. കൂടെയുള്ള കുട്ടികള്‍ വളരെ എളുപ്പത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ പലതും ചെയ്യാന്‍ ക്യാപ്പിറ്റെഷന്‍ പിള്ളേര്‍ വല്ലാണ്ടെ പണിപ്പെടും. പലപ്പോഴും സാധിച്ചില്ല എന്ന് തന്നെ വരും. പക്ഷെ പലരും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഫൈറ്റ് ചെയ്യും. പക്ഷെ ആദ്യ വര്‍ഷത്തെ എക്‌സാം റിസള്‍ട്ട് വരുന്നതോടെ പലരുടെയും ‘വള്ളി പൊട്ടും’. പിന്നെ കരച്ചിലായി, പിഴിച്ചിലായി. ആണ്‍കുട്ടികള്‍ പലരും വെള്ളമടി തുടങ്ങുന്നത് ഈ കാലഘട്ടത്തില്‍ ആണ്. ചിലര്‍ കടുത്ത ശപഥങ്ങള്‍ എടുക്കും. ചിലര്‍ ലൈബ്രറിയില്‍ സ്ഥിര താമസമാക്കും. അടുത്ത പരീക്ഷയ്ക്ക് പ്രതികാരം ചെയ്യും എന്ന് തീരുമാനിക്കും. ചിലര്‍ക്ക് രണ്ടു, മൂന്നു ദിവസത്തെ ദുഖാചരണത്തിന് ശേഷം കാര്യങ്ങള്‍ പഴയ പടിയാകും. 6 മാസത്തിനു ശേഷം തേര്‍ഡ് സെമസ്റ്റര്‍ എക്‌സാം നടക്കും. അടുത്ത ഒരു മാസത്തിനുള്ളില്‍ റിസള്‍ട്ടും വരും. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെ (ക്യാപ്പിറ്റെഷന്‍ പിള്ളേര്‍) ജീവിതത്തിലും ഇതൊരു ടെണിങ്ങ് പോയിന്റ് ആണ്. പിന്നീടങ്ങോട്ട് ചിലര്‍ ആഞ്ഞു പഠിച്ചു പരീക്ഷകള്‍ എങ്ങേനെയും കടന്നു കൂടും, മറ്റു ചിലര്‍ സപ്ലികള്‍ വാരി കൂട്ടും, അപകടം മണക്കുന്ന ചിലര്‍ പഠിത്തം നിര്‍ത്തി മറ്റു കോഴ്‌സുകള്‍ക്ക് ചേരും, നിസ്സഹാരായ ചിലര്‍ സ്വയം വെറുത്തു തുടങ്ങും. പക്ഷെ ഇപ്പോള്‍ കുറച്ചായി മാതാപിതാക്കള്‍ക്ക് അത്തരം പേടി വേണ്ട എന്ന സ്ഥിതി ആയിട്ടുണ്ട്. കാരണം പണ്ടൊക്കെ ഒരു ക്ലാസ്സില്‍ മൂന്നോ, നാലോ കുട്ടികളെ തോറ്റിരുന്നുള്ളൂ. ആ സ്ഥിതി മാറിയിപ്പോള്‍, ഒരു ക്ലാസ്സില്‍ മൂന്നോ, നാലോ കുട്ടികള്‍ മാത്രം ജയിക്കുന്ന സ്ഥിതി ആയിട്ടുണ്ട് (സ്വാശ്രയ കോളേജുകളിലെ കാര്യമാണ് പറഞ്ഞത്). തോല്‍ക്കുന്നവര്‍ ഭൂരിപക്ഷമുള്ള ഒരു ക്ലാസ്സില്‍ ജയിക്കുന്ന കുട്ടികള്‍ക്കാവും ബോറടി.

പരിഷ്‌കാരങ്ങള്‍ കൂടിക്കൂടി ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കണക്കിന് 45 % ശതമാനം മാത്രം മാര്‍ക്ക് മേടിച്ചവര്‍ക്ക് പോലും സ്വാശ്രയ മാനേജ്‌മെന്റ്‌റ് കോളേജുകളില്‍ സീറ്റ് കിട്ടുന്ന അവസ്ഥ വന്നിരിക്കുന്നു. ഏതായാലും വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കപെടുന്നതെന്ന് തോന്നുന്നില്ല. ഒന്നാം വര്‍ഷം തുടങ്ങി, മൂന്നാം വര്‍ഷം പകുതി വരെ കണക്കിന്റെ നാല് കടുകട്ടി പേപ്പറുകളാണ് ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥി പഠിച്ചു പാസാകേണ്ടത്. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കണക്കിന് 50 % ശതമാനം മാര്‍ക്ക് മേടിക്കാന്‍ സാധിക്കാത്ത ഒരു കുട്ടിക്ക് ഈ പേപ്പറുകള്‍ പാസാകാന്‍ ചില്ലറ അധ്വാനം മതിയാകുമോ ? പാസാകില്ല എന്ന് പറയുന്നില്ല. പക്ഷെ പാസായി വരുമ്പോള്‍ അവന്റെ വള്ളി പൊട്ടുമെന്ന് മാത്രം. പഠിച്ച് പാസായുടന്‍ എ.സി മുറിയില്‍, കറങ്ങുന്ന കസേരയിലിരുന്ന്, ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന ജോലി എന്ന മിഥ്യാധാരണ മൂലമാണ് ഇല്ലാത്ത പണവും അധ്വാനവും ചിലവാക്കി കുട്ടികളെ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് അയക്കാന്‍ മാതാപിതാക്കള്‍ വെമ്പല്‍ കൊള്ളുന്നത്. അത്തരം ആളുകളുടെ ശ്രെദ്ധയ്ക്ക്, ‘എന്‍ജിനിയറിങ് കോഴ്‌സുകള്‍ക്ക് ചേരുന്നതില്‍ 40% കുട്ടികള്‍ മാത്രമേ പരീക്ഷ പാസായി ഡിഗ്രി സ്വന്തമാക്കാറുള്ളു. ഇനി എങ്ങനെയെങ്കിലും പഠിച്ചു പാസായാലോ ? ഇക്കണ്ട എന്‍ജിനീയറന്മാര്‍ക്കുള്ള ജോലി സാധ്യത കേരളത്തില്‍ ഉണ്ടോ ? ഇല്ല. അടുത്ത ഓപ്ഷനില്‍ ഒന്ന് പ്രവാസം ആണ്. ബാംഗ്ലൂര്‍, ദല്‍ഹി, ഹൈദരാബാദ്, ചെന്നൈ. അവിടെയെങ്ങും ജോലി കിട്ടിയില്ലേല്‍, ഗള്‍ഫ് ! ഇനി ജോലി കിട്ടിയാല്‍ തന്നെ പഠിച്ച കാര്യവുമായി ബന്ധപെട്ടതാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പിന്നെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എന്‍ജിനീയറന്മാര്‍ക്കുള്ള ഒരു പ്രധാന ഗുണം എന്നത് തിരിച്ചു കേരളത്തില്‍ വന്നാല്‍ ജോലി ലഭിക്കാനുള്ള സാധ്യത നൂറില്‍ പത്തായി ചുരുങ്ങും എന്നതാണ്. കേരളത്തിലെയും വിദേശത്തെയും സാങ്കേതിക വിദ്യകള്‍ തമ്മിലുള്ള അന്തരമാണ് ഇതിനു കാരണം. പിന്നെ ഒരു ഓപ്ഷന്‍ ബാങ്കിലെ ക്ലാര്‍ക്ക് ജോലി ആണ്. കഴിഞ്ഞ 7,8 വര്‍ഷങ്ങളായി കൊല്ലത്തും, കൊച്ചിയിലുമൊക്കെയുള്ള ബാങ്ക് എക്‌സാം കോച്ചിംഗ് സെന്ററുകളിലെ സീറ്റുകള്‍ ഭൂരിഭാഗവും കയ്യടിക്കിയിരിക്കുന്നത് എന്‍ജിനിയറിങ് ബിരുദധാരികള്‍ ആണ്. പക്ഷെ, വലിയ ചിലവൊന്നും കൂടാതെ ഒരു ആര്‍ട്‌സ് കോളേജില്‍ പഠിച്ച ശേഷം ബാങ്കില്‍ ജോലി ലഭിക്കുമെന്നിരിക്കെ എന്‍ജിനിയറിങ് കോളേജില്‍ പോയി പണവും, സമയവും പാഴാക്കേണ്ട കാര്യമുണ്ടോ ? ഈ കാരണങ്ങള്‍ കൊണ്ട് തന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം മുടക്കുമ്പോള്‍ സ്വന്തം താത്പര്യങ്ങളെക്കാള്‍ അവരുടെ കഴിവിനും, അഭിരുചിക്കും പ്രാധാന്യം കൊടുക്കുക. സ്വാശ്രയ കോളേജുകളില്‍ ഭൂരിഭാഗവും പണമടിക്കാന്‍ വേണ്ടി നടത്തുന്ന കച്ചവട സ്ഥാപങ്ങങ്ങള്‍ ആണെന്നോര്‍ക്കുക ! ‘

ഇത്രയും വായിച്ച ശേഷം, മക്കളെ സ്‌നേഹിക്കുന്ന മാതാപിതാക്കളെ ഇകഴ്ത്താന്‍ ഉദ്ദേശിച്ചുള്ള പോസ്റ്റ് ആണിതെന്നു തോന്നുന്നവരോട് ഒരു ചെറിയ ഉദാഹരണം പറയാം. ലോകോത്തര ക്രിക്കറ്റ് കളിക്കാരനായ സച്ചിനെ നിങ്ങള്‍ക്കറിയാമായിരിക്കും. സച്ചിനെ, അദ്ധേഹത്തിന്റെ മാതാപിതാക്കള്‍ ഒരു ഗായകന്‍ ആക്കാന്‍ ആഗ്രഹിചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി ? സച്ചിന്റെ ബാറ്റും തല്ലിയൊടിച്ച്, അദ്ദേഹത്തെ ഏതേലും പഴയ സിംഹത്തിന്റെ മടയില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ കൊണ്ട് ചെന്ന് ആക്കിയിരുന്നെങ്കില്‍ ? പാടിപ്പാടി സച്ചിന് തൊണ്ട വേദന വന്നേനെ. അത്ര തന്നെ ! ഒരു ഗായകന്‍ എന്ന നിലയില്‍ സച്ചിന് എത്ര ശ്രെമിച്ചാലും ആവറേജ് നിലവാരത്തിനു അപ്പുറം ഉയരാന്‍ ഒരിക്കലും സാധിക്കുമെന്ന് തോന്നുന്നില്ല. ഗാനാലാപനം സച്ചിന്റെ മേഖലയല്ല എന്നത് തന്നെയാണ് അതിനു കാരണം. കഠിനപ്രയത്‌നം കൊണ്ട് മാത്രമല്ല, അദ്ധേഹത്തിന്റെ കഴിവുകള്‍ ചെറുതിലെ തന്നെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കന്മാര്‍ക്കും, സഹോദരനും കഴിഞ്ഞത് കൊണ്ട് കൂടിയാണ് സച്ചിന്‍ ഇന്ന് നമ്മള്‍ അറിയുന്ന സച്ചിന്‍ ആയതു…

കളര്‍കോടന്‍ ഉവാച : സ്വപ്‌നങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. പക്ഷെ ആ സ്വപ്‌നങ്ങള്‍ സ്വന്തം കുട്ടികളിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രെമിക്കാതിരിക്കുക. കുട്ടികളെ അവരുടെ സ്വപ്‌നങ്ങള്‍ കാണാന്‍ വിടുക…