ജിദ്ദയിലെ വിനോദങ്ങള്‍ – 1

297

snorkeling-in-jeddah

ഞാന്‍ മുന്‍പ്‌ ദുബായില്‍ ജോലിനോക്കുന്ന സമയത്ത് എന്‍റെ കൂടെ ഒരു സ്വീഡിഷ്‌ സ്വദേശി ജോലി ചെയ്തിരുന്നു. ക്രിസ് എന്നായിരുന്നു അദ്ധേഹത്തിന്റെ പേര്. ക്രിസ്നു പ്രധാനമായി രണ്ടു കമ്പങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്, ഫോട്ടോഗ്രാഫിയും, ഡൈവിങ്ങും. ക്രിസ് ദുബായില്‍ നിന്നും വിമാനത്തില്‍ ജിദ്ദയില്‍ വരും ഡൈവിങ്ങു ചെയ്യാന്‍. അവന്‍ തങ്ങുന്ന ഹോട്ടലില്‍ നിന്നും വണ്ടിയില്‍ ഗ്രൂപ്പ്‌ ആയി പോയി ഡൈവ് ചെയ്തു മടങ്ങി വരും. രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കല്‍ ക്രിസ് ഇതിനായി സമയം കണ്ടെത്തും.

എന്നോട്‌ പാവം വലിയ ഉത്സാഹത്തില്‍ എല്ലാം വിവരിച്ചു തരും. ഡൈവിങ്ങിനു റെഡ്‌സീ വളരെ മനോഹരമാണ് എന്നും ജിദ്ദയില്‍ വളരെ ക്ലീന്‍ ആയ ഡൈവ് പോയിന്റ്‌ ആണെന്നും മറ്റും. ഞാന്‍ “തൊലി വെളുത്തവര്‍ക്കുള്ള വട്ടായി” അതിനെ അങ്ങ് സഹിച്ചു മൂളിക്കേള്‍ക്കും. നമുക്ക് അതേ കഴിയൂ, കാരണം ഡൈവിങ്ങിന്റെ ഉപകരണങ്ങള്‍ വളരെ വില കൂടിയവയാണ്. ഓക്സിജന്‍ സിലിന്റെര്‍, റെഗുലേറ്റര്‍, മാസ്ക്, ഫിന്‍, വെറ്റ്‌ സൂട്ട്, വെയിറ്റ് തുടങ്ങി ലിസ്റ്റ് അങ്ങനെ നീണ്ടുനീണ്ടു പോവും (പലതും വാടകയ്ക്ക് കിട്ടും എന്നാലും നമുക്കത് അങ്ങനെ അങ്ങ് മുതലാവില്ല). നമുക്ക് തരുന്ന ഒരു വര്‍ഷത്തെ ശമ്പളം ക്രിസിനു കമ്പനി ഒരു മാസം കൊടുക്കും. ചുമ്മാ മൂളി ഇരിക്കാനേ നമുക്കെല്ലാം പറ്റൂ.

ജിദ്ദയില്‍ ജോലി കിട്ടി മാറിയപ്പോള്‍ പോലും ഡൈവിങ്ങ് എനിക്ക് വലിയ ഒരു കാര്യമായി തോന്നിയില്ല. മുന്തിരിക്ക് ചെറിയ ഒരു പുളിപ്പും ഉണ്ടായിരുന്നു കൂട്ടത്തില്‍ JAWS സിനിമ എല്ലാം കണ്ട് സ്രാവുകളെ കാണുന്നതെ ഇഷ്ടമല്ലായിരുന്നു.

ആയിടെക്കാണ് എന്‍റെ കൂടെ ജോലി ചെയ്യുന്ന നോര്‍ത്ത്‌ ഇന്ത്യന്‍സ്‌ ഇടക്കെല്ലാം “snorkeling” എന്ന പരിപാടിക്ക് അഭോറില്‍ പോവാറുണ്ട് എന്ന് കേട്ടത്‌. അന്ന്യേഷിച്ചപ്പോള്‍ അത് ഡൈവിങ്ങിന്റെ അനിയന്‍ ആണെന്നും പക്ഷേ വലിയ ചിലവില്ലാതെ പരിപാടി ആണെന്നും അറിഞ്ഞു.

snorkeling എന്താണെന്നല്ലേ. snorkel എന്നാല്‍ മുഖത്ത് വെയ്ക്കുന്ന ഒരു കണ്ണാടിയും ശ്വാസം വലിക്കാന്‍ ഉപയോഗിക്കുന്ന ഒരു പൈപ്പും ആണ്. അത് ധരിച്ച് നമ്മള്‍ വെള്ളത്തിന്‌ മേലെ പൊങ്ങികിടക്കണം. ശ്വാസം വായിലൂടെ വലിച്ചു വിടാനുള്ളതാണ് പൈപ്പ്. snorkeling ചെയ്യുന്ന സ്ഥലത്ത് അധികവും ആഴം നമ്മുടെ അരയ്ക്കു താഴെ ആയിരിക്കും. അവിടെയാണ് പവിഴപുറ്റുകള്‍ ഉള്ളത്. പവിഴപുറ്റുകള്‍ എന്ന് പറഞ്ഞു കേള്‍ക്കുക അല്ലാതെ നമ്മളൊന്നും അത് ശരിക്ക് കണ്ടിട്ടില്ല. അത് മറ്റൊരു ലോകമാണ്. വളരെ വളരെ  മനോഹരമായ ഒരു ലോകം. കടലിനടിയിലെ ആ ലോകം കണ്ടിട്ടില്ല എങ്കില്‍ നിങ്ങളുടെ പകുതി ജീവിതം വേസ്റ്റ് ആണ് എന്നു പറഞ്ഞാല്‍ അത്‌ സത്യമാണെന്ന് പറയാനേ എനിക്കാവു.


അഭോറില്‍ മുട്ടോളം വെള്ളത്തില്‍ ഇരുന്നു കൊണ്ട് snorkel ധരിച്ച് കടലില്‍ ആദ്യമായി ഞാന്‍ തലതാഴ്ത്തിയ രംഗം ഇന്നും എന്‍റെ മനസ്സില്‍ പച്ചയായി നില്‍ക്കുന്നു. ഒരൊറ്റ നിമിഷത്തില്‍ നമ്മള്‍ മറ്റൊരു ലോകത്തില്‍ എത്തപ്പെടും. അവിശ്വസനീയമായ ഒരു അനുഭവം ആണത്. ഒരു നിമിഷം കൊണ്ട് രണ്ടോ മൂന്നോ നിറങ്ങളില്‍ നിന്നും നിങ്ങള്‍ ഒരായിരം വര്‍ണങ്ങള്‍ നിറഞ്ഞ മറ്റൊരു ലോകത്ത്‌. പറഞ്ഞറിയിക്കാന്‍ കഴിയില്ല ആ അനുഭവം.!നമ്മുടെ നാട്ടില്‍ നമുക്കത് അനുഭവിച്ചറിയാന്‍ ആവില്ല. കാരണം അവിടെ ഇത്രയധികം പവിഴപ്പുറ്റുകള്‍ നിറഞ്ഞ ഇടങ്ങള്‍ snorkel ചെയ്യാന്‍ കഴിയുന്ന ഉയരത്തില്‍ കിട്ടാന്‍ പ്രയാസമാണ്. വൃത്തിയുള്ള കടലും കാണാന്‍ പ്രയാസമാണ്. ഏറ്റവും ചുരുക്കി പറഞ്ഞാല്‍ ജിദ്ദയില്‍ കഴിഞ്ഞിട്ടും snorkeling നു പോയിട്ടില്ലെങ്ങില്‍ അതൊരു വല്ലാത്ത നഷ്ടം തന്നെയാണ്.

snorkeling ചെയ്തു വന്ന ഞാന്‍ എനിക്കറിയുന്ന എല്ലാ മലയാളികളെയും വിളിച്ച് അതിനേ കുറിച്ച് സംസാരിച്ചപ്പോള്‍ ഒരൊറ്റ ആള്‍ പോലും അത് എക്സ്പീരിയന്‍സ് ചെയ്തവര്‍ ആയി ഉണ്ടായിരുന്നില്ല. കാല്‍ നൂറ്റാണ്ടോളം ജിദ്ദയില്‍ കുടുംബസമേതം കഴിയുന്നവര്‍ പോലും ചെയ്തിട്ടുമില്ല കേട്ടിട്ടുപോലുമില്ല. എന്റെ വര്‍ണന കേട്ട് പലരും എന്റെ കൂടെ വന്നു. വന്നവര്‍ക്കെല്ലാം ഒന്നേ പറയാനുള്ളൂ “ഇത്ര കാലമായിട്ടും നമ്മള്‍ ഇങ്ങനെ ഒരു കാര്യം കേട്ടതുപോലും ഇല്ലല്ലോ” എന്ന്.നമുക്കെല്ലാം മക്കയും മദീനയും ഒഴിച്ചുനിര്‍ത്തിയാല്‍ ജിദ്ദ വിരസമാണ്. ഓ ജിദ്ദയില്‍ വേറെ എന്തു ചെയ്യാനാ. നമ്മളെല്ലാം എത്ര കേട്ടിരിക്കുന്നു ഇത്. snorleking ഉം, diving ഉം ചെയ്യാന്‍ വിമാനത്തില്‍ കാശ് മുടക്കി വരുന്നവരെ നമ്മള്‍ വട്ടന്മാരായി കരുതുന്നു. നമ്മുടെ കാലിനടിയിലെ നിധിയുടെ വിലയറിയാതെ.


snorkeling നു പ്രധാനമായും വേണ്ടത്‌ ഒരു snorkel ആണ്. രണ്ടാമത് വേണ്ടത് ഒരു ഷൂ ആണ്. നല്ല ഒരു snorkel നു ഏകദേശം 100 റിയാല്‍ വിലവരും. കുറഞ്ഞത് 40 നും കിട്ടും. “നീന്താന്‍ എന്തിനാ ഷൂ” ഞാനും അത് ചോദിച്ചതാ. എന്‍റെ കൂട്ടുകാരന്‍ എനിക്കതിന്റെ ആവശ്യകത വിവരിച്ചു തന്നതുകൊണ്ട് ഞാന്‍ ഒരു dive boot ഉം പുതുത് വാങ്ങി. ഏകദേശം 100 റിയാല്‍ അതിനും വേണ്ടി വന്നു. ഒന്നുകില്‍ ഒഴിവാക്കിയ ഒരു സ്പോര്‍ട്സ്‌ ഷൂ ധരിക്കാം (നല്ല ഷൂ ഇട്ട് കടലില്‍ മുങ്ങിയാല്‍ പിന്നെ അത് ഒഴിവാക്കുന്നതാ നല്ലത്) വാങ്ങുകയാണെങ്കില്‍ dive shoe നേക്കാള്‍ നല്ലത് dive boot ആണ്‌.ഇനി അതിന്‍റെ ആവശ്യകത. corel അഥവാ പവിഴപ്പുറ്റുകള്‍ വളരെ മൂര്‍ച്ചയുള്ള കാല്‍സിയം ഡിപ്പോസിറ്റ് ആണ്. ആഴം പലപ്പോഴും അരയ്ക്കു താഴെ ആവും എന്നു മുന്‍പെഴുതിയല്ലോ ചിലയിടങ്ങളില്‍ അത് മുട്ടിന്‌ താഴെയും ആയിരിക്കും. നീന്തുമ്പോള്‍ പലപ്പോഴും പവിഴപ്പുറ്റുകള്‍ തട്ടി കാലിനു മുറിവുകള്‍ പറ്റും. കാല്‍സിയം ഡിപ്പോസിറ്റ് ആയതുകൊണ്ട് ഉണങ്ങാന്‍ സമയമെടുക്കും, നല്ല വേദന ആയിരിക്കും കുറച്ചു ദിവസത്തിന്, നന്നായി ചൊറിയും, ചിലര്‍ക്ക്‌ തടിച്ചു പൊന്തും. വള്ളിചെരിപ്പെല്ലാം ഇട്ട് എന്‍റെ കൂടെ വന്നവര്‍ ചിലര്‍ അവസാനം പറഞ്ഞത് “ഷൂ തന്നെ വേണംട്ടോ” എന്നാണ്. ഷൂ നിര്‍ബ്ബന്ധം ആണെന്ന് സാരം.

snorkel ചെയ്യാന്‍ സമയം ഉണ്ട്. സൂര്യന്‍ ഉദിച്ചുയരുന്ന സമയത്ത് അഭോറില്‍ എത്തണം. ഞങ്ങള്‍ സുബഹി നമസ്ക്കരിച്ചു വിടും. എട്ടുമണിക്ക് ഉള്ളില്‍ നമ്മള്‍ കടലില്‍ ഇറങ്ങണം. അപ്പോഴാണ് കടലിനടിയില്‍ ഏറ്റവും ക്ലിയര്‍ ആയി കാണുന്നത്. പത്തുമണിയോടെ സൂര്യനു നല്ല ചൂടാവും, നമ്മള്‍ വെള്ളത്തിന്‌ മേലേ പൊങ്ങി കിടക്കുന്നത് കൊണ്ട് പുറം നന്നായി ചൂടാവും മാത്രമല്ല ബനിയന്‍ ഒന്നും ധരിച്ചിട്ടില്ല എങ്കില്‍ നമ്മുടെ പുറത്ത്‌ പറ്റിയ ഉപ്പ് തരികള്‍ സൂര്യകിരണങ്ങള്‍ റിഫ്ലെക്റ്റ് ചെയ്ത് പുറം പൊള്ളും. sun burn എന്ന വിളിപ്പേരുള്ള ഈ പൊള്ളല്‍ നന്നായി വീങ്ങും, നല്ല വേദനയും ആയിരിക്കും.(അതൊഴിവാക്കാന്‍ wetsuite എന്ന ഓവറാള്‍ കുപ്പായം snorkeling നു പോവുന്നവരും ഡൈവിങ്ങിന് പോകുന്നവരും ധരിക്കാറുണ്ട്). അതുകൊണ്ട് പത്തുമണിക്ക് മുന്‍പേ ഞങ്ങള്‍ കയറും. വണ്ടിയില്‍ കുറച്ചു 5 ലിറ്റര്‍ കുപ്പികള്‍ വെള്ളം നിറച്ചത് കാണും, അതെടുത്ത് തലയില്‍ ഒഴിക്കും, ഇല്ലെങ്ങില്‍ തലമുടി ഉപ്പുവെള്ളം തട്ടി വല്ലാതെ ഒട്ടിയിരിക്കും.

നോര്‍ത്ത്‌ അഭോറില്‍ ഒരുപാട് സ്ഥാപനങ്ങള്‍ snorkeling സൗകര്യങ്ങള്‍ ഒരുക്കി നമ്മേ കാത്തിരിക്കുന്നുണ്ട്. ക്ലീന്‍ ബീച്ച്, ഇറങ്ങാന്‍ സൗകര്യങ്ങള്‍, കുളിക്കാന്‍ സൗകര്യങ്ങള്‍, പെമ്പിള്ളേര്‍ക്ക്‌ snorkel ചെയ്യാന്‍ സൗകര്യങ്ങള്‍ തുടങ്ങിയവ അവിടെ ഉണ്ടെന്നു കേട്ടു. 50 ഉം അതിനു മുകളിലും ആണത്രേ ഒരാള്‍ക്ക്‌. ഞാന്‍ ഇതുവരെ പോയിട്ടില്ല ഞാന്‍ പോയത്‌ പബ്ലിക്‌ ഏരിയയില്‍ ആണ്. ഒരു മുന്നോ നാലോ വണ്ടിയില്‍ വന്ന snorkelers മാത്രമേ കാണൂ. സൗകര്യങ്ങള്‍ ഒന്നും ഇല്ല, കാശും വേണ്ട. എന്‍റെ അറിവില്‍ ഒരൊറ്റ സ്ഥലമേ പബ്ലിക്‌ ഏരിയ ആയുള്ളൂ. നോര്‍ത്ത്‌ അഭോറിന്റെ അവസാനം വരെ പോവണം. ഗൂഗിള്‍ മാപ്സില്‍ 21.808915,39.027911 സെര്‍ച്ച്‌ ചെയ്താല്‍ നിങ്ങള്‍ക്ക് കറക്റ്റ് ലോകേഷന്‍ ലഭിക്കും.

ഈ ലേഖനം ഇവിടെയും വായിക്കാം