എന്നാലും ന്റെളിയാ റിവ്യൂ
Muhammed Sageer Pandarathil
ദുബായിലെ ഒരു ബഹുനില പാര്‍പ്പിട സമുച്ചയത്തിൽ താമസിക്കുന്ന രണ്ട് മലയാളി കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിച്ച് ബാഷ് മുഹമ്മദ് സംവിധാനം നിർവഹിച്ച എന്നാലും ന്റെളിയാ എന്ന ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്. 2023 ൽ റിലീസായ ആദ്യ ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രത്തിന് ആദ്യം ഇട്ടിരുന്ന പേര് ലവ് ജിഹാദ് എന്നായിരുന്നു. എന്നാൽ പിന്നീട് സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഉയർന്നതിനെത്തുടന്ന് പേര് എന്നാലും ന്റെളിയാ എന്നാക്കി മാറ്റുകയായിരുന്നു.
സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രമായ ബാലുവും ഭാര്യ ഗായത്രി അരുണിന്റെ കഥാപാത്രമായ ലക്ഷ്മിയും വിവാഹം കഴിഞ്ഞിട്ട് എട്ടു വര്‍ഷമായിട്ടും കുട്ടികളില്ലാത്തവരാണ്. അതിനായി നടത്തുന്ന ചികിത്സയുടെ ഭാഗമായി അന്നായിരുന്നു അവരുടെ ഡോക്ടർ അവരോട് പറയുന്നത്, വരുന്ന മൂന്ന് ദിവസങ്ങൾ ലക്ഷ്മിക്ക് ഗർഭം ധരിക്കാൻ ഏറ്റവും സാധ്യതയുള്ള സമയമാണെന്നും അതിനാൽ പരമാവധി അതിനായി അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാക്കി മാറ്റണം ആ ദിവസങ്ങളെന്നും.
ഇൻഷൂറൻസ് കമ്പനിയിലെ അമിത സമ്മര്‍ദ്ദങ്ങളുള്ള ബാലുവിന്റേ ഫോണ്‍ വിളിയും തിരക്കും ലക്ഷ്മിയുടേ ജീവിതത്തെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. അതെല്ലാം മാറ്റിവെച്ച് അതിനായി തയ്യാറാകുമ്പോഴാണ് വിസിറ്റിംഗ് വിസയിൽ ജോലി തേടി അവിടെ എത്തിയ ലക്ഷ്മിയുടെ സഹോദരൻ ജോസ്കുട്ടി ജേക്കബിന്റെ കഥാപാത്രമായ വിവേക് അവരുടെ ഫ്ലാറ്റിലേക്ക് വരുന്നത്. സിവില്‍ എന്‍ജിനിയറായ അവന് ബാലു തരപ്പെടുത്തിയ ഒരു സൂപ്പര്‍വൈസറുടെ ഇന്റര്‍വ്യൂ, വർക്ക് സൈറ്റിൽ ഉണ്ടായേക്കാവുന്ന ചൂടിന്റെ പേരിൽ ഒന്ന് പോയി അറ്റന്റ് ചെയ്യാനോ മറ്റ് ജോലി തേടി പോകാനോ പോകാതെ അലഞ്ഞു നടക്കുന്ന പ്രകൃതകാരനാണ്.
ഇതേ കെട്ടിടത്തിലെ മറ്റൊരു നിലയിലാണ് കോൺട്രാക്ടറായ സിദ്ദീഖിന്റെ കഥാപാത്രമായ അബ്ദുല്‍ കരീമും ഭാര്യ ലെനയുടെ കഥാപാത്രമായ സുലുവും കൗമാരകാരിയായ മകൾ അമൃത മേനോന്റെ കഥാപാത്രമായ ഇസ്മിയും താമസിക്കുന്നത്.മലബാറിലെ ഒരു മുസ്ലിം ഗ്രാമത്തില്‍ നിന്ന് പുറം ലോകം കണ്ടിട്ടില്ലാത്ത സുലു അഞ്ചാറ് മാസം മുമ്പാണ് ദുബായിയിലുള്ള ഭര്‍ത്താവ് കരീമിന്റെ അടുത്തെത്തുന്നത്. എന്നാൽ ദുബായിലാണ് താനിപ്പോൾ ഉള്ളതെന്നൊരു ചിന്തയൊന്നും അവർക്കില്ല. തനി മലബാർ കാരിയെപ്പോലെയാണ് അവിടെയും അവരുടെ രീതികൾ. ഇസ്മിയുടെ കൂട്ടുകാരി മീരാനന്ദന്റെ കഥാപാത്രമായ ജസ്നിയുടെ കല്ല്യാണ രാത്രിയിൽ കൊടുക്കാനുള്ള സമ്മാനം വാങ്ങാൻ കരീമിനെ കാത്ത് സുലുവും ഇസ്മിയും അവരുടെ ഫ്ലാറ്റിന്റെ സമീപമുള്ള സൂക്കിൽ വരുമ്പോഴാണ് അയാൾക്ക് ജോലി തിരക്ക് ആയതിനാൽ വരാൻ പറ്റില്ലെന്ന് അറിയുന്നത്. ഇത് ആ നാട്ടിൻപുറത്തുകാരിയെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്.
നാട്ടിലെ പോലെ, രാത്രിയില്‍ രണ്ടു പെണ്ണുങ്ങള് അവിടെ ഒറ്റയ്ക്ക് നില്‍ക്കുന്നത് ആരെങ്കിലും കണ്ടാല്‍ എന്താണ് വിചാരിക്കുമെന്ന ഒരു വേവലാതി അവര്‍ക്കുണ്ട്. ദേഷ്യത്തിൽ അവിടെ നിന്നും ഫ്ലാറ്റിലേക്ക് മടങ്ങിയ അവർ കരീം വന്നപ്പോൾ ജസ്നിയുടെ കല്ല്യാണത്തിനുപോകാൻ തയ്യാറായി. എന്നാൽ തലവേദന കാരണം താൻ വരുന്നില്ലെന്ന് പറഞ്ഞ ഇസ്മിയെ ഒറ്റക്ക് ആ ഫ്ലാറ്റിലാക്കി സുലുവും കരീംമും പോകുന്നു. എന്നാൽ കൗമാരകാരിയായ മകളെ ഒറ്റയക്ക് അവിടെ ആക്കി പോകാൻ സുലുവിന് വിശ്വസ കുറവുണ്ട്. എന്തൊക്കെയോ ചുറ്റികളികൾ മകൾക്കുണ്ടെന്നും അവൾ ഞങ്ങളറിയാതെ അന്യമതസ്ഥനായ കാമുകനുമായി ഓടിപ്പോകുമോ എന്നെല്ലാം സുലു ഭയക്കുന്നുണ്ട്.
ആ ചിന്തകൾക്കിടയിലാണ് ജസ്നി തന്റെ ആ കല്ല്യാണരാത്രിയിൽ കാമുകനുമായി അവിടെ നിന്ന് ഒളിച്ചോടുന്നത്. ഇതും കൂടി ആയപ്പോൾ സുലു കരീമിനെ കൂട്ടി തിടുക്കത്തിൽ വീട്ടിൽ തിരിച്ചെത്തുമ്പോൾ അവൾ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. അത് അവളുടെ കാമുകനായ വിവേകാണെന്നും അയാൾ ആ കെട്ടിടത്തിൽ തന്നെ മറ്റൊരു നിലയിലാണ് താമസമെന്നും ഈ രാത്രിയിൽ തന്നെ അവിടെപോയി വിവരങ്ങൾ തിരക്കണമെന്നും ബഹളം കൂട്ടുന്ന സുലുവിനെ നാളെ പോയി തിരക്കാം എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്നു.
പിറ്റേന്ന് വെള്ളിയാഴ്ച, വിവേകിന്റെ ഫ്ലാറ്റ് തിരക്കി ബാലുവിന്റെയും ലക്ഷ്മിയുടെയും ഫ്ലാറ്റിലാണ് സുലുവും കരീമും എത്തുന്നത്. ഇവരാണെങ്കിൽ തലേന്ന് ആ കല്ല്യാണ വീട്ടിൽ നിന്ന് വരുമ്പോൾ കാറ് പാർക്ക് ചെയ്തതിനെ പറ്റി ചില കശപ്പിശകൾ നടന്നിരുന്നു. ഈ സമയം വിവേക് അവിടെ ഇല്ലായിരുന്നു. വിവേക് ഇവരുടെ മകനാണെന്നാണ് സുലു കരുതിയത്. എന്നാൽ അവർക്ക് കുട്ടികളില്ല എന്നറിയുമ്പോൾ, സുലുവിൽ നിന്ന് വന്ന ഒരു വാക്ക് ലക്ഷ്മിയെ വിഷമിപ്പിക്കുന്നു. അത് താൻ കാരണമാണ് ഉണ്ടായതെന്നതിനാൽ സുലുവിനും വിഷമമാകുന്നു. തുടർന്ന് സുലു ലക്ഷ്മിയോട് സോറി പറയാൻ അവരുടെ മുറിയിലേക്ക് പോകുന്നു. ഈ സമയം ഇതെല്ലാം കേട്ട് വിഷമിച്ച് ബാലു രണ്ടെണ്ണം അടിക്കുമ്പോഴാണ് കരിം ബാലുവിനെതേടി അവിടെ വരുന്നത്.
തുടർന്ന് കരിമും ബാലുവും ആ കുപ്പി കാലിയാക്കുന്നു. ഇതിനിടെ സുലുവും ലക്ഷ്മിയും ചങ്ങാത്തത്തിലാകുന്നു. ഇതിനിടെ കള്ളുകുടിച്ച് ബോധംപോയ കരിം അവിടെ ബാലുവിനുമായി കശപ്പിശ ഉണ്ടാക്കുന്നു. ഇതേതുടർന്ന് ബാലു കരിമിനെ ഒന്ന് കൈവെക്കുന്നു. അതോടെ ബോധം പോയ കരിം സുലുവുമൊത്ത് അവരുടെ ഫ്ലാറ്റിലേക്ക് തിരികെ പോരുന്നു. അവിടെ വന്ന അവർ അവിടെ വിവേകിനേയും ഇസ്മിയേയും ഒരുമിച്ച് കാണുന്നു. ഇതേ തുടർന്ന് അവർ ബാലുവിനേയും ലക്ഷ്മിയേയും തങ്ങളുടെ ഫ്ലാറ്റിലേക്ക് വിളിപ്പിക്കുന്നു. അന്നായിരുന്നു ഇസ്മിയുടെ ബർത്ത്ഡേയും അത് ആഘോഷിക്കാനാണ് വിവേക് വന്നതെന്ന് പറഞ്ഞിട്ടും സുലുവും കരീമും വിശ്വസിക്കുന്നില്ല. ഈ സമയമാണ് ജസ്നിയും മറ്റു ചില കൂട്ടുകാരും അവിടെക്ക് വരുന്നത്. ഇതോടെ അവിടെ ചില സംഭവ വികാസങ്ങൾ നടക്കുന്നു.
അതെന്താണെന്നറിയാൻ നമുക്ക് തീയറ്ററിലേക്ക് പോകാം നർമ്മത്തിൽ പൊതിഞ്ഞ ഈ കുടുംബചിത്ര ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. കൂടാതെ പ്രകാശ് വേലായുധന്റെ ഛായാഗ്രഹണവും മനോജിന്റെ ചിത്രസംയോജനവും വില്യം ഫ്രാൻസിസിന്റെയും ഷാൻ റഹ്മാന്റെയും സംഗീതവും ചിത്രത്തെ കൂടുതൽ ആസ്വാദനമാക്കുന്നുണ്ട്.