എന്നാലും ശരത് കുത്ത് കുത്ത് ചോദ്യ ചിഹ്നം
Bilal Nazeer
4 വർഷം തിയേറ്ററിൽ ഓടിയ ശേഷം 😜😄 2 ദിവസം മുൻപ് OTT റിലീസ് നടത്തിയ ചിത്രമാണ് എന്നാലും ശരത് കുത്ത് കുത്ത് ചോദ്യ ചിഹ്നം.നായകൻ്റെ പേര് സിനിമക്ക് ഇടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നായികയുടെയും വില്ലൻ്റെയും വരെ പേരുകൾ സിനിമയ്ക്ക് ഇടുന്നതും നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഈ ക്ലീഷേകൾ എല്ലാം പൊളിച്ച് സിനിമയിൽ യാതൊരു പ്രാധാന്യവും ഇല്ലാതെ, 15 ഡയലോഗ് തികച്ച് ഇല്ലാത്ത ഒരു കഥാപാത്രത്തിൻ്റെ പേര് ഇട്ട ഡയറക്ടർ ബ്രില്ലിയൻസ് ആണ് എന്നാലും ശരത് കുത്ത് കുത്ത് ചോദ്യ ചിഹ്നം
Spoiler Alert
എന്നാലും ശരത് കുത്ത് കുത്ത് ചോദ്യ ചിഹ്നം തുടങ്ങുന്നത് തന്നെ ന്യുജെൻ മദർ തെരേസ എന്ന് കൂട്ടുകാർ കളിയാക്കി വിളിക്കുന്ന ലിസിൻ്റെ മരണത്തിലൂടെയാണ് . “ന്യുജെൻ മദർ തെരേസ” യുടെ മരണം കണ്ട ഉടനെ “എന്നാലും ശരത് കുത്ത് കുത്ത് ചോദ്യ ചിഹ്നം” നാട് വിട്ട് പോകുന്നു. ലിസിൻ്റെ കൊലയാളിയെ കണ്ടെത്തണം എന്ന ആവശ്യവുമായി ടെയ്ലർ മണി സോറി ലിസിൻെറ കൂട്ടുകാരി മിക്കി സമരം ചെയ്യുന്നു. സമര പന്തലിൽ വെച്ച് ഒരു പട്ടിയെ കെട്ടിപ്പിടിച്ചതിന് സമരക്കാർ മിക്കിയെ സമരത്തിൽ നിന്ന് പുറത്താക്കുന്നു. പോലീസ് അന്വേഷണം കനക്കുന്നു. സംശയം എന്നാലും ശരത് കുത്ത് കുത്ത് ചോദ്യ ചിഹ്നത്തിലേക്ക് എത്തുന്നു.
പിന്നീട് സംശയം ബാലചന്ദ്ര മേനോനിലേക്കും എത്തുന്നു. ഇടക്ക് വെറുതെ ഒരു ലാൽ ജോസും. സിനിമയുടെ ഇൻ്റർവെൽ പ്രേക്ഷകർക്ക് തടവറയിൽ നിന്നുള്ള ജാമ്യം ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ബ്രില്ലിയൻസ് കൂടി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ക്ലൈമാക്സിൽ ഒരു ലോഡ് ട്വിസ്റ്റുകൾ ശാന്തമായി ഒഴുകി വരുന്നു. മേനോൻ സാർ ഒരു സ്ത്രീ ലമ്പടൻ ആണ് പുള്ളിയാണ് കൊന്നത് എന്ന് ഒരു ട്വിസ്റ്റ്, അല്ല പുള്ളിയുടെ മകളാണ് ന്യുജെൻ മദർ തെരേസ എന്നത് അടുത്ത ട്വിസ്റ്റ്.
കൂട്ടുകാരി മിക്കി ലെസ്ബിയൻ ആണോ എന്ന ചോദ്യം അടുത്ത ട്വിസ്റ്റ്, പുരുഷൻ ആയി മാറി തൻ്റെ കൂട്ടുകാരിയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ച ട്രാൻസ് ജെൻഡർ ആണെന്നത് അടുത്ത ട്വിസ്റ്റ്, ട്രാൻസ് ജെൻഡർ ട്വിസ്റ്റ് ഒഴികെ കൊലയാളി ആരാണെന്നത് ഉൾപടെ ഉള്ള എല്ലാ ട്വിസ്റ്റും നാട്ടുകാർക്ക് ആദ്യമേ മനസ്സിലാകും എന്നത് അവസാനത്തെ ട്വിസ്റ്റ്.