01പട്ടാളക്കാര്‍ ആരും പെട്ടെന്ന് ഞെട്ടുന്നവരല്ല .

പക്ഷെ ഞെട്ടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്.

ചില ഉദാഹരണങ്ങള്‍ പറയാം.

ലീവിലുള്ള ഒരു പട്ടാളക്കാരന്‍ രാവിലെ പത്രം എടുത്ത് നോക്കുമ്പോള്‍ എവിടെയെങ്കിലും ഒരു ബോംബ് സ്‌ഫോടനം ഉണ്ടായതായുള്ള വാര്‍ത്ത കണ്ടാല്‍ മതി. ഉടന്‍ ഞെട്ടും…
അതിന്റെ പേരില്‍ തന്റെ ലീവ് ക്യാന്‍സലായാലോ എന്ന പേടി കൊണ്ടുള്ള ഞെട്ടല്‍..!!
ലീവിന് വരുന്ന പട്ടാളക്കാരന്‍ റെയില്‍വേ സ്‌റ്റേഷനില്‍ തന്നെ സ്വീകരിക്കാനായി ഒന്നില്‍ കൂടുതല്‍ ആളുകള്‍ വന്നിട്ടുണ്ടെങ്കിലും ഞെട്ടും..

തന്റെ പെട്ടിയിയിലിരിക്കുന്ന കുപ്പികളുടെ അധോഗതി ഓര്‍ത്തുള്ള ഞെട്ടലാണ് അത് !!

ലീവിന് പോയിട്ട് തിരിച്ചു വരുന്ന ആള്‍ യൂണിറ്റില്‍ എത്തുമ്പോള്‍ അവിടെ ഏതെങ്കിലും ഇന്‍സ്‌പെക്ഷന്‍ നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഞെട്ടും..

‘ഭഗവാനെ, വന്നു കേറിയില്ല അതിനു മുന്‍പേ കാലമാടന്മാരുടെ ഒടുക്കത്തെ ഇന്‍സ്‌പെക്ഷന്‍’ എന്നുള്ള ആത്മഗതത്തോടെയുള്ള ഈ ഞെട്ടലിന്റെ തീവ്രത ‘ഞെട്ടല്‍ സ്‌കെയിലില്‍’ താരതമ്യേന കുറഞ്ഞ അളവിലായിരിക്കും കാണിക്കുക.

പക്ഷെ സ്വന്തം നാട്ടുകാരനും ആത്മസുഹൃത്തും ഒരേ മുറിയിലെ കിടപ്പുകാരനുമായ ഒരാള്‍ പെട്ടെന്ന് മരിച്ചു പോകുമ്പോള്‍ ഞെട്ടാത്തവര്‍ ആരാണുള്ളത്?

അങ്ങനെ ഞാനും ഒരിക്കല്‍ ഞെട്ടി…

പണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉഗ്രവാദി ആക്രമണം ഉണ്ടായ കാലം. ലീവിലുള്ള സകല പട്ടാളക്കാരെയും തിരിച്ചു വിളിച്ചു. ലീവ് സാങ്ഷന്‍ വാങ്ങി പുറപ്പെടാനിരുന്നവരും ലീവ് ക്യാന്‍സല്‍ ആയി തിരിച്ചു വന്നവരും അതെല്ലാം മറന്നു കര്‍ത്തവ്യത്തില്‍ മുഴുകി.

അങ്ങനെ കഴിയുമ്പോഴാണ് എന്റെ നാട്ടുകാരനായ പിള്ളേച്ചന്റെ ‘അമ്മ മരിച്ചു’ എന്നുള്ള ടെലെഗ്രാം കിട്ടുന്നത്..എമെര്‍ജെന്‍സി ലീവ് പോലും കിട്ടാന്‍ സാധ്യതയില്ലാത്ത സമയം.

ടെലെഗ്രാം കയ്യില്‍ പിടിച്ചുകൊണ്ട് പൊട്ടിക്കരയുന്ന പിള്ളേച്ചനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാനും മറ്റുള്ളവരും വിഷമിച്ചു.

പെട്ടെന്നാണ് സീനിയര്‍ ജെ. സി. ഓ. രാംസിംഗ് സാബ് ആ വാര്‍ത്തയുമായി എത്തിയത്. മലയാളിയായ കമാണ്ടര്‍, ബ്രിഗേഡിയര്‍ പ്രകാശ് മേനോന്‍ ഈ വിവരമറിയുകയും പിള്ളേച്ചനെ എമര്‍ജന്‍സി ലീവിന് വിടാന്‍ തീരുമാനിച്ചതുമായ വാര്‍ത്ത!

കരഞ്ഞു തളര്‍ന്ന പിള്ളേച്ചന്റെ ബാഗും പെട്ടിയും ഞങള്‍ റെഡിയാക്കി. പെട്ടിയും എടുത്ത് പിള്ളേച്ചനുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞങ്ങള്‍ സാധങ്ങള്‍ വണ്ടിയില്‍ വച്ച ശേഷം അദ്ദേഹത്തെ ഒരിക്കല്‍ കൂടി സമധാനിപ്പിച്ചിട്ട് തിരിച്ചു നടന്നു.

ബാരക്കില്‍ എത്തി പത്തു മിനിട്ട് കഴിയ്യുന്നതിനു മുന്‍പേ മെയിന്‍ ഗേറ്റില്‍ നിന്നും അതിഭയങ്കരമായ ഒരു സ്‌ഫോടന ശബ്ദം ഉയര്‍ന്നു..
തുടര്‍ന്ന് കാതടപ്പിക്കുന്ന വെടിശബ്ദങ്ങള്‍….. ഗ്രനേഡുകള്‍ തകരുന്ന പ്രകമ്പനങ്ങള്‍.!!

പെട്ടെന്ന് ഞങ്ങള്‍ തോക്കുമെടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു… മെയിന്‍ ഗേറ്റിനു കുറച്ചു ദൂരെയുള്ള ഒരു മരത്തിനു മറഞ്ഞു നിന്ന് അങ്ങോട്ട് നോക്കി..

പുകയും വെടിശബ്ദങ്ങളും കൊണ്ട് കലുഷിതമായ അന്തരീക്ഷം. മെയില്‍ ഗേറ്റിനു തൊട്ടു മുന്‍പിലുള്ള ഘങഏ (ലൈറ്റ് മെഷീന്‍ ഗണ്‍) പോസ്റ്റില്‍ വച്ചിരുന്ന മണല്‍ ചാക്കുകള്‍ ചിതറിത്തെറിച്ചു കിടക്കുന്നു…

മെയില്‍ ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മിലിട്ടറി പോലീസിലെ ഒരു ജവാന്‍ അയാളിരുന്ന കസേരയുടെ താഴെ വീണു കിടക്കുന്നു…
അയാളുടെ ചുറ്റും ചോര ഒഴുകിപ്പടരുന്നു…

പെട്ടെന്നാണ് ഞങ്ങള്‍ ആ നടുക്കുന്ന ദൃശ്യം കണ്ടത്. പിള്ളേച്ചന്‍ കയറിയ മിലിട്ടറി ട്രക്ക്. അതിന്റെ മുകള്‍ ഭാഗം ഇളകി തെറിച്ചു പോയിരിക്കുന്നു. ടാര്‍പോളിന്‍ തെറിച്ചു പോയ അതിന്റെ പുറകില്‍ ഞങ്ങളുടെ പിള്ളേച്ചന്റെ പെട്ടി മറിഞ്ഞു കിടക്കുന്നു….
ദൈവമേ…

നെഞ്ചിലൂടെ ഒരിടിവാള്‍ മിന്നിയത് ഞാന്‍ അറിഞ്ഞു. എവിടെ ? എവിടെ ഞങ്ങളുടെ പിള്ളേച്ചന്‍?..

ഓടിച്ചെന്ന് ആ വണ്ടിയില്‍ പിള്ളേച്ചനെ തിരയാന്‍ ഞങ്ങള്‍ കൊതിച്ചു. പക്ഷെ എങ്ങിനെ ?

എന്താണ് സംഭവം എന്നറിയാതെ എങ്ങനെ അങ്ങോട്ടടുക്കും?
ഒടുവില്‍ എല്ലാം ശാന്തമായി.

മരങ്ങളുടെയും മണല്‍ ചാക്കുകളുടെയും മറവില്‍ നിന്നും പുറത്തുവന്ന ഞങ്ങള്‍ ആ കാഴ്ച കണ്ടു..

തകര്‍ന്ന പട്ടാള ട്രക്കിന്റെ ഉള്ളില്‍ തന്റെ സന്തത സഹചാരിയായ സ്യുട്ട് കേസ്സിന്റെ അടുത്തുതന്നെ വീണു കിടക്കുന്ന പിള്ളേച്ചന്‍…

ഇടതു കൈ മടക്കി നെഞ്ചില്‍ ചേര്‍ത്ത് വച്ചിരിക്കുന്നു. സ്‌ഫോടനത്തില്‍ തകര്‍ന്നു പോയ കാലുകള്‍. ചുറ്റും ചോരയുടെ ചുവന്ന നിറം.

അത് ട്രക്കിന്റെ പ്ലാറ്റ് ഫോമില്‍ നിന്നും ചാലിട്ടൊഴുകി തുള്ളി തുള്ളിയായി നിലത്തു വീഴുന്നു…

‘ഹോ ദൈവമേ’

നടുക്കുന്ന ആ കാഴ്ച കണ്ടു തളര്‍ന്നുപോയ ഞാന്‍ മുഖം പൊത്തി വെറും നിലത്തു കുത്തിയിരുന്നു…

അരമണിക്കൂര്‍ മുന്‍പ്…
അമ്മയുടെ മരണമറിഞ്ഞു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ പിള്ളേച്ചന്‍..

എന്റെ കയ്യില്‍ തൂങ്ങി മെയിന്‍ ഗേറ്റില്‍ വരെ ഞാന്‍ കൊണ്ടാക്കിയ പിള്ളേച്ചന്‍…

ഞങ്ങള്‍ കൈവീശി യാത്രയാക്കിയ പിള്ളേച്ചന്‍…

ഇതാ…
കടും ചുവപ്പ് വസ്ത്രം ധരിച്ച്…

ആരും കാണാത്ത നാട്ടിലേയ്ക്ക് ….

ഒരിക്കലും തീരാത്ത ലീവെടുത്ത് ….

പോയിരിക്കുന്നു…..

You May Also Like

സ്വപ്നച്ചിറകുകള്‍.

പാടത്തിനു നടുവിലുള്ള ചെമ്മണ്ണ് റോഡിലൂടെ നടക്കുമ്പോള്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. മുന്‍പ് പെയ്ത പെരുമഴയില്‍ ഉയര്‍ന്നു പൊങ്ങിയ വെള്ളം, താഴ്ന്ന ഭാഗങ്ങളിലൂടെ റോഡു മുറിച്ചോഴുകിക്കൊണ്ടിരുന്നു. നോക്കെത്താ ദൂരം വെള്ളം. പാടത്തിനെ മുറിച്ചുകൊണ്ട് പോയിരുന്ന തോട്ടുവക്കിലെ കൈതകള്‍ മാത്രം വെള്ളത്തില്‍ അങ്ങിങ്ങ് തലയുയര്‍ത്തി നില്‍പ്പുണ്ട്. കാലിനടിയില്‍ എന്തോ പിടഞ്ഞപ്പോള്‍ ഞെട്ടി കാല്‍ പിന്‍വലിച്ചു.

ലോകമെമ്പാടും പരന്നു കിടക്കുന്ന, ഗാമയുടെ നിധിയുടെ കാവൽക്കാരൻ – “ബാറോസ് “

ക്യാമറക്കു മുന്നിൽ, മലയാള സിനിമയിലെ “നിധി ഒളിയിരിക്കുന്ന ദ്വീപ് തേടി നാൽപതു വര്ഷം മുൻപ് തുടങ്ങിയ യാത്രയിൽ, കലങ്ങി കറുത്ത കടലിൽ വെച്ചു കണ്ടു മുട്ടിയവർ

മഴയില്‍ കുതിര്‍ന്ന കണ്ണീര്…

വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. എന്താണ് ചിന്തിക്കുന്നതെന്നോ എന്തിനാണ് ചിന്തിക്കുന്നതെന്നോ അവന്‍…

വൃദ്ധസദനം

കഴിഞ്ഞ ഒരാഴ്ചയായി വൃദ്ധസദനം വൃത്തിയാക്കുകയാണ് ..ചായം പൂശിയും പുല്ലുകള്‍ പറിച്ചും എന്ന് വേണ്ട ഏതെല്ലാം രീതിയില്‍ മുഖം മിനുക്കുവാന്‍ പറ്റും അതൊക്കെ ചെയ്യുനുണ്ട് .ഇതുവരെ കാണാത്ത ഭാരഭാഹികളും മറ്റും സ്ഥിരം സന്ദര്‍ശനം നടത്തുന്നുമുണ്ട് ,അവരുടെതായ അഭിപ്രായങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട് .അന്തേവാസികള്‍ക്ക് കാര്യങ്ങള്‍ അത്രക്ക് പിടികിട്ടിയിട്ടില്ല.എന്തിനാണ് ഈ ഒരുക്കങ്ങള്‍ എന്നോ ഒന്നും അവര്‍ക്കറിയില്ല.മക്കള്‍ ഇവിടെ തള്ളിയ ഭൂരിഭാഗം പേര്‍ക്കും അതറിയാന്‍ താല്‍പര്യവും ഇല്ല.ഇവിടെ ഒരുകണക്കിന് സുഖം തന്നെ ..ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയാമല്ലോ .അത്ര തന്നെ.എങ്കിലും പലരുടെയും ഉള്ളില്‍ വിങ്ങലാണ് ..പോറ്റി വളര്‍ത്തിയ മക്കള്‍ തന്നെ ഇങ്ങിനെ ചെയ്തല്ലോ എന്ന്.