cinema
ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 10
(ഗോപിനാഥ് മുരിയാട്)
ബ്യൂട്ടി പാലസ്..
1990 എന്റെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം ഉള്ള ഒരു വർഷം ആയിരുന്നു. മൗനദാഹത്തിന് ശേഷം തിരക്കേറിയ ദിനങ്ങൾ എന്റെ സിനിമാ ജീവിതത്തിലേക്ക് കടന്ന് വന്നു. ഒന്നിന് പിറകെ ഒന്നായി സെൻസർ വർക്കുകൾ. ഇടയ്ക്കിടെ അസിസ്റ്റന്റ് ഡയറക്ടർ ആയും അസ്സോസിയേറ്റ് ഡയറക്ടർ ആയും സിനിമകൾ. ഈ വർഷം ഞാൻ ചെയ്ത പ്രധാനപ്പെട്ട സിനിമകൾ ആണ് മൃഗയ, സൺഡേ 7 P. M., ഏയ് ഓട്ടോ, അക്കരെ അക്കരെ അക്കരെ, No.20 മദ്രാസ് മെയിൽ, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കടത്തനാടൻ അമ്പാടി, താഴ്വാരം, കാട്ടുകുതിര, ഒരുക്കം, രാജാവാഴ്ച എന്നിവ..
90 ജനുവരിയിൽ ആണ് V.G.അമ്പലം എന്ന തമിഴ് സിനിമകളിലെ എഡിറ്റർ രംഗനാഥൻ എന്ന പ്രൊഡ്യൂസറോടൊപ്പം എന്നെ സമീപിക്കുന്നത്. ചന്ദ്രകുമാർ സാർ ഒരുക്കിയ ആദിപാപം എന്ന ഗ്ലാമർ ചിത്രം കേരളത്തിലും പുറത്തും കൈവരിച്ച സാമ്പത്തിക വിജയം കണ്ട് കണ്ണ് മഞ്ഞളിച്ചാണ് അവരുടെ വരവ്. അവർ തെളിച്ചു പറഞ്ഞു. അമ്പലം ആണ് ഡയറക്ടർ. വിജയൻ കരോട്ടിന്റെ ഒരു കഥ അവർ വാങ്ങി വന്നീട്ടുണ്ട്.
പേര് ബ്യൂട്ടി പാലസ്. മദ്രാസിലെ ഒരു റിസോർട് ഉടമ തന്റെ സുഹൃത്തുക്കളായ D.G.P., രാഷ്ട്രീയ നേതാവ് എന്നിവർക്ക് വേണ്ടി, തന്റെ റിസോർട്ടിൽ ജോലി തേടി എത്തിയ ഒരു പാവം പെൺകുട്ടിയെ കാഴ്ച വയ്ക്കുന്നു. അവൾ അയാളോട് സ്നേഹം അഭിനയിച്ച് ഒപ്പം കൂടി ആ റിസോർട്ടിന്റെ തന്നെ നടത്തിപ്പുകാരി ആയി. പതുക്കെ പതുക്കെ ഓരോരുത്തരെയും മയക്കി എടുത്ത അവൾ ആ മൂവ്വരോടും പ്രതികാരം ചെയ്യുന്നതാണ് കഥ. (4 പേജ് ഉള്ള ഒരു സിനോപ്സിസ് മാത്രം ആണ് അവർ തന്നത് ).ഞാൻ തിരക്കഥയും സംഭാഷണവും എഴുതണം. മാത്രമല്ല അസ്സോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുകയും വേണം. ശമ്പളം ഒന്നും കാര്യമായിട്ടില്ല. പടത്തിന്റെ മൊത്തം ബഡ്ജറ്റ് 3 ലക്ഷം രൂപയാണ് !!
ഞാൻ സമ്മതിച്ചു. വേറെ ഒന്നും അല്ല. ആദ്യമായി തിരക്കഥ എഴുതാൻ ഒരവസരം. തന്നെയും അല്ല അസ്സോസിയേറ്റ് ഡയറക്ടറും ഞാൻ തന്നെ. 2 ആഴ്ചക്കുള്ളിൽ ഞാൻ സ്ക്രിപ്റ്റ് എഴുതി തീർത്തു.ഗ്ലാമർ പടം ആണെങ്കിലും തീരെ തരംതാഴ്ന്ന രീതിയിൽ അല്ല ഞാൻ സ്ക്രിപ്റ്റ് എഴുതിയത്. 3 songs വേണം എന്ന് ഞാൻ തീരുമാനം പറഞ്ഞപ്പോൾ അവർ എതിരൊന്നും പറഞ്ഞില്ല. പൂവച്ചൽ ഖാദറിനെ വരുത്തി 3 ഗാനങ്ങൾ എഴുതിച്ചു. ആ സെറ്റിൽ മലയാളം അറിയുന്ന ഒരേ ഒരാൾ ഞാൻ മാത്രം ആയത് കൊണ്ട് പൂവച്ചൽ ഖാദർ ഞാനുമായി പെട്ടെന്ന് അടുത്തു. സിനിമാക്കാരുടെ യാതൊരു ദൂഷ്യങ്ങളും സ്പർശിച്ചിട്ട് പോലും ഇല്ലാത്ത സാധുവായ ഒരു മനുഷ്യൻ. മലയാളത്തിലെ ഒരു കാലഘട്ടത്തിലെ തിരക്കേറിയ ഗാനരചയിതാവായിരുന്നു അദ്ദേഹം. (കായലും കയറും എന്ന സിനിമയിലെ ചിത്തിരത്തോണിയിൽ അക്കരെ പോവാൻ, ശരറാന്തൽ തിരി താണു.. തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ മൂളാത്ത മലയാളി ഉണ്ടാവില്ല )മ്യൂസിക് ഡയറക്ടർ അർജുനൻ മാസ്റ്റർ ആവാം എന്ന് രംഗനാഥൻ പറഞ്ഞപ്പോൾ എന്റെ സന്തോഷം ഇരട്ടി ആയി.
പിക്നിക് എന്ന ചിത്രം ഞാൻ കാണുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. അതിലെ “കസ്തൂരി മണക്കുന്നല്ലോ കാറ്റേ”യും “വാല്കണ്ണെഴുതി വനപുഷ്പം ചൂടിയും” “ചന്ദ്രക്കല മാനത്തും “കേട്ട നാൾ മുതൽ എന്റെ പ്രിയ ഗാനങ്ങൾ ആണ്. (എന്റെ സമീപ ഗ്രാമമായ ആനന്ദപുരത്ത് ആയിടെ തുറന്ന വിജയ ടാക്കിസിൽ ആണ് പിക്നിക് ഞാൻ കാണുന്നത്. നസിർ സാർ ഡബിൾ റോളിൽ അഭിനയിച്ചു ശശികുമാർ സാർ സംവിധാനം ചെയ്ത ആ സിനിമ അന്നത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു.) സോങ് കമ്പോസിംഗ് നടക്കുമ്പോൾ പ്രൊഡ്യൂസർ അർജുനൻ മാഷോട് പറഞ്ഞു, “അധികം ഓർക്കസ്ട്ര ഒന്നും വേണ്ട. ബഡ്ജറ്റ് കുറവാണ്.”. “അത് സാരമില്ല. ദിലീപിനെ വച്ച് നമുക്ക് കീബോർഡിൽ പ്രോഗ്രാം ചെയ്യാം. അവൻ മിടുക്കനാ. മാസ്റ്റർ സമാധാനിപ്പിച്ചു.
അന്ന് മാസ്റ്റർ താമസിക്കുന്നത് വടപളനി സുബ്ബരായ നഗറിൽ ഉള്ള ദിലീപിന്റെ വീടിന്റെ അപ്സ്റ്റെയറിൽ ആണ്. ഭരണി തിയേറ്ററിൽ വച്ചായിരുന്നു റെക്കോർഡിങ്. (രണ്ടു പാട്ട് വാണി ജയറാം മറ്റൊന്ന് ജയചന്ദ്രൻ പാടിയ സോളോ )റെക്കോർഡിങിന് ചെന്ന ഞാൻ അന്തിച്ചു പോയി. ഓർക്കസ്ട്രാക്കാർ ആരെയും കാണാൻ ഇല്ല. പൊക്കം കുറഞ്ഞ, മീശ പോലും മുളക്കാത്ത ഒരു ചെറിയ പയ്യൻ മുന്നിൽ ഉള്ള കീബോർഡ് വച്ച് എന്തൊക്കയോ ചെയ്യുന്നുണ്ട്. അന്നുവരെ ഞാൻ കണ്ട സോങ് റെക്കോർഡിങ്ങിൽ എല്ലാം ചുരുങ്ങിയത് ഒരു 50 മ്യൂസിഷ്യൻസ് ഉണ്ടാവും. വയലിൻ തന്നെ പത്തു പതിനഞ്ചു എണ്ണം കാണും. ഇതെന്തു കൂത്താണെന്ന് ഞാൻ അത്ഭുതപ്പെട്ടു.
അർജുനൻ മാസ്റ്ററുടെ ശിഷ്യൻ ആയ ജോൺസൻ ഗുരുവിനെ സഹായിക്കാൻ റെക്കോർഡിങ്ങിന് എത്തിയിരുന്നു.( Conduct ചെയ്തത് ജോൺസൻ മാഷ് തന്നെ).റെക്കോർഡിങ് തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ ഞാൻ അമ്പരന്ന് പോയി. ആ കീബോർഡിൽ നിന്നും സകല ഇൻസ്ട്രുമന്റ്സും ആ പയ്യൻ പ്ലേ ചെയ്യുന്നു. കീബോർഡ് ഞാൻ കണ്ട എല്ലാ റെക്കോർഡിങ്ങിലും പതിവുണ്ടെങ്കിലും അത് മാത്രം വച്ചു എല്ലാ സംഗീതവും ഉണ്ടാക്കാം എന്ന് അന്നാണെനിക്ക് മനസ്സിലായത് !!
വൈകുന്നേരം ആയപ്പോഴേക്കും 3 പാട്ടും റെഡി. സൗണ്ട് എഞ്ചിനീയറുടെ റൂമിൽ ഇരുന്ന് പാട്ട് കേട്ട ഞാൻ ഞെട്ടിപ്പോയി. മനോഹരമായ 3 ഗാനങ്ങൾ ശൂന്യതയിൽ നിന്നും പിറന്നിരിക്കുന്നു !! അർജുനൻ മാഷ് പറഞ്ഞ പോലെ ഈ ദിലീപ് ആൾ ഒരു മിടുക്കൻ തന്നെ. (അന്ന് ഞാൻ അറിഞ്ഞില്ല 2 വർഷം കഴിഞ്ഞ് ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിക്കാൻ പോകുന്ന A.R.റഹ്മാൻ ആയി പുള്ളി പുനർജനിക്കും എന്ന് ).റെക്കോർഡിങിനിടെ ഭരണി തീയേറ്ററിന് വെളിയിൽ 2 മുൻകാല താരങ്ങൾ വന്നു. വിൻസെന്റും സുധീറും.എന്റെ കൗമാര കാലത്തിൽ ഞാൻ കണ്ട പല സിനിമകളിലെയും നായകൻമാർ. ഞാൻ അമ്പരന്നു. എന്താ ഇവർ ഇവിടെ.?? ഡയറക്ടർ അമ്പലം എന്നെ വിളിച്ച് അവരോട് സംസാരിക്കാൻ പറഞ്ഞു. ശമ്പളത്തിന്റെ കാര്യം. രണ്ടു മുൻകാല നായകൻമാരോട് വില പേശാൻ അവർക്ക് മടി. സിനിമയിൽ റോൾ ഉണ്ട്, സംസാരിക്കാം എന്ന് പറഞ്ഞു അവരെ വിളിച്ചു വരുത്തിയത് രംഗനാഥൻ ആയിരുന്നു.
മമ്മൂട്ടി, മോഹൻലാൽ നായകൻമാർ മലയാള സിനിമ പിടിച്ചടക്കിയതോടെ സിനിമയിൽ നിന്നും ഔട്ട് ആയ ഇരുവരും ഒരവസരത്തിനായി അങ്ങോട്ട് പോയി ചോദിക്കാൻ വരെ തയ്യാർ ആയിരുന്നു ആ കാലഘട്ടത്തിൽ ! മനസ്സില്ലാ മനസ്സോടെ ഞാൻ ഇരുവരും ആയി സംസാരിച്ചു. അവർ ചോദിച്ച തുക വെറും 15,000 രൂപയായിരുന്നു. അറിയിക്കാം എന്ന് പറഞ്ഞു രംഗ നാഥൻ അവരെ മടക്കിഅയച്ചു. (അത് കൂടുതൽ ആണത്രേ !!)വൃന്ദ എന്ന ഒരു പുതുമുഖം പെൺകുട്ടിയെ കൊണ്ടുവന്നു എന്നെ കാണിച്ചീട്ടു അമ്പലം പറഞ്ഞു, “നമുക്ക് നായികയായി അവളെ മതിയെന്ന്. ”
മലയാളം ഡയലോഗ്സ് ഒക്കെ പറഞ്ഞു നോക്കിച്ചപ്പോൾ ആ കുട്ടി വലിയ കുഴപ്പം ഇല്ലെന്ന് എനിക്ക് മനസ്സിലായി.ഷൂട്ടിംഗ് ദിവസം അടുത്തു. നായകൻ ആയി ആരും സെറ്റ് ആയിട്ടില്ല. എന്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ എന്നായി രംഗനാഥൻ.ഒറ്റ കണ്ടിഷൻ മാത്രം. പൈസ അധികം ചോദിക്കരുത്. അപ്പോഴാണ് ഞാൻ മെർവിനെ പറ്റി ഓർത്തത്. മൗനദാഹത്തിൽ ഹരീഷ് ന്റെ സുഹൃത്തായി വന്ന മെർവിൻ.അവൻ എന്റെ സുഹൃത്താണ്. വിളിച്ചാൽ വരും. പൈസയും പ്രശ്നം ഇല്ല. പക്ഷേ ഒരു ഗ്ലാമർ പടം ആയത് കൊണ്ട് ഇനി വേണ്ടെന്ന് പറയുമോ? ഞാൻ അവനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. കാര്യം പറഞ്ഞു.
അവൻ ആദ്യം ഒന്ന് വിരണ്ടു. ഞാൻ സമാധാനിപ്പിച്ചു. “സ്ക്രിപ്റ്റ് ഞാൻ അല്ലെടോ? താൻ നായികയുടെ innocent ആയ കാമുകൻ ആണ്. ബെഡ്റൂം സീൻ ഒക്കെ നായികക്കും D.G.P., രാഷ്ട്രീയക്കാരൻ, റിസോർട് ഉടമ, ഇവർക്കൊക്കെ ആണ്.
മെർവിൻ സമ്മതിച്ചു. D.G.P.ആയി ഒരു തമിഴ് ഫൈറ്റ് മാസ്റ്റർ എത്തി. കറുത്ത് തടിച്ച ഒരാജനുബാഹു. Ok.ഒപ്പിക്കാം.(സോറി. അദ്ദേഹത്തിന്റെ പേര് മറന്നു ട്ടോ )ഇനി രാഷ്ട്രീയക്കാരൻ, മെയിൻ വില്ലനും സെൻട്രൽ കാരക്ടറും ആയ റിസോർട്ട് ഓണർ.. രണ്ടും മെയിൻ റോൾസ് ആണ്. ഡബ്ബിങ് ആർട്ടിസ്റ്റ് ഹരിചേട്ടൻ എന്റെ സുഹൃത്താണ്. അദ്ദേഹം നല്ല നടനും ആണ്.ഡയറക്ടർ അമ്പലത്തിനും ഹരിച്ചേട്ടനെ അറിയാം. അങ്ങനെ അതും തീരുമാനം ആയി. രംഗനാഥൻ അടുത്ത ദിവസം വന്നപ്പോൾ പറഞ്ഞു . “അന്ത പ്രശ്നം ഓക്കേ യാച്ച് ഗോപി സാർ. ഉങ്കൾക്ക് ഒരു പെരിയ ആർട്ടിസ്റ്റേ നാൻ കൊടുക്കറേൻ. “എനിക്ക് ചിരി വന്നു.
നമ്മുടെ വിൻസെന്റിനും സുധീറിനും 15,000 രൂപ കൊടുക്കാൻ ഇല്ലാത്ത ഇവർക്ക് ആരെ കിട്ടാൻ?
“ഉങ്കൾക്ക് രവിചന്ദറെ തെരി യുമാ? തമിഴ് ആര്ടിസ്റ്റ്. മലയാളത്തില് കൂടെ പണ്ണിയിരുക്കങ്ങേ . ”
അടുത്ത ഷോക്ക് ആയി അത്. ആരോമലൂണ്ണി എന്ന ഉദയാ ചിത്രത്തിൽ നസിറിനോപ്പം നായകൻ ആയ രവിചന്ദർ.. ഒരു കാലഘട്ടത്തിൽ എല്ലാ വെള്ളിയാഴ്ചയും രവിചന്ദറുടെ പടങ്ങൾ റിലീസ് ഉണ്ടാവും എന്നത് കൊണ്ട് ഫ്രൈഡേ സ്റ്റാർ എന്ന് തമിഴ് മീഡിയ വാഴ്ത്തിയ പഴയ സൂപ്പർ സ്റ്റാർ. നമ്മുടെ ഷീലാമ്മയുടെ ആദ്യ ഭർത്താവ്. വർഷങ്ങൾക്ക് ശേഷം ആയിടെ ഇറങ്ങിയ വിജയ് കാന്ത് പടം ഊമയ് വിഴികൾ എന്ന ചിത്രത്തിൽ വില്ലൻ ആയി രവി ചന്ദർ തിരിച്ചു വന്ന സമയം ആണ്. പക്ഷേ അദ്ദേഹം വരുമോ?? എന്റെ സംശയം കണ്ട് രംഗ നാഥൻ ചിരിച്ചു. നാൻ കൊണ്ടു വർറെൻ സാർ. നീങ്കെ ഏൻ കവലപ്പെടറേ?? ഞാൻ തലയാട്ടി.
അങ്ങനെ അടുത്ത ആഴ്ച തന്നെ ചെന്നൈയിൽ തന്നെ മഹാബലിപുരതേക്ക് പോകുന്ന റോഡിൽ ഉള്ള ഐഡിയൽ ബീച്ച് റിസോർട്ടിൽ വച്ച് ബ്യൂട്ടി പാലസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു..
(തുടരും)
1.രവിചന്ദർ
2.രവി ചന്ദർ, ഷീല.
3.മെർവിൻ & me.
4.ദിലീപ് (A. R. Rahman)
5.അർജുനൻ മാസ്റ്റർ.
6.ജോൺസൻ മാസ്റ്റർ.
7.പൂവച്ചൽ ഖാദർ
8.വിൻസെന്റ്
9.സുധീർ.
2,136 total views, 3 views today