ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
82 SHARES
985 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 11
(ഗോപിനാഥ്‌ മുരിയാട്)

ബ്യൂട്ടി പാലസ് തുടർച്ച..

ഷൂട്ടിംഗിന് പോകുന്നതിന് തലേദിവസം പതിനഞ്ചോളം പെൺകുട്ടികൾ പ്രൊഡക്ഷൻ കമ്പനിയുടെ ഓഫീസിൽ എത്തി. എല്ലാം ജൂനിയർ ആർട്ടിസ്റ്റ്സ് ആണ്. മുമ്പ് പല സെറ്റുകളിലും ഞാൻ കണ്ടിട്ടുണ്ട് .അതിൽ പലരെയും. മുഖപരിചയം ഇല്ലാത്ത ചിലരും ഉണ്ട്. അവർ രംഗനാഥന്റെ റൂമിലേക്ക് കയറിയപ്പോൾ ഞാൻ അമ്പലത്തെ നോക്കി.
“നമുക്ക് അഞ്ചാറു കുട്ടികൾ പോരേ? ഇത്രേം പേർ? ”
അയാൾ കണ്ണിറുക്കി.
“നമ്പ പണ്റത് മസാല പടം താനേ.. പെരിയ ആർട്ടിസ്റ്റ് യാരും കെടായത്. കൊഞ്ചം കല കലപ്പാ ഇരിക്കട്ടും. ”
എനിക്ക് ഭയം തോന്നി.
മസാല പടം എന്ന് പറഞ്ഞു റിസോർട്ടിൽ പോയി എന്താണാവോ ഇവരുടെ പരിപാടി ?പ്രൊഡ്യൂസറോ,ഡയറക്ടർ അമ്പലമോ ആരും എനിക്ക് മുമ്പ് പരിചയം ഉള്ളവരല്ല. അഡ്വാൻസ് വാങ്ങി തിരിച്ചു പോകവേ പെൺകുട്ടികൾ വന്ന് യാത്ര പറഞ്ഞു.
“നാളേക്ക് വാൻ വരും. സായംകാലം 4 മണിക്ക് എല്ലാരും റെഡിയാ ഇരുങ്കോ.
അവർ പോയിക്കഴിഞ്ഞു എന്നോടും 4 മണിക്ക് ഓഫീസിൽ എത്തിയാൽ മതി. നമുക്ക് ഇവിടുന്ന് കാറിൽ പോകാം എന്ന് പറഞ്ഞു അഡ്വാൻസും തന്ന് അമ്പലം എന്നെ യാത്രയാക്കി.

ഷൂട്ടിംഗ് ലൊക്കേഷനിൽ എനിക്കും അസിസ്റ്റന്റ് ഡയറക്ടർ ആയ സത്യവാദിക്കും ഒരു റൂം ആയിരുന്നു.തൊട്ടപ്പുറത്തുള്ള മുറിയിൽ രംഗ നാഥനും അമ്പലവും. ഐഡിയൽ ബീച്ച് ധാരാളം ടൂറിസ്റ്റുകൾ വരുന്ന കടലോരത്തുള്ള ഒരു റിസോർട് ആണ്. മൊത്തം 10 കോട്ടേജുകൾ ഞങ്ങൾ ബുക്ക്‌ ചെയ്തിരുന്നു.
പെൺകുട്ടികൾക്കെല്ലാം തനിയെ ഒരു കോട്ടേജ് . ബാക്കിയുള്ളവരെ എല്ലാം പല കോട്ടജുകളിലായി താമസിപ്പിച്ചു. ഇതിൽ ചില കോട്ടെജുകൾ തന്നെയായിരുന്നു ഞങ്ങളുടെ ലൊക്കേഷനും. അടുത്ത ദിവസം രാവിലെയാണ് രവിചന്ദർ എത്തിയത്. ഞാനും അമ്പലവും കൂടി പുള്ളിയുടെ കോട്ടെജിൽ പോയി കണ്ടു.

അമ്പലത്തിന്റെ നിർദ്ദേശപ്രകാരം ഞാൻ അദ്ദേഹത്തോട് സബ്ജെക്ട് വിവരിച്ചു കൊടുത്തു. കഥ പകുതി ആയപ്പോഴേക്കും പുള്ളി തടഞ്ഞു.
“പോതും സാർ. ഇതൊണ്ണും പെരിയ വിഷയം ഇല്ലേ. നീങ്കെ ഇരുക്ക് ല്ലേ.എല്ലാം നമ്പ കലക്കലാം ”
കലക്കാം എന്ന മലയാളം വാക്ക് പുള്ളിക്ക് അറിയാം.

പൂജക്ക്‌ ശേഷം ഷൂട്ടിംഗ് ആരംഭിച്ചു. ഒരു സീൻ കഴിഞ്ഞപ്പോഴേക്കും ഒരു കാര്യം എനിക്ക് വ്യക്തമായി.
എഡിറ്റർ ആണെങ്കിലും സംവിധാനം അമ്പലത്തിന് വലിയ പിടി ഇല്ല. സ്റ്റാർട്ടും കട്ടും മാത്രം പറയാനെ ആൾ ഉണ്ടാവുള്ളു. പടം എടുക്കുന്നത് മലയാളത്തിൽ ആയതിനാൽ ആർട്ടിസ്റ്റുകൾക്ക് ഡയലോഗ് കൊടുക്കേണ്ടതും ഷോട്ട് ഡിവിഷനും എല്ലാം എന്റെ ജോലി ആയി.എന്റെ അസിസ്റ്റന്റ് സത്യവാദി ഒരു തെലുങ്ക്നായിരുന്നു. തമിഴ് അറിയാം എന്ന് മാത്രം.

സെറ്റിൽ പിന്നെയുള്ള രണ്ടേ രണ്ടു മലയാളികൾ നായകൻ മെർവിനും രാഷ്ട്രീയക്കാരൻ ആയി അഭിനയിച്ച ഹരിയേട്ടനും മാത്രം. ബാക്കി ഫുൾ ആർട്ടിസ്റ്റ്സ് & ടെക്‌നിഷ്യൻസ് തമിഴരും തെലുങ്കരും തന്നെ. ശർമിള എന്ന ഡാൻസറെ കൊണ്ടുവന്ന് 2 ദിവസങ്ങളിൽ ആയി 2 ഐറ്റം സോങ്ങ്സ് ആദ്യം തന്നെ എടുത്തു തീർത്തു.
രവി ചന്ദർ വളരെ കോപ്പറേറ്റീവ് ആയിരുന്നു. രാത്രി 9 മണിക്ക് ആളെ വിടണം. പിന്നെ കോട്ടെജിൽ ചെന്ന് റസ്റ്റ്‌ എടുക്കണം.അത് നിർബന്ധം ആയിരുന്നു.

ഷൂട്ടിംഗ് തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ഞാനും ഡയറക്ടറുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ പതിവായി. മസാല പടം ആണെങ്കിലും അതിലും ചില വൃത്തിയൊക്കെ വേണം എന്ന പക്ഷക്കാരൻ ആയിരുന്നു ഞാൻ. രതി എനിക്ക് താല്പര്യം തന്നെ. പക്ഷേ അത് അരോചകം ആകുന്നത്
എനിക്ക് സഹിക്കാൻ വയ്യ. ഇക്കാര്യത്തിൽ ഭരതൻ സാർ ആണ് എന്റെ മാനസിക ഗുരു. I.V.ശശി സാറും എനിക്ക് പ്രിയങ്കരൻ തന്നെ. തകര, ചാട്ട, ലോറി, രതി നിർവേദം, ഇതാ ഇവിടെ വരെ, അവളുടെ രാവുകൾ, മനസ്സാ വാചാ കർമണാ തുടങ്ങിയ പടങ്ങൾ ഒക്കെ കണ്ട് ഡയറക്ഷൻ ഭ്രാന്ത് തലക്ക് പിടിച്ച് മാന്യമായ ഒരു ജോലി ഉണ്ടായിരുന്നതും രാജി വച്ച് യാതൊരു പരിചയവും ഇല്ലാത്ത കോടമ്പാക്കം തേടി വന്ന ആളാണ് ഞാൻ.
സ്ക്രിപ്റ്റിലെ പല സീനുകളും അവരുടെ താല്പര്യം അനുസരിച്ചു മാറ്റി എടുക്കേണ്ടി വന്നു. പതുക്കെ പതുക്കെ എന്റെ മനസ്സിലുള്ള സിനിമ മാറി മറ്റെന്തോ വികല സൃഷ്ടിയാവുന്നത് കണ്ട് എന്റെ മനസ്സ് വിതുമ്പി.

പക്ഷേ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. ഞാൻ ഇട്ടേച്ചു പോയാൽ പടം വേറെ ഏതെങ്കിലും അസോസിയേറ്റിനെ കൊണ്ട് വന്ന് അവർ തീർക്കും. പക്ഷേ സിനിമാ രംഗത്ത് എനിക്കത് വലിയ ചീത്ത പേരാവും. ആദ്യമായി അസ്സോസിയേറ്റ് ആവുന്ന പടം ആണ്. മാത്രമല്ല സ്ക്രിപ്റ്റ് റൈറ്ററൂം. ഒരു ചീത്ത പേര് ഉണ്ടാക്കുന്നത് ഈ ഒരവസരത്തിൽ ആത്മഹത്യാപരമാണ്.

ഇതിന് പുറമെ എന്നെ വിഷമിപ്പിച്ച മറ്റൊരു സംഭവവും ഉണ്ടായി. രാഷ്ട്രീയനേതാവായ ഹരിയേട്ടൻ ലളിത എന്ന കഥാപാത്രത്തെ റേപ്പ് ചെയ്യുന്ന സീൻ. ലക്ഷ്മി എന്ന പെൺകുട്ടി ആയിരുന്നു ആ കാരക്റ്റർ ചെയ്തത്. ഞാൻ സീൻ എല്ലാം അവൾക്കും ഹരിയേട്ടനും പറഞ്ഞു കൊടുത്തു. ക്യാമറ സ്റ്റാർട്ട്‌ ആയി. കുറച്ചു സ്ട്രഗ്ഗിൾ ഒക്കെ കഴിഞ്ഞു കട്ട്‌ ചെയ്യാം എന്നായിരുന്നു എന്റെ മനസ്സിൽ. പതിവുപോലെ ഞാൻ ഡയറക്ടറുടെ കയ്യിൽ തോണ്ടി. സാധാരണ ഞാൻ തോണ്ടിയാൽ മാത്രേ പുള്ളി കട്ട്‌ പറയൂ. മലയാളം അത്ര പിടിയില്ലാത്തതിനാൽ ഏത് ഡയലോഗ് വരെ ആണ് ഞാൻ ഷോട്ട് ഫിക്സ് ചെയ്തിരിക്കുന്നതെന്ന് ആൾക്ക് മനസ്സിലാവാറില്ല.

ഈ സീനിൽ ഞാൻ തോണ്ടിയിട്ടും പുള്ളി കട്ട്‌ പറയാതെ ഹരിയേട്ടന് ഇസ്ട്രക്ഷൻസ് കൊടുത്തുകൊണ്ടേ ഇരുന്നു.
“ങ്ങാ. പുടിങ്കോ സാർ, അവുതിടുങ്കോ സാർ, കൈ ഉള്ളെ വിടുങ്കോ സാർ, വായ വക്കുങ്കോ സാർ ”

സംഗതി ഇത്രയും ആയപ്പോഴേക്കും ഞാൻ നോക്കുമ്പോൾ ഹരിയേട്ടൻ ആ കുട്ടിയുടെ മാറിടം ഫുൾ നഗ്നയാക്കിയിരുന്നു. അടിയിലും മുക്കാലും ഒന്നും ഇല്ല. ഞാൻ പതുക്കെ റൂമിൽ നിന്നും പുറത്ത് പോയി. അസ്വസ്ഥതയോടെ ഒരു സിഗരറ്റ് വലിച്ചു ഞാൻ പുറത്ത് നിൽക്കേ ഷോട്ട് കഴിഞ്ഞ് മുക്കാലും കീറിയ മാക്സിയും ധരിച്ചു ലക്ഷ്മി പുറത്ത് വന്നു. എനിക്ക് അവളുടെ മുഖത്തു നോക്കാൻ വല്ലാത്ത വിഷമം. അവൾ എന്റെ അടുത്ത് വന്ന് പതുക്കെ ചോദിച്ചു..
“കൊഞ്ചം സോല്ലക്കൂടാതാ സാർ?? ഇപ്പടി മോശം പണ്ണീറ്റിങ്കളെ.. ”
അവളുടെ ശബ്ദത്തിൽ കലർന്ന വേദന എന്നെ വല്ലാതെ സങ്കടത്തിലാക്കി. ഞാൻ ഇത്രേം പറഞ്ഞൊപ്പിച്ചു.
“എനക്കും തെരിയാതമ്മ അവൻക ഇപ്പടി പണ്ണുംന്ന്.
സോറിമ്മാ.. ”

അവൾ എന്റെ നിസ്സഹായത മനസ്സിലാക്കിയിട്ടോ എന്തോ ഒന്നും പറയാതെ തിരിച്ചു നടന്നു. ചായ കുടിക്കാൻ പുറത്ത് വന്ന അമ്പലത്തിനോട്‌ ഞാൻ എന്റെ രോഷം പ്രകടിപ്പിച്ചു.
“റൊമ്പ മോശം സാർ. എന്നാ ഇരുന്തലും ഇപ്പടിയെല്ലാം പണ്ണക്കൂടാത്.. സെക്സ് എവളം അഴകാ എടുക്കലാം ഇപ്പടി അശിങ്കമാ.. ഛെ.. ”
അമ്പലം ചിരിച്ചു.
“ഇതിൽ എന്നാ സാർ
അശിങ്കം? അന്ത പൊണ് ചുമ്മാ നടിക്കരെ.. എല്ലാം മസൂതി തെരുവ് കേസ്.. നമുക്ക് തെരിയാതാ?? ”
(അന്ന് ചെന്നൈയിലെ മസൂദി തെരുവും പൂക്കാരൻ തെരുവും ജൂനിയർ ആർട്ടിസ്റ്റുകളുടെ സ്ഥിരം താവളം ആണ്. അതിൽ മിക്കവാറും പേരും കാൾ ഗേൾസ് ആണെന്നാണ് സംസാരം ).

ശരിയായിരിക്കാം. അന്ന് ഇന്നത്തെ പോലെ വിദ്യാഭ്യാസമുള്ളവരോ നല്ല കുടുംബത്തിൽ നിന്നുള്ളവരോ സിനിമയിൽ വരുന്നത് അപൂർവം. പക്ഷേ നിവൃത്തി കേടുകൊണ്ട് അവർ അങ്ങനെ ആയിപോയതാണ്. എന്നുവച്ച് ക്യാമറക്ക് മുന്നിൽ ഒരു പരിധിക്ക് മേലേ തുണിയുരിയാൻ അവർ തയ്യാറാവണമെന്നില്ലല്ലോ??
എന്റെ വാദഗതി ഒന്നും അമ്പലത്തിന് മനസ്സിലായില്ല. അയാൾ പകരം ഒരു കണ്ടിഷൻ വച്ചു. ഇനിമേലിൽ ബെഡ്‌റൂം സീൻ എടുക്കുമ്പോൾ ഞാൻ നിൽക്കണ്ട. സീൻസ് മാത്രം എടുത്താൽ മതി. ഒരാശ്വാസത്തോടെ ഞാൻ അതിന് സമ്മതിച്ചു. പാവം പെൺകുട്ടികളുടെ പ്രാക്ക് വാങ്ങി കൂട്ടണ്ടല്ലോ..

ഷൂട്ടിംഗ് പുരോഗമിക്കവേ ഒരു കാര്യം ഞാൻ മനസ്സിലാക്കി. ഈ പടത്തിൽ സ്ക്രിപ്റ്റ് ചെയ്തതോ അസ്സോസിയേറ്റ് ആയതോ എനിക്ക് വലിയ ഗുണം ഒന്നും ചെയ്യില്ല.സോങ് കമ്പോസിംഗിനിടെ പൂവച്ചൽ ഖാദറുമായി അടുത്തപ്പോൾ ഒരു സംശയം ഞാൻ അദ്ദേഹത്തോട് പങ്കുവെച്ചിരുന്നു. ആദ്യമായി ചെയ്യുന്ന സ്ക്രിപ്റ്റ് ഒരു മസാല പടം ആവുന്നത് കൊണ്ട് എനിക്ക് ദോഷം വല്ലതും ഉണ്ടാകുമോ എന്ന്. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇന്നും എന്റെ കാതിൽ മുഴങ്ങുന്നു.
“ഹേയ്, അങ്ങനെ ഒന്നും ഇല്ല ഗോപി. ഇന്നത്തെ പ്രശസ്ത സ്ക്രിപ്റ്റ് റൈറ്റർ ആയ ശ്രീനിവാസൻ ആദ്യം ആർക്ക് വേണ്ടിയാ സ്ക്രിപ്റ്റ് എഴുതിയതെന്ന് അറിയാമോ ? ഞാൻ സംശയത്തോടെ അദ്ദേഹത്തെ നോക്കി.

ഞാൻ അറിയുന്ന ശ്രീനിവാസൻ സത്യൻ അന്തിക്കാടിനും പ്രിയദർശനും വേണ്ടിയാണ് അന്ന് എഴുതിയിരുന്നത്. വേറെ ആര്?? പൂവച്ചൽ സാർ പറഞ്ഞ പേര് കേട്ട് ഞാൻ ഞെട്ടി. അന്ന് A പടങ്ങൾ മാത്രം ചെയ്തിരുന്ന ഒരു ഡയറക്ടർക്ക് വേണ്ടിയാണത്രേ ശ്രീനിയേട്ടൻ ആദ്യമായി എഴുതി തുടങ്ങിയത്.. അത് എനിക്ക് നൽകിയ ആത്മവിശ്വാസം കുറച്ചൊന്നുമല്ല

(തുടരും..)

 

പൂവച്ചൽ ഖാദർ.
ശ്രീനിവാസൻ
ഹരി.
മെർവിൻ, ബ്രിന്ദ.
രവിചന്ദർ, ബ്രിന്ദ. &
പിന്നെ ഞാനും.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ, ആദ്യമായാണ് യുകെയിൽ ഒരു തമിഴ് സിനിമയുടെ ബുക്കിങ് ആരംഭിക്കുന്നത്

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടൻ വിജയെ

ബാബയും ശിവാജിയും നേർക്കുനേർ, രജനിക്കെതിരെ രജനി തന്നെ മത്സരിക്കുന്നു, തമിഴകം ആഘോഷ ലഹരിയിൽ

ശിവാജിയുടെ പെട്ടെന്നുള്ള അപ്‌ഡേറ്റ് ബാബയെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ ഒരു സർപ്രൈസ് സമ്മാനിച്ചു.സൂപ്പർസ്റ്റാർ

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി