മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
69 SHARES
824 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 13
(ഗോപിനാഥ്‌ മുരിയാട്)

മീണ്ടും ഒരു കാതൽ കതൈ.

ഇന്നലെ നിർത്തുമ്പോൾ അടുത്ത എപ്പിസോഡിനെ പറ്റി എനിക്ക് ഒരു ധാരണ ഉണ്ടായിരുന്നു. ബേപ്പൂർ മണിയുടെ ചിത്രത്തെ പറ്റി എഴുതാം..
“അന്ന് ഗുഡ് ഫ്രൈഡേ”യെ പറ്റി എഴുതാൻ ഒരുപാട് ഉണ്ടല്ലോ.. പക്ഷേ പോസ്റ്റ്‌ അപ്‌ലോഡ് ചെയ്ത ശേഷം ഞാൻ മൊബൈലിൽ വന്ന മെസ്സേജ്കൾ ഒന്ന് ഓടിച്ചു നോക്കി കിടക്കാൻ ഒരുങ്ങുമ്പോഴേക്കും കിരണിന്റെ കമന്റ്‌ വന്നു വീണിരുന്നു.(ആ പെൺകുട്ടി ഗീതാക്കയെ കാണാൻ പിന്നെ വന്നിരുന്നോ?) ആ ചോദ്യം എന്റെ മനസിൽ ഇട്ടുകൊണ്ട് ഉറങ്ങാൻ കിടന്ന എന്നെ നിദ്രാദേവി അനുഗ്രഹിച്ചില്ല. അവൾ വീണ്ടും വീണ്ടും എന്റെ മനസ്സിലേക്ക് കടന്ന് വന്നു.
“ഏൻ കഥാശ്രീയരെ, എൻ കഥ എപ്പോ എഴുതപ്പോരേൻ??
എന്ന് ചോദിക്കും പോലെ.
ആ ചോദ്യംഎന്നെ വിടാതെ വേട്ടയാടുന്നു.സത്യത്തിൽ ആ കുട്ടിയെ പറ്റി കൂടുതൽ ഒന്നും എഴുതാൻ ഞാൻ ഉദ്ദേശിച്ചിരുന്നേ ഇല്ല. ഭർതൃമതിയായി കുട്ടികളും ചിലപ്പോൾ പേരകുട്ടികളും ഒക്കെയായി മലേഷ്യയിൽ എങ്ങോ സന്തോഷമായി ജീവിക്കുന്ന അവളെ പറ്റി ഞാൻ എന്തിന് സിനിമാ സംബന്ധമായ ഡാറ്റകൾ മാത്രം പ്രതിപാദിക്കുന്ന ഇങ്ങനെ ഒരു ഗ്രൂപ്പിൽ സൂചിപ്പിക്കണം?? പക്ഷേ അപ്പോൾ ഒക്കെ അവളുടെ ആ ചോദ്യം എന്നെ വിടാതെ പിന്തുടർന്നു.
“സൊല്ലുങ്കോ, നീങ്കെ എപ്പോ എൻ കഥ എഴുതപോരേൻ??”

സത്യം പറഞ്ഞാൽ പുലരും വരെ ഉറങ്ങിയിട്ടേ ഇല്ല.എന്തായാലും വരുന്നത് വരട്ടെ, അവളുടെ ആഗ്രഹം അല്ലെ, എഴുതിക്കളയാം എന്ന് തന്നെ അവസാനം ഞാൻ തീരുമാനിച്ചു.അപ്പോൾ ഞാൻ താമസിച്ചിരുന്ന ഗീതാക്കയുടെ വീട്ടിൽ എന്റെ സഹമുറിയൻമാരായിരുന്നു. അന്തരിച്ച പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് N. വിജയകുമാറൂം,ഭരതൻ സാറിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ബാലു വാസുദേവും. നേരത്തെ അവർക്കൊപ്പം താമസിച്ചിരുന്നത് ഭരതൻ സാറിന്റെ തന്നെ അസ്സോസിയേറ്റ് ആയ ജയരാജ്‌ ആയിരുന്നു.(ഇന്നത്തെ പ്രശസ്ത സംവിധായകൻ.)

നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ഭരതൻ ഫിലിം സെൻസർ വർക്ക്‌ ചെയ്യുന്ന കാലം മുതലേ ജയനെ പരിചയം ഉണ്ടെങ്കിലും വൈശാലിക്ക്‌ ശേഷം ആണ് ഞങ്ങൾ കൂടുതൽ അടുത്തത്. അതിന് മറ്റൊരു കാരണം കുടി ഉണ്ട്. അപ്പോഴേക്കും ഞാൻ എന്റെ താമസം അവരുടെ വീടിനടുത്തുള്ള മേക്കപ്പ് മാൻ നാരായണ സ്വാമി യുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.നാരായണ സ്വാമി M.G.R. ന്റെ പഴയ മേക്കപ്പ് മാൻ എന്ന നിലയിൽ പ്രശസ്തനാണ്.

ആ ബിൽഡിംഗിൽ തന്നെ സിനിമാക്കാർ കുറേ പേരുണ്ടായിയിരുന്നു. ഭൂമിനാഥൻ എന്ന എഡിറ്ററുടെ അസ്സോസിയേറ്റ് വത്സൻ ഡിക്രൂസ്,(വത്സനും അടുത്ത കാലതാണ് അന്തരിച്ചത് )എഡിറ്റർ V. P. കൃഷ്ണന്റെ അസ്സോസിയേറ്റ് G.V. രാജീവ്, രാജീവിന്റെ ചേട്ടൻ ബൈജു ഇവരൊക്കെ ആ ബിൽഡിംഗിലെ അന്തേ വാസികൾ ആണ്. തൊട്ടടുത്ത് തന്നെ സെവൻ ആർട്സ് മോഹനേട്ടന്റെ സയനോറ ട്രാവൽസിന്റെ ഓഫീസും. ആ ചുറ്റുവട്ടത്തു ഫോൺ ഉള്ളത് അവിടെ മാത്രം ആയതിനാൽ ഞങ്ങളുടെ ഒക്കെ പൊതുവായ മീറ്റിംഗ് പ്ലേസും ഓഫീസും ആയിരുന്നു അത്.

വൈശാലി കഴിഞ്ഞു അധികം താമസിയാതെ ജയൻ സ്വന്തം ചിത്രത്തിന്റെ പ്ലാനിങ്ങുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോയി.K. T.കുഞ്ഞുമോനുമായി എന്തൊക്കയോ ചർച്ചകൾ നടക്കുന്നതായി കേട്ടിരുന്നു.
വളരെക്കാലമായി എന്റെ ആഗ്രഹം ആയിരുന്നു അവരോടൊപ്പം താമസിക്കുക എന്നുള്ളത്. കാരണം ഷാനവാസ്‌,P. സുകുമാർ , ജോർജ് കിത്തു എന്ന് വേണ്ട ഒരുവിധം സിനിമാക്കാർ ഒക്കെ അവിടുത്തെ നിത്യ സന്ദർശകർ ആയിരുന്നു. കൂടുതൽ കോൺടാക്ട് ഉണ്ടാവാനും അവസരങ്ങൾ ലഭിക്കാനും അതൊരു സാധ്യതയാണ്. ഈ കാര്യം ഞാൻ വളരെമുമ്പ് തന്നെ അവരോട് സൂചിപ്പിച്ചിരുന്നെങ്കിലും 3 പേരിൽ കൂടുതൽ തങ്ങാൻ ഉള്ള സൗകര്യം ആ വീട്ടിൽ ഇല്ലായിരുന്നു. ജയൻ നാട്ടിലേക്ക് പോയതോടെ എന്നോട് അങ്ങോട്ട് ചെന്നോളാൻ ബാലുവും വിജയേട്ടനും സമ്മതിച്ചു.

ഞാൻ അവിടെ താമസമാക്കി അധികം വൈകാതെയാണ് ബ്യൂട്ടി പാലസിന്റെ വർക്ക്‌ തുടങ്ങുന്നത്.
ആ കുട്ടി (തല്ക്കാലം നമുക്ക് അവരെ ജ്യോതി എന്ന് വിളിക്കാം ) അടുത്ത ദിവസങ്ങളിൽ എന്നോ ഗീതാക്കയുടെ വീട്ടിൽ എത്തി. കോവിലിൽ വന്നപ്പോൾ ആവഴി വന്നതാണ്. കയ്യിൽ എന്തോ തിന്നാനും കരുതിയിരുന്നു. കൂടെ ഒരു കൂട്ടുകാരിയും ഉണ്ട്.ആദ്യത്തെ ദിവസം വീടൊക്കെ കണ്ട് കുശല പ്രശ്നങ്ങൾ ഒക്കെ നടത്തി ആൾ മടങ്ങി.വീട്ടിൽ മറ്റു രണ്ട് പേരും ഇല്ലാത്തതിനാൽ ചായ ഒക്കെ ഞാൻ തന്നെ ഉണ്ടാക്കി കൊടുത്തു. (കട്ടൻ ആണ് കേട്ടോ. ഷൂട്ടിംഗ് ഇല്ലാത്ത അവസരങ്ങളിൽ രാവിലെ ഉപ്പുമാവ്, പഴം, ബ്ലാക്ക് കോഫി, ഉച്ചക്ക് ചോറും സാമ്പാർ or മോര് കറി, രാത്രി കഞ്ഞി, പയർ… ഇതൊക്കെയാണ് ഞങ്ങളുടെ മെനു. സാമ്പത്തികം തരക്കേടില്ലെങ്കിൽ വല്ല ചിക്കനോ, ബീഫോ പാർസൽ വാങ്ങും).

പിന്നെ പിന്നെ ജ്യോതിയുടെ വരവ് തനിച്ചായി.ആ സമയങ്ങളിൽ ഏതൊക്കെയോ സ്ക്രിപ്റ്റ് വർക്ക്‌കൾ ഉണ്ടെനിക്ക്. ജ്യോതി നിർത്താതെ സംസാരിച്ചു കൊണ്ടേ ഇരിക്കും.എന്റെ നാട്ടിലെ വിശേഷങ്ങൾ,വീട്ടിൽ ആരൊക്ക ഉണ്ടെന്നും അവർ എന്തൊക്ക ചെയ്യുന്നു എന്നും എല്ലാം അവൾക്ക് അറിയണം. കൂട്ടത്തിൽ ഞാനും അവളെ പറ്റി കൂടുതൽ ചോദിച്ചറിഞ്ഞു. ജ്യോതി മലേഷ്യൻ തമിഴ് വംശജയാണ്. അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ അവിടെ തന്നെ. എന്നെ പോലെ തന്നെ സിനിമാ ഭ്രാന്ത് മൂത്ത് നായികയാവാൻ ചെന്നൈയിൽ എത്തിയതാണ്. അവിടെ അമ്മയുടെ ഏതോ ബന്ധു ഉള്ള ധൈര്യത്തിൽ ആണ് വന്നത്. പക്ഷേ വന്നപ്പോൾ ആണ് മനസ്സിലായത് സിനിമയിൽ കേറി പറ്റുക അത്ര എളുപ്പമല്ലെന്ന്. അവസാനം ജൂനിയർ ആര്ടിസ്റ്റ് ആയി മാറി എന്ന് ചുരുക്കം. ഞാനും ഏതാണ്ട് ഇതേ അവസ്ഥയിൽ തന്നെയാണല്ലോ. എനിക്ക് എഴുത്തിനോടും സംവിധാനത്തിനോടും ആയിരുന്നു ഭ്രമം എന്ന് മാത്രം. ഒരേ തൂവൽ പക്ഷികൾ.

അങ്ങനെ ആ അടുപ്പം വളർന്നു. പലപ്പോഴും വന്നാൽ മണിക്കൂറുകൾ കഴിഞ്ഞാണ് പോകുക.
ഞാൻ എഴുതുകയാണെങ്കിൽ അവൾ തന്നെ അകത്തു പോയി കട്ടൻ ഇട്ട് വരും. ഒരിക്കലും കൈവീശി
വരാറില്ല. ബിരിയാണി, ചിക്കൻ, എന്തെങ്കിലും സ്നാക്ക്സ് (വട, ബജ്ജി, പഫ് etc )ഇങ്ങനെ എന്തെങ്കിലും ഉണ്ടാവും കയ്യിൽ. ഞാൻ ചോദിച്ചാൽ പറയും.
“എനക്ക് തെരിയാത്?
നീങ്കെ എഴുത ആരംഭിച്ചിട്ടേന്നാ അപ്പിടിയെ ഉക്കാൻ തിടുടുവങ്കെ.. ശാപ്പാടും വേണാ, തണ്ണിയും വേണാ..”
അത് സത്യം ആയിരുന്നു. ജോലിക്കിടയിൽ ഭക്ഷണത്തിനായി എണീക്കാൻ കുടി എനിക്ക് മടിയായിരുന്നു അക്കാലത്ത് .

പോകെ പോകെ എനിക്ക് ഉള്ളിൽ ഒരു ഭയം തുടങ്ങി. ജ്യോതി ഉച്ചക്ക് ഊണ് കഴിക്കാൻ പോവാണെന്നു പറഞ്ഞു പോയാൽ 3 മണി ആവുമ്പോഴേക്കും തിരിയെ വരും.
“എന്തേ വീണ്ടും വന്നേ “ന്ന് എങ്ങാനും ചോദിച്ചാൽ അവളുടെ മുഖം വാടും.
“ഏൻ? നാൻ വർരത്‌ ഉങ്കൾക്ക് പുടിക്കലിയാ ”
“അതല്ലമ്മാ.. നീ ഇപ്പോ താനേ പോനെ.. അത് താൻ കേട്ടെ. ”
“മുടിയില്ലടാ. അടിക്കടി ഉന്നെ പാക്കണം പോൽ തോന്നത്..”
ഉള്ളിൽ ഊറി വന്ന സന്തോഷം അടക്കി ഞാൻ ചോദിച്ചു.
” അപ്പിടിന്നാ പോകാതെ.. ഇങ്കെ ഇരി.. ”
“സീരിയസ് സാ ശൊൾരിയാ.
നാൻ പോകവേ മാട്ടേൻ..”
“അയ്യോ.. വേണമ്മാ.. യാരാവത് പാത്തു വന്താ പ്രച് നെ. ഇത് എന്നുടെ മട്ടും റൂം കിടയാത്.. ഇങ്ങേ വേറെ രണ്ടു പേർ കൂടെ ഇരുക്ക്..”
“അതെല്ലാം എനക്ക് തെരിയും. നാൻ കൊഞ്ചം നേരം ഇരുന്തിട്ടു പോരേൻ.
നീങ്കെ എഴുതിടുങ്കോ ”
ഞാൻ എഴുതി കൊണ്ടിരിക്കുന്ന സ്ക്രിപ്റ്റ് ലേക്ക് ശ്രദ്ധിച്ച് അവൾ പറഞ്ഞു.
“തപ്പാ നിനക്കാതെ. ഇത് ശീക്രം കൊടുക്ക വേണ്ടിയ
സ്ക്രിപ്റ്റ്. അത് താൻ ”
ഞാൻ എഴുതിലേക്കു ശ്രദ്ധ തിരിച്ചു. അവൾ എന്നെ തന്നെ നോക്കി എതിരെ ഇരുന്നു.
അൽപ്പം കഴിഞ്ഞു ഞാൻ അവളെ പാളി നോക്കിയപ്പോൾ അവൾ എന്റെ കണ്ണിൽ തന്നെ നോക്കി ഇരുപ്പാണ്.
ഞാൻ ചിരിച്ചു.
“എൻമ്മാ ഇപ്പടി പാക്കരേ..”
“പാവി.. പാത്തു പാത്തു മയ കിയിട്ടേൻ..”
“നാനാ.? ഉം. നാൻ എന്നാ പണ്ണേ..”
“നാൻ ഒരു വിഷയം കേൾക്കട്ടുമാ ”
“ശോല്ല് ”
“നീ വേറെ യാരെയാവത് ലവ് പണ്രിയ?? പൊഴി ശോല്ലകൂടാത്..”

എന്തായാലും ഞാൻ സത്യം പറഞ്ഞു.18 വയസ്സിൽ ഉണ്ടായ ഒരു പഴയ പ്രണയത്തെ പറ്റി. വീട്ടുകാർ അറിഞ്ഞപ്പോൾ. ഉണ്ടായ കോലാഹലങ്ങളെ പറ്റി,അവളെയെ കെട്ടൂ എന്ന് വാശി പിടിച്ചു ഞാൻ വീടും നാടും വീട്ടിറങ്ങുമ്പോൾ കാത്തിരിക്കണം എന്ന് എന്റെ കാമുകിയോട് പറഞ്ഞതിനെ പറ്റി,ജീവിതത്തിൽ കണക്ക് കൂട്ടലുകൾ പിഴച്ചു ഞാൻ വടക്കേ ഇന്ത്യയിലെങ്ങോ കറങ്ങുന്ന നാളുകളിൽ വീട്ടുകാരുടെ താല്പര്യപ്രകാരം അവൾ മറ്റാർക്കോ കഴുത്തു നീട്ടേണ്ടി വന്നതിനെ പറ്റി, എല്ലാം എല്ലാം ഞാൻ അവളോട്‌ വിശദീകരിച്ചു.എല്ലാം കേട്ട ശേഷം അവൾ എന്നോട് ചോദിച്ചത് ഇതാണ്.
“അപ്പോ കാതലി വിട്ടിട്ട് പോയിട്ടേൻ ഇല്ലേ??”
“അപ്പടി ശൊല്ല മുടിയാത്.
തപ്പ് എൻത് താൻ.”
“ശരി. അപ്പടിനാ നീ ഇപ്പോഴും അവളെ നേശിക്കരെന്ന് അർത്ഥം..”
“ഹേയ്. അത് മുടിഞ്ഞ കഥ.”

ജ്യോതി എന്റെ ഉള്ളറിയാണെന്നോണം ചൂഴ്ന്നു നോക്കി. പിന്നെ പതുക്കെ ഇത്രേം മൊഴിഞ്ഞു.
“മുടിയില്ലയ്യാ.. എനക്ക് നീ ഇല്ലമേ മുടിയില്ല. ഉന്നൈ വിട്ട് അര മണി നേരം ഇരിക്കുമ്പോതെ പൈത്യം പിടിക്കും പോലീരുക്ക് ”
അവൾ എണീറ്റു.
“ശരി. നാൻ പോയിട്ട്
വർ റെൻ. മുടിഞ്ചാ ഇനി വരാമേ ഇരിക്കരത്‌ക്ക് ട്രൈ പണ്റെൻ.”

ജ്യോതി തിരിച്ചു നടന്നു.വാതിൽക്കൽ വരെ ചെന്ന് ഒന്ന് തിരിഞ്ഞു നോക്കി. എന്ത് പറയണം എന്നറിയാതെ ഞാൻ എണീറ്റ് യാത്ര അയക്കാൻ എന്നോണം രണ്ടടി നടന്നു. പെട്ടെന്ന് ശരവേഗത്തിൽ തിരിച്ചു വന്ന ജ്യോതി എന്റെ കവിളിൽ അമർത്തി ചുംബിച്ചശേഷം പുറത്തേക്ക് വന്നതിലും സ്പീഡിൽ പാഞ്ഞു. ഒരു നിമിഷം ഷോക്ക് ഏറ്റ പോലെ നിന്ന ഞാൻ പെട്ടെന്ന് ജനലിലൂടെ താഴേക്ക് നോക്കി. ഷാൾ തല വഴി മൂടി കോവിൽ കുളത്തിന് സൈഡിൽ ഉള്ള വഴിയിലൂടെ ജ്യോതി നടന്നകന്നു.പതുക്കെ കസേരയിലേക്ക് ഇരുന്ന ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ആലോചനയിൽ ആണ്ടു.ആ പോക്ക് എന്നെ വല്ലാതെ ഭയപ്പെടുത്തി.പെണ്ണ് വല്ല കടുംകൈയ്യും ചെയ്യുമോ? പേടിക്കണം. പെണ്ണൊരുമ്പെട്ടാൽ….

താഴ്‌വാരത്തിന്റ എഡിറ്റിംഗ് ജോലികൾ നടക്കുന്നതിനാൽ വിജയേട്ടനും ബാലുവും മിക്കവാറും രാത്രി ലേറ്റ് ആയിട്ടേ എത്താറുള്ളൂ.രാത്രി വന്നപ്പോൾ ഇരുവരും ഓർമിപ്പിച്ചു.”താഴ്‌വാരം ഉടനെ റിറെക്കോഡിങ് തുടങ്ങും. ഡബ്ബിങ് കഴിയാറായി.സ്ക്രിപ്റ്റ് വേഗം തീർത്തു കൊടുക്കേണ്ടി വരും. അത് കൊണ്ട് ഇപ്പോൾ ചെയ്യുന്ന വർക്ക്‌ ഒക്കെ വേഗം തീർത്തോ.” ഞാൻ സമ്മതിച്ചു.അടുത്ത ദിവസവും 10 മണിയോടെ ജ്യോതി റൂമിൽ എത്തി. എനിക്ക് സമാധാനം ആയി. വന്നില്ലായിരുന്നെങ്കിൽ ഞാൻ ടെൻഷൻ അടിച്ചു ചത്തേനെ. അന്നും ഇന്നും വളരെ ദുർബല ഹൃദയൻ ആണ് ഞാൻ. റൂം മേറ്റ്സ് രണ്ടു പേരും രാവിലെ തന്നെ വർക്കിനു പോയതിനാൽ സമാധാനം.ജ്യോതി വന്ന ഉടൻ അധികാരഭാവത്തിൽ അകത്തേക്ക് പോയി. ഞാൻ ഒന്ന് സുഖിപ്പിക്കാൻ ആയി വിളിച്ചു ചോദിച്ചു.

“എൻ ഇവളം ലേറ്റ് ആച്..” “അവൾ ഒന്നും മിണ്ടിയില്ല. അകത്തു കട്ടൻ ഇടുകയാണെന്ന് ശബ്ദം കേട്ടപ്പോൾ മനസ്സിലായത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ എന്റെ എഴുത്തു തുടർന്നു.
മിനിറ്റുകൾക്കകം കട്ടൻ ഇട്ട്കൊണ്ട് വന്ന് മുമ്പിൽ വച്ച ശേഷം അവൾ ചോദിച്ചു.
“കഥാഷ്രിയരെ, എപ്പോ പാത്താലും എഴുതിയിട്ടേ ഇരുക്ക്. എൻ കഥ എപ്പോ എഴുതപോരെ.?.”
ഞാൻ ചിരിച്ചു.
“അതിന് ഉനക്ക് കഥയെ ഇല്ലിയേ.. കഥ ഇല്ലാത്ത പൊണ്ണു താനേ നീ??”
“ആമാ. അപ്പിടി താൻ സൊല്ല ണം നീങ്കെ. നാൻ ഇപ്പിടി ഉങ്കളേ സുത്തി സുത്തി വർരതിനാലെ എനക്ക് വിലയേ ഇല്ലേ..നല്ലാ സൊല്ലുങ്കോ..”

കട്ടന്റെ കൂടെ കഴിക്കാൻ അവൾ കൊണ്ടു വന്ന ഉഴുന്ന് വട മുന്നിലേക്ക് വച്ച ശേഷം അവൾ എതിരെ ഉള്ള കസേരയിലേക്ക് ഇരുന്നു.എനിക്ക് വല്ലാതെ തോന്നി. പാവം. അവളെ വിഷമിപ്പിക്കുന്നത് തെറ്റാണ്. അവൾക്കെന്നോടുള്ള സ്നേഹം.. അത് കാണാതിരുന്നു കൂടാ.ജ്യോതിയെ സമാധാനിപ്പിക്കണം..
ഞാൻ എണീറ്റ്‌ അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് കുനിഞ്ഞു കാതിൽ പറഞ്ഞു.
“ഏൻ കോപിക്കറേ.. എനക്ക് ഉന്നൈ പിടിക്കാമൽ ഇല്ലേ.
നമ്പ എല്ലാം യോചിക്കണം ഇല്ലൈ..”
അവൾ പ്രതീക്ഷയോടെ എന്നെ നോക്കി.
“കാതലിച്ചാ മട്ടും പൊതുമാ.
ഇപ്പോൾ ഒരു കല്യാണം എന്നാലേ നെനച്ചു പാക്ക കൂടെ മുടിയത്. അത് മട്ടും ഇല്ലൈ. ഒരു പടം പണ്രതുക്ക് അപ്രം താൻ നാൻ കല്യാണം പണ്ണുവേ. ഇപ്പടി അസിസ്റ്റന്റ് ആയിരിക്കും പോത് കല്യാണം പണ്ണിയിട്ടാ അവളം താൻ..”
ജ്യോതി യുടെ മുഖം തെളിഞ്ഞു. അവൾ എന്നെ നോക്കി സംശയത്തോടെ ചോദിച്ചു.
“അപ്പൊ ഉണ്മയിലെ നീങ്ക എന്നെ നെശിക്കറീങ്കളാ?”
ഞാൻ ഒന്നും പറയാതെ അവളുടെ കയ്യിൽ പിടിച്ചു മൃദുവായി ഒന്നമർത്തി.
“ഉം..”

ഞാൻ മൂളി തീർന്നില്ല അവൾ ചാടി എണീറ്റ് എന്റെ അരക്കെട്ടിൽ കെട്ടിപ്പിടിച്ചു എന്നെ എടുത്തുയർത്തി.
ഞാൻ അന്തിച്ചു പോയി.സിനിമയിൽ നായിക ഗർഭിണി ആണെന്ന് അറിയുമ്പോൾ നായകൻ എടുത്തുയർത്തുന്നത് കണ്ടീട്ടില്ലേ?? അത് തന്നെ സംഭവം.. വല്ലാത്ത ഒരു ചമ്മലോടെ ഞാൻ അവളുടെ പിടി വിടുവിച്ചു താഴെ ഇറങ്ങി.ഈശ്വരാ ഇങ്ങനെയും ഉണ്ടോ ഒരു പ്രേമം.ഇതെന്നെ എവിടെ കൊണ്ട് എത്തിക്കുമോ എന്തോ….!!

(തുടരും…)

1. സെവൻ ആർട്സ് മോഹൻ.
2.ജയരാജ്‌
3. ബാലു വാസുദേവ്
4.വിജയകുമാർ.
5. Myself, vijayettan, Jayaraj& Balu. (വെങ്കലം പൂജ റെക്കോർഡിങ് ന് എടുത്ത ഫോട്ടോ )
6. സിനിമയിൽ വരുന്ന കാലത്ത് ഞാൻ..

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി