സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 14
(ഗോപിനാഥ് മുരിയാട്)
കഴിഞ്ഞ എപ്പിസോഡിന്റെ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ട ഒരു കമന്റ് എന്നിൽ വളരെ അധികം സന്തോഷം ഉളവാക്കി.പാലക്കാട് നിന്നും ജയകുമാർ അഞ്ജലിയുടേത്. ഞാൻ ഉടൻ റിപ്ലൈ അയച്ചു.
“ഇത് പാടാൻ വന്ന ജയൻ അല്ലെ ”
“അതെ ”
പെട്ടെന്ന് വന്ന മറുപടി.
“പ്ലീസ് സെൻറ് യുവർ നമ്പർ.
I’ll call. ”
ജയൻ നമ്പർ അയച്ചു തന്ന ഉടനെ ഞാൻ വിളിച്ചു.
പാലക്കാട് നിന്നും സിനിമയിൽ പാടുക എന്ന ലക്ഷ്യത്തോടെ വന്ന ജയനും തൃശൂർ നിന്ന് സംവിധാനം സ്വപ്നം കണ്ട് എത്തിയ ഞാനും 1984 അവസാനം ആണ് പരിചയപ്പെടുന്നത്.ശരത് ചന്ദ്രന്റെ വീട്ടിൽ നിന്നും മാറിയ ഞാൻ അപ്പോൾ താമസിച്ചിരുന്നത് റാന്നിക്കാരൻ ആയ ജെയിംസിനോടൊപ്പം ആണ്. ജെയിംസ് നന്നായി വരക്കും. സ്റ്റുഡിയോ ബാക്ക്ഗ്രൗണ്ട് വരച്ചു കൊടുക്കൽ ആണ് പുള്ളിയുടെ ജോലി. പരിചയം അടുപ്പം ആയപ്പോൾ ജെയിംസ് എന്നെ സ്വന്തം റൂമിലേക്ക് ക്ഷണിച്ചു. ഞാൻ ആണെങ്കിൽ സംവിധാനമോഹവും ആയി ദിവസവും സ്റ്റുഡിയോകൾ തോറും തെണ്ടി സംവിധായകരെ കാണുന്നു. രാത്രി ഒരു പാർട്ട് ടൈം ജോലി ഉണ്ട്.
കാഞ്ചി ഹോട്ടലിൽ റിസപ്‌ഷനിസ്റ്റ് ആയി .രാത്രി ഡ്യൂട്ടി ഞാൻ ചോദിച്ചു വാങ്ങിയതാണ്.എന്നാലല്ലേ പകൽ ചാൻസ് തേടി അലയാൻ പറ്റൂ.!
ജെയിംസിന് സിനിമയിൽ വലിയ താല്പര്യം ഇല്ലെങ്കിലും നല്ല ഒരുസിനിമാ ആസ്വാദകൻ ആണ്. ഒരു ദിവസം കോടംബക്കത്തെ അപ്പോളോ സ്റ്റുഡിയോക്ക് മുന്നിൽ വച്ചാണെന്ന് തോന്നുന്നു ബാലുവിനെയും ജയനെയും,ജെയിംസ് പരിചയപ്പെടുന്നത്. ഈ ബാലു പാലക്കാട് കല്പാത്തിക്കാരൻ പട്ടർ ആണ്. ബാലുവിന്റെ സിസ്റ്റർ വാസന്തി സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി വർക്ക് ചെയ്യുന്നുണ്ട്. ബാലു ഒരു ജോലി എന്ന ലക്ഷ്യവും ആയി ചെന്നൈയിൽ എത്തിയതാണ്.ജയനും ഞാനും ആയി അടുക്കാൻ കാരണം സിനിമ തന്നെ. ഒരു പ്രത്യേക ഘട്ടത്തിൽ എനിക്ക് ജെയിംസിന്റെ റൂം മാറേണ്ടി വന്നപ്പോൾ ഞാൻ മറ്റൊരു റൂം എടുത്ത് ജയനെയും എന്റെ റൂമിലേക്ക് ക്ഷണിച്ചു. ഞങ്ങൾ രണ്ടു പേർക്കും ഒരുപാട് സാമ്യതകൾ ഉണ്ട്. ഇരുവരും നല്ല കുടുംബങ്ങളിൽ നിന്നും നല്ല വിദ്യാഭ്യാസവും ലഭിച്ച് നല്ല ഒരു ജോലിയുമായി കഴിയുമ്പോൾ ആണ് പെട്ടെന്നൊരു ദിവസം അത് രാജി വച്ച് സിനിമ എന്ന അനിശ്ചിതത്വത്തിന്റെ പാതയിലേക്ക് എടുത്ത് ചാടുന്നത്.
ശരിക്കും കഷ്ടപ്പാടിന്റെ ദിനങ്ങൾ ആയിരുന്നു അതൊക്ക. വടപളനി വിജയ ഹോസ്പിറ്റലിന് എതിരെ യുള്ള വിജയ സ്ട്രീറ്റ് ലെ 125 രൂപ വാടകയുള്ള ഒരു കുടുസു റൂമിൽ ആയിരുന്നു ഞങ്ങൾ ഇരുവരും അന്ന് താമസം. എനിക്ക് ഹോട്ടലിൽ നിന്നുള്ള ഒരു ചെറിയ വരുമാനമെങ്കിലും ഉണ്ട്.ജയൻ ആണെങ്കിൽ അതും ഇല്ലാത്ത അവസ്ഥ. ഒന്ന് രണ്ടു ട്രാക്ക് പാടിയതിന്റെ കാസ്സെറ്റുമായി ജയൻ ദിവസവും രാവിലെ ഇറങ്ങും. കണ്ണൂർ രാജൻ, ദേവരാജൻ, ജോൺസൻ, ശ്യാം ഇങ്ങനെ ജയൻ കേറിയിറങ്ങാത്ത മ്യൂസിക് ഡയറക്ടർസ് ഇല്ലായിരുന്നു അന്ന്.
വർഷങ്ങൾക്ക് ശേഷം ഇന്നലെ സംസാരിച്ചപ്പോൾ ജയൻ പറഞ്ഞ സങ്കടം ഇതായിരുന്നു. ചാൻസ് തരാം എന്ന് പറഞ്ഞ് കാസ്സെറ്റ് വാങ്ങിവച്ച ആരും ചാൻസും കൊടുത്തില്ല. അവർക്ക് കേൾക്കാൻ എൽപിച്ച ട്രാക്ക് പാടിയ കാസ്സെറ്റ് പോലും തിരിച്ചു നൽകിയില്ല. ഇന്ന് താൻ പണ്ട്സിനിമക്ക് വേണ്ടി പാടിയ ട്രാക്കിന്റെ ഒരു കാസ്സെറ്റ് പോലും കയ്യിൽ ഇല്ല എന്നതാണ് ജയന്റെ ദുഃഖം. അവസാനം പിടിച്ചു നിൽക്കാൻ ഒരു നിവൃത്തിയും ഇല്ലാതായപ്പോൾ ആണ് ജയൻ തിരിച്ചു നാട്ടിലേക്ക് പോയത്. ഞങ്ങൾ പിരിയുന്നത് 1986ൽ ആണെന്നാണ് എന്റെ ഓർമ. അധികം വൈകാതെ വീണ്ടും നല്ല ഒരു ജോലി സമ്പാദിക്കാൻ കഴിഞ്ഞ ജയൻ ഇപ്പോൾ ഭാര്യയും മകനും ഒപ്പം പാലക്കാട് ചിറ്റൂരിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.
(ഇടക്ക് സിനിമയിൽ അഭിനയിക്കാറുണ്ടെന്ന് ജയൻ പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. ഞങ്ങൾ ഒരുമിച്ച് താമസിച്ച കാലത്തൊന്നും ഇങ്ങനെ ഒരു താല്പര്യം പുള്ളി പറഞ്ഞീട്ടില്ല )
ജെയിംസ് രണ്ടു വർഷം മുമ്പ് വരെ ഞാനുമായി ഫോൺ ബന്ധം നിലവിൽ ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം അറ്റാക്ക് വന്ന് മരിച്ചു. മരണമടയും മുമ്പ്, മരിച്ചാൽ ആ വിവരം എന്നെ അറിയിക്കണം എന്ന് മകനോട് പറഞ്ഞിരുന്നുവത്രേ. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ജെയിംസിന്റെ പുത്രൻ എന്നെ വിളിച്ച് അച്ഛന്റെ മരണ വാർത്ത അറിയിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി. ഞങ്ങൾ ഒരുമിച്ച് മദ്രാസിൽ കഴിഞ്ഞ ആ വറുതിയുടെ ദിനങ്ങൾ സമ്മാനിച്ച ഒരുപാട് നല്ല മുഹൂർത്തങ്ങൾ മനസ്സിൽ ഇന്നും പച്ച പിടിച്ചു നിൽക്കുന്നു. പ്രിയ സുഹൃത്തിന്റെ ദീപ്ത സ്മരണക്ക് ക്ക് മുമ്പിൽ ബാഷ്പാഞ്ജലികൾ..
ബാലു ഇപ്പോൾ എവിടെ ഉണ്ടെന്ന് ഒരു പിടിയും ഇല്ല.ആൾ ജോലി കിട്ടി പഞ്ചാബിലോ മറ്റോ ആണെന്ന് ചെന്നൈയിൽ നിന്ന് പോരുന്നതിനു മുമ്പൊരിക്കൽ ബാലുവിന്റെ സഹോദരിയെ വഴിയിൽ വച്ച് കണ്ടപ്പോൾ അവർ പറഞ്ഞത് ഓർമയുണ്ട്. ചെന്നൈയിൽ വച്ചു കുറച്ചു കാലം എന്നോടൊപ്പം താമസിച്ചിരുന്ന മറ്റൊരു സുഹൃത്താണ് ബാബു ചേർത്തല. (ചീഫ് മിനിസ്റ്റർ K. R. ഗൗതമി എന്ന ചിത്രം സ്വന്തം പേരിൽ ചെയ്ത ബാബു പിന്നീട് രാജ് ബാബു എന്ന് പേര് മാറ്റി ചെയ്ത ചിത്രങ്ങൾ ആണ് ചെസ്സ്, കങ്കാരൂ, കളർസ് & ഉലകം ചുറ്റും വാലിബൻ. സാധാരണക്കാരൻ എന്ന പേരിൽ ബാബു ഒരു ചിത്രം ചെയ്തത് ഇനിയും റിലീസ് ചെയ്യാനുണ്ട്.)
ബാബുവിനെ ഞാൻ ആദ്യം കാണുന്നത് എഡിറ്റർ ഹരിഹരപുത്രന്റെ റൂമിൽ വച്ചാണ്.ജോഷിയുടെ അസ്സോസിയേറ്റ് ആയിരുന്ന പോൾ ഞാറക്കൽ ആദ്യമായി സംവിധാനം ചെയ്ത് നടൻ പ്രതാപചന്ദ്രൻ നിർമിച്ച “കാട്ടുതീ “എന്ന ചിത്രത്തിലൂടെ ആയിരുന്നു ബാബുവിന്റെ സംവിധാനസഹായി ആയുള്ള അരങ്ങേറ്റം. മുകേഷും സരിതയും ആദ്യമായി ഒന്നിച്ചഭിനയിച്ച കാട്ടുതീ ഒരു പരാജയം ആയിരുന്നു. പ്രതാപചന്ദ്രന്റെ തന്നെ ഭാഷയിൽ മുകേഷിനും സരിതക്കും അടുക്കാനും പ്രണയിക്കാനും തുടർന്ന് വിവാഹം കഴിക്കാനും മാത്രം ഉപകരിച്ച ഒരു സിനിമ !!
പോൾ ഞാറക്കൽ പിന്നീട് “നാട്ടുവിശേഷം “എന്ന വേറൊരു ഫിലിം കൂടി ചെയ്‌തെങ്കിലും അതും രക്ഷപ്പെട്ടില്ല.
(ഞാനും ജെയിംസും ഒരുമിച്ച് താമസിച്ചിരുന്ന ട്രസ്റ്റ് പുരത്തെ വാടക വീടിന് മുകളിലെ പോർഷനിൽ ആയിരുന്നു അന്ന് പോളേട്ടൻറെ താമസം. പോൾ ഏട്ടനും ഇന്ന് നമ്മോടൊപ്പം ഇല്ല.).
ഞാൻ പിള്ളയാർ കോവിൽ തെരുവിലെ മേക്കപ്പ്മാൻ നാരായണ സ്വാമിയുടെ ബിൽഡിംഗിൽ താമസിക്കുമ്പോൾ ആണ് പോൾ ഏട്ടന്റെ റെക്കമന്റെഷനിൽ ജോഷിസാറിന്റെ അസിസ്റ്റന്റ് ആയി മാറിയ ബാബു എന്റെ കൂടെ താമസിക്കാൻ വരുന്നത്. കൊടുങ്ങല്ലൂർകാരനായ ഒരു സ്റ്റിൽ ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ അന്ന് എന്നോടൊപ്പം താമസം ഉണ്ട്. ഒന്നോ രണ്ടോ മാസം മാത്രം ആണ് ബാബു എന്നോടൊപ്പം താമസിച്ചത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർന്നാൽ ഉടനെ നാട്ടിലേക്ക് വണ്ടി കയറുമായിരുന്ന ബാബു ഒരിക്കലും മദ്രാസിൽ സ്ഥിരമായി താമസിക്കാറില്ലായിരുന്നു.
സ്ഥിരോത്സാഹിയും ബുദ്ധിമാനും ആയ ബാബുവിന്റെസിനിമാ രംഗത്തെ വളർച്ച അത്ഭുതത്തോടെയാണ് ഞാൻ വീക്ഷിച്ചത്. ജോഷി സാറിന്റെ കൂടെ സംഘം, ദിനരാത്രങ്ങൾ, മഹായാനം, No. 20 മദ്രാസ് മെയിൽ എന്നീ ചിത്രങ്ങൾ അസ്സിസ്റ്റ് ചെയ്ത ബാബു ഷാജികൈലാസിന്റെ തലസ്ഥാനത്തിലൂടെ അസ്സോസിയേറ്റ് ഡയറക്ടർ ആയി മാറി.നാരായണ സ്വാമി യുടെ ബിൽഡിംഗിലെ മറ്റു സിനിമാക്കാർ ആയിരുന്നു വത്സൻ ഡിക്രൂസ് (സിബി സാർന്റെയും ഷാജി കൈലാസിന്റെയും അക്കാലത്തെ എഡിറ്റർ ആയിരുന്ന ഭൂമിനാഥന്റെ അസ്സോസിയേറ്റ് എഡിറ്റർ ),ഇരുപതാം നൂറ്റാണ്ട്, C. B. I. ഡയറികുറിപ്പ് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ V. P.കൃഷ്ണന്റെ അസ്സോസിയേറ്റ് ആയ G. V. രാജീവ്, രാജീവിന്റെ ചേട്ടൻ ആയ ബൈജു എന്നിവർ.
ബൈജു സത്യത്തിൽ ഡിഗ്രി കഴിഞ്ഞ് ഒരു ജോലി തേടി വന്നതാണ് ചെന്നൈയിൽ. ഒരു ദിവസം വളരെ സങ്കട ത്തോടെ ബൈജു എന്നോട് പറഞ്ഞു,
“എത്ര നാളാണ് ഗോപി അനിയന്റെ ചിലവിൽ കഴിയുക. എനിക്ക് മടുത്തു. എന്തെങ്കിലും ഒരു ജോലി കിട്ടാൻ ഗോപിക്കെന്നെ സഹായിക്കാൻ പറ്റുമോ? ഇല്ലെങ്കിൽ ഞാൻ ഇവിടം വിട്ട് പോകും..”. എനിക്ക് വിഷമം തോന്നി.
മദ്രാസിലെ ആദ്യനാളുകളിൽ ഞാനും ധാരാളം കഷ്ടപ്പെട്ടീട്ടുള്ളതാണല്ലോ. പക്ഷേ 89 ആയപ്പോഴേക്കും സെൻസർ വർക്ക് ന്റെ കാര്യത്തിൽ ഞാൻ ബിസി ആയി തുടങ്ങിയിരുന്നു. ഒരേ സമയം ഞാൻ വർക്ക് ചെയ്‌ത സിനിമകൾ ആണ് സൺഡേ 7 P. M.(ഷാജി കൈലാസ് ) No. 20 മദ്രാസ് മെയിൽ, (ജോഷി )വർത്തമാനകാലം
(I. V. ശശി ) തുടങ്ങിയവ. ഞാൻ പറഞ്ഞു. “ബൈജുവിന് താല്പര്യം ഉണ്ടെങ്കിൽ എന്റെ കൂടെ കൂടിക്കോളൂ. സെൻസർ സ്ക്രിപ്റ്റ് എഴുതാൻ ഞാൻ പഠിപ്പിച്ചു തരാം.”
ബൈജു സന്തോഷത്തോടെ എന്റെ അസിസ്റ്റന്റ് ആയി ചേർന്നു.
കുറച്ചു കാലങ്ങൾക്ക്ശേഷം ബാബു തന്നെ അസ്സോസിയേറ്റ് ആയ ഡോക്ടർ പശുപതി സെൻസർ വർക്ക് തുടങ്ങാറായപ്പോൾ, ഞങ്ങൾ ഇരുവരുടെയും സുഹൃത്തായ ബാബു എന്നോട് ചോദിച്ചു.
“ഗോപിക്ക് ബിസിയാണല്ലോ ഇപ്പോൾ. ഇതിന്റെ സെൻസർ വർക്ക് ബൈജു ചെയ്യാം എന്ന് പറയുന്നു. കൊടുത്തോട്ടെ?”
“അതിനെന്താ? ഒന്ന് രണ്ടു പടം എന്നോടൊപ്പം അസ്സിസ്റ്റ് ചെയ്‌തപ്പോഴേ അവൻ പണി പഠിച്ചു. കൊടുത്തോളു.”
അങ്ങനെ ഡോക്ടർ പശുപതിയോടെ ബൈജു ഒറ്റക്ക് സെൻസർ വർക്കുകൾ ചെയ്യാൻ തുടങ്ങി.. (പിന്നീട് ഞാൻ കുറച്ചു കാലം സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നപ്പോൾ ബൈജു ആ രംഗത്ത് ബിസി ആയി
ഇപ്പോൾ തിരുവനന്തപുരത്ത് സെറ്റിൽ ആക്കിയ ബൈജു അവിടെ വർക്ക് നടക്കുന്ന മിക്കവാറും ചിത്രങ്ങളുടെ സെൻസർ വർക്കുകൾ ചെയ്യുന്നുണ്ട്.)
ഇതിൽ രാജീവ് ഇപ്പോൾ ഏഷ്യാനെറ്റിൽ എഡിറ്റർ ആയി ഉണ്ടെന്നാണ് അറിവ്. ചെന്നൈ വിട്ട ശേഷം രാജീവിനെയോ ആനന്ദ് നെയോ ഞാൻ കണ്ടീട്ടില്ല.വത്സൻ അടുത്ത കാലത്തായി മരണമടഞ്ഞു.
ബാബുവും ചേർത്തലയിൽ ഉണ്ടെന്നാണ് കേട്ടത്.സ്റ്റിൽ ഫോട്ടോഗ്രാഫർ രാധാകൃഷ്ണനെ വർഷങ്ങൾക്ക് മുമ്പൊരിക്കൽ ഞാൻ ചെന്നൈയിൽ ചെന്നപ്പോൾ കണ്ടതാണ്. ഡിജിറ്റൽ ഫോട്ടോ ഗ്രാഫിയുടെ കടന്ന് കയറ്റം പഴയ സ്കൂളിലെ പുലികൾ ആയിരുന്ന അവരെ ഒക്കെ ജോലിയില്ലാത്ത അവസ്ഥയിൽ ആക്കിതുടങ്ങി. അതല്ലെങ്കിലും അങ്ങനെയാണല്ലോ.പുതു നാമ്പുകൾ തളിരിടുമ്പോൾ പഴുത്ത ഇലകൾ കൊഴിഞ്ഞല്ലേ പറ്റൂ.?
അതല്ലേ പ്രപഞ്ചനീതി!!ഇവർ ഒക്കെ എന്റെ ചെന്നൈ ജീവിതത്തിലെ മറക്കാനാവാത്ത ഏടുകൾ ആണ്. ഏടുകൾ പറന്നു പോയാൽ പിന്നെ എന്ത് പുസ്തകം??
(തുടരും)
Pics..
1.ജയകുമാറും ഞാനും.
2.വത്സൻ ഡിക്രൂസ്, G. V. രാജീവ്, ആനന്ദ് (ഹൗസ് ഓണർ നാരായണ സ്വാമി യുടെ പുത്രൻ ), ബൈജു ചിറയിൻകീഴ്.
3.ജെയിംസ്
4. ബാലു
5. ബാബു ചേർത്തല (രാജ്ബാബു )
6. രാധാകൃഷ്ണൻ