cinema
അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 15
(ഗോപിനാഥ് മുരിയാട്)
അന്ന് ഗുഡ് ഫ്രൈഡേ.
M. S. V. യുടെ മക്കൾ ആയ പ്രകാശ്, മുരളി, രവി എന്നിവർ ഒരു മലയാള പടം നിർമിക്കാൻ ഒരുങ്ങി. ബാനർ – P. M. R. Creations .ഈ ചിത്രത്തിൽ വർക്ക് ചെയ്യാൻ ആണ് ക്യാമറമാൻ ബേപ്പൂർ മണി എന്നെ ക്ഷണിച്ചത്. ജമിനി പാർസൺ കോംപ്ലക്സിൽ ആയിരുന്നു P. M. R. ന്റെ ഓഫീസ്. മുരളിയുടെ സുഹൃത്തായ പാണ്ഡ്യനും ഈ പ്രോജെക്ടിൽ പാർട്ണർ ആണ്. അവരുടെയുംലക്ഷ്യം ചുളുവിൽ പണം ഉണ്ടാക്കാവുന്ന ഗ്ലാമർ പടം തന്നെ. അത് എന്റെ താല്പര്യം അൽപ്പം കുറച്ചെങ്കിലും മറ്റൊരു ഗുണവശം ഞാൻ കണ്ടത് പ്രൊഡ്യൂസർ മുരളിയുടെയും സഹോദരൻമാരുടെയും എന്നിൽ ഉള്ള വിശ്വാസം ആണ്. ക്യാമറമാൻ ആണെങ്കിലും, ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ആയതിനാൽ ബേപ്പൂർ മണിയും എല്ലാത്തിനും എന്റെ അഭിപ്രായത്തെ കൂടി മാനിച്ചു. വലിയ ശമ്പളം ഇല്ലാത്ത എന്നാൽ സിനിമ ചെയ്തീട്ടുള്ള ഒരു റൈറ്റർ ആരുണ്ടെന്ന് ചോദിച്ചപ്പോൾ ഞാൻ A. R. മൂകേഷിന്റെ പേര് പറഞ്ഞു. അതിന് മുൻപ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ജന്മാന്തരം എന്ന സിനിമയുടെ ഡിസ്കഷന് കലൂർ ഡെന്നിസിനൊപ്പം വന്നപ്പോൾ ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു.chennai Woodlands ഹോട്ടലിൽ കുറച്ചു ദിവസം അവരോടൊപ്പം ഡിസ്കഷന് ഞാനും ഉണ്ടായിരുന്നു. സ്ക്രിപ്റ്റ് പകർത്തി എഴുതാൻ ആണ് തമ്പിച്ചായൻ എന്നെ വിളിച്ചതെങ്കിലും ഞാനും മുകേഷും പെട്ടെന്ന് കമ്പനി ആയി. അന്ന് എന്തെങ്കിലും സ്ക്രിപ്റ്റ് ചെയ്യണമെങ്കിൽ സഹകരിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞത് കൂടി കണക്കിൽ എടുത്താണ് ഞാൻ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചത്. അങ്ങനെ മുകേഷിനെ ചെന്നൈക്ക് വരുത്തി പാർസനിലെ ഫ്ലാറ്റിൽ ഇരുന്നു ഞങ്ങൾ സ്ക്രിപ്റ്റ് എഴുതാൻ ആരംഭിച്ചു.
പ്രൊഡ്യൂസർ മുരളിയുടെ താല്പര്യ പ്രകാരം ഭാരതിരാജയുടെ പ്രശസ്തമായ ചുവപ്പു റോജാക്കൾ എന്ന കമൽ പടത്തിന്റെ സ്റ്റൈലിൽ ഉള്ള, ഒരു സൈക്കിക് കില്ലർ നായകനായ, അൽപ്പം സെക്സ് ഒക്കെയുള്ള ഒരു ചിത്രം. ബേപ്പൂർ മണി അധിക സമയവും പ്രൊഡക്ഷൻന്റെ മറ്റ് കാര്യങ്ങൾ അറേഞ്ച് ചെയ്യാൻ ഉള്ള ഓട്ടത്തിൽ ആയതിനാൽ ഡിസ്കഷന് ഞാനും മുകേഷും മാത്രമേ ഉണ്ടായിരുന്നുള്ളൂ.15 ദിവസം കൊണ്ട് സ്ക്രിപ്റ്റ് പൂർത്തിയാക്കി മുകേഷ് മടങ്ങി.25,000 രൂപയായിരുന്നു അന്ന് മുകേഷിന്റെ ശമ്പളം. കോഴിക്കോട് കാരനായ മണി ഷൂട്ടിംഗ് താമരശ്ശേരിയിൽ വെക്കാം എന്ന് പറഞ്ഞപ്പോൾ മുരളിക്ക് എതിരഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. ദേവനെയും ശാരിയേയും നായകനും നായികയും ആയി കാസ്റ്റ് ചെയ്തു. പിന്നെയുള്ള പ്രധാന കഥാപാത്രം ഒരു പോലീസ് ഓഫീസർ ആണ്.അത് പിന്നെ ആലോചിക്കാം എന്ന് തീരുമാനം ആയി. ദേവന്റെ ഡേറ്റ് ജൂണിൽ ആണ്. സമയം ഉണ്ട്. കോമഡിക്കായി മാള ചേട്ടനെയും അദ്ദേഹത്തിന്റെ പെയർ ആയി ഒരു തെലുങ്ക് നടിയെയും കാസ്റ്റ് ചെയ്തു.
ആയിടെ ഭരതൻ സാർന്റെ താഴ്വാരത്തിൽ അഭിനയിച്ച ഒരു കുട്ടി ഒരു ദിവസം ഞങ്ങളുടെ റൂമിൽ വന്നു.
ആ ചിത്രത്തിന്റ കൺട്രോളർ ആയ വിജയേട്ടനെയും അസ്സോസിയേറ്റ് ആയ ബാലുവിനെയും മുമ്പ് പരിചയം ഉണ്ടല്ലോ. ഞങ്ങളുടെ വീടിന് അടുത്ത് തന്നെ ആയിടെ പണി പൂർത്തിയായ ഒരു ഫ്ലാറ്റ് നോക്കാൻ വന്നതാണ്. ബാലു അവിടെ ഫ്ലാറ്റ് വാടകക്ക് കൊടുക്കാൻ ഉണ്ടെന്ന് അവരോട് പറഞ്ഞിരുന്നത്രെ. അങ്ങനെ ഫ്ലാറ്റ് കണ്ട് ഇഷ്ടപ്പെട്ട ആ പെൺകുട്ടിയും ചേച്ചിയും കൂടെ അവിടെ താമസംതുടങ്ങി ഇന്നത്തെ പ്രശസ്ത സിനിമ സീരിയൽ നടി T. T. ഉഷ ആയിരുന്നു ആ പെൺകുട്ടി.
ഒരു ദിവസം രാവിലെ ആരോ കതകിൽ തട്ടുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. കതക് തുറന്നപ്പോൾ മെലിഞ്ഞു നീണ്ട് താടിയും മുടിയും ഒക്കെ വളർത്തിയ ഒരു പയ്യൻ. ആരാണെന്നു ചോദിച്ചപ്പോൾ പേര് പറഞ്ഞു.
“ഞാൻ ശരത് ചന്ദ്രൻ, വയനാട് ആണ് സ്വദേശം.
ഭരതൻ സാർ ബാലുവിന് കൊടുക്കാൻ ഒരു കത്ത് തന്നീട്ടുണ്ട്.”
ഞാൻ ബാലുവിനെ വിളിച്ച് എണീപ്പിച്ചു. കത്ത് വായിച്ച ബാലു മുറിയിലേക്ക് വന്ന് പറഞ്ഞു.
“ഇവനെ നമ്മുടെ കൂടെ താമസിപ്പിക്കാൻ ആണ്
ഭരതേട്ടൻ പറയുന്നേ. തിക്കുറിശ്ശി മാമന്റെ സഹായി ആയി ഇവനെ സെറ്റിൽ ഒക്കെ കണ്ടീട്ടുണ്ട്.പുള്ളി ലെറ്റർ കൊടുത്ത് ഭരതേട്ടന്റെ അടുത്തേക്ക് വിട്ടു. കൂടെ നിർത്തി എന്തെങ്കിലും പണി കൊടുക്കാൻ പറഞ്ഞ്. അടുത്ത പടം തൊട്ട് ആർട്ട് സെക്ഷനിലോ മറ്റോ ജോലി കൊടുക്കാം. തത്കാലം നമ്മുടെ കൂടെ നിർത്താൻ ആണ് സാർ പറയുന്നേ. എന്താ ചെയ്യാ?”
വിജയേട്ടനും അഭിപ്രായം ഒന്നും ഇല്ല. പക്ഷേ ഭരതൻ സാർ പറഞ്ഞതല്ലേ. പറ്റില്ലെന്ന് എങ്ങനെ പറയും.
അവസാനം നിവൃത്തിയില്ലാതെ ആ പയ്യനോട് ഞങ്ങളുടെ കൂടെ കൂടിക്കോളാൻ ബാലു സമ്മതിച്ചു .
ഒരു കണ്ടീഷൻ മാത്രം. ഞങ്ങൾക്ക് കുരിശ് ആകരുത്. എല്ലാത്തിനും പയ്യൻ തലയാട്ടി സമ്മതിച്ചു അങ്ങനെ ശരത് ചന്ദ്രൻ വയനാട് എന്ന ഇന്നത്തെ സംവിധായകനും ഞങ്ങളുടെ വീട്ടിലെ അന്തേവാസിയായി.
തൊട്ട് അടുത്ത ഫ്ലാറ്റിൽ താമസം ആക്കിയതോടെ ആര്യയും (അന്ന് ഉഷയുടെ പേര് ആര്യ എന്നായിരുന്നു )
ചേച്ചി പുഷ്പയും ഞങ്ങളുടെ വീട്ടിലെ നിത്യസന്നർശകരും അടുത്ത സുഹൃത്തുക്കളും ആയി. വീട്ടിൽ എന്തെങ്കിലും സ്പെഷ്യൽ കറിയോ പലഹാരമോ എന്ത് ഉണ്ടാക്കിയാലും പുഷ്പയോ ഉഷയോ ഞങ്ങൾക്ക് കൊണ്ട് വന്ന് തരും.
പലപ്പോഴും ജ്യോതിയും അവിടെ ഉണ്ടാവാറുണ്ട്.ഉഷയും പുഷ്പയും വരുന്നത് ജ്യോതിയ്ക്ക് അത്ര രസിക്കുന്നുണ്ടായിരുന്നില്ല. അവൾ എന്നോട് പരിഭവം പറയും.
“അവങ്കെ ഏൻ അടിക്കടി ഇങ്കെ വർറീങ്കെ?”
“നാൻ എപ്പിടി കേക്കറുത്?
അവൻകെ എന്നെ പാക്ക വരലെ. വിജയണ്ണ യുടെയും ബാലുവിന്റേം ഫ്രെണ്ട്സ് ”
ഞാൻ കൈ മലർത്തി.
“അത് മട്ടും ഇല്ലൈ. അവൻകെ ഉങ്ക ഊര് ആളുങ്കെ താനേ ”
“ആമാ. അതുക്ക് എന്നാ പണ്റത്..”
ഉഷയും പുഷ്പയും വന്നാൽ ഞങ്ങളുടെ മലയാള സംസാരം അവൾക്ക് മനസ്സിൽ ആവില്ലല്ലോ..
അതാണ് പ്രശ്നം..
സ്ത്രീ സഹജമായ അസൂയ..
അത് ഇല്ലാത്ത പെണ്ണ് എന്ത് പെണ്ണ് അല്ലേ??
ബേപ്പൂർ മണിയും ഇടയ്ക്കിടെ വടപളനി വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ കയറും. ഷൂട്ടിംഗ് അടുക്കാറായി. അതിന്റെ ടെൻഷൻ ഉണ്ട് പുള്ളിക്ക്. ഞാൻസമാധാനിപ്പിച്ചു.ബ്യൂട്ടി പാലസ് ചെയ്തതോടെ എനിക്ക് സിനിമ ഒറ്റക്ക് ചെയ്യാൻ ഉള്ള കോൺഫിഡൻസ് ആയി. അമ്പലത്തിന് നന്ദി!സ്ക്രിപ്റ്റ് വച്ച് ഞാൻ ചാർട്ടിങ് ഒക്കെ തയ്യാർ ആക്കി. പോലീസ് ഓഫീസറുടെ 3 ദിവസം വേണം. ലാലു അലക്സ് നെ ട്രൈ ചെയ്യാൻ പറഞ്ഞു.ലാലു അന്ന് ബിസി ആണ്. ആൾ കോഴിക്കോട് ഉണ്ട്.I. V. Sasi സാർ ന്റെ അർഹത യുടെ സെറ്റ് ആണോ എന്ന് സംശയം . അവിടെ വരുമ്പോൾ കാണാം എന്നാണ് പറഞ്ഞിരിക്കുന്നത്.
ശാരിയുടെ ഫ്രണ്ട്സ് ആയി 3 പെൺകുട്ടികൾ കൂടെ വേണം. ഒരാളെ ഞാൻ suggest ചെയ്തത് ഉഷയെ ആണ്.ബേപ്പൂർമണിക്കും മുരളി സാർനും സമ്മതം. ജയപ്രിയ എന്ന മറ്റൊരു കുട്ടിയേയും കൺഫേം ചെയ്തു. ജയപ്രിയയും മലയാളി തന്നെ.ഇനി ഒരാൾ.അത് കോഴിക്കോട് ആരോ ഉണ്ടെന്നായി മണി സാർ..
അസിസ്റ്റന്റ് ഡയറക്ടർ ആയി ആരെങ്കിലും ഉണ്ടോ എന്ന് മണി സാർ നോട് ചോദിച്ചപ്പോൾ അത് ഗോപിക്ക് ഇഷ്ടമുള്ള ആരെയെങ്കിലും വച്ചോളാൻ പറഞ്ഞു അദ്ദേഹം.ഞാൻ ആലോചിച്ചു..ആരെ കൊണ്ട് പോകണം???
ഇനി ഷൂട്ടിങ് ന് അധികം ദിവസം ഇല്ല..
(തുടരും.).
1. ശരത് ചന്ദ്രൻ വയനാട്.
2. പുഷ്പ, ഉഷ & Me
3. M. S. വിശ്വനാഥൻ
4. ബേപ്പൂർ മണി.
5. ബാലു വാസുദേവ്.
2,046 total views, 3 views today