സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
67 SHARES
801 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 17
(ഗോപിനാഥ്‌ മുരിയാട്)

അന്ന് ഗുഡ്‌ഫ്രൈഡേ തുടർച്ച..

ട്രെയിൻ കയറി ബർത്തിൽ കയറിയതും ജിജ്ഞാസ അടക്കാൻ ആവാതെ ഞാൻ സ്യൂട്ട്കേസ് തുറന്നു ജ്യോതി തന്ന പൊതി അഴിച്ചു നോക്കി. ചുവപ്പിൽ എംബ്രോയ്‌ഡ്‌റി വർക്കുകൾ ചെയ്ത ഒരു ടോപ് ആയിരുന്നു അത്. എപ്പോഴാ ജ്യോതി ആ ഡ്രസ്സ്‌ ഇട്ടു വന്നപ്പോൾ അത് നന്നായി യോജിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. പെട്ടെന്ന് ഒരു പേപ്പർ അതിനകത്തു നിന്നും മടിയിലേക്ക് വീണു. ഞാൻ അതെടുത്തു നോക്കി. തമിഴിൽ ഒരു പ്രണയ ലേഖനം. അവസാനത്തെ രണ്ടു വരികൾ മാത്രം ഇവിടെ കുറിക്കാം.

” നാൻ ഏൻ ഇന്ത ടോപ് കൊടുത്തു വിട്ടേൻ തെരിയുമാ.. എപ്പോഴാവത് എൻ ജ്ഞാപകം വന്താ ഇത് എടുത്തു പാക്കണം. ഷൂട്ടിംഗിൽ അങ്കേയും വേറെ പൊണ്ണുങ്കെ എല്ലാം വരുവാങ്കെ. നാൻ ഏൻ സോൾറെൻ പുരിയതാ?? ”
മനസ്സിലായി. എല്ലാം മനസ്സിലായി. അപ്പോൾ എന്റെ ഷർട്ട്‌ എടുത്തിട്ട് പോയതും ഈ ഭ്രാന്തൻ പ്രണയിനിയുടെ ഭ്രമ കല്പനകൾ മൂലമാവാം.ആ ടോപ്പിൽ തുന്നി പിടിപ്പിച്ച കണ്ണാടി ചില്ലിൽ ഓരോന്നിലും അവളുടെ മുഖം ഞാൻ കണ്ടു.. അതെന്റെ മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തി.. രാത്രി എപ്പോഴാണ് ഞാൻ ഉറക്കത്തിലേക്ക് വീണതെന്നറിയില്ല… കോഴിക്കോട് ഇറങ്ങിയ ഞങ്ങൾ അവിടെ നിന്നും ബസ്സിൽ നേരെ താമരശ്ശേരിയിലേക്ക്. ഉണ്ണിക്കുളം സ്വദേശികളായ P. R. രാജനും രാജൻ ഉണ്ണിക്കുളവും ഞങ്ങളുടെ ലൊക്കേഷൻ സഹായികളായി ഉണ്ടായിരുന്നു.
( മണി സാർന്റെ താല്പര്യപ്രകാരം രാജൻ ഉണ്ണിക്കുളം സംവിധാനസഹായി ആയി അഴകിനൊപ്പം കൂടി).
എന്റെ ഓർമ ശരിയാണെങ്കിൽ താമരശ്ശേരി ടൂറിസ്റ്റ് ഹോമിൽ ആയിരുന്നു ഫിലിം യൂണിറ്റിലെ എല്ലാവരും താമസിച്ചിരുന്നത്.ഭൂരിഭാഗം ലൊക്കേഷൻ എല്ലാം അറേഞ്ച് ചെയ്തു തന്നത് P. R. രാജൻ തന്നെ. പുള്ളിയുടെ ജീപ്പിൽ അവിടെ ഒരു വനപ്രദേശത്ത് പോയതും ആദിവാസികളുടെ സഹായത്തിൽ വലിയൊരു മരത്തിൽ നിന്നും തേൻ എടുത്തു തന്നതും ഇന്നും ഓർമയിൽ മധുരം നിറക്കുന്നു. (ഈ ആദിവാസി പയ്യനെ ഒരു സീനിൽ അഭിനയിപ്പിച്ചീട്ടും ഉണ്ട് ).

കിനാലൂർ എസ്റ്റേറ്റ് ആയിരുന്നു ഒരു മെയിൻ ലൊക്കേഷൻ.
മേക്കപ്പ് രാമകൃഷ്ണൻ.
കോസ്റ്റും വെങ്കിടേഷ്,
നൃത്തം കൃഷ്ണവേണി.
പ്രൊഡക്ഷൻ മാനേജർ
M. O. V. മേലൂർ എന്ന് അറിയപ്പെട്ടിരുന്ന വർഗീസ്, എഡിറ്റിംഗ് ശശികുമാർ, ക്യാമറ ഡയറക്ഷൻ ബേപ്പൂർ മണി.ഇവർ ഒക്കെയായിരുന്നു ആ പടത്തിന്റെ പ്രധാന അണിയറക്കാർ.

താമരശ്ശേരിയിൽ ഷൂട്ടിംഗിന് 4 ദിവസം മുമ്പേ ഞങ്ങൾ എത്തിയിരുന്നു. ലൊക്കേഷനും മറ്റ് കാര്യങ്ങൾ എല്ലാം അറേഞ്ച് ചെയ്‌തപ്പോഴും നായകൻ ആയി നിശ്ചയിച്ചിരുന്ന ദേവൻ എന്ന് വരും എന്ന് തീരുമാനം ആയില്ല. ഊട്ടിയിൽ ഏതോ ചിത്രത്തിന്റെ ഷൂട്ടിംഗിലാണെന്ന് വിവരം കിട്ടി. മൊബൈൽ ഇല്ലാത്ത കാലം ആയതിനാൽ പുള്ളിയെ ലൈനിൽ കിട്ടുന്നില്ല. പ്രൊഡ്യൂസർ കുമാർ പറഞ്ഞു.
“ഇനി വെയിറ്റ് ചെയ്യാൻ പറ്റില്ല. നമുക്ക് ഊട്ടിക്ക് പോകാം. ”
അങ്ങനെ അടുത്ത ദിവസം രാവിലെ ഞാൻ, മണി സാർ, വർഗീസ്, പ്രൊഡ്യൂസർസ് കുമാർ & രവി. ഞങ്ങൾ 5 പേർ കൂടി ഊട്ടി ക്ക് തിരിച്ചു.അവിടെ ചെന്നപ്പോൾ ദേവൻ ലൊക്കേഷനിൽ ആണ്. ഏതോ ഒരു ഗാർഡനിൽ. ഞങ്ങൾ ചെന്ന് ദേവനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. പുള്ളിയുടെ അവിടത്തെ ഷൂട്ടിംഗ് തീരാൻ ഇനിയും ദിവസങ്ങൾ എടുക്കും. കാലാവസ്ഥ പ്രോബ്ലംസ് കാരണം അവിടെ ഷൂട്ടിംഗ് വിചാരിച്ചതിലും നീണ്ടു പോയി. ദേവൻ വരില്ലെന്ന് തീരുമാനമായപ്പോൾ ഇനി ആരെന്നായി ചോദ്യം. തിരിച്ചു കാറിൽ വരുമ്പോൾ എല്ലാവരും തല പുകച്ചു.

പതിനൊന്നാം മണിക്കൂറിൽ പുതിയ നായകന്മാരെ ആരെ സമീപിച്ചാലും അവന്മാർ വെയിറ്റ് ഇടും. ശമ്പളം മൂന്നും നാലും ഇരട്ടി ആവും. അതിനുള്ള ബഡ്ജറ്റ് ഇല്ല പ്രൊഡക്ഷൻ കമ്പനിക്ക്. അവസാനം ഞാൻ ഒരു നിർദ്ദേശം വച്ചു. ശ്രീരാമൻ.. അദ്ദേഹം നായകൻ ആയി കൊമേഴ്‌സ്യൽ സിനിമയിൽ ഒന്നും അഭിനയിച്ചീട്ടില്ല. വില്ലനും കാരക്റ്റർ റോളും ഒക്കെയാണ് ചെയ്യുന്നത്. പക്ഷേ അവസാനം വേറെ ഓപ്ഷൻ ഒന്നും ഇല്ലാത്തതിനാൽ എല്ലാവരും എന്റെ നിർദേശം അംഗീകരിച്ചു. വർഗീസ് എവിടുന്നോ നമ്പർ സംഘടിപ്പിച്ച് പുള്ളിയെ വിളിച്ചു. ആൾ ഫ്രീ ആണ്. അടുത്ത ദിവസം തന്നെ താമരശ്ശേരി എത്താമെന്നു ശ്രീരാമൻ സമ്മതിച്ചതോടെ
നായകന്റെ കാര്യം തീരുമാനം ആയി.

വരുന്ന വഴി കോഴിക്കോട് മഹാറാണിയിൽ കയറി ലാലു അലക്സിനെ കണ്ടു. പുള്ളിയാണെങ്കിൽ ഒടുക്കത്തെ ജാഡ. പുള്ളിക്ക് ഒരു S. I. യുടെ വേഷം ആണ്. അദ്ദേഹം ആയിടെ അഭിനയിച്ച പടങ്ങളിൽ എല്ലാം സ്ഥിരം പോലീസ് വേഷം ആണ്. അതുകൊണ്ട് തന്നെ പുള്ളിക്ക് വലിയ താല്പര്യം ഒന്നും ഇല്ല.(മഹാറാണിയിൽ I. V. ശശിയുടെ “അർഹത” യിലെ ആര്ടിസ്റ്സ് എല്ലാവരും ഉണ്ട്. ശശി സാറിനാണെങ്കിൽ എല്ലാ ആർട്ടിസ്റ്സും ലൊക്കേഷനിൽ വേണം. മിക്കവാറും സീനുകളിൽ ആര്ടിസ്ട്സ് എല്ലാവരും ഉണ്ടാവും.)

അവസാനം ലാലു സമ്മതിച്ചു. “നിങ്ങൾ പോയി ഷൂട്ടിംഗ് തുടങ്ങിക്കോളൂ. ഞാൻ ഇവിടെ തീരുന്ന മുറക്ക് ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് വരാം. 3 ദിവസത്തെ വർക്ക്‌ അല്ലേ. പിന്നെ അവിടെ വരുമ്പോൾ 3 ദിവസം കൊണ്ട് തന്നെ എന്റെ വർക്ക്‌ തീർത്തു വിടണം. എന്താ?”
മണി സാർ എന്നെ നോക്കി. ഞാൻ തലയാട്ടി സമ്മതം മൂളി. 3 ദിവസം കൊണ്ട് പുള്ളിയുടെ സീൻസ് തീർക്കാം. അങ്ങനെ അതും തീരുമാനം ആയി. ഇനി രണ്ടു റോളിന് കുടി ആൾ സെറ്റ് ആവാനുണ്ട്. ഒന്ന് ഒരു ഭ്രാന്തൻ കഥാപാത്രം ആണ്. A. R. മുകേഷ് പൂജക്ക്‌ വന്നപ്പോൾ എറണാകുളത്ത് നിന്നും നാടക നടൻ ആയ K. P. A. C. സാബുവിനെ കൊണ്ട് വന്നതോടെ അത് ഓക്കേയായി. ഇനി ശാരിയുടെ ഫ്രണ്ട് ആയി വരുന്ന ഒരു പെൺകുട്ടികൂടി ആവാൻ ഉണ്ട്. അത് കോഴിക്കോട് തന്നെ ആൾ ഉണ്ടെന്നാണ് മണി സാർ പറഞ്ഞിരുന്നത്. കോഴിക്കോട് ജൂനിയർ ആര്ടിസ്റ്റ്സിനെ സപ്ലൈ ചെയ്യുന്ന ഒരു ചേച്ചി ഉണ്ട്.പുള്ളിക്കാരി ഒരു കുട്ടിയെകൊണ്ട് വന്ന് പരിചയപ്പെടുത്തിയിട്ട് പറഞ്ഞു.
“സാറെ, എന്റെ മോൾ ആണ്. പേര് രാഖി. ഇവൾക്ക് കൊടുത്തു കൂടെ ആ റോൾ”

ഞാൻ നോക്കിയപ്പോൾ കുട്ടി കുഴപ്പം ഇല്ല. അഭിനയിക്കുമോ എന്നറിയില്ല. പക്ഷേ ആ കുട്ടിക്ക് കാര്യമായി ഒന്നും ചെയ്യാൻ ഇല്ല. ഡയലോഗ്സ് ഒക്കെ മറ്റ് രണ്ടു കുട്ടികൾക്കും ആണ്. അങ്ങനെ അതും സെറ്റ് ആയി.ആദ്യദിവസം ഷൂട്ടിംഗ് പ്ലാൻ ചെയ്തത് ബാലുശ്ശേരി ക്ഷേത്രത്തിൽ ആണ്. രാവിലെ ലൊക്കേഷൻ എത്തിയപ്പോൾ തന്നെ പ്രശ്നം. ശാരി അമ്പലത്തിൽ തൊഴുതു വരുന്നതാണ് സീൻ. ശാരി എന്നെ അടുത്ത് വിളിച്ചു പറഞ്ഞു.
“സോറി സർ. ഇന്നേക്ക് ഇന്ത സീൻ എടുക്ക മുടിയാത്.വേറെ ഏതവത് എടുക്കലാമേ. ഇത് അപ്പുറം വച്ചുകലാം.”
ഞാൻ കാര്യം തിരക്കിയപ്പോൾ ചമ്മലോടെ
ശാരി കാര്യം പറഞ്ഞു.
“പീരിയഡ് ആണ്. കോവിലുക്കുള്ളെ നാൻ പോകമാട്ടേൻ..”

അവസാനം സീൻ ഒന്ന് മാറ്റി ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന പോലെ രംഗം ചിത്രീകരിച്ചു. ശ്രീരാമേട്ടൻ ആദ്യദിവസം മുതൽ വളരെ കോപ്പറേറ്റീവ് ആയിരുന്നു. ആദ്യമായി ഒരു കമർഷ്യൽ ചിത്രത്തിലെ നായകൻ ആവുന്നതിന്റ ത്രില്ലിൽ ആയിരുന്നു അദ്ദേഹം. ഒരു കള്ള് ഷോപ്പ് സീൻ ചിത്രീകരിക്കാൻ ചെന്ന ഞങ്ങൾ അവിടെ കൂടിയ ജനക്കൂട്ടത്തെ കണ്ട് അമ്പരന്ന് പോയി. കിനാലൂർ എസ്റ്റേറ്റും പരിസരവും ഒരു പ്രൈവറ്റ് പ്രോപ്പർട്ടി ആയതിനാൽ അവിടെ ഞങ്ങൾക്ക് കാര്യമായ പ്രശ്നം ഒന്നും ഉണ്ടായില്ല. പക്ഷേ കള്ള് ഷോപ്പ് സെറ്റ് ഇട്ടിരുന്ന സ്ഥലത്തേക്ക് അടുക്കാൻ നിവൃത്തിയില്ല. ഷൂട്ടിംഗ് ക്യാൻസൽ ചെയ്ത് പോകേണ്ടി വരുമോ എന്ന് ചിന്തിക്കവേ ശ്രീരാമേട്ടൻ പബ്ലിക്കിന്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഉടനെ ജനക്കൂട്ടം ഞങ്ങളുടെ ആർട്ടിസ്റ്റുകൾക്ക് പോവാൻ വഴിയൊരുക്കി. ഭംഗിയായി തന്നെ ആ രംഗം ചിത്രീകരിക്കാൻ കഴിഞ്ഞത് സത്യത്തിൽ ശ്രീരാമേട്ടന്റെ പബ്ലിക്കിനെ കയ്യിലെടുക്കാൻ ഉള്ള മിടുക്കു കൊണ്ടായിരുന്നു.

പക്ഷേ മറ്റൊരു സീൻ ചിത്രീകരിക്കവേ പുള്ളി എന്നോട് പിണങ്ങി. ഒരു മാനസിക പ്രശ്നങ്ങൾ ഉള്ള ഡോക്ടറുടെ വേഷം ചെയ്യുന്ന അദ്ദേഹം,താൻ പീഡിപ്പിച്ചു കൊന്ന പെൺകുട്ടികളുടെ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്ന ഒരു മുറിയിൽ ഒറ്റക്ക് ഇരിക്കുന്ന ഒരു സീൻ ഉണ്ട്. ഇതിനായി ആർട്ട്‌ ഡയറക്ടർ ഒരുക്കിയിരുന്ന സ്ഥലം അദ്ദേഹത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. സത്യത്തിൽ പ്രൊഡക്ഷൻ സൈഡിൽ നിന്നും സംഭവിച്ച ഒരു വീഴ്ച മൂലം പറ്റിയ അബദ്ധം ആണത്.എനിക്കാണെങ്കിൽ അന്ന് തന്നെ ആ രംഗം തീർക്കണം. മഴ മൂലം ഞങ്ങളുടെ ഷൂട്ടിങ്ങും ഇടക്ക് ഒന്ന് ഇഴഞ്ഞു. ഒരു കണക്കിന് ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ച് അവിടെ വച്ചു തന്നെ ആ രംഗം ഒരു വിധം തീർത്തു.

മറ്റൊരു രസകരമായ സംഭവം ഉണ്ടായത് ശരിയുടെ കൂട്ടുകാരികളിൽ ഒരാളെ ശ്രീരാമൻ അവതരിപ്പിക്കുന്ന ഡോക്ടർ കാറിൽ ഇട്ട് കൊല്ലുന്ന സീൻ ചിത്രീകരിക്കുമ്പോൾ ആണ്.കാറിന്റെ ഡോറിനിടയിൽ ഈ പെൺകുട്ടിയുടെ കഴുത്തു ഞെരിച്ചു കൊല്ലുന്നതാണ് രംഗം. കുട്ടിയുടെ ക്ലോസ് അപ്പ്‌ എടുക്കവേ മുഖത്ത് മരണ വെപ്രാളം വരുത്തണം. പല പ്രാവശ്യം ഷോട്ട് എടുത്തീട്ടും ശരി ആവുന്നില്ല. എത്ര പറഞ്ഞു കൊടുത്തീട്ടും കുട്ടിയുടെ മുഖത്ത് ഒരു വികാരവും ഇല്ല. അവസാനം ശ്രീരാമേട്ടന് ഭ്രാന്ത് ആയി. അദ്ദേഹം കാറിനകത്തു കയറി. എന്നോട് കണ്ണ് കൊണ്ട് ‘ഇപ്പോൾ അവളുടെ മുഖത്തു എല്ലാ റിയാക്ഷനും വരും. എടുത്തോ ‘എന്നായി.

മണി സാർ ക്യാമറ റെഡിയാക്കി. ഞാൻ സ്റ്റാർട്ട്‌ പറഞ്ഞതും അതാ ഒരു വികാരവും വരാത്ത നടിയുടെ മുഖത്തു നവരസങ്ങളും വിടരുന്നു.ഞാൻ കട്ട്‌ പറഞ്ഞതും അദ്ദേഹം കാറിൽ നിന്നും പുറത്ത് വന്ന് എന്റെ കാതിൽ സ്വകാര്യമായി ചോദിച്ചു.”ഇപ്പോൾ ശരി ആയില്ലേ, എല്ലാം കിട്ടിയില്ലേ”
ഞാൻ തലയാട്ടി കൊണ്ട് പറഞ്ഞു.
“ചേട്ടനെ സമ്മതിച്ചു.. ഗംഭീരം”
മഴ പലപ്പോഴും ഷൂട്ടിംഗിന് തടസ്സം തീർത്തു. ഒരു ദിവസം രാത്രി മഴ കാരണം ഞങ്ങൾ ഷൂട്ടിംഗ് നേരത്തെ അവസാനിപ്പിച്ചു ഹോട്ടലിൽ എത്തിയപ്പോൾ നേരത്തേ സൂചിപ്പിച്ച ജൂനിയർ ആര്ടിസ്റ് സപ്പ്ളിയർ ചേച്ചി മകളെയും കൂട്ടി എന്റെ റൂമിൽ വന്നു.
“സാറെ, മോൾ എങ്ങനെ ഉണ്ട്. ഡയലോഗ് ഒന്നും ഇല്ലാന്ന് പറഞ്ഞു അവൾ “.എനിക്ക് കാര്യം മനസ്സിലായി.

കുട്ടി അത്രക്ക് പോരാ. പ്രത്യകിച്ച് ഡയലോഗ് പറയുമ്പോൾ. അത് കൊണ്ട് തന്നെ മാക്സിമം ഡയലോഗ്സ് ശാരിക്കും ആര്യക്കും വീതിച്ചു കൊടുത്തു. അതിന്റെ പരാതിയാണ്. ഞാൻ കാര്യം പറഞ്ഞു.
“മോൾ കുറച്ചു കൂടി ശരി ആവാൻ ഉണ്ട്. തത്കാലം ക്യാമറ ഭയം ഒക്കെ ഒന്ന് മാറട്ടെ. അടുത്ത പടം ആവുമ്പോഴേക്കും ഡയലോഗ് ഒക്കെ കൊടുക്കാം.”
“സാർ പറഞ്ഞു കൊടുത്താൽ അവൾ അത് പോലെ ചെയ്തോളും.”
പെൺകുട്ടി ലജ്ജയോടെ ചിരിച്ചു മുഖം കുനിച്ചു.
ചേച്ചിയുടെ അടുത്ത ഡയലോഗ് എന്നെ ശരിക്കും ഞെട്ടിച്ചു.
“നമ്മുടെ അടുത്ത് എന്തിനും റെഡിയായി കുറേ പിള്ളേർ ഉണ്ട്. അവരെ ആവശ്യം ഉള്ളോർക്ക് അയച്ചു കൊടുക്കും.മോളെ മാത്രം
അങ്ങനെ ഒന്നും വിടാറില്ല.”
കഷ്ടം തോന്നി. സ്വന്തം മോളുടെ മുമ്പിൽ വച്ച് ഒരു കൂസലും ഇല്ലാതെയാണ് ആ സ്ത്രീ അത് പറഞ്ഞത്.
സിനിമയുടെ വെള്ളിവെളിച്ചം കണ്ട് ഭ്രമിച്ചു ഈ രംഗത്ത് എന്തെങ്കിലും ഒക്കെ ആയിത്തീരാൻ ശ്രമിച്ച് ഒന്നും ആവാതെ ജീവിതം ഹോമിച്ചവരുടെ കഥകൾ എത്രയെത്ര???

(തുടരും)

Pics.
1. Sreeraman & me.
2. Outdoor night shoot.
3. Bepore Mani.
4. Lalu Alex
5. Mala Aravindan.
6. Shari

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി