സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 19
(ഗോപിനാഥ് മുരിയാട്)
അന്ന് രാത്രി സയനോറ ട്രാവെൽസിലേക്ക് (സെവൻ ആർട്സ് മോഹനേട്ടന്റെ സ്ഥാപനം )ബേപ്പൂർ മണി വിളിച്ചു. ഡബ്ബിങ് തുടങ്ങാമെന്നും സാർ ഉടനെ എത്തില്ലേ എന്നും ഞാൻ അന്വേഷിച്ചു. ഹരിയേട്ടൻ, ആനന്ദവല്ലി ചേച്ചി, അമ്പിളി, ശ്രീജ, ശങ്കർ, ചന്ദ്രമോഹൻ തുടങ്ങിയവരെ ഒക്കെ വച്ച് ഡബ്ബിങ് ആരംഭിക്കാമെന്നും തീരുമാനിച്ചു. അടുത്ത ദിവസം രാവിലെ ജമിനിയിലേക്ക് പോകാൻ ഒരുങ്ങവെ ആരോ കതകിൽ മുട്ടി. ഞാൻ ചെന്ന് കതകു തുറന്നപ്പോൾ ജ്യോതിയാണ്.ഞാൻ പോകാൻ തയ്യാറാവുകയാണെന്ന് കണ്ട് അവളുടെ മുഖം വാടി.ഞാൻ അവളെ സമാധാനപ്പെടുത്തി.
ഡബ്ബിങ് തുടങ്ങുന്നതിനു മുമ്പേ റീൽസ് ഒന്നുകൂടി ചെക്ക് ചെയ്യണം. ബഡ്ജറ്റ് കൂടി എന്ന പരിഭവം പ്രൊഡ്യൂസേഴ്സിന് ഉള്ളതിനാൽ കഴിയുന്നത്ര കുറച്ചു ദിവസം കൊണ്ട് ഡബ്ബിങ് പൂർത്തിയാക്കണം. മണി സാർ വരാൻ രണ്ടു ദിവസം ആകും. ഇന്നത്തോടെ എഡിറ്റിംഗ് ജോലികൾ തീർക്കണം.പിന്നെ രണ്ടു ദിവസം ഞാൻ വീട്ടിൽ തന്നെ കാണും. അപ്പോൾ നമുക്ക് സംസാരിക്കാം.അവൾ പെട്ടന്ന് ഇമോഷണൽ ആയി.
“ഇപ്പോ എന്ന സോൾരീങ്കെ..
എപ്പോ വച്ച്കലാം നമ്പ കല്യാണം? എന്നാലേ ഇന്നും വെയിറ്റ് പണ്ണ മുടിയാത്.
അമ്മാ ഊരുക്ക് വര സൊള്റെ. അങ്കെ ആരോ പയ്യൻ ഇരുക്കാം. ആനാൽ എന്നാലേ അത് നിനച്ചു കൂടെ പാക്ക മുടിയലേ..
എനക്ക് നീ താൻ വേണം ”
അവൾ എന്നെ കെട്ടിപുണർന്നു. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. എനിക്ക് വല്ലാത്ത കുറ്റ ബോധം തോന്നി. വിഷമത്തോടെ ആണെങ്കിലും ഞാൻ എന്റെ നിസ്സഹായവസ്‌ഥ അവളെ ധരിപ്പിച്ചു. “ഒരു ഡയറക്ടർ ആവാതെ കല്യാണം പണ്ണിയിട്ടാൽ നമ്പ വാഴ്‌കൈ എന്ന ആവും. ഇന്ത അസിസ്റ്റന്റ് ഡയറക്ടർ വേല
വച്ച് എപ്പടി ഫാമിലിയാ ഇന്ത മദ്രാസില് വാഴറത്. അത് മട്ടും ഇല്ലൈ. എനക്ക് രണ്ടു തങ്കച്ചി കൂടെ ഇരുക്ക്.
നാൻ ഇപ്പടി ഒരു കല്യാണം പണ്ണിയിട്ടാ അവൻക വാഴ്‌കൈയും..”
കൂടുതൽ ഒന്നും പറയാൻ അവൾ എന്നെ അനുവദിച്ചില്ല.
“പോതും. എല്ലാം തെരിഞ്ചു പോച്ചു.. എല്ലാം എൻ തപ്പ്.”
അവൾ തന്റെ കൈകൾ രണ്ടും മേശയിൽ ആഞ്ഞടിച്ചു. ഇരുകൈകളിലെയും കുപ്പി വളകൾ താഴെ വീണു ചിതറി. മുറിഞ്ഞ വളകൾ മൂലം അവളുടെ കൈകളിൽ ചോര പൊടിഞ്ഞിരിക്കുന്നു. പരിഭ്രമത്തോടെ ഞാൻ ആ കൈകളിൽ കടന്ന് പിടിച്ചു.
“എന്നമ്മാ ഇത്.. എനക്കും ഉന്നെ പിടിക്കും. ഉൻ കൂടെ വാഴറതുക്കും എനക്കും ആശ താൻ.. കൊഞ്ചം അമൈതിയാ ഇര്. നാൻ വേല മുടിഞ്ചു വന്ത് നമ്പ പേശലാം. ഇപ്പോ നാൻ പോയി താൻ ആവണം. എഡിറ്റർ അങ്കെ കാത്തിട്ടെ ഇരുപ്പാങ്കെ.”
അവൾ ഒന്നും മിണ്ടിയില്ല. നിറഞ്ഞ കണ്ണുകളിൽ ആശങ്കയോടെ എന്നെ നോക്കി ഒരു നിമിഷം നിന്നു.
ആ കണ്ണീർ കൈകൾ കൊണ്ട് തുടച്ചു മാറ്റി ഞാൻ അവളെ ചേർത്ത് പിടിച്ചു.
“അഴാതെ കണ്ണേ.. ഉന്നൈ ഇപ്പടി പാത്താ നാൻ എപ്പിടി പോകറത്..”
എന്റെ പിടി വിടുവിച്ചു മാറി അവൾ മൊഴിഞ്ഞു.
“പോങ്കോ. എന്നാലേ വേല കെട വേണ്ടാം ”
അവൾ സ്റ്റെപ്സ് ഇറങ്ങി താഴേക്ക് നടക്കവേ ഞാനും കതകടച്ചു. റോഡിലേക്ക് ഇറങ്ങി ചെല്ലുമ്പോഴേക്കും അവൾ നടന്നകന്നിരുന്നു. തിരിഞ്ഞ് പോലും നോക്കാതെയുള്ള അവളുടെ ആ പോക്ക് എന്നെ വല്ലാതെ വേദനിപ്പിച്ചു.
കോടംബക്കാതെ രാം തിയേറ്ററിന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിന്നും അണ്ണാ ശാലൈ വഴി പാരിസ് പോകുന്ന 17 A ബസ്സിൽ കയറി ഞാൻ ജെമിനി സ്റ്റോപ്പിൽ ഇറങ്ങി. സ്റ്റുഡിയോയിൽ എത്തിയപ്പോൾ എഡിറ്റർ ശശികുമാർ നേരത്തെ എത്തിയിരിക്കുന്നു. അദ്ദേഹത്തോട് സോറി പറഞ്ഞ് എഡിറ്റിംഗ് റൂമിൽ കേറി ജോലി ആരംഭിച്ചു.
അന്നൊക്കെ മൂവിയോള എന്ന തയ്യൽ മെഷീൻ പോലുള്ള ഒരു ഉപകരണത്തിൽ ഫിലിം റീൽസ് ഓരോന്ന് ആയി ഇട്ട് കണ്ടു കൊണ്ടാണ് എഡിറ്റിംഗ്. ഇടക്ക് പ്രൊഡ്യൂസർ കുമാർ വന്ന് വിവരങ്ങൾ അന്വേഷിച്ചു. ഡബ്ബിഗിനു റീൽസ് റെഡിയായെന്നും മണി സാർ വന്നാൽ ഉടനെ ഡബ്ബിങ് തുടങ്ങാമെന്നും ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു.
ഓരോ റീൽസും കണ്ട് ഡയലോഗ് ഉള്ള പോർഷൻസ് നോക്കി ഡബ്ബിങ് റിപ്പോർട്ട് എഴുതുമ്പോഴും എന്റെ മനസ്സ് അവിടെ ഒന്നും ആയിരുന്നില്ല.ജ്യോതിയുടെ നിറഞ്ഞ മിഴികളും കൈകളിൽ പൊടിഞ്ഞ രക്ത തുള്ളികളും എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി.
നാളെ എങ്ങനെ അവളെ ഫേസ് ചെയ്യും?? എന്ത് പറഞ്ഞ് അവളെ സമാധാനിപ്പിക്കും…? ഈ ചിന്തകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടി. ഒരു കണക്കിന് 6-30 യോടെ വർക്ക് അവസാനിപ്പിച്ച് പാർസൺ കോംപ്ലക്സ്ൽ ഉള്ള പ്രൊഡ്യൂസേഴ്സിന്റെ ഓഫീസിൽ ചെന്ന് യാത്ര പറഞ്ഞ ശേഷം ഞാൻ വീണ്ടും ജെമിനി ബസ് സ്റ്റോപ്പിൽ നിന്നും വടപളനിക്ക് ബസ് കയറി.
1990 ജൂലൈ 27-ആം തീയ്യതി ആയിരുന്നു അന്ന്. സന്ധ്യാസമയം ആയിരുന്നതിനാൽ ബസ്സിൽ നല്ല തിരക്ക്. ഞാൻ നിന്നിരുന്നത് പിൻവശത്തെ താഴെയുള്ള പടിയിൽ. വള്ളുവർകോട്ടം സ്റ്റോപ്പ് കഴിഞ്ഞപ്പോൾ മുന്നിൽ നിന്നും പിന്നിൽ വന്ന് കയറിയ കണ്ടക്ടർ എന്നോട് ഫുട്ബോര്ഡിൽ നിന്നും ഇറങ്ങി ബസ്സിന്റെ മുൻവശത്തു ചെന്ന് കയറാൻ ആവശ്യപ്പെട്ടു. ഉള്ളിലേക്ക് കയറാൻ ഒരിഞ്ചു പോലും സ്ഥലം ഇല്ലാത്തതിനാൽ ഞാൻ ഓടി മുന്നിൽ ചെന്ന് കയറി. മുന്നിലും നല്ല തിരക്കുണ്ട്. കൈ പിടുത്തം കിട്ടിയെങ്കിലും കാൽ വെക്കാൻ ഇടം കിട്ടുന്നതിന് മുമ്പേ വണ്ടി വിട്ടു. എന്റെ കൈവിട്ടു ഞാൻ താഴെ..
എന്താണ് സംഭവിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നതിന് മുമ്പേ ബസ് അങ്ങകലെ മറഞ്ഞിരുന്നു. ഞാൻ റോഡിൽ കിടപ്പാണ്. എനിക്ക് എണീക്കാൻ പറ്റുന്നില്ല. എന്റെ വലതു കാലിലെ ജീൻസിൽ പടരുന്ന രക്തം. ഞാൻ പതുക്കെ കാലിൽ തൊട്ട് നോക്കിയപ്പോൾ മുട്ടിനു മേലേ ആയി എല്ലൊടിഞ്ഞിരിക്കുന്നു. മുട്ടിനു താഴെ ജീൻസ് പാന്റ് മുഴുവൻ രക്തം. ഞാൻ ചുറ്റും നോക്കി. വീടെത്താനുള്ള തിരക്കിൽ പായുന്ന വാഹനങ്ങളോ യാത്രക്കാരോ ആരും എന്നെ ശ്രദ്ധിക്കുന്നില്ല. ഒറ്റക്കായിരുന്ന എന്റെ അടുത്ത് വരാൻ കാൽനട യാത്രക്കാരും ഭയന്നു. എന്റെ അടുത്ത് ഇടത് വശത്തു നിന്നിരുന്ന ഒന്ന് രണ്ടു പേരോട് ഞാൻ അഭ്യർത്ഥിച്ചു.
‘എൻ വീട് രാം തിയേറ്റർ കിട്ടേ. യാരവത് ഒരു ഓട്ടോയിൽ എത്തി വിടുങ്കോ. എന്നാലേ എഴുന്തക്ക മൂടിയലേ. ”
അപ്പോൾ എന്റെ അടുത്ത് വന്ന് നിന്ന കാലിയായ ഒരോട്ടോക്കാരനെ ആരോ തടഞ്ഞു നിർത്തി. രണ്ടു പേർ എന്നെ ഓട്ടോയുടെ പിൻസീറ്റിലേക്കു കയറ്റി ഇരുത്തി. ആരോ ഒരാൾ എന്റെ ഒപ്പം കയറി. ഓട്ടോ വിട്ടപ്പോൾ ഞാൻ ഇത്രയും കൂടി പറഞ്ഞു.
“രാം തീയേറ്റർ ഓപ്പോസിറ്റിലെ പിള്ളയാർ കോവിൽ തെരുവിൽ സയനോറ ട്രാവെൽസ് കിട്ടേ പൊങ്കോ. എന്നുടെ ഫ്രണ്ട്‌സ് എല്ലാം അങ്കെ ഇരിക്കും.
ശീഖ്രം പൊങ്കോ.”
വലതു കാൽ ന്റെ മുട്ടിനു താഴെ ഉള്ള ഭാഗം ഞാൻ മുറുക്കി പിടിച്ചു. കാൽ രണ്ടു പീസ് ആയിട്ടില്ലെന്നേ ഉള്ളൂ. മുട്ടിനു മീതെ എല്ലൊടിഞ്ഞു ആടുകയാണ്. ടൈറ്റ് ജീൻസ് ഇട്ടിരുന്നതിനാൽ ഉള്ളിലെ അവസ്ഥ അറിയില്ല. രക്തം അപ്പോഴും ജീൻസിലൂടെ ഒഴുകുന്നുണ്ട്. കൂട്ടുകാർ ആരെ യെങ്കിലും കാണുന്നതിന് മുമ്പേ എന്റെ ബോധം നഷ്ടപ്പെടുമോ എന്നായിരുന്നു എന്റെ ഭയം.
വൈകീട്ട് എന്നും മോഹനേട്ടന്റെ ഓഫീസിനു മുമ്പിൽ സിനിമാക്കാർ ധാരാളം ഉണ്ടാകും. അന്ന് മലയാളത്തിലെ തിരക്കേറിയ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു മോഹനേട്ടൻ. അദ്ദേഹത്തിന്റെ ട്രാവെൽസ് ഓഫീസിന് മുമ്പേ അവസര മോഹികളായ സിനിമാക്കാർ ആരെങ്കിലും ഒക്കെ കാണും. അവിടെ നിന്നും കഷ്ടി നൂറു മീറ്റർ നടക്കാൻ ഉള്ള ദൂരമേയുള്ളൂ ഞാൻ താമസിക്കുന്ന വീട്ടിലിലേക്ക്.ആരെങ്കിലും പരിചയക്കാർ കാണും അവിടെ. അത് വരെ എന്റെ ബോധം മറയാതിരിക്കണം. ട്രാഫിക്കിനിടയിലൂടെ ഓട്ടോ മന്ദ മന്ദം പോകുന്നത് കണ്ട് ഞാൻ അസ്വസ്ഥതയോടെ പുറത്തേക്ക് നോക്കി. ഹോളിവുഡ് ഹോട്ടൽ, ട്രസ്റ്റ് പുരം, പവർ ഹൗസ്, അതാ രാം തിയേറ്റർ. തിയേറ്റർ കടന്നതും ഞാൻ പറഞ്ഞു.
“Next റൈറ്റ്. പിള്ളയാർ കോവിൽ തെരു.”
റോഡിലേക്ക് ഓട്ടോ കയറുന്നത് ഞാൻ ആശ്വാസത്തോടെ കണ്ടു. മിനിറ്റുകൾക്കുള്ളിൽ ഓട്ടോ സയനോറ ട്രാവെൽസ് ന് മുന്നിൽ എത്തി.
“ഉള്ളെ യാരവത് ഇരിക്കും. കൊഞ്ചം കൂപ്പിടുങ്കോ.”
അപ്പോഴേക്കും എന്റെ കണ്ണ് അടഞ്ഞു തുടങ്ങി യിരുന്നു. പെട്ടന്ന് ഓഫീസിൽ ഉണ്ടായിരുന്ന ആരൊക്കെയോ ഓട്ടോ ക്കരികിലേക്ക് വന്നു.വയനാട് സ്വദേശി ആയ പ്രൊഡക്ഷൻ മാനേജർ ശശിയേട്ടന്റെ മുഖം മാത്രം ഞാൻ കണ്ടു. പരിഭ്രമത്തോടെ എന്നെ നോക്കിയ അദ്ദേഹത്തോട് ഞാൻ ഇത്രയും കൂടി പറഞ്ഞു.
“ചേട്ടാ, ബസിൽ നിന്നും വീണ് എന്റെ കാൽ ഒടിഞ്ഞിരിക്കയാണ്. എത്രയും പെട്ടന്ന് എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം.”
ആരൊക്കെയോ എന്റെ ഒപ്പം ഓട്ടോയിൽ കയറി. ഇരുളിനെ കീറി മുറിച്ച് ഓട്ടോ വീണ്ടും വന്ന വഴി തിരിയെ പാഞ്ഞു.
“റോയപ്പെട്ട ഹോസ്പിറ്റൽ ”
ആരുടെയോ ശബ്ദം ഞാൻ കേട്ടു…
(തുടരും)
Pics.
1.Cast & Crew of Good Friday
2.Beypore Mani.
3.Seven Arts Mohan..