സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 2
(ഗോപിനാഥ് മുരിയാട്)
K. രാധാകൃഷ്ണൻ..
1986, ഞാൻ കോടമ്പാക്കത്ത് എത്തിയിട്ട് 2 വർഷം ആകുന്നു… കുറേ പടങ്ങളുടെ സെൻസർ സ്ക്രിപ്റ്റ് എഴുതി എന്നല്ലാതെ സഹസംവിധായകൻ ആകുക എന്ന ആഗ്രഹം എങ്ങും എത്താത്ത സങ്കടത്തിൽ ആണ് ഞാൻ.സമീപിച്ച സംവിധായകരുടെ കൂടെ എല്ലാം മൂന്നും നാലും പേർ ഉണ്ട്. ആരെങ്കിലും മാറിയാൽ നോക്കാം എന്ന മറുപടി കേട്ട് മടുത്തു തുടങ്ങി. ഈ സമയത്ത് ഹരിഹരൻ, ലിസ ബേബി, യതീന്ദ്രദാസ്, ബാലു കിരിയത് ഇങ്ങനെ ഞാൻ ചാൻസ് ചോദിച്ചു കയറി ഇറങ്ങാത്തവർ ചുരുക്കം.. വർക്ക് ചെയ്തില്ല എന്ന് പറഞ്ഞു കൂടാ.. പുതിയ സംവിധായകൻ ആയ കുട്ടി എന്ന ഒരു തലശ്ശേരിക്കാരൻ തമിഴിൽ ചെയ്ത ഊഞ്ചൽ മനം എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്‌തെങ്കിലും 4 ദിവസം മാത്രം ആണ് ഷൂട്ടിംഗ് നടന്നത്. അഭിനയിക്കാൻ താല്പര്യം ഉള്ള ഒന്ന് രണ്ട് പേർ ആണ് അതിന്റെ നിർമാതാക്കൾ ആയി ഉണ്ടായിരുന്നത്. അവരുടെ കയ്യിലെ പണം തീർന്നതോടെ ഷൂട്ടിംഗ് നിലച്ചു.
ജേക്കബ് ബ്രീസ് എന്ന മറ്റൊരു സംവിധായകന്റെ വേറൊരു ചിത്രത്തിലും സഹായി ആയി കൂടി എങ്കിലും ആ ചിത്രത്തിനും ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ആയുസ്സ് ഉണ്ടായില്ല. അങ്ങനെ ഇരിക്കെ മധു സാർ സംവിധാനം ചെയ്‌ത ഉദയം പടിഞ്ഞാറ് എന്ന ചിത്രത്തിന്റെ സെൻസർ സ്ക്രിപ്റ്റ് എഴുതാൻ ഒരവസരം ലഭിച്ചു. മഞ്ഞിലാസ് ജോസ് ആയിരുന്നു പ്രൊഡക്ഷൻ മാനേജർ. അതിന് മുമ്പ് ജോസേട്ടൻ തന്നെ നിർമാണ കാര്യദർശി ആയ ജിയോ ഫിലിംസ് ന്റെ ഇത്രയും കാലം എന്ന പടം വർക്ക് ചെയ്യുമ്പോൾ ആണ് ജോസേട്ടനെ ആദ്യമായി പരിചയപ്പെടുന്നത്.. ഇപ്പോഴും ഓർക്കുന്നു ഭരണി സ്റ്റുഡിയോയിൽ ആയിരുന്നു ഉദയം പടിഞ്ഞാറിന്റെ ഡബ്ബിങ് നടന്നിരുന്നത്.
മധു സാറിന്റെ വലിയൊരു ഫാൻ ആയിരുന്നു ഞാൻ അന്ന്. ഇതാ ഇവിടെ വരെ, ഇതാ ഒരു മനുഷ്യൻ തുടങ്ങിയ I. V. ശശി ചിത്രങ്ങൾ കണ്ടതോടെ ആരംഭിച്ച ആ ആരാധന ഇന്നും ഒട്ടും കുറഞ്ഞീട്ടില്ല. ഞാൻ ചെല്ലുമ്പോൾ ഡബ് ചെയ്തിരുന്നത് നസിർ സാർ ആണ്. കൺസോളിൽ നിർദേശങ്ങൾ നൽകി മധു സാർ ഉണ്ട്. അൽപനേരം രോമാഞ്ചത്തോടെ പ്രിയതാരങ്ങളുടെ ഡബ്ബിങ് വീക്ഷിച്ചു നിന്ന എന്നെ ജോസേട്ടൻ തടിച്ച ശരീര പ്രകൃതി യുള്ള ആജാനുബാഹുവായ ഒരാളുടെ അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. മധുസാറിന്റെ അസ്സോസിയേറ്റ് രാധാകൃഷ്ണൻ ആയിരുന്നു അത്. കാഴ്ചയിൽ അൽപ്പം ഗൗരവക്കാരൻ ആയിരുന്നെങ്കിലും സംസാരത്തിൽ നിന്ന് ആൾ ഒരു രസികൻ ആണെന്ന് വളരെ പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി.
പരസ്പരം പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ നാളെ മുതൽ റീറെക്കോർഡിങ് ഭരണി സ്റ്റുഡിയോ യിൽ തന്നെ ആരംഭിക്കുമെന്നും രാവിലെ 9 മണിക്ക് അവിടെ എത്തണം എന്നും രാധാകൃഷ്ണൻ പറഞ്ഞു. സമ്മതിച്ചു തിരിയെ പോന്നെങ്കിലും അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മധു സാറിനെ നേരിൽ കണ്ട ത്രില്ലിൽ ആയിരുന്നു ഞാൻ. മാത്രമല്ല റീറെക്കോർഡിന് കഴിയുംവരെ ദിവസവും അദ്ദേഹത്തെ കാണാമെന്നും പറ്റിയാൽ പരിചയപ്പെടാമെന്നുമുള്ള ആഗ്രഹം എന്നിൽ രോമാഞ്ചം ഉണർത്തി. കൂട്ടത്തിൽ പറയട്ടെ, അന്ന് റീറെക്കോർഡിങ് ഒരു സംഭവം തന്നെ ആയിരുന്നു. ഭരണി, വാഹിനി, A.V M. തിയേറ്ററുകളിൽ നാലും അഞ്ചും ദിവസം എടുത്താണ് അക്കാലത്തു സിനിമകളുടെ റീറെക്കോർഡിങ്, മിക്സിങ് ജോലികൾ നടക്കാറുള്ളത്.
മ്യൂസിക് ഡയറക്ടർക്ക് പുറമെ മ്യൂസിഷ്യൻസിന്റെ ഒരു പട തന്നെ കാണും അവിടെ. ലൈവ് റെക്കോർഡിങ് ആയതിനാൽ ആദ്യം റീൽ ഇട്ടു കണ്ട ശേഷം ഡയറക്ടറുടെ കൂടെ അഭിപ്രായം ശ്രദ്ധിച്ചു എവിടെയൊക്കെ എന്തൊക്ക സംഗീതം നൽകണമെന്ന് തീരുമാനിക്കും. രണ്ടും മൂന്നും തവണ റിഹേഴ്സൽ ചെയ്തീട്ടാണ് ടേക്ക് പോകുക. ഇങ്ങനെ റീൽ ഇട്ട് കാണുന്ന കൂട്ടത്തിൽ പടം കണ്ട് ഷോട്സ് മാർക്ക് ചെയ്യുക എന്ന എന്റെ ജോലിയും നടക്കും.. (പടം ആദ്യം മുതൽ ഷോട്ട് ബൈ ഷോട്ട് എഴുതി സംഭാഷണങ്ങൾ അടക്കം പുസ്തകമാക്കി ബൈന്ഡ് ചെയ്ത് സെൻസർ ബോർഡ് ന് സമർപ്പിച്ചാൽ മാത്രമേ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കൂ.)ഉദയം പടിഞ്ഞാറിന്റെ സെൻസർ വർക്ക് തീർന്നപ്പോഴേക്കും ഞാനും രാധാകൃഷ്നേട്ടനും അടുത്ത സുഹൃത്തുക്കളായി. പുള്ളി താമസിച്ചിരുന്ന മൈലാപൂരിലെ സ്വാമീസ് ലോഡ്ജിൽ ഞാനും, K.K.നഗറിലെ എന്റെ താമസ സ്ഥലത്തു അദ്ദേഹവും നിത്യ സന്ദർശകർ ആയി.
അങ്ങനെ ഇരിക്കെ N.ശങ്കരൻ നായർ സംവിധാനം ചെയ്യുന്ന പുതിയ മലയാളം /തെലുഗു മൂവിയിലേക്ക് രാധാകൃഷ്നേട്ടൻ അസ്സോസിയേറ്റ് ആയി വിളിക്കപ്പെട്ടു എന്ന് മാത്രം അല്ല എന്നെ തന്റെ അസിസ്റ്റന്റ് ആയി അദ്ദേഹം കൂടെ കൂട്ടുകയും ചെയ്തു. വിനോദ് കുമാർ എന്ന കന്നഡ നടൻ ആയിരുന്നു നായകൻ (ആലിലക്കുരുവികൾ എന്ന S.l.പുരം ആനന്ദ് ന്റെ സിനിമയിൽ വിനോദ് നായകൻ ആവുന്നത് ഈ ചിത്രത്തിന് ശേഷം ആണ് ) നായിക ജയലളിത (ഉപ്പ് ഫെയിം ).പുഷ്പരാജൻ നിർമിച്ച ഈ ഫിലിം ന്റെ ക്യാമറ കൈകാര്യം ചെയ്‌തത് മെല്ലി ദയാളൻ ആണ്. മലയാളം പേര് നോട്ടപ്പുള്ളി. തെലുഗ് പേര് ഹത്യകെ ആഹ്വാന.
(തുടരും)
Pics.
1.K. രാധാകൃഷ്ണൻ.
2.K. രാധാകൃഷ്ണൻ & N. ശങ്കരൻ നായർ
3.Balan. K. നായർ & K. രാധാകൃഷ്ണൻ (ഫിലിം പാലം )
4.with M. S. V.
5, ഹരീഷ്, കക്ക രവി, പ്രിയങ്ക & ശ്യാമള (മൗന ദാഹം )
6. With പ്രേം നസീർ.
7.with innocent & Mamukoya. (ഒരു തരം രണ്ടു തരം മൂന്ന് തരം )