സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 20
(ഗോപിനാഥ് മുരിയാട്)
തിരക്കേറിയ നഗരവീഥി യിലൂടെ ഓട്ടോ കിതച്ചു കിതച്ചു മുന്നേറവേ ഞാൻ ആരുടെയോ തോളിൽ ചാഞ്ഞു. എന്റെ കയ്യിൽ അപ്പോഴും മുറുക്കി പിടിച്ചിരുന്ന ഗുഡ് ഫ്രൈഡേ യുടെ സ്ക്രിപ്റ്റ് ഞാൻ കൂടെ ഇരുന്ന ആരുടെയോ കയ്യിലേക്ക് നീട്ടി.
“എഡിറ്റിംഗ് കഴിഞ്ഞു. ഡബ്ബിങ് സ്ക്രിപ്റ്റ് തയ്യാറാക്കാൻ വേണ്ടി ഞാൻ ഇന്ന് എഡിറ്റിംഗ് ൽ നിന്നും പോന്നപ്പോൾ എടുത്തതാ. ഇത് ഭദ്രമായി അഴകിനെ ഏൽപ്പിക്കണം. 2 ദിവസം കഴിഞ്ഞ് ഡബ്ബിങ് തുടങ്ങാൻ ഉള്ളതാ. അഴകിനോട് സ്ക്രിപ്റ്റ് ഗുഡ് ഫ്രൈഡേ യുടെ ഓഫീസിൽ ഏല്പിക്കാൻ പറയണം. മറക്കരുത്.”
ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു. ഇനി എത്ര നേരം എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്നറിയില്ല. ബ്ലീഡിങ് നിൽക്കാത്തത് മൂലം വല്ലാത്ത തളർച്ചയുണ്ട് എനിക്ക്.
ഓട്ടോ മൗണ്ട് റോഡിൽ നിന്നും റോയപ്പെട്ടയിലേക്ക് തിരിയുന്നു എന്ന് ആരോ പറയുന്നത് കേട്ടു. ഒരല്പം സമാധാനം തോന്നി. ഇനി ഹോസ്പിറ്റലിലേക്ക് അധികം ദൂരമില്ല.ഹോസ്പിറ്റലിൽ എത്തിയതും ട്രോളിയിൽ ഇറക്കി കിടത്തി ആരൊക്കയോ കൂടി എന്നെ തള്ളി ഐ.സി.യു.വിന് മുന്നിൽ എത്തിച്ചു. അവിടെ കുറേ നേരം കിടന്നു. ഡോക്ടർമാർ ആരും വരുന്നില്ല. ഇതിനിടയിൽ കേട്ടറിഞ്ഞു എന്റെ റൂം മേറ്റ് ആയ ബാലു വാസുദേവ്, അയൽക്കാരിയും ആർട്ടിസ്റ്റും ആയ T. T. ഉഷ, എന്റെ സുഹൃത്ത് അഴക് ഇവർ ഒക്കെ ഹോസ്പിറ്റലിൽ എത്തി. ഞാൻ അഴകിനെ വിളിച്ചു പറഞ്ഞു.
“നീ എപ്പിഡിയാവത് ബാംഗ്ലൂരിൽ ഉള്ള ചിതപ്പാകിട്ടെ വിഷയം സൊല്ലുങ്കോ. ഊരിൽ ആര് കിട്ടേയും സൊല്ല വേണ്ടാ. അമ്മക്കെല്ലാം താങ്ങിക്ക മുടിയാതു.”
(അതിന് അൽപ്പം മുമ്പ് എന്റെ ചെറിയച്ഛന്റെ മകളുടെ വിവാഹത്തിന് ഞാനും അഴകും കൂടി ബാംഗ്ലൂരിൽ പോയിരുന്നു. അത് കൊണ്ട് അവന് എന്റെ ബന്ധുക്കളെ ഒക്കെ അറിയാം.)
ബാംഗ്ലൂരിൽ എന്റെ ചെറിയച്ഛൻ M. നാരായണനും എന്റെ അമ്മാവൻ ശ്രീ. നന്ദകുമാറും D. R. D. O. യിൽ വർക്ക് ചെയ്യുന്നു. ചെറിയച്ഛൻ ആണെങ്കിൽ മദ്രാസ് നന്നായിട്ട് അറിയാം. എന്റെ അവസ്ഥ വളരെ മോശം ആണെന്ന് എനിക്ക് മനസ്സിലായി തുടങ്ങി. ഇതിനിടയിൽ എന്റെ അപകടത്തെ പറ്റി ആരൊക്കെയോ ചെന്ന് പറഞ്ഞപ്പോൾ സത്യൻ അന്തിക്കാടിന്റെ ഏതോ പടത്തിന് മദ്രാസിൽ എത്തിയിരുന്ന സഹസംവിധായകൻ ശശി ശങ്കർ കയ്യിൽ ഉണ്ടായിരുന്ന കുറേ പൈസ അവർക്ക് നൽകി സഹായിച്ചു എന്ന വാർത്ത പിന്നീട് എപ്പോഴാ ആരോ പറഞ്ഞു ഞാൻ അറിഞ്ഞു.(ശശി ശങ്കറിനെ T. P. ബാലഗോപാലൻ വർക് ചെയ്യന്ന കാലം മുതൽ എനിക്ക് അറിയാം.)
എന്റെ അവശനിലയിൽ ഉള്ള കിടപ്പ് കണ്ട് എന്നെ കാണാൻ വന്ന ഉഷ യും സുഹൃത്തുക്കളും ഡോക്ടറെ പോയി കണ്ടു. ഡോക്ടർ പറഞ്ഞു അത്രേ, ധാരാളം ബ്ലഡ് നഷ്ട പ്പെട്ടതിനാൽ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റുന്നതിന് മുമ്പ് ബ്ലഡ് നൽകാൻ തയ്യാറുള്ള ആരെയെങ്കിലും ഒക്കെ കണ്ടെത്തണം. ഉഷ ഉടനെ അവളുടെ പരിചയത്തിൽ ഉള്ള സുഹൃത്തുക്കളെ എല്ലാം ഹോസ്പിറ്റലിലേക്ക് വിളിച്ചു വരുത്തി. രക്തം നൽകാൻ ആളുകൾ എത്തിയതോടെ എന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോയി. ഇതിനിടയിൽ ഹോസ്പിറ്റൽ സ്റ്റാഫ് എന്റെ ജീൻസ് അഴിച്ചു മാറ്റിയിരുന്നു. മുട്ടിനു കീഴെ ആയി മുറിഞ്ഞ എല്ലിൽ ഒന്ന് ഓട്ടോയിൽ ഇരുന്ന് കിടുങ്ങിയത് കൊണ്ടാവും മുകളിലേക്കു കയറിയ അവസ്ഥയിൽ ആയിരുന്നു. വൈകിട്ട് അൽപ്പം മദ്യ സേവ ഒക്കെ കഴിഞ്ഞ് അങ്ങോട്ട് വന്ന എന്റെ സുഹൃത്തുക്കളിൽ പലരുടെയും തലക്കുണ്ടായിരുന്ന കിക്ക് ഒക്കെ ആ കാഴ്ച്ച യിലൂടെ ഒലിച്ചു പോയെന്നാണ് പിന്നീട് എപ്പോഴാ ഓർമ വന്നപ്പോൾ ശശിഏട്ടൻ പറഞ്ഞത്. (ശശി വയനാട് ).
ട്രോളി മുന്നോട്ട് നീങ്ങവേ ബാലുവിന്റ ശബ്ദം മാത്രം ഞാൻ കേട്ടു. “ഗോപി, ധൈര്യം ആയിരിക്ക്. ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ട്. ഒന്നും സംഭവിക്കില്ല.”
ഓപ്പറേഷൻ തിയേറ്ററിലെ ബൽബുകളുടെ വെളിച്ചത്തിൽ ചുറ്റും നിന്ന ഡോക്ടർ മാരെ നോക്കി ഞാൻ പുലമ്പി.
“please make me unconscious doctor.. Please.”
ബോധം നശിക്കുന്നത് വരെ ഞാൻ അങ്ങനെ എന്തൊക്കെയോ പുലമ്പി ക്കൊണ്ടിരുന്നു.പിന്നെ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് എനിക്ക് ഓർമ തിരിച്ചു കിട്ടുന്നത്. ഇതിനിടെ പലരും എന്നെ കാണാൻ വന്നു.എന്റെ റൂം മേറ്റ് ആയ പ്രൊഡക്ഷൻ മാനേജർ വിജയകുമാർ, ബേപ്പൂർ മണി, പ്രൊഡ്യൂസേഴ്‌സ് മുരളി, കുമാർ, സെവൻ ആർട്സ് മോഹൻ, മാള ചേട്ടൻ അങ്ങനെ കുറേ പേർ.
(മാള ചേട്ടൻ ഗുഡ് ഫ്രൈഡേ യ്യുടെ ഡബ്ബിങ്ങിന് വന്നപ്പോൾ ആണ് എനിക്ക് പറ്റിയ അപകടത്തെ പറ്റി അറിഞ്ഞത്.ഡബ്ബിങ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ ആണ് അദ്ദേഹം എന്നെ കാണാൻ ഹോസ്പിറ്റലിൽ എത്തിയത് )
“ഗോപി, പൈസ വല്ലതും ആവശ്യം ഉണ്ടോ??
നമുക്ക് റെഡിയാക്കം.”
അദ്ദേഹം എന്റെ കാതിൽ ചോദിച്ചു. അഭിമാനിയായ ഞാൻ പക്ഷേ ഒന്നും ആവശ്യം ഇല്ലെന്ന് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് ശേഷം എന്റെ കാൽ വീണ്ടും ഓപ്പറേറ്റ് ചെയ്തു. എല്ലുകളെ കൂട്ടി യോജിപ്പിച്ചു പ്ലേറ്റ് ഇടാൻ ആയിരുന്നു അത്. ഓപ്പറേഷൻ കഴിഞ്ഞ് ബോധം വന്നപ്പോൾ ഞാൻ ഉറക്കെ കരഞ്ഞു. കാലിൽ ആരോ കൂടം കൊണ്ട് അടിക്കുന്നത് പോലെ വല്ലാത്ത വേദന. ആ വേദന രണ്ടു ദിവസത്തോളം നീണ്ടു നിന്നു. ജീവിതത്തിൽ ഇത്രയും വേദന ഞാൻ അനുഭവിക്കുന്നത് ആദ്യമായിട്ടാണ്. ഹലൂസിനേഷൻ എന്താണെന്ന് ഞാൻ അറിയുന്നത് ഈ കാലഘട്ടത്തിൽ ആണ്. പലപ്പോഴും ഞാൻ എവിടെയാണെന്ന് തന്നെ ഞാൻ മറന്നു പോയി.ഒരിക്കൽ നാട്ടിലുള്ള അമ്മാമൻ എന്നെ കാണാൻ വന്നപ്പോൾ ഞാൻ പറഞ്ഞത്രേ..
“അമ്മാമ, ഇത് ആസ്പത്രിയൊന്നും അല്ല. ഫിലിം ന്റെ ഷൂട്ടിംഗ് ന് സെറ്റ് ഇട്ടിരിക്കുന്നതാ. ഈ കിടക്കുന്ന പേഷ്യന്റ്‌സും ഡോക്ടർസും ഒക്കെ ജൂനിയർ ആർട്ടിസ്റ്റുകൾ ആണ്.”
വർഷങ്ങൾ ആയി ഊണിലും ഉറക്കത്തിലും സിനിമ മാത്രം സ്വപ്നം കണ്ടിരുന്ന ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതം ഉള്ളൂ.
ഉഷയും അവളെ കാണാൻ മദ്രാസിൽ വന്ന അച്ഛനും അമ്മയും എപ്പോഴോ ഹോസ്പിറ്റലിൽ എന്നെ കാണാൻ എത്തി. ഞാൻ അപ്പോൾ ബോധം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു അത്രേ. കണ്ണൂർക്കാരിയായ ഉഷ പറശ്ശിനിക്കടവ് മുത്തപ്പന്റെ ഭക്തയാണ്. അവൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. ഞാൻ എണീറ്റ് നടന്നാൽ എന്നെ കൊണ്ടുപോയി മുത്തപ്പനെ തൊഴീച്ചോളാം എന്ന്. തൃശൂർക്കാരൻ ആയ ഞാൻ മുത്തപ്പനെ പറ്റി ആദ്യമായി കേൾക്കുന്നത് ഉഷയിൽ നിന്നാണ്. (എന്തായാലും വർഷങ്ങൾക്ക് ശേഷം 94 ൽ ആണെന്ന് തോന്നുന്നു ഞാൻ കണ്ണൂരിൽ ചെന്ന് അവളുടെ കുടുംബത്തോടൊപ്പം മുത്തപ്പനെ ചെന്ന് കണ്ടു. തൊഴുതു പ്രാർത്ഥിച്ചു. അന്ന് അവളുടെ മാതാപിതാക്കൾക്കൊപ്പം ആണ് ഉഷയുടെ കുഞ്ഞു മക്കൾ രണ്ടു പേരും. ആ മകൻ ആണ് ഇന്നത്തെ ടി. വി. താരം രഞ്ജിത്ത്. മകൾ രമ്യ ഇപ്പോൾ കുടുംബത്തോടൊപ്പം U. K. യിൽ ആണ് ).
അത് പോലെ അബോധാവസ്ഥയിൽ കിടക്കുന്ന എനിക്ക് വേണ്ടി ചെറിയച്ഛനും ഒന്ന് പ്രാർത്ഥിച്ചു. എന്റെ ജീവൻ തിരിച്ചു കിട്ടിയാൽ എന്നെ തിരുപ്പതിയിൽ കൊണ്ട് പോയി തോഴീക്കാം എന്ന്. 2010 ൽ മരിക്കുന്നത് വരെ തിരുപ്പതി ഭഗവാന്റെ തികഞ്ഞ ഭക്തൻ ആയിരുന്നു അദ്ദേഹം. അവിടെയും സുഖമായ ശേഷം ഞാൻ പോയി ദർശനം നടത്തി.
റോയപ്പെട്ട ഹോസ്പിറ്റലിൽ ഒന്നര മാസത്തോളം ഞാൻ കിടന്നു. ഈ സമയം അത്രയും ചെറിയച്ഛനും ബാംഗ്ലൂർ ഉള്ള എന്റെ നന്ദൻ മാമനും ആണ് എന്റെ കാര്യങ്ങൾ നോക്കാൻ ലീവ് എടുത്ത് മദ്രാസിൽ വന്നു നിന്നത്. ഹോസ്പിറ്റലിന് അടുത്ത് തന്നെയുള്ള ഒരു ലോഡ്ജിൽ ആയിരുന്നു അവരുടെ താമസം.ഒരാഴ്ച ചെറിയച്ഛൻ നിന്നാൽ അടുത്ത ആഴ്ച അമ്മാമൻ വന്നു നിൽക്കും. കൂടാതെ അഴകിന്റെ സഹായത്താൽ ഏതോ ഒരു തമിഴ് പയ്യനെ എന്റെ സഹായി ആയി ഹോസ്പിറ്റലിൽ നിറുത്തിയിരുന്നു. പാവം ചെറിയച്ഛൻ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. പോലീസ് സ്റ്റേഷനിലും പല്ലവൻ ട്രാൻസ്‌പോർട് ഓഫീസിലും കയറി ഇറങ്ങി 27-7-90 ന് ഈവെനിംഗ് ജമിനി യിൽ നിന്നും വടപളനി ക്ക് ഞാൻ കയറിയ 17 A എന്ന ബസ് കണ്ടത്തി.(ബസ് നമ്പർ T. N. 01 1223).
എന്നെ തട്ടി ഇട്ട് തിരിഞ്ഞ് നോക്കാതെ പോയ കുറ്റത്തിന് ലീഗൽ എയ്ഡ്‌സ് മുഖാന്തരം കേസ് കൊടുക്കാനും അദ്ദേഹം ഇതിനിടയിൽ സമയം കണ്ടെത്തി.പതുക്കെ പതുക്കെ എന്നെ കാണാൻ ഉള്ള സുഹൃത്തുക്കളുടെ വരവ് നിന്നു. ഞാൻ വർക്ക് ചെയ്തിരുന്ന ഗുഡ് ഫ്രൈഡേയുടെ നിർമാതാക്കളോ ബേപ്പൂർ മണിയോ പിന്നീട് ആ വഴിക്ക് വന്നില്ല. എന്റെ സുഹൃത്തായ അഴക് മാത്രം ഇടക്ക് വിവരം തിരക്കി വരും. അവൻ പറഞ്ഞാണ് വേറെ ഏതോ അസ്സോസിയേറ്റ് ഡയറക്ടറെ വച്ച് ഗുഡ് ഫ്രൈഡേ യുടെ ഡബ്ബിങ് നടക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്.
അങ്ങനെ ഇരിക്കെ ഒരു ദിവസം ജ്യോതി ഒരു കൂട്ടുകാരിയോടൊപ്പം ഹോസ്പിറ്റലിൽ എത്തി. ചെറിയച്ഛൻ ഉള്ള കാരണം ഞാൻ ഒന്ന് പരിഭ്രമിച്ചു. പക്ഷേ അദ്ദേഹം ബുദ്ധിപൂർവ്വം എന്തോ ആവശ്യത്തിനെന്നു പറഞ്ഞ് പുറത്തേക്ക് പോയി.
അവൾ കുറേ ഫ്രൂട്സും ഒരു ഹോർലിക്സ് ബോട്ടിലും ഒക്കെ ആയിട്ടാണ് എന്നെ കാണാൻ എത്തിയത്. ഒന്നും മിണ്ടാതെ കുറേ നേരം എന്നെ തന്നെ നോക്കിയിരുന്നു അവൾ. കൂട്ടുകാരി എന്നോട് എന്ന് ഡിസ്ചാർജ് ചെയ്യാമെന്നും മറ്റ് സുഖ വിവരങ്ങളും തിരക്കി. എന്റെ കാലിൽ തുളച്ചു ഇട്ടിരിക്കുന്ന കമ്പി കണ്ട് ജ്യോതി കണ്ണ് പൊത്തി.
“വലിക്കതാ കാല്..?”
കാൽ ശ്രദ്ധിച്ച് ജ്യോതി ചോദിച്ചു.
“വലി ഇരുന്തത്. ഇപ്പോ പറവായില്ല..”
ഞാൻ പറഞ്ഞു.
“എപ്പിടി ബാത്ത് റൂമിൽ എല്ലാം പോകത്..”
എല്ലാം ബെഡിൽ പാൻ വെച്ചു സാധിക്കയാണെന്നു പറയാൻ വല്ലാത്ത ചമ്മൽ. അതിനൊക്കെ മദ്രാസ് ഹോസ്പിറ്റലിൽ തോട്ടി പണിക്കാർ ഉണ്ടായിരുന്നു അക്കാലത്തു്.
ഒന്നും പറയാതെ ഞാൻ താഴോട്ട് നോക്കി കിടന്നു. എന്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു .അപകടം പറ്റിയ അന്ന്
ബസിൽ കയറുമ്പോഴും യാത്ര ചെയ്യുമ്പോഴും എല്ലാം അവളുടെ നിറഞ്ഞ മിഴികളും കൈ കൂട്ടി ഇടിച്ചു വളകൾ പൊട്ടിച്ചപ്പോൾ മുറിവേറ്റ കൈതണ്ടയും ആയിരുന്നു എന്റെ മനസ്സിൽ.അത് എന്നെ വല്ലാതെ വേട്ടയാടി. കുറ്റബോധം മൂലം അപ്പോഴും എനിക്ക് അവളുടെ മുഖത്ത് നോക്കാൻ ധൈര്യം ഇല്ലായിരുന്നു. എന്റെ സങ്കടം മനസ്സിലാക്കിയിട്ടേന്നോണം അവൾ പറഞ്ഞു.
“കവലപ്പെടാതെ.. സീഖ്രം സുഖം ആയിടും..”
ഡിസ്ചാർജ് ആനാ ഊരുക്ക് പോയിടുവാങ്കെ ഇല്ലേ? ”
“ഉം. മൂന്നു മാസം ആവത് റസ്റ്റ് തേവപ്പെടും. അപ്പോ താൻ ശരിയായി നടക്ക മുടിയും..”
ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.
“നാൻ രണ്ടു മൂന്നു വട്ടി ഉങ്കളേ പാക്ക വന്തേൻ.ആനാ ഉങ്കളേ പാക്ക മുടിയിലെന്നു ഫ്രെണ്ട്സ് സൊന്നാങ്കെ. അപ്പിടിയെ തിരുപ്പി പോയിട്ടേൻ. വേറെ എന്നാ പണ്റത്..??”
അവളുടെ സ്വരം ഇടറിയോ?
ഞാൻ വീണ്ടും നിശ്ശബ്ദനായപ്പോൾ അവൾ ചോദിച്ചു.
“അപ്പോ നാങ്കേ വരട്ടുമാ??
റൊമ്പ നേരാച് വന്ത്..”
ഞാൻ തലയാട്ടി..
അവളുടെ കണ്ണുകളിൽ എന്നെ പറ്റിയുള്ള എല്ലാ പ്രതീക്ഷയും മങ്ങിയിരിക്കുന്നു.ഒരു തരം നിർവികാരത..
അവൾ ഇറങ്ങി നടന്നു. ഹോസ്പിറ്റൽ വാർഡിന്റെ അറ്റത്തു എത്തിയപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ പെട്ടെന്ന് പുറത്തേക്ക് നീങ്ങി.അൽപ്പം കഴിഞ്ഞപ്പോൾ അഴക് വന്നു. ജ്യോതി വന്ന വിവരം അവൻ അറിഞ്ഞിരിക്കുന്നു. അവൻ കയറി വരുമ്പോൾ ആണ് ജ്യോതിയും കൂട്ടുകാരിയും പോകുന്നത്..
“എന്നാ സൊന്നെ നീ??”
അവൻ ചോദിച്ചു.
“എന്നത്തെ സൊള്റത്..?
ഏൻ നിലമേ ഉനക്ക്
തെരിയതാ??”
“തെരിയും. നല്ലാ തെരിയും. അത് താൻ മുന്നാടി അവൾ വന്തപ്പോൾ എല്ലാം നാൻ തിരുപ്പി അനപ്പിയിട്ടേൻ.. ഏതുക്ക് ചുമ്മാ അവ മനസ്സേ പോട്ട് കുഴപ്പിയിട്ടു..”
ഞാൻ അവനെ നോക്കി.
അവൻ പറഞ്ഞത് ശരിയല്ലേ??
“പെൺ ശാപം പൊല്ലാത്തത് ടാ.. ഇതെല്ലാം റൊമ്പ തപ്പ്..”
ഞാൻ അവന്റെ മുഖത്ത് നോക്കാനാകാതെ കണ്ണുകൾ അടച്ചു കിടന്നു.ദിവസങ്ങൾ യാന്ത്രികമായി മുന്നോട്ടു നീങ്ങി. അവസാനം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യേണ്ട ദിവസം എത്തി. നാട്ടിൽ നിന്നും എന്നെ കൊണ്ട് പോവാൻ അമ്മാവൻ എത്തിയിട്ടുണ്ട്. തലേ ദിവസം തന്നെ അഴക് എന്റെ മുറിയിൽ പോയി അത്യാവശ്യം വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഒരു ബാഗിൽ ആക്കി കൊണ്ട് വന്നിരുന്നു. എന്നെ അമ്മാമൻ ഒപ്പം വണ്ടി കയറ്റി വിട്ടിട്ട് വേണം ചെറിയച്ഛന് ബാംഗ്ലൂർ ക്കുള്ള ട്രെയിൻ കയറാൻ. അപ്പോഴും കിടപ്പ് രോഗി ആയ എന്നെ വണ്ടിയിൽ കയറ്റാനും ഇറക്കാനും ഒക്കെ അമ്മാമനെ കൊണ്ട് തന്നെ ബുദ്ധി മുട്ടാവും. അതിനാൽ മദ്രാസിൽ സെറ്റിൽ ആയ നാട്ടുകാരൻ ശ്രീനിവാസൻ കൂടി അമ്മാമനെ സഹായിക്കാൻ എത്തിയിരുന്നു.
ആംബുലൻസിൽ ആണ് എന്നെ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചത്. യാത്ര അയക്കാൻ അഴകും കൂടെ വന്നു. പ്ലാറ്റ്ഫോമിലൂടെ എന്നെ കിടത്തിയ സ്‌ട്രക്ചർ ചുമന്നു കൊണ്ട് ട്രിവാൻഡ്രം മെയിൽ കിടക്കുന്ന സ്ഥലം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങവേ പെട്ടെന്ന് ഒരാൾ സ്‌ട്രക്ച്ചറിൽ കിടക്കുന്ന എന്നെ കണ്ട് അടുത്തേക്ക് വന്നു. സംവിധായകൻ P. G. വിശ്വംഭരൻ. അദ്ദേഹവും ആ വണ്ടിയിൽ നാട്ടിലേക്ക് പോകയാണ്
“എന്ത് പറ്റിയെടോ??”
വിശ്വംഭരൻ സാറിന്റെ ‘സൈമൺ പീറ്റർ നിനക്ക് വേണ്ടി’, ആയിടെ ഞാൻ വർക്ക് ചെയ്ത ചിത്രം ആണ്.
മുമ്പ് ‘ഇവിടെ ഈ തീരത്ത്’ , പ്രത്യേകം ശ്രദ്ധിക്കുക, തുടങ്ങിയ ചിത്രങ്ങളും ഞാൻ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തിരുന്നു. എന്റെ കൂടെയുള്ള ആരോ അദ്ദേഹത്തോട് സംസാരിക്കാൻ നിൽക്കവേ മറ്റുള്ളർ എന്നെ റിസർവേഷൻ കമ്പാർട്മെന്റിലെ ഒരു സൈഡ് സീറ്റിൽ കൊണ്ട് കിടത്തിയിരുന്നു. ഇരിങ്ങാലക്കുട സ്റ്റേഷനിൽ ട്രിവാൻഡ്രം മെയിൽ നിർത്തില്ല. തൃശൂർ ഇറങ്ങി കാർ പിടിച്ചു വേണം വീട്ടിൽ എത്താൻ. ഇരിങ്ങാലക്കുട നിർത്തുന്ന അലപ്പി എക്സ്പ്രസ്സ് ഉണ്ടെങ്കിലും അത് അവിടെ ഒരു മിനിറ്റ് മാത്രമേ സ്റ്റോപ്പ് ഉള്ളു. അത് കൊണ്ടാണ് തൃശൂർ ഇറങ്ങാൻ തീരുമാനിച്ചത്. അവിടെയാവുമ്പോൾ 5 മിനിറ്റ് എങ്കിലും വണ്ടി നിർത്തും.
സ്ട്രെക്ച്ചറിൽ എന്നെ ഇറക്കി കാറിൽ കയറ്റുന്ന ജോലി എളുപ്പമല്ലല്ലോ..
ട്രെയിൻ ചൂളം വിളിച്ചതോടെ അഴകും ചെറിയച്ഛനും വണ്ടിയിൽ നിന്നും ഇറങ്ങി.. വണ്ടി പതുക്കെ മുന്നോട്ട്..
ഡയറക്ടർ ആയി തിരിച്ചു പോകാൻ ഇരുന്ന ഞാൻ ഇതാ തോറ്റു തുന്നം പാടി തിരിച്ചു ചെല്ലുന്നു.. ഒന്നും ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. ഞാൻ കണ്ണുകൾ അടച്ചു.. ട്രിവാൻഡ്രം മെയിൽ കേരളം ലക്ഷ്യമാക്കി കുതിച്ചു..
(തുടരും)
Pics.
1. അഴക്.
2.ജയരാജ്, ബാലു വാസുദേവ്.
3.ശശി ശങ്കർ
4.മാള അരവിന്ദൻ
5.ഉഷ