സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 21
(ഗോപിനാഥ് മുരിയാട്)
ഇത് സിനിമയിൽ അല്ല..
ട്രെയിൻ രാവിലെ തൃശൂർ സ്റ്റേഷനിൽ എത്തി. രാത്രി മുഴുവൻ ബർത്തിൽ ഉറക്കം വരാതെ കിടന്ന ഞാൻ എങ്ങിനെയൊക്കയോ നേരം വെളുപ്പിച്ചു. വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ വരുന്നത് ഇങ്ങനെയായി പോയല്ലോ..
1984 ൽ ഉണ്ടായിരുന്ന നല്ലൊരു ജോലി രാജി വച്ച് വീട്ടുകാരോട് പോലും പറയാതെ ചെന്നൈലേക്ക്
വണ്ടി കയറിയതാണ്. മാക്സിമം ഒരാറു വർഷം.1990 ൽ എങ്കിലും ഒരു സംവിധായകൻ ആകണം എന്ന കണക്കു കൂട്ടലിൽ ആണ് സിനിമയിൽ വന്നത്. ഇപ്പോഴും പറയാൻ മാത്രം ഒന്നുമായിട്ടില്ല. കുറച്ചു സിനിമകളിൽ വർക്ക് ചെയ്‌തെങ്കിലും മെയിൻ സ്ട്രീം സിനിമയിൽ ആരുമല്ല. ഇങ്ങനെയൊന്നും ഉള്ള ഒരു തിരിച്ചു വരവായിരുന്നില്ല എന്റെ മനസ്സിൽ.. പോട്ടെ.
അതൊന്നും ചിന്തിച്ചിട്ട് ഇനി കാര്യമില്ല.. വരുന്നിടത്തു വച്ചു കാണാം. മാറ്റാരുടെയൊക്കെയോ സഹായത്താൽ അമ്മാമനും ശ്രീനിവാസനും കൂടി എന്നെ കാറിന്റെ പിൻസീറ്റിൽ ചാരി കിടത്തി.കാർ ഒല്ലൂർ, അമ്പല്ലൂർ, പുതുക്കാട് വഴി മുന്നോട്ട് നീങ്ങി. നെല്ലായി എത്തിയാൽ പിന്നെ കാർ നാഷണൽ ഹൈവേയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു എന്റെ ഗ്രാമത്തിലേക്ക് ഉള്ള വഴിയിലേക്ക് കയറും. പിന്നെ 15-20 മിനുട്ടിനുള്ളിൽ മുരിയാട് എന്ന എന്റെ ഗ്രാമത്തിൽ എത്താം. പഞ്ചായത്തും കോപ്പറേറ്റീവ് സൊസൈറ്റിയും വായനശാലയും കടന്ന് കാർ മുന്നോട്ട് നീങ്ങവേ എന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. എങ്ങനെ വീട്ടുകാരെയും നാട്ടുകാരെയും അഭിമുഖീ കരിക്കും.
കുന്നതറ ക്ഷേത്രത്തിന് മുന്നിലുള്ള എന്റെ വീട്ടിലേക്ക് കാർ കയറിയതും അയൽവക്കത്തു നിന്നും പലരും എന്റെ വീടിന് നേരെ വരുന്നത് കണ്ടു. കാർ വീടിന്റെ മുൻവശം കൊണ്ട് നിർത്തിയപ്പോഴേക്കും അമ്മ ഓടി ഇറങ്ങി വന്നു കരച്ചിലും പിഴിച്ചിലും ആയി. എന്നെക്കാളും 8 വയസ്സിന് താഴെയുള്ള അനുജത്തിയും 16 വയസ്സിനു താഴെയുള്ള ഇളയവളും പിന്നിൽ പകച്ചു നിൽപ്പുണ്ട്. വൃദ്ധനും അവശനും ആയി അച്ഛൻ മറ്റൊരു വശത്ത് വിങ്ങലോടെ നിൽപ്പുണ്ട്. ആരൊക്കെയോ അമ്മാവനെയും ശ്രീനിവാസനെയും എന്നെ കാറിൽ നിന്നും താങ്ങി എടുക്കാൻ സഹായിക്കുന്നുണ്ടായിരുന്നു. ഒന്നും കാണാൻ വയ്യാതെ ഞാൻ കണ്ണടച്ച് കിടന്നു. ഞങ്ങൾ നടപ്പുര എന്ന് വിളിക്കുന്ന വിസിറ്റിംഗ് റൂമിൽ ജനലിനോട് ചേർന്നുള്ള കട്ടിലിൽ എന്നെ കൊണ്ട് വന്ന് കിടത്തിയപ്പോഴേക്കും 77 കാരനായ എന്റെ മുത്തച്ചനും അങ്ങോട്ട് എത്തി.
“എല്ലാവരും കുടി ഇങ്ങനെ കൂടി നിന്നാലെങ്ങനെയാ??
അവനല്പം കാറ്റ് കിട്ടണ്ടേ??”
മുത്തച്ഛന്റെ ശബ്ദം കേട്ടതോടെ അമ്മ അടുക്കളയിലേക്ക് വലിഞ്ഞു. ഉഗ്രപ്രതാപിയും സ്ഥലത്തെ പ്രധാന ദിവ്യനും റിട്ടയേർഡ് അദ്ധ്യാപകനും ആയിരുന്നു മുത്തച്ഛൻ. ഗ്രാമത്തിലെ സഹകരണ സംഘം പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ, N. S. S. പ്രസിഡന്റ് വായനശാലയുടെ സ്ഥാപകനും ഖാദി പ്രസ്ഥാനങ്ങളുടെ പ്രചാരകനും എന്ന് വേണ്ട ഈ ഗ്രാമത്തിന്റെ സർവസ്വവും അദ്ദേഹം ആയിരുന്നു എന്റെ ചെറുപ്പ കാലത്ത്. ഇപ്പോൾ വിശ്രമജീവിതത്തിൽ ആണെങ്കിലും നാട്ടിൽ എന്ത് കാര്യമുണ്ടെങ്കിലും പുതിയ തലമുറയും അദ്ദേഹത്തിന്റെ ഉപദേശവും ആശീർവാദവും തേടി വീട്ടിൽ എത്തുന്നത് സാധാരണയായിരുന്നു. ഞാൻ എന്നും അത്ഭുതാദരങ്ങളോടെയും അൽപ്പം ഭീതിയുടെയും വീക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എന്റെ മുത്തച്ഛൻ.
അദ്ദേഹം അടുത്ത് വന്നതോടെ മറ്റുള്ളവരെല്ലാം അൽപ്പം മാറി നിന്നു. മദ്രാസിൽ നിന്നും എന്നെ കൊണ്ട് വന്ന ചന്ദ്രമ്മാമനോട് മദ്രാസിലെ ഡോക്ടർസ് പറഞ്ഞ കാര്യങ്ങളും തുടർ ചികിത്സ എങ്ങനെ വേണമെന്നും മറ്റും ചോദിച്ച ശേഷം മുത്തച്ഛൻ പറഞ്ഞു.
“ഇവിടെ കുളിക്കാനും മറ്റ് കാര്യങ്ങൾക്കും ഒക്കെ ബുദ്ധിമുട്ടാവില്ലേ. അവനെ ആ മുറിയിലേക്ക് മാറ്റാം.
ഞാൻ ഇവിടെ കിടന്നോളാം ”
ഓർമ വച്ച കാലം മുതൽ നടപ്പുരയോട് ചേർന്ന മുറി മുത്തച്ഛന്റെ പേർസണൽ മുറിയായിരുന്നു. മുറിയുടെ ഒരു മൂലയിൽ ഒരു ഓവും പൈപ്പും ഉണ്ട്. രാത്രി മൂത്രം ഒഴിക്കാനും മറ്റും. (അന്നൊന്നും കേരളീയ ഗ്രാമങ്ങളിൽ അറ്റാച്ഡ് ബാത്റൂം സംവിധാനം ഉണ്ടായിരുന്നില്ല ).
വീട്ടിൽ ഉള്ളപ്പോൾ ഒക്കെ എഴുത്തും വായനയും ഒക്കെയായി മുത്തച്ഛൻ ആ മുറിയിൽ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ആ കരുതലും സ്നേഹവും എന്റെ കണ്ണ് നനയിച്ചു.അമ്മ എല്ലാവർക്കും ചായ കൊണ്ട് വന്നു. ചായ കുടിച്ച ശേഷം ശ്രീനിവാസൻ യാത്ര പറഞ്ഞു തിരിച്ചു പോയി. പുള്ളിക്ക് നാട്ടിൽ തന്നെയുള്ള വീട്ടിൽ പോയി ബന്ധുക്കളെ കണ്ട ശേഷം ഈവെനിംഗ് ട്രെയിന് മദ്രാസിലേക്ക് മടങ്ങണം.അമ്മ വാത്സല്യത്തോടെ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
“ഇത്രേം ആയി കിട്ടിയല്ലോ. ഇനി എന്റെ മോനെ ഞാൻ നോക്കിക്കോളാം. ചന്ദ്രൻമാമ്മൻ ആദ്യം മദ്രാസിൽ വന്ന് നിന്നെ കണ്ട ശേഷം വന്ന് പറഞ്ഞതൊക്കെ കേട്ടപ്പോൾ ഇനി എന്റെ മോനെ ഇങ്ങനെ കാണാൻ പറ്റും എന്ന് പോലും ഞാൻ കരുതിയില്ല.”
അമ്മ വിതുമ്പി.
“മതി. ഇനി അവൻ മുഖം ഒക്കെ കഴുകി വല്ലതും കഴിക്കട്ടെ. വർത്താനം പറയാൻ ഇനിയും നേരം ഉണ്ടല്ലോ.”
മുത്തച്ഛന്റെ ശബ്ദം കേട്ടതോടെ സുഖവിവരം തിരക്കി വന്ന അയൽക്കാരും വീട്ടുകാരും ഒക്കെ ഓരോ വഴിക്ക് പോയി. ”
അമ്മാമനും സഹോദരിയും അമ്മയും കുടി എന്നെ മുത്തച്ഛന്റെ മുറിയിലേക്ക് മാറ്റി. പ്രഭാത കൃത്യങ്ങൾ എല്ലാം കഴിഞ്ഞ് കാപ്പി കുടിച്ച ശേഷം ഞാൻ ചിന്താതീതനായി.ധൂർത്തു പുത്രന്റെ മടങ്ങിവരവിനായി കാത്തിരുന്ന പോലെ കുടുംബാഗങ്ങൾ എല്ലാം എന്നെ സ്നേഹം കൊണ്ട് മൂടി. പക്ഷേ അതൊന്നും എന്റെ സിനിമാ മോഹങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ പര്യാപ്തമല്ലായിരുന്നു.സുഖവിവരം അന്വേഷിച്ചുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും വരവ് അൽപ്പം ശമിച്ചപ്പോൾ ഞാൻ അമ്മാമനോട് പറഞ്ഞു ഒരു bundle പേപ്പർ വാങ്ങിച്ചു. കാൽ സുഖമായാൽ ഉടൻ തിരിച്ചു പോണം. ഏതെങ്കിലും പ്രൊഡ്യൂസറെ സമീപിച്ഛ് ഒരു പടം ചെയ്യണം. അതിന് വേണ്ടി ഞാൻ കട്ടിലിൽ ചാരി കിടന്ന് തന്നെ ഒരു സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങി. എഴുത്ത് എനിക്കൊരിക്കലും ബുദ്ധിമുട്ടുള്ള പണി ആയിരുന്നില്ല. ചെന്നൈയിൽ ഉള്ളപ്പോൾ തന്നെ ജേക്കബ് ബ്രീസ് എന്നൊരു പ്രൊഡ്യൂസർ ഡയറക്ടർ ആവശ്യപ്പെട്ടപ്പോൾ 15 ദിവസം കൊണ്ടാണ് “അഭിനേത്രി “എന്നൊരു സ്ക്രിപ്റ്റ് പത്തു പൈസ വാങ്ങാതെ ഞാൻ എഴുതി കൊടുത്തത്.
ഉടൻ അദ്ദേഹം അത് സിനിമയാക്കുമെന്നായിരുന്നു എന്റെ ധാരണ. അദ്ദേഹം K. S. സേതുമാധവൻ എന്ന പ്രശസ്ത മലയാള സംവിധായകന്റെ ഡ്രൈവർ മാത്രം ആയിരുന്നു എന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. Four plus four എന്ന അദ്ദേഹം അഭിനയിച്ചു സംവിധാനം ചെയ്ത ഒരു പടത്തിന്റെ സെൻസർ വർക്ക് ചെയ്യാൻ ചെന്നപ്പോൾ ആണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. കുറച്ചു കാലം ചിൻമയാ നഗറിലുള്ള
അദ്ദേഹത്തിന്റെ ഓഫീസിൽ കയറി ഇറങ്ങിയതോടെ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മനസ്സിലായി. അതോടെ ആ സ്ക്രിപ്റ്റ് ന്റെ കാര്യവും ഞാൻ മറന്നു.
“മാലാഖ “അതായിരുന്നു ഞാൻ എന്റെ ആദ്യ സിനിമാക്കുവേണ്ടി കണ്ടെത്തിയ പേര്.
ഒരു ഹിൽ സ്റ്റേഷൻ ബാക്ക് ഗ്രൗണ്ടിൽ നടക്കുന്ന ഒരു പ്രണയ കഥ. മനു എന്ന നായകനും മേഴ്‌സി എന്ന നായികയും. രാജശേഖരൻ തമ്പി എന്ന എസ്റ്റേറ്റ് ഉടമയുടെ മകൻ ആണ് മനു. തമ്പിയുടെ ആശ്രിതനായ ജോസഫിന്റെ മകൾ ആണ് മേഴ്‌സി. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ ആണെങ്കിലും കൗമാരം പിന്നീട്ടതോടെ ആ അടുപ്പം പ്രണയം ആയി. വിവരം അറിഞ്ഞ മനുവിന്റെ ഏട്ടത്തിയമ്മ മേഴ്‌സിയെ ആ ബന്ധത്തിൽ നിന്നും വിലക്കി. അതോടെ മേഴ്‌സി അവനിൽ നിന്നും അകന്നു. ആകെ തകർന്ന മനുവിന്റെ ദുഃഖം അവളെ വീണ്ടും അവനോട് അടുപ്പിച്ചു. അങ്ങനെയിരിക്കെ തമ്പിയും വിവരം അറിഞ്ഞു. അടുത്ത ദിവസം മേഴ്‌സിയെ കാണാതായി. അവളുടെ ഷാൾ മാത്രം കൊക്കയിൽ നിന്നും ലഭിച്ചു. തമ്പിയാണ് മേഴ്‌സി യുടെ തിരോധാനത്തിന് പിന്നിൽ എന്ന എതിർ ചേരിയിൽ ഉള്ളവരുടെ പ്രചാരണം മനുവും കേട്ടു. അവന്റെ മാനസിക നില തകർന്നു. തമ്പി ഒരുപാട് ഡോക്ടര്സിനെ സമീപിച്ചെങ്കിലും മനുവിന്റെ അസുഖം ഭേദമായില്ല. പെങ്ങളുടെ ദുരന്തത്തെ പറ്റി അറിഞ്ഞു നാട്ടിലേക്ക് തിരിച്ച ഡേവിസ് എന്ന മിലിറ്ററി ഉദ്യോഗസ്ഥൻ സ്വബോധം നഷ്ട്ടപ്പെട്ട നിലയിൽ മേഴ്‌സിയെ മറ്റൊരു സ്ഥലത്തു വച്ചു കണ്ടെത്തുന്നു. ഒരുപാട് വൈകാരിക നിമിഷങ്ങളിലൂടെ കടന്ന് പോയ കമിതാക്കൾ വീണ്ടും ഒന്നാവുന്നതാണ് പ്രമേയം.
നായികാ നായകൻമാരായി പുതുമുഖങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ. തമ്പി ആയി തിലകൻ ചേട്ടൻ, ജോസഫ് ആയി വേണുവേട്ടൻ, പട്ടാളക്കാരൻ ആയി സുരേഷ് ഗോപി, ഏട്ടത്തിയമ്മയായി ഗീത, മനുവിന്റെ ഏട്ടൻ മധു എന്ന ഗസ്റ്റ് കാരക്റ്ററിൽ മുകേഷ് or ജഗദീഷ്. ഇങ്ങനെയൊരൂ കാസ്റ്റ് ഒക്കെ ആയിരുന്നു മനസ്സിൽ. ഒരു മാസം കൊണ്ട് ഞാൻ തിരക്കഥ പൂർത്തിയാക്കി. പിന്നെ ദിവസവും മനസ്സിൽ ഓരോരോ സീൻ ആയി വിഷ്വലൈസിംഗ് തുടങ്ങി.
ദിവസങ്ങൾ കഴിയും തോറും എന്റെ ആത്മ വിശ്വാസം വർധിച്ചു. അടുത്ത ചില നാട്ടിലെ സുഹൃത്തുക്കളോട് കഥയെ പറ്റി സൂചിപ്പിച്ചപ്പോൾ അവരും നല്ല അഭിപ്രായം പറഞ്ഞു.ഇതിനിടയിൽ മാസം തോറും അമ്മാമൻ എന്നെയും കൊണ്ട് കാറിൽ തൃശൂർ റൗണ്ടിൽ ഉള്ള പഴയ മെഡിക്കൽ കോളേജിൽ പോകും കാലിന്റെ പുരോഗതി അറിയാൻ. ഓരോ തവണയും എക്സ് റേ എടുത്ത ശേഷം എല്ല് കൂടിയിട്ടില്ലെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. നിരാശനായി ഞങ്ങൾ മടങ്ങും.ഇങ്ങനെ നാലഞ്ചു മാസം കടന്ന് പോയി. ഓഗസ്റ്റ് അവസാനം വന്നതാണ് നാട്ടിൽ. ഡിസംബർ കഴിയാറായി.ഈ സമയത്ത് എന്റെ അനിയത്തിക്ക് ഒരു വിവാഹാലോചന വന്നു. ഇരിങ്ങാലക്കുടക്ക് അടുത്ത് മാപ്രാണം ആണ് വരന്റെ സ്വദേശം എങ്കിലും പയ്യന് ആന്ധ്ര യിൽ ആണ് ജോലി.
തിരുപ്പതിയിൽ. മുത്തച്ചനും അമ്മാവൻമാരും എല്ലാവരും കൂടി തീരുമാനിച്ച് നിശ്ശയം കഴിഞ്ഞു. “കല്യാണം രണ്ടു മാസം കഴിഞ്ഞ് വെക്കേഷൻ തുടങ്ങുമ്പോൾ ആവാം. അപ്പോഴേക്കും ഗോപിയ്ക്കും നടക്കാറാവുമല്ലോ. ഓടാൻ ആകെയുള്ള ആങ്ങളയല്ലേ?? ”
എന്റെ അമ്മാവൻ മാരിൽ ആരോ പറഞ്ഞു. ഞാൻ കുറ്റബോധതോടെ തല താഴ്ത്തി. ഈ ഓട്ടക്കാലണയെ കൊണ്ട് എന്താവാൻ..?
5 മാസം ആയി വീട്ടുകാരുടെ കാരുണ്യത്തിൽ ദിവസം തള്ളി നീക്കുന്നു. എനിക്ക് എന്നെ പറ്റി തന്നെ പുച്ഛം തോന്നി.മാസങ്ങൾ പിന്നെയും കടന്ന് പോയെങ്കിലും എന്റെ കാല് ഭേദം ആവുന്ന ലക്ഷണം ഒന്നുമില്ല. വിവാഹത്തിന് ഇനി കഷ്ടി ഒരു മാസം മാത്രം. ഞാനും അമ്മാവനും വീണ്ടും തൃശൂർ മെഡിക്കൽ കോളേജിൽ എത്തി. പരിശോധിച്ച ശേഷം ഡോക്ടർ പ്രഖ്യാപിച്ചു.
“എക്സ് റേ യിൽ കാലിൽ ഇട്ടിരിക്കുന്ന പ്ലേറ്റ് വളഞ്ഞു കാണുന്നു. വീണ്ടും ഓപ്പറേഷൻ ചെയ്യണം. പഴുത്താൽ പ്രശ്നം ആണ്.”
ഞാൻ ഞെട്ടി പോയി. എന്റെ പരീക്ഷണങ്ങൾ ഇനിയും അവസാനിക്കുന്നില്ലേ?? ”
“റെഡിയാണെങ്കിൽ ഉടനെ അഡ്മിറ്റ് ചെയ്യണം. ഓപ്പറേഷൻ താമസിപ്പിച്ചാൽ പ്രശ്നം ആണ്.”
ആലോചിച്ചീട് വരാം എന്ന് പറഞ്ഞു ഞങ്ങൾ മടങ്ങി.
മുത്തച്ഛനോട് കാര്യങ്ങൾ പറഞ്ഞു.
“അങ്ങനെയാണെങ്കിൽ ഓപ്പറേഷൻ ചെയ്യണം. അവന്റെ കാലിന്റെ കാര്യം അല്ലേ??”
“അതല്ല. കല്യാണത്തിന് ഇനി അധികം ദിവസം ഇല്ല.”
അമ്മാമൻ സംശയിച്ചു.
“അതൊക്കെ എങ്ങനെയെങ്കിലും നടക്കും. നീ നാളെത്തന്നെ അവനെ അഡ്മിറ്റ് ചെയ്‌തോ?”
അടുത്ത ദിവസം തന്നെ എന്നെ തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു.
വീണ്ടും ഓരോപ്പറേഷൻ..
രണ്ടാം ദിവസം തന്നെ കാൽ ഓപ്പറേഷൻ ചെയ്തു. പ്ലേറ്റ് റിമൂവ് ചെയ്ത് അരക്കെട്ടിൽ നിന്നും എല്ലെടുത്തു ഗ്രാഫറ്റിംഗ് ചെയ്താണ് പുതിയ പരീക്ഷണം.വീട്ടിൽ കല്യാണ തിരക്ക്.. എനിക്ക് കൂട്ടിരിക്കാൻ എന്റെ മുത്തന്മാവന്റെ (അമ്മയുടെ അമ്മാമൻ) കുട്ടൻ എന്ന് വിളിപ്പേരുള്ള ജയപ്രകാശ് മാത്രം.ചന്ദ്രമ്മാമൻ മാത്രം ഇടക്ക് വരും. ആവശ്യം ഉള്ള പണം കുട്ടനെ ഏൽപ്പിക്കും. വീട്ടിലെ കല്യാണ വിശേഷങ്ങൾ ഒക്കെ ചോദിക്കാൻ പോലും എനിക്ക് മടിയായിരുന്നു.. എന്റെ വിഷമം മനസ്സിലാക്കിയിട്ടാവാം അമ്മാമൻ പറഞ്ഞു.
“കാര്യങ്ങൾ ഒക്കെ മുറക്ക് നടക്കുന്നുണ്ട്. നന്നമ്മാമൻ ബാംഗ്ലൂർ ൽ നിന്നും നാളെ എത്തും. ചെറിയച്ഛനും രണ്ടു ദിവസത്തിനുള്ളിൽ വരും. കല്യാണത്തിന്റെ അന്ന് നിന്നെ കൊണ്ട് പോവാൻ പറ്റുമോന്ന് ഞാൻ ചോദിച്ചു. ഒരു രണ്ട് ആഴ്ച യെങ്കിലും കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യാൻ പറ്റൂ അത്രേ. ഭാഗ്യത്തിനാ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യാൻ തോന്നിയത്. കാലിൽ പഴുപ്പ് പടർന്നെങ്കിൽ കാല് തന്നെ മുറിച്ചു കളയേണ്ടി വന്നേനെന്ന്..”
അപ്പോൾ അതാണ് വിധി..
പെങ്ങളുടെ വിവാഹം നടക്കുമ്പോളും ഞാൻ ഇവിടെ തന്നെ.. സന്തോഷായി..
ഞാൻ മനസ്സിൽ വിചാരിച്ചു..
“നീ ഒന്നും ഓർത്ത് വിഷമിക്കണ്ട. എല്ലാം ഭംഗിയായി നടക്കും..”
അമ്മാമൻ കൂട്ടി ചേർത്തു.
എന്ത് വിഷമം?? എല്ലാം നല്ലതിനാണ്. ഈ അവസ്ഥയിൽ ഞാൻ അവിടെ ഉണ്ടായിട്ടും എന്ത് ചെയ്യാൻ? സദ്യ ഉണ്ണാൻ മാത്രം ആയി ഒരു ചേട്ടന്റെ ആവശ്യം ഉണ്ടോ?? ”
കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ തിരിഞ്ഞു കിടന്നു. അഴകിന്റെ ശബ്ദം കാതിൽ മുഴങ്ങുന്ന പോലെ..
“പെൺ ശാപം പൊല്ലാത്തത് ടാ..”
(തുടരും)
Pics.
പ്രണാമം..
1.Ammunni Nair. (മുത്തച്ഛൻ )
2.M. Narayanan (ചെറിയച്ഛൻ )
3.Ramachandran &
4. Nandakumar
(അമ്മാവൻ )
(ഇവർ എല്ലാവരും തന്നെ കാലയവനികക്കുള്ളിൽ
മറഞ്ഞു. ആ ദീപ്ത സ്മരണകൾക്ക് മുമ്പിൽ ബാഷ്പാഞ്‌ജലികളോടെ ).