സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 22
(ഗോപിനാഥ് മുരിയാട്)
ഓപ്പറേഷൻ കഴിഞ്ഞുള്ള ദിവസങ്ങളിൽ തൃശൂർ മെഡിക്കൽ കോളേജിലെ സിസ്റ്റേഴ്സ് എന്നോട് കാണിച്ച സ്നേഹവും കരുണയും ഒരിക്കലും എനിക്ക് മറക്കാൻ കഴിയുന്നതല്ല.ശുശ്രൂഷിക്കാൻ അമ്മയോ, ഭാര്യയോ സഹോദരിയോ ആരും ഇല്ലാത്ത ഒരനാഥൻ എന്ന് വിചാരിച്ചീട്ടോ എന്തോ ആ നല്ലവരായ സഹോദരിമാർ എപ്പോഴും എന്റെ വിളിപ്പുറത്തുണ്ടായിരുന്നു. അടുത്തുള്ള വാർഡുകളിലെ രോഗികളുടെ കൂട്ടിരുപ്പുകാരായ ഷൊർണുർ കാരൻ അക്ബർ, അമ്മയുടെ ഓപ്പറേഷൻ ആയി വന്ന മാളക്കാരി ഹണി (അവൾ അപ്പോൾ കൊട്ടിയത്ത് നഴ്സിംഗ് കോളേജിൽ പഠിക്കുകയായിരുന്നു )
ഇവർ ഒക്കെ എന്റെ സുഖ വിവരങ്ങൾ അന്വേഷിച്ചു ഇടയ്ക്കിടെ റൂമിൽ വരും. അത് കൊണ്ട് തന്നെ എന്റെ വ്യക്തിപരമായ ദുഃഖങ്ങൾ ഒക്കെ ചിന്തിക്കാനോ വിഷമിക്കാനോ എനിക്ക് അവസരം ഉണ്ടായില്ല.എനിക്ക് കൂട്ടിരിക്കാൻ കൂടെ ഉണ്ടായിരുന്ന കുട്ടനെ ഞാൻ ദിവസവും സിനിമ കാണാൻ പൊക്കോളാൻ പറയും. (പഴയ തൃശൂർ മെഡിക്കൽ കോളേജ് റൗണ്ടിൽ ആണ് സ്ഥിതി ചെയ്തിരുന്നത്. ഇപ്പോഴത്തെ ഡിസ്ട്രിക്ട് ഹോസ് പിറ്റൽ തന്നെ. ചുറ്റും സ്വപ്ന, ജോസ്, രാഗം തിയേറ്ററുകൾ ഉണ്ട്. )
കുട്ടനും എന്നെ പോലെ ഒടുക്കത്തെ സിനിമാ ഭ്രാന്തൻ ആണ്. മറ്റൊരു സ്വാർത്ഥതയും ഉണ്ടായിരുന്നു എനിക്ക്. 6 മാസമായി ഞാൻ ഒരു സിനിമ കണ്ടീട്ട്. എന്റെ ജീവിതത്തിൽ അത് വരെ 6 മാസം ഞാൻ സിനിമ കാണാതിരുന്നിട്ടില്ല. അവൻ സിനിമ കണ്ടു വന്നാൽ പിന്നെ ഞങ്ങൾ രണ്ടു പേരും ഒടുക്കത്തെ സിനിമാ ചർച്ചയാണ്. കഥയെ പറ്റി, ഡയറക്ഷനെ പറ്റി, ഫോട്ടോഗ്രഫിയെ പറ്റി, നടീനടൻമാരെ പറ്റി ഒക്കെയുള്ള ചൂടൻ ചർച്ചകൾ എനിക്ക് നൽകിയ ആശ്വാസം ചെറുതല്ല.
അനിയത്തിയുടെ വിവാഹത്തിന് മദ്രാസിൽ നിന്നും എന്റെ സുഹൃത്തുക്കളെ ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ വിളിച്ചോളാൻ അമ്മാമൻ പറഞ്ഞിരുന്നു.ഞാൻ പോലും പങ്കെടുക്കൻ കഴിയാതെ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ എങ്ങനെ എന്റെ സുഹൃത്തുക്കളെ വിളിക്കാൻ.!!.എങ്കിലും അഴകിനോട് ഞാൻ പറഞ്ഞു.
“പറ്റുമെങ്കിൽ നീ വാ. വേറെ ആരെയും എനിക്ക് വിളിക്കാൻ ഇല്ല.”
മറ്റ് സുഹൃത്തുക്കളൊക്കെ ഇതിനകം എന്നെ മറന്ന പോലെ. അഴക് മാത്രം ആണ് ഇടയ്ക്കിടെ കത്ത് എഴുതി എന്റെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നത്.(മൊബൈൽ ഇറങ്ങിയിട്ടില്ല അന്ന്.1991 ൽ )
പറഞ്ഞ പോലെ മദ്രാസിൽ നിന്നും കല്യാണ ദിവസം രാവിലെ അഴക് ഇരിങ്ങാലക്കുട സ്റ്റേഷനിൽ വന്നിറങ്ങി. രാവിലെ തന്നെ ഞാൻ കുട്ടനെ വീട്ടിലേക്ക് അയച്ചു.
“എന്നെ നോക്കാൻ ഇവിടെ സിസ്റ്റേർസും അടുത്ത റൂമിലെ ഫ്രണ്ട്സും ഒക്കെയുണ്ടല്ലോ. നല്ലൊരു ദിവസം ആയിട്ട് നീ പോയി കല്യാണം ഒക്കെ കൂടിയിട്ട് വാ. മാത്രം അല്ല അഴക് വരുമ്പോൾ നീ തന്നെ സ്റ്റേഷനിൽ പോയി വിളിച്ചീട്ട് വരണം. വീട്ടിലെ കല്യാണ തിരക്കിനിടയിൽ ആർക്കും അവനെ ശ്രദ്ധിക്കാൻ സമയം ഉണ്ടാവില്ല. അനിയത്തിക്കും സന്തോഷം ആവും. ഞാൻ ഇല്ലെങ്കിലും ചേട്ടന്റെ സ്ഥാനത്ത് നീ എങ്കിലും ഉണ്ടാവുമല്ലോ.”
അങ്ങനെ കുട്ടൻ വീട്ടിലേക്ക് പോയി.
ഹോസ്പിറ്റലിലെ സിസ്റ്റേഴ്സ് ആരും ഇല്ലാതെ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന ഈ അനാഥനെ ഇടയ്ക്കിടെ വന്ന് നോക്കും. പറപ്പൂർക്കാരി ഒരു റോസമ്മ സിസ്റ്റർ ഉണ്ടായിരുന്നു അന്ന് അവിടെ. പുള്ളിക്കാരിക്ക് എന്നെ വലിയ കാര്യം ആയിരുന്നു. അനിയത്തിയുടെ വിവാഹദിവസം അവർ ഇടയ്ക്കിടെ ഒറ്റക്കായി പോയ എന്നെ കാണാൻ വരും. എന്തെങ്കിലും വേണോ എന്ന് ചോദിക്കും. ഗുളികയും മറ്റും സമയത്തിന് വന്ന് എടുത്തു തരും. ഒരിക്കൽ അങ്ങനെ വന്നപ്പോൾ സിസ്റ്റർ പരാതി പറഞ്ഞു.
“ഞാൻ ഇയാളോട് പിണക്കമാ. താൻ ആള് ശരിയല്ല.”
ഞാൻ ഒന്ന് വല്ലാതായി.
“അതെന്താ സിസ്റ്റർ അങ്ങനെ പറഞ്ഞത്.??”
ഉത്കണ്ഠയോടെ ഞാൻ ചോദിച്ചു.
“കണ്ടോ, ഒന്ന് വയ്യാണ്ടായപ്പോൾ ആരെങ്കിലും ഉണ്ടോ നോക്കാൻ?? ഇയാൾ എന്താ കല്യാണം കഴിക്കാത്തത്??
ഏതെങ്കിലും ഒരു പെൺകുട്ടിക്കെങ്കിലും ഒരു ജീവിതം കൊടുത്തു കൂടെ. ഇനി എന്നാ??
മൂക്കിൽ പല്ല് വന്നീട്ടോ??”
എനിക്ക് ചിരി വന്നു. കൊള്ളാം. കല്യാണം കഴിക്കാൻ പറ്റിയ സമയം തന്നെ. കാര്യം ശരിയാ. വയസ്സ് 30 ആയി. പക്ഷേ സിനിമാക്കാരന് ആര് പെണ്ണ് തരാൻ?? അതും സഹസംവിധായകൻ എന്ന് പറഞ്ഞാൽ തന്നെ എന്താണെന്നു അന്ന് നാട്ടിൽ ആർക്കും അറിയില്ല. ഒരു പടം ചെയ്ത് പേരൊക്കെ ആയാൽ പിന്നേം അതിനെ പറ്റി ഒക്കെ ചിന്തിക്കാം അതൊക്കെ പറഞ്ഞാൽ സിസ്റ്ററിന് മനസ്സിൽ ആവില്ല. ഇത്രേം പറഞ്ഞു രക്ഷപെട്ടു.
“എന്റെ സിസ്റ്ററെ, സിനിമാക്കാരന് ആരും പെണ്ണ് തരില്ല. സിസ്റ്ററിന് അറിയാൻ മേലാഞ്ഞീട്ടാ..”
സിസ്റ്റർ പക്ഷേ വീട്ടില്ല.
“അതൊക്കെ കിട്ടും. വല്യ കൊമ്പത്തെ പെണ്ണിനെ തേടി പോവാതിരുന്നാ മതി.
ഏതെങ്കിലും പാവപ്പെട്ട ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തു കൂടെ??”
“ഉം. ആലോചിക്കാം സിസ്റ്ററെ. ആദ്യം ഈ കാൽ ഒന്ന് നേരെയായി നടക്കാറാവട്ടെ.”
അങ്ങനെ സിസ്റ്ററെ പറഞ്ഞു വിട്ടെങ്കിലും എന്റെ മനസ്സിൽ അപ്പോൾ അങ്ങനെ ഒരു ചിന്തയെ ഇല്ലായിരുന്നു.
സിനിമ ചെയ്യുക എന്ന സ്വപ്നം പൂർത്തീകരിച്ചീട്ടേ മറ്റെന്തും ഉള്ളു ജീവിതത്തിൽ.ഇപ്പോൾ തന്നെ രണ്ടു പെൺകുട്ടികളെ മോഹിപ്പിച്ചു ചതിച്ചതിന്റെ ശാപം പേറി മോക്ഷം കിട്ടാതെ അലയുകയാണ്.
ആ വക ചിന്തകൾ ക്കൊന്നും ഇപ്പോൾ ഇടം കൊടുത്തു കൂടാ.കല്യാണം കഴിഞ്ഞ ശേഷം അഴകിനെയും കൂട്ടി കുട്ടൻ ഹോസ്പിറ്റലിൽ എത്തി. ഒരു ചോറ്റ് പാത്രത്തിൽ പായസവും ഉണ്ടായിരുന്നു.അഴകിനെ കണ്ടതും മറ്റ് വിഷമങ്ങൾ ഒക്കെ ഞാൻ മറന്നു. അവന് ഒരു സങ്കടമേ ഉണ്ടായുള്ളൂ. കല്യാണ പന്തലിൽ അനിയത്തി വലിയ കരച്ചിൽ ആയിരുന്നു അത്രേ. ചേട്ടൻ ഓപ്പറേഷൻ കഴിഞ്ഞു കിടക്കയല്ലേ. കല്യാണത്തിന് വരാനോ അനുഗ്രഹിക്കാനോ ഒന്നും കൂടെ ഇല്ലല്ലോ.സഹോദരന്റെ കൂട്ടുകാരനായ അഴകിനെ കണ്ടപ്പോൾ അവളുടെ സങ്കടം കൂടി. തികച്ചും ന്യായം. അവന്റെ മനസ്സ് മാറ്റാൻ ഞാൻ മദ്രാസ് വിശേഷങ്ങൾ അന്വേഷിച്ചു. പുതിയ തമിഴ് പടങ്ങൾ ഏതൊക്കെയാ നന്നായി പോകുന്നത്??
മലയാളപടം വല്ലതും കണ്ടോ??
(അന്ന് മലയാളം സിനിമകൾ എല്ലാം റിലീസിനു മുമ്പ് മദ്രാസ് സിനിമാക്കാർക്ക് ആയി ഫിലിം ചേമ്പർ തീയേറ്ററിലോ,നുങ്കമ്പക്കതുള്ള ഗുഡ് ലക്ക് തിയേറ്ററിലോ ഒക്കെ ഒരു പ്രിവ്യു നടത്തും. എന്റെ ഫ്രണ്ട് ആയതോടെ മലയാള സിനിമയിൽ ഉള്ള ഒരുപാട് പേരെ പരിചയപ്പെട്ട അഴക് മലയാളം പടങ്ങളുടെ പ്രിവ്യു വിനൊക്കെ സ്ഥിരം ആയി വരാറുണ്ടായിരുന്നു.)
അവൻ പക്ഷേ ഞാൻ നാട്ടിലേക്കു പോന്ന ശേഷം എന്റെ റൂമിൽ ഒന്നും അധികം പോവാറില്ലത്രേ. അത് കൊണ്ട് തന്നെ പുതിയ വിശേഷങ്ങൾ ഒന്നും കാര്യമായി അറിയില്ല.
“ങ്ങാ. ഒരു വിശേഷം ഇരുക്ക്. വിജയണ്ണനെ കൊഞ്ചം നാൾ മുന്നാടി പാത്താച്ചു. ഉങ്ക ഫ്രണ്ട് തനിയാ പടം പണ്ണ പ്പോരെൻ. ജയരാജ്. പടം പേര് വിദ്യാരംഭം.”
ആ വാർത്ത ഒരുപാട് സന്തോഷം ഉണ്ടാക്കി എനിക്ക്. അന്നത്തെ കാലത്ത് ഒരു സഹ സംവിധായകൻ,ഡയറക്ടർ ആവുന്നത് വലിയൊരു സംഭവം ആണ്. ഇന്നത്തെ പോലെ അല്ല പത്തും പതിനഞ്ചും വർഷം ആരുടെയെങ്കിലും ഒക്കെ കൂടെ സഹായി ആയി നിന്നാലേ ഒരു ഡയറക്ടർ ആവാൻ അവസരം കിട്ടൂ.
അത് കൊണ്ട് തന്നെ കൂട്ടത്തിൽ ഒരാൾ ഡയറക്ടർ അവുന്നത് മറ്റുള്ളവർക്ക് ഒരു ഊർജം ആയിരുന്നു. സന്തോഷം ആയിരുന്നു. എനിക്കും ഒരുനാൾ വരും എന്നൊരു ആത്മ വിശ്വാസം.പക്ഷേ അതോടൊപ്പം ഒരു സങ്കടവും തോന്നി. ഞാൻ മദ്രാസിൽ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ജയനോടൊപ്പം വർക്ക് ചെയ്യാമായിരുന്നു.
ഭരതൻ സാറിന്റെ “നീലക്കുറിഞ്ഞി പൂത്തപ്പോൾ ” വർക്ക് ചെയ്യുന്ന കാലംമുതൽ ജയനും ആയി പരിചയം ഉണ്ട്. വൈശാലി വർക്ക് ചെയ്തതോടെ കൂടുതൽ പരിചയപ്പെട്ടു. വൈശാലിക്ക് ശേഷം ജയൻ മദ്രാസ് വിട്ട് കോട്ടയത്തേക്ക് പോന്നപ്പോൾ ആണ് ജയനും വിജയേട്ടനും ബാലുവും കൂടി താമസിച്ചിരുന്ന പിള്ളയാർ കോവിലിലെ വീട്ടിലേക്ക് ഞാൻ താമസം മാറ്റുന്നത്.പിന്നെ ഈ അപകടം പറ്റി നാട്ടിലേക്ക് വരുന്നത് വരെ ഞാൻ ആ വീട്ടിൽ ആയിരുന്നു.അന്ന് വൈകുന്നേരം 5-30 നുള്ള ആലപ്പി ചെന്നൈ എക്സ്പ്രസ്സ് ൽ തന്നെ അഴക് ചെന്നൈക്ക് മടങ്ങി.അടുത്ത ദിവസം അനിയത്തി ഭർത്താവിനോപ്പം മെഡിക്കൽ കോളേജിൽ വന്നു. വയ്യാതെ കിടക്കുന്ന ചേട്ടനെ ഒന്ന് കാണാൻ. അവൾ അടുത്ത ആഴ്ച തന്നെ ഭർത്താവിനോപ്പം ആന്ധ്രയിലെ തിരുപ്പതിക്ക് പോവും.ചേട്ടൻ എന്നാ ഡിസ്ചാർജ് ആയി വരുന്നത്” അവൾ അന്വേഷിച്ചു.
എന്തായാലും അവർ പോകുന്നതിനു മുമ്പ് ഞാൻ ഡിസ്ചാർജ് ആവില്ല. ഇനിയും 2 ആഴ്ച കൂടി എനിക്ക് മെഡിക്കൽ കോളേജിൽ തന്നെ കഴിയണം. പിന്നീട് മാത്രമേ ഡിസ്ചാർജ് തീരുമാനം ആകൂ. ഹോസ്പിറ്റലിലെ സിസ്റ്റേഴ്സിനൊക്കെ അനിയത്തിയെയും ഭർത്താവിനെയും പരിചയപ്പെടുത്തി. യാത്ര പറഞ്ഞു പോകാൻ നേരം അവൾ വീണ്ടും കരച്ചിൽ ആയി. നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും എന്റെ മനസ്സും ഒന്ന് പിടഞ്ഞു..
അരുത്.. പുരുഷൻ ആണ്.കരയാൻ പാടില്ല.. ഏത് സാഹചര്യത്തിലും പിടിച്ചു നിൽക്കണം…
രണ്ടാഴ്ച്ചക്ക് ശേഷം ഞാൻ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി. ഞാൻ വന്നപ്പോഴേക്കും അനിയത്തിയും ഭർത്താവും പോയി കഴിഞ്ഞിരുന്നു. വീണ്ടും മുത്തച്ഛൻ എനിക്കായി ഒഴിഞ്ഞു തന്ന മുറിയിലെ ഏകാന്ത തടവിലേക്ക്…
(തുടരും )
Pics.
1. എന്റെ തറവാട്.
2. ജയരാജ്, ബാലു വാസുദേവ്.
3. ഞാൻ വിജയേട്ടനൊപ്പം.
4. ജയരാജ്, ഞാൻ,വിനോദ് (സുരേഷ് -വിനു ടീം ലെ വിനോദ് )
5. അഴക്.
6.ജയപ്രകാശ് (കുട്ടൻ )