ഒരുവർഷത്തിനു ശേഷം സംഭവബഹുലമായ കോടമ്പാക്കത്തേക്ക് (എന്റെ ആൽബം- 23)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
79 SHARES
950 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 23
(ഗോപിനാഥ്‌ മുരിയാട്)

91 മാർച്ച്‌ 1 st വീക്കിൽ സെക്കന്റ്‌ ഓപ്പറേഷൻ കഴിഞ്ഞു ഞാൻ വീട്ടിൽ തിരിച്ചെത്തി.അനിയത്തിയും ഭർത്താവും അതിനകം റെനിഗുണ്ടയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. എല്ലാം ഭംഗിയായി കഴിഞ്ഞതിന്റെ ആശ്വാസത്തിൽ ആയിരുന്നു അമ്മയും അച്ഛനും. ഞാൻ ഇല്ലെങ്കിലും എല്ലാം ഭംഗിയായി നടന്നു. എല്ലാം
അമ്മാവൻമാരുടെ കാരുണ്യം. വീണ്ടും ഞാൻ എന്റെ മുറിയിൽ (മുത്തച്ഛന്റെ )തനിച്ചായി. നാട്ടുകാർ പലരും എന്നെ കാണാനും രോഗവിവരം അറിയാനും ഒക്കെയായി വീട്ടിൽ വരാറുണ്ട്. സുഖവിവരം തിരക്കി പോകും മുമ്പ് പലരും സഹതാപം പ്രകടിപ്പിക്കും.

“അനിയത്തിയുടെ വിവാഹത്തിന് വരാൻ പറ്റീല്ല അല്ലേ? ഞങ്ങൾക്കൊക്ക വല്യ സങ്കടം ആയി. എല്ലാം വിധിയാ മോനെ. എന്തായാലും എല്ലാം ഭംഗിയായി നടന്നല്ലോ..”

ആ സഹതാപ പ്രകടനങ്ങൾ ഒന്നും എന്റെ മനസ്സിനെ സ്പർശിച്ചില്ല. ഓപ്പറേഷൻ കഴിഞ്ഞ് മൂന്നു മാസം എങ്കിലും റസ്റ്റ്‌ വേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ ഞാൻ ഇപ്പോൾ 6 മാസത്തിനു ശേഷം എല്ലാം നിർവികാരമായി നേരിടാൻ പഠിച്ചിരിക്കുന്നു. ഇനിയും എത്ര നാൾ കഴിഞ്ഞാവും എന്റെ സ്വപ്നനഗരിയായ കോടമ്പാക്കത്തു തിരിച്ചെത്താൻ ആവുക.

ആഴ്ചകളും മാസങ്ങളും പിന്നിട്ടു. ഒന്നര മാസത്തിന്റെ ഇടവേളകളിൽ അമ്മാവൻ എന്നെയും കൊണ്ട് തൃശൂർ മെഡിക്കൽ കോളേജിൽ പോകും. എക്സ് റേ എടുത്തശേഷം ഡോക്ടറെ കാണും. കാല് ശരിയായിട്ടില്ലെന്നും വീണ്ടും ഒന്നര മാസം കഴിഞ്ഞ് വരാനും ഡോക്ടർ നിർദ്ദേശിക്കും. ഞങ്ങൾ നിരാശയോടെ മടങ്ങും.
ഒരു തവണ തൃശൂർ നിന്നും മടങ്ങി വരവേ നടന്നു പരിശീലിക്കാൻ അമ്മാവൻ ഒരു വാൾക്കിങ് സ്റ്റിക്ക് വാങ്ങി തന്നു. അതിന് ശേഷം ഉള്ള വൈകുന്നേരങ്ങളിൽ ഞാൻ വീടിന് മുറ്റത്ത്‌ വാക്കിങ് സ്റ്റിക് വച്ച് നടക്കാൻ തുടങ്ങി.

വീടിന്റെ പിൻ വശത്തെ ഗേറ്റിന് മുന്നിലൂടെയാണ് റെയിൽ പാളം കടന്ന് പോകുന്നത്. ഓരോ ദിവസവും ആലപ്പി മദ്രാസ് ട്രെയിൻ 5-30 മണിക്ക് എന്റെ വീടിന് മുന്നിലൂടെ കടന്ന് പോകുമ്പോൾ ഞാൻ നിശ്ശബ്ദം നെടുവീർപ്പിട്ടു.ഇനിയെന്നാണ് ഒരു മടക്കയാത്ര..ക്രമേണ അസുഖം തിരക്കി വരുന്നവരുടെ എണ്ണം കുറഞ്ഞു. വീടിന്റെ മുൻവശത്തു പത്തു സെന്റ് സ്വന്തമായി വാങ്ങി അവിടെ വീടുവച്ചു താമസിക്കുന്ന എന്റെ അമ്മാവനും അമ്മായിയും ദിവസവും സ്കൂൾ വിട്ട് വരുമ്പോൾ(ഇരുവരും അടുത്തുള്ള U. P. സ്കൂളിലെ ടീച്ചേർസ് ആണ് ) ജനാലക്കൽ വന്ന് എന്റെ വിശേഷങ്ങൾ തിരക്കും.

“നീ വെറുതെ ഇരുന്ന് ബോർ അടിക്കേണ്ട. വല്ല കഥയും എഴുതിക്കോ. ഞാൻ സ്കൂളിൽ നിന്നും വരുമ്പോൾ പേപ്പർ കൊണ്ട് തരാം.”
അമ്മാവൻ കൊണ്ട് വന്ന പേപ്പറിൽ ഞാൻ വീണ്ടും “മാലാഖ “വെട്ടിയും തിരുത്തിയും സമയം കൊന്നു. ഇടയ്ക്കിടെ വീടിന് മുന്നിലൂടെ കടന്ന് പോകുന്ന തീവണ്ടികളിലെ സ്ഥിരം യാത്രക്കാർക്ക് എന്നും പടിക്കൽ അവരെ കാത്തെന്നോണം നിലയുറപ്പിച്ചിരുന്ന എന്റെ ദൃശ്യം കൗതുകമായി തോന്നി കാണണം.മാർച്ചും ഏപ്രിലും കടന്ന് മെയ്‌ ആയതോടെ വീടിന് മുന്നിലെ നാട്ടുമാവിൽ നിന്നും മാങ്ങകൾ ഉതിരാൻ തുടങ്ങി. ഒടുക്കത്തെ മധുരം ആണ് ആ മാങ്ങക്ക്. അയൽപക്കത്തെ കുട്ടികൾ എല്ലാം മാവിഞ്ചുവട്ടിലെ നിത്യ സന്നർശകർ ആയി.

ഇടക്ക് ആരെങ്കിലും ഒക്കെ കുറച്ചു മാങ്ങകൾ എന്റെ മുന്നിലും കൊണ്ട് വക്കും.ഒരു ദിവസം മാങ്ങ പെറുക്കി പോകുന്ന ഇരട്ടകൾ ആയ രണ്ടു കുട്ടികളെ ഞാൻ ശ്രദ്ധിച്ചു. ആരായിരിക്കും അത്. എനിക്ക് പരിചയം ഇല്ല. എന്റെ സംശയം മനസ്സിലാക്കിയിട്ടെന്നോണം ഉമ്മറം അടിച്ചു കൊണ്ട് നിന്ന അമ്മ പറഞ്ഞു.
അത്…. ന്റെ കുട്ടികളാ. അവർ കൊടകരയാണ് താമസം. ഇപ്പോൾ സ്കൂൾ പൂട്ടിയപ്പോൾ അമ്മ വീട്ടിൽ വന്നതാവും.”

ഞാൻ ഞെട്ടിപ്പോയി. എന്റെ കൗമാര പ്രണയിനിയുടെ മക്കൾ. ഈ പ്രണയം നാട്ടിൽ അറിഞ്ഞപ്പോൾ ആണ് ഞാൻ ആദ്യമായി നാട് വിടുന്നത്.. ഞാൻ രൂക്ഷമായി അമ്മയെ നോക്കി. അന്ന് ഇവർ എല്ലാവരും തന്നെ ഞങ്ങളുടെ പ്രണയത്തിന് എതിരായിരുന്നു.. ആ എതിർപ്പാണ് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ അന്നെന്നെ പ്രേരിപ്പിച്ചത്. റെയിൽ പാളം മുറിച്ചു കടന്ന് സ്വന്തം വീട്ടിലേക്ക് നടക്കുന്ന ആ കുട്ടികളെ ഞാൻ വേദനയോടെ നോക്കി നിന്നു.. എനിക്ക് പിറക്കാതെ പോയ എന്റെ ആദ്യ കാമുകി യുടെ മക്കൾ..

അതിന് ശേഷം ദിവസവും ആ കുട്ടികൾ മാങ്ങ പെറുക്കാൻ വരുന്ന നേരം നോക്കി ഞാൻ ഇരിക്കും.
എന്തെങ്കിലും ചോദിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ധൈര്യം വന്നില്ല.. അവൾക്ക് സുഖം ആണോ ആവോ? വീട്ടുകാരുടെ എതിർപ്പിന് മുമ്പിൽ പിടിച്ചു നിൽക്കാൻ ധൈര്യം ഇല്ലാതെ നാട് വിട്ട് പോയ ഭീരുവായ ഈ കാമുകന് ഇന്നവളുടെ മനസ്സിൽ ഒരു സ്ഥാനവും ഉണ്ടാകാൻ വഴിയില്ല. എവിടെയാണെങ്കിലും അവൾ സന്തോഷമായിരിക്കട്ടെ. അഭിശപ്തമായ ഈ ജന്മം അവളെ വിട്ടൊഴിഞ്ഞു പോയത് ഒരു പക്ഷേ അവളുടെ നന്മക്കായിരൂ ന്നിരിക്കാം…

മാമ്പഴക്കാലം അവസാനിച്ചു. ഇടവപ്പാതി യുടെ ആരംഭം എന്റെ മനസ്സിനെ കൂടുതൽ പ്രക്ഷുബ്ധമാക്കി.. വർഷം ഒന്നാകാൻ പോകുന്നു. ജൂലൈ 27 ന് ആണ് ആ അപകടം സംഭവിച്ചത്. രണ്ടു ഓപ്പറേഷൻ കഴിഞ്ഞീട്ടും വാൾക്കിങ് സ്റ്റിക് ന്റെ സഹായം ഇല്ലാതെ എനിക്ക് നടക്കാൻ ആവുന്നില്ല. എല്ല് പൂർണമായി കൂടിയിട്ടില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. എനിക്കും വീട്ടുകാർക്കും മടുത്തു.ഇതിനിടെ എനിക്ക് വീട്ടിൽ ഉള്ളവരുടെ പെരുമാറ്റത്തിലും ഒരകൽച്ച പോലെ.. പഴയ പോലെ ആരും എന്റെ അടുത്ത് വരുന്നില്ല. അസുഖം തിരക്കി വരുന്നവരും ഇല്ലാതായി.

മറ്റുള്ളവർക്ക് ഞാൻ ഒരു ബുദ്ധിമുട്ടായി തുടങ്ങിയിരിക്കണം. എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ അമ്മയോ അനിയത്തിയോ ഒന്നും പഴയ പോലെ ഓടി എത്തുന്നില്ല എന്നൊരു തോന്നൽ..
വയ്യ… ഇനിയും ഇവിടെ തുടരാൻ വയ്യ. അല്ലെങ്കിൽ തന്നെ ഒരു വർഷത്തിൽ കൂടുതൽ ഒക്കെ ഒരാൾ കിടന്നു പോയാൽ അയാൾ മറ്റുള്ളവർക്ക് ഒരു ബാധ്യതയാവും. ആരെയും കുറ്റം പറഞ്ഞീട്ടു കാര്യം ഇല്ല. ഞാൻ ഒരു ദിവസം അമ്മയോട് പറഞ്ഞു, “എനിക്ക് എങ്ങനെയെങ്കിലും കുറച്ചു പൈസ വേണം. ഞാൻ തിരിച്ചു പോവാ. മദ്രാസിലേക്ക്.. ”
അമ്മ ഒന്നമ്പരന്നു.
“ഇങ്ങനെ നടക്കാൻ വയ്യാതെ നീ പോയിട്ടോ??
വേണ്ട മോനെ. കാല് കുറച്ചു കൂടെ ശരിയാവട്ടെ.”
“ഇല്ല. ഇതിനി ശരിയാകും എന്ന് തോന്നുന്നില്ല. ഒരു പക്ഷേ ഇനി ജീവിതകാലം മുഴുവൻ ഈ വാൾക്കിങ് സ്റ്റിക് ഉപയോഗിച്ച് നടക്കാനാവും എന്റെ വിധി.
സാരമില്ല. എന്തായാലും ഇനി നിങ്ങൾക്കൊന്നും ഞാൻ ഒരു ശല്യം ആകുന്നില്ല.”

അമ്മ എവിടുന്നോ ഒരു 2000 രൂപ ശരിയാക്കി തന്നു. തിരിച്ചു പോകയാണെന്ന് മുത്തച്ഛനോട് പറയാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു. അമ്മാമനും പോകുന്ന കാര്യം പറഞ്ഞപ്പോൾ എതിർത്തൊന്നും പറഞ്ഞില്ല. പാവം. കഴിഞ്ഞ ഒരു വർഷം എനിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി.അങ്ങനെ 91 ഓഗസ്റ്റ് അവസാനം ഞാൻ തിരിച്ച് മദ്രാസിലേക്ക് യാത്രയായി. മദ്രാസിൽ വന്ന് ഒരു ഓട്ടോ വിളിച്ച് ഞാൻ നേരെ കോടമ്പക്കത്തെ പിള്ളയാർ കോവിൽ തെരുവിലെ എന്റെ പഴയ റൂമിലേക്ക് തിരിച്ചു ചെന്നു. ഞാൻ പോയ ഗ്യാപ്പിൽ അവിടെ ഒരാൾ കയറി പറ്റിയിരിക്കുന്നു, ബൈജു.

ഞാൻ സെൻസർ സ്ക്രിപ്റ്റ് എഴുതാൻ പഠിപ്പിച്ച എന്റെ ശിഷ്യൻ. ഇപ്പോൾ റൂമിൽ ബാലുവിനും ശരത് ചന്ദ്രൻ വയനാടിനും ഒപ്പം ബൈജുവാണ് താമസം. വിജയേട്ടൻ വിവാഹം കഴിഞ്ഞ് ഭാര്യയോടൊപ്പം K. K. നഗറിലേക്ക് താമസം മാറ്റി.ഞാൻ ചെന്ന് പിറ്റേന്ന് ബാലു എന്നെ വിളിച്ച് സ്വകാര്യമായി പറഞ്ഞു.

“ഗോപി പോയപ്പോൾ വിജയേട്ടനും മാറി. ഒറ്റക്ക് വാടക കൊടുക്കാൻ ബുദ്ധിമുട്ടായപ്പോൾ ആണ് ബൈജു വന്ന് ഇവിടെ താമസിച്ചോട്ടെ എന്ന് ചോദിക്കുന്നത്. അപ്പോഴത്തെ അവസ്ഥയിൽ ഞാൻ അത് സമ്മതിച്ചു. ഇപ്പോൾ ഇനി അവനോട് മാറാൻ പറയാൻ പറ്റില്ല. ഗോപി മറ്റൊരു വീട് നോക്കൂ.”

ഞാൻ ഞെട്ടി പോയി. അങ്ങനെ ബാലു പറയും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അപകടം പറ്റി ഞാൻ മദ്രാസ് വിടുന്നത് വരെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം ഉണ്ടാവാൻ കാരണം എത്ര ആലോചിച്ചീട്ടും പിടി കിട്ടിയില്ല. എന്തായാലും ഈ വീട് അവൻ എടുത്തതാണ്. മാറാൻ ഞാൻ ബാധ്യസ്ഥൻ ആണ്. ഞാൻ വന്നതറിഞ്ഞ് ഓടി എത്തിയ അഴകിനോട് ഞാൻ വിവരം പറഞ്ഞു. അവൻ സമാധാനിപ്പിച്ചു. അടുത്ത ദിവസം തന്നെ വിരുഗംബക്കത്തെ ദേവി കരുമാരിയമ്മൻ തിയേറ്റർന് സമീപം ഉള്ള ഒരു വീട് ഞങ്ങൾ കണ്ടെത്തി. അടുത്ത ദിവസം തന്നെ ബാലുവിനോട് യാത്ര പറഞ്ഞ് ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറ്റി.

കുക്കിംഗ്‌ ഒക്കെ വീട്ടിൽ തന്നെ. വൈകിട്ട് ദിവസവും അഴക് അവന്റെ വീട്ടിലേക്ക് പോവും. പകൽ മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഇനിയെന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്. ഞാൻ ഇപ്പോഴും വാക്കിങ് സ്റ്റിക് ഉപയോഗിച്ച് ആണ് നടക്കുന്നത്. ഈ അവസ്ഥയിൽ ഉടനെ ഒന്നും ഷൂട്ടിങ് പോകാൻ സാധ്യമല്ല. സെൻസർ സ്ക്രിപ്റ്റ് എഴുതാൻ പറ്റും. പക്ഷേ പഴയ പരിചയക്കാർ ഒക്കെ എവിടെയാണെന്ന് തേടി പിടിക്കണം. (മദ്രാസ് സിനിമാക്കാർ ഒക്കെ അക്കാലത്തു് അടിക്കടി വീട് മാറും ).ഞാൻ തിരിച്ചു വന്നു എന്ന് ആർക്കും അറിയില്ലല്ലോ. വീടിന് അഡ്വാൻസ് കൊടുത്തതും പുതിയ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങിയതും ഒക്കെയായി കൊണ്ടുവന്ന 2000 രൂപ തീരാറായി. പ്രശ്നം ഗുരുതരമാണ്.

അഴക് ഇതിനിടയിൽ തമിഴ് സിനിമകളുടെ ഒക്കെ സെൻസർ വർക്ക്‌ ചെയ്യാൻ തുടങ്ങിയിരുന്നു. പക്ഷേ അവനും അധികം വർക്ക്‌ ഒന്നും ഇല്ലാത്ത സമയം ആണ്. വഴിയിൽ വച്ച് പരിചയപ്പെട്ട ആരിൽ നിന്നോ ഡയറക്ടർസ് കോളനിയിൽ ഉള്ള എഡിറ്റർ മുരളിയുടെ മുറിയിൽ രാജസേനന്റെ പുതിയ പടത്തിന്റെ വർക്ക്‌ നടക്കുന്നതായി അറിഞ്ഞു. “കടിഞ്ഞൂൽ കല്യാണം.” അതാണ് വലിയൊരു ഗ്യാപ്പിന് ശേഷം സേനൻ ചെയ്യുന്ന പടത്തിന്റെ പേര്.നായകൻ ജയറാം. നായിക ഉർവശി.

സേനേട്ടനെ എനിക്ക് “കണി കാണും നേരം “ചെയ്യുന്ന കാലം മുതൽ പരിചയം ഉണ്ട്.
പണ്ട് എന്റെ ഒരു കഥ കേട്ട് ഇഷ്ടപ്പെട്ട അദ്ദേഹം അടുത്തതായി നമുക്ക് ഈ പടം ചെയ്യാമെന്ന് ഏറ്റിരൂ ന്നതാണ്.. പക്ഷേ വിധി മറ്റൊരു വിധത്തിൽ ആയിരുന്നു.. ആ കഥ അടുത്ത ആൽബത്തിൽ ..

(തുടരും)

Pics..
1. രാജസേനൻ
2. ജയറാം
3. ബൈജു ചിറയിൻകീഴ്.
4. അഴക്.
5. ബാലു വാസുദേവ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ