രാജസേനേട്ടനുമായുള്ള എന്റെ പഴയ സൗഹൃദകഥ (എന്റെ ആൽബം- 24)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
82 SHARES
985 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 24
(ഗോപിനാഥ്‌ മുരിയാട്)

സേനേട്ടനുമായുള്ള (രാജസേനൻ )എന്റെ പഴയ സൗഹൃദം ഇവിടെ പറയാൻ വിട്ടു പോയതാണ്. ക്ഷമിക്കുക.86-87 കാലഘട്ടത്തിൽ ആണ് ഞാൻ സേനേട്ടനെ പരിചയപ്പെടുന്നത്.മദ്രാസിലെ ട്രസ്റ്റ്‌ പുരത്തുള്ള കോര്പറേഷൻ ഗ്രൗണ്ടിന് എതിരെയുള്ള ഒരു വീട്ടിൽ ആണ് അന്ന് അദ്ദേഹം താമസിക്കുന്നത്. തുളസിദാസ്, K. K. ഹരിദാസ്, മേക്കപ്പ് മാൻ പി. വി. ശങ്കർ ഇവരൊക്കെ അന്നാ വീട്ടിലെ സ്ഥിരം സന്നർശകർ ആയിരുന്നു. തുളസിയും ഹരിദാസും അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സ് ആണ് അന്ന്. തുളസി “ഒന്നിന് പിറകേ മറ്റൊന്ന് “എന്നൊരു സിനിമയുടെ (അദ്ദേഹത്തിന്റെ ആദ്യചിത്രം ആണത് )പണിപ്പുരയിൽ ആയിരുന്നു എന്നാണ് എന്റെ ഓർമ. പാവം ക്രൂരൻ എന്ന ഹിറ്റ്‌ സിനിമാക്കു ശേഷം സേനേട്ടന് തിരക്കുള്ള സമയം. ഒന്ന് രണ്ട് മൂന്ന്, സൗന്ദര്യ പിണക്കം, ശാന്തം ഭീകരം തുടങ്ങി ഒന്നിന് പിറകേ ഒന്നായി സിനിമകൾ.

സേനേട്ടന്റെ സഹസംവിധായകൻ ആകുക എന്നുള്ള എന്റെ ലക്ഷ്യം സഫലീകരിച്ചില്ലെങ്കിലും കുറച്ചു കാലത്തിനകം അദ്ദേഹത്തിന്റെ വീട്ടിൽ എപ്പോഴും കയറി ചെല്ലാൻ ഉള്ള ഒരു അടുപ്പം ഞങ്ങൾക്കിടയിൽ ഉണ്ടായി.അങ്ങനെ ഒരിക്കൽ ഞാൻ എന്റെ മനസ്സിൽ ഉള്ള ഒരു കഥ അദ്ദേഹത്തോട് പറഞ്ഞു.
ഒരു മന്ത്രി പുത്രന്റെ പ്രണയ വലയിൽ കുരുങ്ങി ചതിക്കപ്പെട്ട് കാബറെ നർത്തകിയായി മാറിയ ഒരു പെൺകുട്ടിയുടെ കഥ.കാമുകനിൽ നിന്ന് ഗർഭിണിയായ അവൾ തന്റെ ജീവൻ അപകടത്തിൽ ആണെന്ന് മനസ്സിലാക്കി നാട് വിട്ട് മദ്രാസ് നഗരത്തിൽ എത്തുന്നു. അവിടെ വച്ച് കാമുകന്റെ കുട്ടിയെ പ്രസവിച്ച അവൾ ജീവിക്കാൻ തിരഞ്ഞെടുത്ത വേഷം ആയിരുന്നു ക്യാബറെ നർത്തകിയുടേത്. അവൾ ജീവിച്ചിരിക്കുന്നത് തന്റെയും മകന്റെയും ഭാവിക്ക് തടസ്സം ആണെന്ന് കണ്ട് അവളെ കൊല്ലാൻ മന്ത്രി ഒരു ഗുണ്ടയെ വാടകക്കെടുക്കുന്നു.നിഷ്കളങ്കയായ നായികയുടെ ദുരന്ത കഥ മനസ്സിലാക്കിയ അയാൾ അവളുടെ രക്ഷകൻ ആയി മാറുന്നു.ഇതായിരുന്നു കഥ.

ത്രില്ലർ മൂഡിൽ ഉള്ള ഈ കഥ സേനേട്ടന് വളരെ ഇഷ്ടപ്പെട്ടു. സ്ക്രിപ്റ്റ് വർക്ക്‌ ചെയ്തോളൂ, ഇപ്പോൾ കമ്മിറ്റ് ചെയ്ത പടങ്ങൾ കഴിഞ്ഞാൽ നമുക്ക് ഈ പ്രൊജക്റ്റ്‌ ചെയ്യാം എന്ന് അദ്ദേഹം വാക്ക് തന്നതോടെ ഞാൻ ആ വൺലൈൻ വർക്ക്‌ ചെയ്യാൻ ആരംഭിച്ചു.പക്ഷേ എന്റെ കഷ്ടകാലം ആവാം ഒന്ന്, രണ്ട്, മൂന്ന്, ശാന്തം ഭീകരം, കണികാണും നേരം തുടങ്ങി അദ്ദേഹത്തിന്റെ പിന്നീടുള്ള ചിത്രങ്ങൾ ഒന്നും അത്രക്ക് വിജയം ആയില്ല. എങ്കിലും ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നു. അടുത്ത് വരുന്ന പ്രൊഡ്യൂസർ ആരായാലും നമുക്ക് ഈ സബ്ജക്റ്റ് തന്നെ ചെയ്യാം എന്ന അദ്ദേഹത്തിന്റെ വാക്കായിരുന്നു എന്റെ ഏറ്റവും വലിയ ധൈര്യം.

മാസങ്ങൾ പിന്നീട്ടീട്ടും ഒന്നും സംഭവിക്കാതായതോടെ ഞാൻ നിരാശൻ ആയി. മദ്രാസിൽ പിടിച്ചു നിൽക്കാൻ കഴിയാതായപ്പോൾ സേനേട്ടൻ തിരുവനന്തപുരത്തേക്ക് മടങ്ങി. മൊബൈൽ ഒന്നും ഇല്ലാത്ത ആ കാലത്ത് ഞങ്ങൾ തമ്മിൽ ഉള്ള ബന്ധവും ക്രമേണ ഇല്ലാതായി.(ഈ കാലഘട്ടത്തിൽ ആണ് അദ്ദേഹം ചില ദൂരദര്ശൻ സീരിയലുകൾ സംവിധാനം ചെയ്തത് )

പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത് വർഷങ്ങൾക്ക് ശേഷം 91 ഓഗസ്റ്റിൽ ചെന്നൈയിൽ തിരിച്ചെത്തുമ്പോൾ ആണ്. കടിഞ്ഞൂൽ കല്യാണത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കിനായി മദ്രാസിൽ വന്നിരിക്കയാണ് അദ്ദേഹം.മുരളിയേട്ടന്റെ എഡിറ്റിംഗ് റൂമിൽ വച്ച് കണ്ടപ്പോൾ ഞങ്ങൾ പഴയ കഥകൾ ഒക്കെ അയവിറക്കി. എനിക്ക് സംഭവിച്ച അപകടത്തിനെ പറ്റിയെല്ലാം ചോദിച്ചറിഞ്ഞ അദ്ദേഹം എന്തായാലും കടിഞ്ഞൂൽ കല്യാണത്തിന്റെ സെൻസർ വർക്ക്‌ ചെയ്യാൻ എന്നെ അനുവദിച്ചു. നീണ്ട ഒരു വർഷത്തിന് ശേഷം ഞാൻ എന്റെ കർമ രംഗത്ത് തിരിച്ചെത്തിയിരിക്കുന്നു.

വാക്കിങ് സ്റ്റിക്ക് ന്റെ സഹായത്തോടെ ആണെങ്കിലും മദ്രാസ് സ്റ്റുഡിയോകളിൽ ഞാൻ വീണ്ടും നിറസാന്നിധ്യമായി.വിരുഗംബക്കത്ത് ഞാൻ താമസിക്കുന്ന പോർഷൻന്റെ തൊട്ടടുത്ത റൂമിൽ താമസിച്ചിരുന്നത് ഒരു തമിഴ് അയ്യർ ഫാമിലിയായിരുന്നു. കാറ്ററിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ. ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബം. മൂത്ത കുട്ടി ഇന്ദുവിന് ഇരുപതും രണ്ടാമത്തെ കുട്ടി ഉമക്ക് പതിനാറും പ്രായം. കുറച്ചു ദിവസങ്ങൾക്കകം അവർ എന്റെ അടുത്ത സുഹൃത്തുക്കളായി എന്ന് മാത്രം അല്ല സ്വയം പാചകം ചെയ്ത് ഭക്ഷണം ഉണ്ടാക്കുന്ന എന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി എനിക്കുള്ള ഭക്ഷണം
നേരാ നേരത്തിനു അവർ റൂമിൽ എത്തിക്കും.അതിന് 150 രൂപയോ മറ്റോ ആണെന്നാണ് എന്റെ ഓർമ, ഞാൻ അവർക്ക് എല്ലാ മാസവും നൽകാറും ഉണ്ട്. എന്തായാലും അന്ന് അവർ ചെയ്തത് വലിയൊരു സഹായം ആയിരുന്നു.

ഒരു ദിവസം കോടതിയിൽ നിന്നും എനിക്ക് ഒരു കത്ത്‌ വന്നു. എന്റെ ആക്‌സിഡന്റ് കേസ് സംബന്ധിച്ച ഹിയറിങ്ങിന് കോടതിയിൽ ഹാജരാകണം. പുഷ്പ എന്നൊരു ലേഡി അഡ്വക്കേറ്റ് ആയിരുന്നു ലീഗൽ എയ്ഡ്‌സിൽ നിന്നും എനിക്ക് വേണ്ടി ഹാജർ ആയിരുന്നത്. ഒരു വർഷത്തെ തൊഴിൽ നഷ്ടവും 2 ഓപ്പറേഷൻ ചിലവുകളും ശാരീരികമായി എനിക്ക് സംഭവിച്ച അവശതകൾക്കെല്ലാം കൂടി 5,14,000 രൂപയാണ് വക്കീൽ മുഖാന്തരം എന്റെ ചെറിയച്ഛൻ പല്ലവൻ ട്രാൻസ്‌പോർട്ടിന് എതിരെയായി ക്ലെയിം ചെയ്തിരുന്നത്. (നഷ്ടപരിഹാരം ലഭിക്കാൻ വാക്കിങ് സ്റ്റിക് ഉപയോഗിച്ച് കാലിന് ഉള്ളതിലും കൂടുതൽ അവശത കാണിച്ച് ജഡ്ജിക്കു മുന്നിൽ ഹാജർ ആകണം എന്ന് അഡ്വക്കേറ്റ് എന്നോട് പ്രത്യേകം നിഷ്കർഷിച്ചു ).

എന്നെ കൂട്ടിൽ കേറ്റി നിർത്തി അഡ്വക്കേറ്റ് എന്തൊക്കെയോ ചോദ്യങ്ങൾ അന്നത്തെ അപകടത്തെ പറ്റി ചോദിച്ചു. ജീവിതത്തിൽ ആദ്യമായി ഒരു കോടതിയിൽ ജഡ്ജിക്ക് മുമ്പാകെ കൂട്ടിൽ കയറി നിൽക്കുകയാണ്.( ഞാൻ അന്ന് വരെ സിനിമയിൽ അല്ലാതെ ഒരു കോടതി കണ്ടീട്ടില്ല. പിന്നീട് വർക്ക്‌ ചെയ്ത ഒന്ന് രണ്ട് സിനിമകളിലും കോടതി രംഗം ചിത്രീകരിക്കാൻ ആയി നിർമിച്ച കോടതിയുടെ സെറ്റ് കണ്ടീട്ടുണ്ട്.)
എനിക്ക് നല്ല പരിഭ്രമം ഉണ്ടായിരുന്നു. ജഡ്ജി എന്തൊക്കെയോ ചോദിച്ചു. ഞാൻ ഉള്ളതിൽ കൂടുതൽ പരീക്ഷീണനായി കാണപ്പെട്ടു. എന്തായാലും കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.
(വര്ഷങ്ങളോളം ഈ കോടതി വ്യവഹാരം നീണ്ടു പോയി.96 ൽ ആണ് വിധിയായത്. ഇതിനിടയിൽ വർഷത്തിൽ മൂന്നോ നാലോ തവണ ലീഗൽ എയ്ഡ്‌സിൽ നിന്നും പുഷ്പ മാഡം വിളിപ്പിച്ചതിനെ തുടർന്ന് ഞാൻ കോടതിയിൽ ഹാജർ ആകേണ്ടി വന്നീട്ടുണ്ട്.)

ഒരു ദിവസം വടപളനി കോവിലിന് സമീപം വച്ച് മഹാലഷ്മി എന്ന ജൂനിയർ ആർട്ടിസ്റ്റിനെ കണ്ടപ്പോൾ ഞാൻ ഒന്ന് വിളറി. ജ്യോതിയുടെ സുഹൃത്താണ് മഹാലഷ്മി. ബ്യൂട്ടിപാലസിൽ അവരും അഭിനയിച്ചീട്ടുണ്ട്. ഹോസ്പിറ്റലിൽ അവസാനമായി ജ്യോതി എന്നെ കാണാൻ വന്നപ്പോഴും മഹാലഷ്മിയാണ് കൂടെ ഉണ്ടായിരുന്നത്.
“എപ്പോ ഊരിലിരുന്ത് വന്തിൻകെ?? ഇപ്പോ നല്ലാരുക്കാ?.”
അവൾ ചോദിച്ചു.
ഞാൻ ഉത്തരം പറയാൻ വല്ലാതെ ബുദ്ദിമുട്ടി.
എന്റെ അവശത മനസ്സിലാക്കിയിട്ടാവണം അവൾ പറഞ്ഞു.
“നീങ്കെ റൊമ്പൊ എളച്ചു പോയിട്ടേങ്കെ..’
ഞാൻ ചുമ്മാ തലയാട്ടി.
ജ്യോതിയെ പറ്റി ചോദിക്കണം എന്നുണ്ട്.ധൈര്യം വരുന്നില്ല.എന്റെ മനസ്സ് അറിഞ്ഞിട്ടെന്നോണം അവൾ കൂട്ടി ചേർത്തു.
“ജ്യോതി മലേഷ്യ പോയാച്ചു. കല്യാണവും മുടിഞ്ഞാച്.ഇപ്പോ പുള്ളതാച്ചി(ഗർഭിണി ) യായിരുക്ക് .”

അവളെ അഭിമുഖീകരിക്കാൻ ആവാതെ ഞാൻ മുഖം തിരിച്ചു.
മഹാലക്ഷ്മിയുടെ അടുത്ത വാചകം എന്റെ മനസ്സിൽ തീ കോരിയിട്ടു.
“അവ എപ്പിടി ഇരുക്ക് തെരിയില്ലണ്ണാ. ഉയിരേ വച്ചിരുന്നേ ഉങ്കമേലെ..”
കൂടുതൽ കേൾക്കാൻ ധൈര്യം ഉണ്ടായില്ല. മനസ്സ് പിടി വിടുന്ന പോലെ.ഒരു വിധത്തിൽ അവളോട്‌ യാത്ര പറഞ്ഞു സ്ഥലം വിട്ടു.പതുക്കെ പതുക്കെ ജീവിതം മുന്നോട്ട് നീങ്ങി. നീണ്ട ഒരു വർഷത്തിന് ശേഷം തിരിച്ചു വന്ന എന്നെ സിനിമ കൈ വീട്ടില്ല. എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തങ്ങൾ മനസ്സിലാക്കിയിട്ടെന്നോണം പഴയ സഹപ്രവർത്തകർ എല്ലാം കൂടെ നിന്നു.

91 ഓഗസ്റ്റ് ൽ മദ്രാസിൽ തിരിച്ചെത്തിയ ഞാൻ ഡിസംബറിന് മുമ്പ് തന്നെ കിഴക്കുണരും പക്ഷി (വേണു നാഗവള്ളി ), ആനവാൽ മോതിരം (G.S. വിജയൻ ), നീലഗിരി (I. V. ശശി ),കഥാനയിക (മനോജ്‌ ബാബു ), സാന്ത്വനം (സിബി മലയിൽ ) തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ വർക്ക്‌ ചെയ്തു..ഇതിനിടയിൽ എപ്പോഴാ വാക്കിങ് സ്റ്റിക് ഒഴിവാക്കി സ്വന്തം കാലിൽ നടക്കാനും ഞാൻ ആരംഭിച്ചിരുന്നു.സാവധാനം കോടമ്പാക്കം സ്റ്റുഡിയോകളും റെക്കോർഡിങ് തീയേറ്ററുകളും എന്റെ ജീവിതത്തിലെ നഷ്ടപ്പെട്ട വർണങ്ങൾ എനിക്ക് തിരിച്ചു കൊണ്ട് തന്നു.

(തുടരും)

Pics..
1. രാജസേനൻ.
2. തുളസി ദാസ്.
3. K. K. ഹരിദാസ്.
4. P. V. ശങ്കർ.

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ