ഉഷയുമായുള്ള സൗഹൃദം (എന്റെ ആൽബം- 25)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
86 SHARES
1026 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 25
(ഗോപിനാഥ്‌ മുരിയാട്)

ഈ അടുത്ത കാലത്ത് ഒരു ദിവസം വെളുപ്പിന് എനിക്ക് ഒരു ഫോൺ വന്നു.നമ്പർ നോക്കി. പരിചിതമായ നമ്പർ തന്നെ. എന്നാലും ഇത്ര വെളുപ്പാൻ കാലത്ത് എന്തിനായിരിക്കും ഇങ്ങനെ ഒരു വിളി. ഞാൻ ഫോൺ എടുത്തു.
“ഗോപിയേട്ടാ, ഞങ്ങൾ ഗുരുവായൂർ നിന്ന് വരുന്നു.കണ്ണൂരിൽ പോയി വരുന്ന വഴിയാ. കുറേ കാലമായി ചേട്ടന്റെ വീട്ടിൽ വരണം എന്ന് കരുതുന്നു. ഇന്നെന്തായാലും വരാം. വഴി പറഞ്ഞു തരുമോ, ഇവിടുന്ന് അങ്ങോട്ട് വരാൻ??”

“ഞാൻ ഗൂഗിൾ മാപ് അയച്ചു തരാം. തൃശൂർ ചാലക്കുടി ഹൈവേയിൽ വരുമ്പോൾ നെല്ലായി ജംഗ്ഷനിൽ നിന്നും ഇരിങ്ങാലക്കുട റോഡിലൂടെ കേറി വരണം. ഹൈവേയിൽ നിന്ന് കയറിയാൽ കഷ്ടിച്ച് 5 കിലോമീറ്റർ. നീ എപ്പോൾ എത്തും.” ഞാൻ ചോദിച്ചു.
“ഒരു 9-30 ആവും എത്താൻ.
മാക്സിമം 10’o clock.”
“Ok. എങ്കിൽ ഇവിടെ വന്നീട്ടാവാം ബ്രേക്ക്‌ ഫാസ്റ്റ്.
കൂടെ ആരാ ഉള്ളത്?”
“ഞാനും മോനും മാത്രം. 5 ദിവസം ആയി പൊന്നീട്ട്..കണ്ണൂരിൽ പോയിട്ട് വരികയാ.”
“Ok. Welcome.. We are Waiting.”
എണീറ്റ്‌ മുറിയിൽ നിന്നും ഫോണുമായി പുറത്ത് വരവേ ശ്രീമതിയുടെ അന്വേഷണം..
“ആരാ രാവിലെ തന്നെ..?”
“ഉഷയാ അമ്മു.. അവളും മോനും നാട്ടിൽ പോയിട്ട് വരുന്ന വഴി ഇവിടെ കേറാം എന്ന്. അവർ തിരുവനന്തപുരം പോകുന്ന വഴിയാ. ഉടനെ പോകും.”

TT USHA
TT USHA

ഉഷയെ ഭാര്യക്ക് പരിചയം ഉണ്ട്. ഉഷയുടെ മകൻ രഞ്ജുവിന്റ വിവാഹത്തിന് ഞാൻ ഭാര്യയും മകളും ഒത്ത്
എറണാകുളത്ത് ചെന്നിരുന്നു. മാത്രം അല്ല ആ വിവാഹത്തിന് വന്ന ഉഷയുടെ സഹോദരി ഗുരുവായൂർ പോകണം എന്ന് പറഞ്ഞപ്പോൾ ഞാൻ അവരെ വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് വൈകുന്നേരം പുഷ്പയും കുടുംബവും എന്റെ വീട്ടിൽ വരികയും ഞങ്ങൾ എല്ലാവരും കൂടി ഗുരുവായൂർ ദർശനം നടത്തിയ ശേഷം, അവരെ ചെന്നൈക്ക് യാത്ര അയച്ചീട്ടാണ് ഞാനും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്..ഞാൻ ഇന്ന് എന്റെ ആൽബത്തിൽ പരിചയപ്പെടുത്താൻ പോകുന്നത് 30 വർഷമായി ഉള്ള ഒരു സിനിമാ സൗഹൃദത്തെ പറ്റിയാണ്. പ്രശസ്ത സിനിമാ സീരിയൽ താരം T. T. ഉഷ യെ പറ്റി.

ഇന്ന് ഉഷ സിനിമയിൽ മാത്രം അല്ല പൊതുരംഗത്തും അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു. പലപ്പോഴും സിനിമാ സംബന്ധിയായ ന്യൂസ്‌ ഔർ ചർച്ചകളിൽ എല്ലാം ഉഷയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ശബരിമല വിഷയത്തിൽ , സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഇരുമുടിക്കെട്ടുമായി വായ് മൂടിക്കെട്ടി മല ചവിട്ടിയപ്പോൾ, ഉഷ അന്ന് വാർത്താ മാധ്യമങ്ങളിലെ നിറ സാന്നിധ്യമായി..
പക്ഷേ എനിക്ക് അറിയാവുന്ന ഉഷ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളോട് മല്ലിട്ട്, ഒരുപാട് പ്രതിസന്ധി കളെ തരണം ചെയ്താണ് ഈ നിലയിൽ എത്തിയത്.

90 കളുടെ ആരംഭത്തിൽ ആണ് ഞാൻ ഉഷയെ ആദ്യമായി കണ്ടു മുട്ടുന്നത്. വടപളനിയിൽ ഞാൻ താമസിക്കുന്ന വീടിന് സമീപത്ത് പുതുതായി പണി തീർത്ത ഫ്ലാറ്റിലെ താമസക്കാരിയായി വന്നപ്പോൾ. കൂട്ടിന് കാലിന് സ്വാധീനം ഇല്ലാത്ത ചേച്ചി പുഷ്പയും ഉണ്ട്. ആയിടെ ഷൂട്ടിംഗ് കഴിഞ്ഞ് വന്ന താഴ്‌വാരത്തിൽ ഒരു ചെറിയ വേഷം ചെയ്‌തീട്ടുണ്ടെന്നു പറഞ്ഞു ഉഷയെ എനിക്ക് പരിചയപ്പെടുത്തിയത് ആ ചിത്രത്തിന്റ അസ്സോസിയേറ്റ് ഡയറക്ടറും എന്റെ സഹമുറിയനും ആയ ബാലുവാണ്. ആ ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ വിജയേട്ടനും (Late N. വിജയകുമാർ ) അന്ന് ഞങ്ങൾക്കൊപ്പം ആണ് താമസിച്ചിരുന്നത്.
ആയിടെ പൂർത്തിയായ I. V. ശശിയുടെ വർത്താന കാലത്തിലും ഉഷ അഭിനയിച്ചിട്ടുണ്ട്.

അടുത്ത വീട്ടുകാരി ആയതോടെ പുഷ്പയും ആര്യയും ഞങ്ങളുടെ വീട്ടിലെ നിത്യസന്ദർശകർ ആയി.വീട്ടിൽ നല്ല ഒരു കറി ഉണ്ടാക്കിയാൽ കൂടി പുഷ്പ അത് ഞങ്ങളുടെ മുറിയിൽ കൊണ്ട് വന്ന് തരും. കോടംബക്കത്തു ഭാഗ്യം പരീക്ഷിക്കാൻ എത്തിയ നൂറു കണക്കിന് പെൺകുട്ടികളിൽ ഒരുവൾ.അത്ര മാത്രമേ ഞാൻ ആര്യയെ പറ്റിയും കരുതിയുള്ളൂ. പക്ഷേ കൂടുതൽ അടുത്തതോടെ അവൾ തന്റെ കഥകൾ എല്ലാം ഞങ്ങളോട് തുറന്നു പറഞ്ഞു. അതെന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.ഇരുപതുകളിൽ നിൽക്കുന്ന ഈ പെൺകുട്ടി ഇത്രയും വലിയ ദുരന്തക്കടൽ നീന്തിയാണോ ഇവിടെ വരെ എത്തിയത്?? ഉഷ തന്നെ ഫേസ്ബുക്കിലൂടെ ഈ കഥകൾ പങ്കു വെച്ചീട്ടുള്ളതിനാൽ അതിനെ പറ്റി കുറച്ചു മാത്രം ഞാൻ ഇവിടെ പറയാം..

കണ്ണൂരിലെ ഒരു ഇടത്തരം കുടുംബത്തിലെ രണ്ടു പെണ്മക്കളിലെ ഇളയവളായ ഉഷക്ക് തന്റെ കൗമാര കാലത്ത് വീടിന്റെ upstair ൽ താമസക്കാരനായിരുന്ന ഒരു ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിക്കേണ്ടി വരുന്നു. പ്രണയം നടിച്ച് അവൾക്ക് പിന്നാലെ കൂടിയ അയാളെ ഒഴിവാക്കാൻ അവൾ ഒരുപാട് ശ്രമിച്ചെങ്കിലും അയാൾ വീട്ടില്ല. അവസാനം അയാളവളെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കുകയായിരുന്നു. (അന്നവൾക്ക് വെറും 14 വയസ്സ് മാത്രം ആണ് പ്രായം ). തിരിച്ചറിവില്ലാത്ത ആ പ്രായത്തിൽ അവൾ അയാളുടെ കെണിയിൽ പെട്ടു എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. എല്ലാം തലവിധിയെന്ന് സമാധാനിച്ച് അവൾ അയാൾക്കൊപ്പം ജീവിക്കാൻ ആരംഭിച്ചു.

എറണാകുളം സ്വദേശി ആയ അയാളുടെ ആവശ്യപ്രകാരം മതം മാറാനും ഉഷ മടിച്ചില്ല. അധികം താമസിയാതെ അവൾ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി. ആഗ്രഹസാഫല്യം പൂർത്തിയായതോടെ അയാളിലെ സംശയരോഗി തല ഉയർത്തി. സുന്ദരി ആയ അവളെ പീഡിപ്പിച്ചു രസിക്കുകയായിരുന്നു അയാളുടെ വിനോദം. ഭർത്താവിൽ നിന്നും അവൾക്ക് നേരിടേണ്ടി വന്നത് പീഡനങ്ങളുടെ പരമ്പര…
അറിയാവുന്ന ദൈവങ്ങളോടൊക്കെ അവൾ കരഞ്ഞു പ്രാർത്ഥിച്ചു.
“കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും അകറ്റേണമേ…”

ദൈവം അവളുടെ പ്രാർത്ഥന കേട്ടതാണോ എന്തോ.. അധികം താമസിയാതെ കണ്ണൂർ വളപട്ടണത്ത് സമീറ, ശ്രീജ എന്നീ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ആക്‌സിഡന്റിൽ പെട്ട് കൊല്ലപ്പെട്ട 13 പേരിൽ ഒരാൾ അവളുടെ ഭർത്താവായിരുന്നു.രണ്ടു മക്കളോടൊപ്പം തിരിച്ച് സ്വന്തം വീട്ടിൽ എത്തിയപ്പോളും അവളെ കാത്തിരുന്നത് കണ്ണീരിന്റെ ദിനങ്ങൾ മാത്രം. ഭർത്താവ് മരണപ്പെട്ട ശേഷം മക്കളെയും കൂട്ടി തന്റെ വീട്ടിൽ എത്തിയ അവളെ കുത്തുവാക്കുകളും കുറ്റപ്പെടുത്തലു.കളുംകൊണ്ട് മുറിവേൽപ്പിക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു.ഒരു സ്വാന്തന വാക്ക് കേൾക്കാൻ പോലും അവൾ കൊതിച്ച ദിനങ്ങൾ.

ജീവിതം ഒരു ചോദ്യ ചിഹ്നമായി മുന്നിൽ പത്തി വിരിച്ചു നിന്നപ്പോൾ ഒരു പിടിവള്ളിയെന്നോണം ബാംഗ്ലൂരിലെ ബ്യൂട്ടി പാർലറിൽ കിട്ടിയ ജോലി അവൾക്ക് വലിയ ഒരാശ്വാസം ആയി.പക്ഷേ വിധി ഉഷയെ അവിടെയും തുടരാൻ അധികനാൾ അനുവദിച്ചില്ല.ബാംഗ്ലൂരിൽ നിന്നും ചെന്നൈയിൽ ജോലി തേടിയെത്തിയ അവൾക്ക് മുന്നിൽ സിനിമാഭിനയം ഒരു അവസരമായി മുന്നിൽ പ്രത്യക്ഷപ്പെട്ടു. പിന്നെ കൂടുതൽ ഒന്നും ആലോചിച്ചില്ല.ചെറിയ ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ അവൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.
ആ ഇടക്കാണ് ഞാൻ അസ്സോസിയേറ്റ് ആയി വർക്ക്‌ ചെയ്ത ഗുഡ്ഫ്രൈഡേയിൽ ഒരു ശ്രദ്ധേയമായ കഥാപാത്രം ഉഷക്ക് ലഭിക്കുന്നത്.

പക്ഷേ ആ ചിത്രവും അവൾക്ക് ഗുണം ചെയ്തില്ല. അപ്രതീക്ഷിതമായി എനിക്ക് സംഭവിച്ച അപകടത്തെ തുടർന്ന് എങ്ങയൊക്കെയോ ആ ചിത്രം പൂർത്തീകരിച്ചെങ്കിലും റിലീസ് ചെയ്യാൻ പിന്നെയും ഒരുപാട് വൈകി. ഡിസ്ട്രിബൂഷൻ ആകാനും താമസിച്ചു. അവസാനം ഉച്ചപ്പടം ആയി ഏതൊക്കെയോ തിയേറ്ററിൽ പടം റിലീസ് ആയത് 92 ൽ. ധനം, മാലായോഗം, തുടർക്കഥ, പഞ്ചാബി ഹൌസ്, കമ്പോളം, ആലിബാബയും ആറര കള്ളന്മാരും തുടങ്ങി ഒരുപാട് സിനിമകളിൽ വേഷം ഇട്ടെങ്കിലും മെയിൻ സ്ട്രീം സിനിമയിലെ നായികാ പദവി മാത്രം ഉഷയെ തേടി എത്തിയില്ല. ഇങ്ങനെ സിനിമാ ജീവിതം മടുപ്പിക്കുന്ന അവസ്ഥയിൽ എത്തിയപ്പോൾ ആണ് മറ്റൊരാൾ ഉഷയുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. പിന്നെ ഭർത്താവിനോടൊപ്പം വര്ഷങ്ങളോളം വിദേശത്ത്..പുതിയ ജീവിതം അവൾക്ക് അന്നുവരെ ലഭിക്കാത്ത ഒരുപാട് സന്തോഷവും സമാധാനവും നൽകി.മക്കളെ രണ്ടു പേരെയും നന്നായി പഠിപ്പിച്ചു. ഇരുവരും വിവാഹിതരായി. മകൾ കുടുംബത്തോടൊപ്പം U. K. യിൽ.

മകൻ രഞ്ജിത് ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ശ്രദ്ധേയൻ ആയി . ഇപ്പോൾ അറിയപ്പെടുന്ന സീരിയൽ താരങ്ങൾ ആണ് ഇരുവരും.കുറച്ചു കാലമായി എറണാകുളതത്ത് നിന്നും താമസം മാറ്റി തിരുവനന്തപുരത്ത് സെറ്റിൽ ആയിരിക്കുകയാണ് ഉഷ.ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ട ഈ കൂടപ്പിറപ്പ് എന്നും എനിക്ക് ഒരു പ്രചോദനം ആയിരുന്നു..

(തുടരും)

************************

 

 

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്