സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 26
(ഗോപിനാഥ് മുരിയാട്)
സത്യത്തിൽ ഇന്ന് (ജനുവരി 17 / 2021 )ഞാൻ ഈ ഓർമക്കുറിപ്പുമായി വരാൻ വിചാരിച്ചിരുന്നതല്ല. പക്ഷേ നിയോഗം ആർക്കും തടുക്കാൻ ആവില്ലല്ലോ..എനിക്ക് സിനിമാരംഗത്തെക്ക് ഒരു വഴി തുറന്നു തന്ന ആൾ, എന്നതിലുപരി എന്റെ സഹോദര തുല്യൻ ആയ ശ്രീ ശരത് ചന്ദ്രൻ, കൊട്ടാരക്കര ( എന്റെ ആൽബം ആരംഭിക്കുന്നത് ഇദ്ദേഹത്തെക്കുറിച്ചുള്ള എന്റെ സ്മരണകളിലൂടെയാണ് ) ഇന്ന് രാവിലെ മുതൽ എന്നെ വിളിക്കുന്നത് ഒരു കാര്യം ആവശ്യപ്പെട്ടായിരുന്നു. അദ്ദേഹത്തിന് നസിർ സാറുമായുള്ള അടുപ്പത്തെ പറ്റി എഴുതണം. അതിന് ഞാൻ സഹായിക്കണം. എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം വോയിസ് മെസ്സേജിലൂടെ പറഞ്ഞ കാര്യങ്ങൾ ക്രോഡീകരിച്ച് ഞാൻ അദ്ദേഹത്തിന് അയച്ചു കൊടുത്തു. എങ്ങനെ പോസ്റ്റ് ചെയ്യണം എന്ന് വിശദീകരിച്ചു. പക്ഷേ പുള്ളിക്ക് അതൊന്നും തലയിൽ കയറുന്നില്ല. ആൾ വീണ്ടും വീണ്ടും എന്നെ വിളിച്ച് ഇത് പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവസാനം എന്റേതല്ലാത്ത എന്നാൽ എനിക്കേറെ പ്രിയപ്പെട്ട ഒരാളുടെ, ഓരോ മലയാളിയുടെയും സിനിമാസങ്കല്പങ്ങൾക്ക് നിറം പകർന്ന നിത്യ വസന്തം നസിർ സാർ ന്റെ ഓർമ്മകൾ, നിങ്ങളുമായി പങ്കുവെക്കുകയാണ്.അതുല്യനായ ആ പ്രതിഭയുടെ ഓർമ്മക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്…
മലയാളത്തിന്റെ നിത്യ വസന്തം
———————
നമ്മുടെ എല്ലാം പ്രിയപ്പെട്ട നിത്യ ഹരിത നായകൻ ശ്രീ. പ്രേം നസിർ അന്തരിച്ചീട്ട് ഇന്നേക്ക് 32 വർഷം തികയുന്നു.. വിശ്വസിക്കാനേ കഴിയുന്നില്ല. പരിചയപ്പെട്ട എല്ലാവരെയും തന്നിലേക്ക് ആകർഷിക്കാൻ ഉള്ള ഒരു കഴിവ് അദ്ദേഹത്തിന് ജന്മസിദ്ധമായി കിട്ടിയതാണോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലം തൊട്ടേ പല ഷൂട്ടിംഗ് സെറ്റുകളിലും വച്ച് അദ്ദേഹത്തെ കണ്ടീട്ടുണ്ടെങ്കിലും “ദൈവത്തെ ഓർത്ത് ‘എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത് ആലപ്പുഴക്ക് അടുത്ത് കൽപകവാടിയിൽ ഒരു പാലസിൽ വച്ചായിരുന്നു. അതിന് നിമിത്തം ആയതാകട്ടെ K. R. G. എന്ന സൗത്ത് ഇന്ത്യയിലെ പ്രമുഖമായ ബാനറും.കെ.ആർ.ജി.ക്ക് ( പ്രൊഡ്യൂസർ കെ. രാജഗോപാൽ ) അന്ന് മലയാളത്തിലെ തിരക്കേറിയ സംവിധായകൻ ആയ ബാലചന്ദ്രമേനോനെ വച്ച് തമിഴിൽ ഒരു ചിത്രം ചെയ്യാൻ താല്പര്യം തോന്നിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മേനോന്റെ ഡേറ്റ് കിട്ടുമോ എന്ന് അവർ ശങ്കിച്ചപ്പോൾ ഞാൻ ആണ് അവർക്ക് ആത്മവിശ്വാസം പകർന്നതും അതിന് വേണ്ടി ഉത്സാഹിച്ചതും.
അങ്ങനെയാണ് മേനോന്റെ സഹസംവിധായകനും അടുത്ത സുഹൃത്തുമായ R. ഗോപിനാഥ് ആദ്യമായി സംവിധാനം ചെയ്ത ‘ദൈവത്തെ ഓർത്ത്’ എന്ന ചിത്രത്തിന്റ സെറ്റിൽ ഞങ്ങൾ എത്തുന്നത്.പ്രൊഡ്യൂസർ K. R. G. അദ്ദേഹത്തിന്റെ സഹോദരനായ K. ഗോപിനാഥ്, അവരുടെ ഓഫീസ് മാനേജർ വർക്കല രാജേന്ദ്രൻ തുടങ്ങിയവരും എന്നോടൊപ്പം ഉണ്ടായിരുന്നു. അപ്പോൾ കെ. ഗോപിനാഥ് എന്നെ വച്ച് ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. (ഭാഗ്യരാജിന്റെ ആദ്യചിത്രം “ചുവരില്ലാത്ത ചിത്രങ്ങൾ “നിർമിച്ചത് കെ. ഗോപിനാഥ് ആയിരുന്നു.)
ഞങ്ങൾ ലൊക്കേഷനിൽ ചെല്ലുമ്പോൾ അവിടെ മേനോനെ കൂടാതെ നസിർ സാറും ഉർവശിയും മറ്റും ഉണ്ടായിരുന്നു. എന്നെ കണ്ടതും നസിർ സാർ കുശലം ചോദിച്ചു. ഞാൻ ആഗമനോദ്ദേശം അദ്ദേഹത്തെ അറിയിച്ചു. തമിഴിൽ ഒരു ചിത്രം ആദ്യമായി സംവിധാനം ചെയ്യാൻ അവസരം ലഭിച്ച ആഹ്ളാദ.ത്തോടെ മേനോൻ എന്നോട് ചോദിച്ചു.”ശരത് ന് ഞാൻ എന്താ ചെയ്തു തരേണ്ടത് ”
ഞാൻ എന്റെ ആഗ്രഹം സൂചിപ്പിച്ചു. “എനിക്ക് ഗോപിയേട്ടൻ ഒരു പടം തരാമെന്ന് എറ്റീട്ടുണ്ട്. അതിന്റെ സ്ക്രിപ്റ്റ് വർക്ക് നടക്കുകയാണ്.
നസിർ സാർ നൊപ്പം അതിൽ താങ്കളും ഒരു റോൾ ചെയ്യണം. ഓണത്തിന് ആണ് അത് റിലീസ് പ്ലാൻ ചെയ്യുന്നത്.”മേനോൻ സമ്മതിച്ചു. നമുക്ക് ചെയ്യാം. ശരത് ബാക്കി കാര്യങ്ങൾ എല്ലാം മൂവ് ചെയ്തോളൂ. ”
എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അന്ന് മേനോൻ മലയാളത്തിലെ ഹോട്ട് കേക്ക് ആണ്. മറ്റ് സംവിധായകർക്കൊന്നും അന്ന് അദ്ദേഹം ഡേറ്റ് കൊടുത്തു തുടങ്ങിയിട്ടില്ല. R. ഗോപിനാഥ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായത് കൊണ്ട് മാത്രം ആണ് അദ്ദേഹത്തിന് ഒരു ഡേറ്റ് കൊടുത്തത്.
ആ ഉറപ്പ് കൂടി ആയതോടെ ഗോപിയേട്ടൻ എന്നോട് സ്ക്രിപ്റ്റ് വേഗം പൂർത്തിയാക്കിക്കോളാൻ ആവശ്യപ്പെട്ടു. നാട്ടിൻപുറത്തെ പഴയ ഒരു കാരണവർ ആയി നസീർ സാർ, അദ്ദേഹത്തിന്റെ മരുമകൻ ആയി മേനോൻ, ഇവർ തമ്മിൽ ഉള്ള സംഘർഷം ആണ് ചിത്രത്തിന്റ കാതൽ. ഒപ്പം മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം ആയി ഒരു പട്ടാളക്കാരന്റെ വേഷത്തിൽ മോഹൻലാലിനെ കൂടി ഉൾപ്പെടുത്താം എന്ന് ഞങ്ങൾ തീരുമാനിച്ചു. സ്ക്രിപ്റ്റ് വായിച്ചു കേട്ടപ്പോൾ എല്ലാവരും ഹാപ്പി. അങ്ങനെ ഞാൻ നസിർസാർ നെ ചെന്ന് കണ്ട് കഥ പറഞ്ഞു.
അദ്ദേഹത്തിനും സബ്ജെക്ട് ഇഷ്ടപ്പെട്ടു.
“മറ്റ് characters ഒക്കെ ആരാണ് ചെയ്യുന്നതെന്ന് അദ്ദേഹം അന്വേഷിച്ചു. ഞാൻ പറഞ്ഞു.ലാലിനെ ട്രൈ ചെയ്യുന്നുണ്ട്, പട്ടാളക്കാരൻ മകന്റെ റോളിലേക്ക്. മരുമകൻ മേനോൻ സാർ ചെയ്യാമെന്ന് സമ്മതിച്ചീട്ടുണ്ട്.”
നസിർ സാർ സമ്മതം മൂളിയതോടെ ഫിലിം ചേംബറിൽ ചെന്ന് ഭഗവതി ക്രീയേഷൻസിന്റ
ബാനറിൽ പടത്തിന്റെ ടൈറ്റിൽ രജിസ്റ്റർ ചെയ്തു.
” സർവം മംഗളം ” അതായിരുന്നു എന്റെ ആദ്യ സംവിധാന സംരഭത്തിന്റെ ടൈറ്റിൽ.പടത്തിന്റെ റെക്കോർഡിങ് കഴിഞ്ഞു. ഇതിനിടയിൽ ചിത്രത്തിന്റെ ചർച്ചകൾക്കായി രണ്ടു മൂന്നു പ്രാവശ്യം ഞാൻ നസിർ സാർന്റെ മഹാലിംഗപുരത്തുള്ള വീട്ടിൽ പോയി. ഒരു തവണ ഞാൻ ചെന്നപ്പോൾ അദ്ദേഹം മകൻ ഷാനവാസിനെ എനിക്ക് പരിചയപ്പെടുത്തി. ഇതിനിടയിൽ ഞാൻ സ്ക്രിപ്റ്റ് എഴുതിയ “നിയമം എന്ത് ചെയ്യും ”
തുടങ്ങി ഒന്ന് രണ്ടു ചിത്രങ്ങളിൽ ഷാനവാസിനെ സഹകരിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. 88 അവസാനം ആയിരുന്നു ഈ സംഭവങ്ങൾ എല്ലാം.പെട്ടെന്നൊരു ദിവസം ആണ് ഞാൻ അറിയുന്നത് നസിർ സാർ ഹോസ്പിറ്റലിൽ ആണെന്ന്. വിജയാ ഹോസ്പിറ്റലിലെ ഡോക്ടർ ചെറിയാൻ എന്റെ അടുത്ത സുഹൃത്തായിരുന്നതിനാൽ ഞാൻ ഉടനെ അവിടെ ചെന്ന് അദ്ദേഹത്തെ കണ്ട് വിവരങ്ങൾ അന്വേഷിച്ചു. ഭയപ്പെടേണ്ട കാര്യം ഒന്നും ഇല്ലെന്നാണ് ഡോക്ടർ എന്നോട് സൂചിപ്പിച്ചത്.എങ്കിലും ഞാൻ ചെന്ന സ്ഥിതിക്ക് നസിർ സാർ ന്റെ റൂമിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. എപ്പോഴത്തെയുംപോലെ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
“ഒന്നും ഇല്ലെടോ.ഒരുത്തൻ കൊണ്ട് വന്ന് ഒരു ലേഹ്യം ഏൽപ്പിച്ചു. ചെറുപ്പത്തിന്റെ ചുറു ചുറുക്ക് വീണ്ടെടുക്കാൻ ഉത്തമം ആണത്രേ.. അയാളെ വിഷമിപ്പിക്കേണ്ടെന്നു കരുതി അത് വാങ്ങിച്ചു. ഇനി അത് കഴിച്ചീട്ടാണോ എന്തോ രണ്ടു ദിവസമായി മലം പോകുമ്പോൾ ഒരു കറുപ്പ് നിറം. ഞാൻ അതത്ര കാര്യം ആക്കിയില്ല. ഇന്നലെ പെട്ടെന്ന് മലത്തിൽ രക്തത്തിന്റെ അംശം കണ്ടതോടെ ഒന്ന് പരിശോധിക്കാം എന്ന് കരുതി. അത്രേ ഉള്ളൂ. അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ആവും ‘എന്ന് അദ്ദേഹം പറഞ്ഞതോടെ ഞാനും ആശ്വാസത്തോടെ തിരികെ പോന്നു.
ജനുവരി ഫസ്റ്റ് വീക്ക് ആയിരുന്നു അത്. രണ്ടു ദിവസം കഴിഞ്ഞ പ്പോൾ ആണ് ഞാൻ അറിയുന്നത് പുള്ളിക്ക് സീരിയസ് ആണെന്ന്. ഞാൻ ഉടനെ ചെറിയാൻ ഡോക്ടറെ വിളിച്ചു. അദ്ദേഹം പറഞ്ഞു.”പ്രത്യേകിച്ച് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം മാറി അടുത്ത ദിവസം ഡിസ്ചാർജ് ആവുമല്ലോ എന്ന് വിചാരിച്ച് ആകും അദ്ദേഹം ഒരു പീസ് ചിക്കൻ കഴിച്ചു ഇന്നലെ. വൈകീട്ട് ഒരു പനി പോലെ തോന്നിയപ്പോൾ പെട്ടന്ന് ബ്ലഡും മൂത്രവും പരിശോധനക്ക് അയച്ചു. റിസൾട്ട് വന്നപ്പോൾ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം .ഇനി കാണാൻ വന്ന ആരിൽ നിന്നും പകർന്നതാണോ എന്നും അറിയില്ല. ഞങ്ങൾ മാക്സിമം പരിശ്രമിക്കുന്നുണ്ട്. പ്രാർത്ഥിക്കൂ.”
വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു അത്. അദ്ദേഹം മരിക്കുന്ന അന്ന് രാത്രി ഞാനും എന്റെ സുഹൃത്ത് നന്ദകുമാറും അവിടെ ഉണ്ടായിരുന്നു. ഷാനവാസ് ഞങ്ങൾക്കൊപ്പം ഇരുന്ന് നസിർ സാറിന്റെ വിവരം അറിയാൻ വിളിച്ചവരോടൊക്കെ സംസാരിച്ചു കൊണ്ടിരുന്നു. രാത്രി രണ്ടു മണിയോടെ ആണ് ഞാനും സുഹൃത്തും അവിടെ നിന്ന് പോരുന്നത്. വെളുപ്പിന് അഞ്ചു മണിയോടെയാണ് അദ്ദേഹത്തിന്റെ അവസ്ഥ മോശമാകുന്നതും അദ്ദേഹം മരിക്കുന്നതും. അങ്ങനെ 37 വർഷത്തോളം മലയാളിയുടെ സ്വപ്ന നായകൻ ആയിരുന്ന അദ്ദേഹം ഓർമയായി.
എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആദ്യ സംരംഭം തന്നെ അലസിപ്പോവുകയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങലോടെ.. പിന്നീട് ഒരിക്കലും ഒരു ചിത്രം ചെയ്യണമെന്ന ഒരാഗ്രഹം പോലും എന്റെ മനസ്സിലൂടെ കടന്ന് പോയിട്ടില്ല.കാരണം സിനിമ കണ്ട് തുടങ്ങിയ കാലം മുതൽ എന്റെ ആരാധനാ മൂർത്തി യായ അദ്ദേഹം ഇല്ലാതെ ഒരു ചിത്രം ചെയ്യുന്നതിനെ പറ്റി ആലോചിക്കാൻ പോലും എനിക്കാവുമായിരുന്നില്ല. എനിക്കെന്നല്ല എന്റെ തലമുറയിൽ ജീവിച്ചിരുന്ന എല്ലാവർക്കും സിനിമ ഒരു മോഹമായി ഉള്ളിൽ വളർന്നീട്ടുണ്ടെങ്കിൽ അതിന് കാരണം നസിർ സാർ മാത്രം ആയിരുന്നു.. ആ പാവന സ്മരണകൾക്ക് മുന്നിൽ ബാഷ്പാഞ്ജലികളോടെ….🙏🙏🙏🙏
(തുടരും)
1. പ്രേം നസിർ
2. ദൈവത്തെ ഓർത്ത് (പോസ്റ്റർ )
3.R. ഗോപിനാഥ്
4. ശരത് ചന്ദ്രൻ
5. കെ. രാജഗോപാൽ
6.ബാല ചന്ദ്രമേനോൻ