മോഹനേട്ടൻ അഥവാ സംവിധായകൻ ശശിമോഹനൻ (എന്റെ ആൽബം- 27)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
72 SHARES
867 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 27
(ഗോപിനാഥ്‌ മുരിയാട്)

1992 എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വർഷമാണ്. സിനിമയിൽ എത്തി 7 വർഷങ്ങൾക്ക് ശേഷം, (അതും മരണത്തിന്റെ പിടിയിൽ നിന്നും അത്ഭുതകരമാം വണ്ണം രക്ഷപ്പെട്ട ശേഷം) ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവ് എന്ന് തന്നെ വിശേഷിപ്പിക്കാം ആ വർഷത്തെ. വർഷം തുടങ്ങുന്നത് തന്നെ K. R. G. പ്രോഡക്ഷൻസിന്റെ “ശിവന്ത മലർകൾ ” എന്ന ചിത്രത്തിലൂടെ ആയിരുന്നു. സംവിധായകൻ മലയാളിയായ ശശി മോഹൻ. നായകൻ ശരത് കുമാർ, നായിക ഗൗതമി. നായികാ പ്രാധാന്യമുള്ള ഒരു ആക്ഷൻ ചിത്രം ആയിരുന്നു അത്. ശരത് കുമാറിന്റെ ആരംഭ കാലഘട്ടം.കെ. ആർ. ജി. യുടെ സംഘം, മൃഗയാ, വരവേൽപ്പ്, നീലഗിരി തുടങ്ങിയ ചിത്രങ്ങൾ മുമ്പ് വർക്ക്‌ ചെയ്തീട്ടുള്ളതിനാൽ അവരുടെ പുതിയ തമിഴ് പടമായ ‘ശിവന്ത മലർകളുടെ ‘ വർക്കിനും അവർ എന്നെ തന്നെ വിളിക്കുകയായിരുന്നു.

മോഹനേട്ടനേയും (ശശി മോഹൻ ), എനിക്ക് I. V. ശശിയുടെ സഹസംവിധായകൻ ആയിരുന്ന കാലം മുതൽ പരിചയം ഉണ്ട്. സഹസംവിധായകനായി മാത്രം അല്ല മോഹനേട്ടൻ ശശി സാറിന്റെ കൂടെ നിന്നിരുന്നത്. അദ്ദേഹത്തിന്റെ അനുതാര ഔട്ട് ഡോർ യൂണിറ്റിന്റെ കാര്യങ്ങളും നോക്കിയിരുന്നത് മോഹനേട്ടൻ ആണ്. ശശിസാറിനും സീമ ചേച്ചി ക്കും വളരെ തിരക്കുള്ള സമയം. തുടർച്ചയായി മമ്മൂട്ടി, ലാൽ ചിത്രങ്ങൾ ശശി സാർ ചെയ്തിരുന്ന കാലം. സ്വാതന്ത്ര സംവിധായകൻ ആവാൻ തീരുമാനിച്ചപ്പോൾ മോഹൻ എന്ന സ്വന്തം പേരിനൊപ്പം ഗുരുവിന്റെ പേര് ഒപ്പം കൂട്ടിയതും ആ ഗുരുഭക്തി മൂലം തന്നെയാണ്.

“മിഴിയോരങ്ങളിൽ “എന്ന റഹ്‌മാൻ, രോഹിണി ചിത്രം ആയിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ചിത്രം. (മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി താരം ആയി ഒരു ചെറിയ റോളിൽ വരുന്നുണ്ട് ). ചിത്രം പൂർത്തീയായെങ്കിലും ഈ ചിത്രം റിലീസ് ആയിട്ടില്ല എന്നാണ് എന്റെ അറിവ്.
(ഒരു പ്രൈവറ്റ് പ്രിവ്യു കോടംബക്കത്തെ M. M. തിയേറ്ററിൽ നടത്തിയപ്പോൾ ഞാൻ ഈ ചിത്രം കണ്ടിരുന്നു ).
രതിഷും സീമയും പ്രധാന വേഷത്തിൽ അഭിനയിച്ച “ഓർമയിലെന്നും ” എന്ന രണ്ടാമത്തെ ചിത്രം അദ്ദേഹം ചെയ്തത് T. V. മോഹൻ എന്ന സ്വന്തം പേരിൽ ആയിരുന്നു. (അൻപുള്ള രജനികാന്ത് എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്.) ഈ ചിത്രവും പരാജയമായതിനെ തുടർന്ന് മോഹനേട്ടൻ വീണ്ടും ശശി മോഹൻ ആയി മലയാളത്തിലും തമിഴിലും ഒരുപാട് ചിത്രങ്ങൾ ചെയ്തു.

സബാഷ് ബാബു (ഇപ്പോഴത്തെ സൂപ്പർ താരം ചിമ്പു പ്രധാന റോളിൽ (ബാലതാരം ആയി )അഭിനയിച്ച ആദ്യ ചിത്രം, ഗൗതമി തന്നെ പ്രധാന വേഷം ചെയ്ത രുദ്ര, ഹിറ്റ്ലിസ്റ്റ് (റഹ്‌മാൻ ), മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് (മനോജ്‌. കെ. ജയൻ, ആനി ), തിലകം, ശബ്ദം വെളിച്ചം, ചുവന്ന കണ്ണുകൾ ഇങ്ങനെ കുറേ ചിത്രങ്ങൾ.
വാഹിനി സ്റ്റുഡിയോയിലെ നാരായണൻ സാർ ന്റെ റൂമിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയ പ്പെടുന്നത്. പക്ഷേ എപ്പോൾ കാണുമ്പോളും സ്നേഹപൂർവ്വം വിശേഷങ്ങൾ തിരക്കും.

ഓർമയിലെന്നും സെൻസർ വർക്ക്‌ ചെയ്യാൻ ചെന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ കൂടെ അസിസ്റ്റന്റ് ആയി വർക്ക്‌ ചെയ്യാൻ എന്നോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം പടം ചെയ്ത സമയത്തെല്ലാം ഞാൻ മറ്റ് ചില വർക്കുകളിൽ ആയതിനാൽ 96 വരെ അദ്ദേഹത്തിന്റെ പടങ്ങളിൽ ഒന്നും വർക്ക്‌ ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. 96 ൽ അദ്ദേഹം ചെയ്ത മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന ഒരേ ഒരു ചിത്രത്തിൽ മാത്രമേ എനിക്ക് അദ്ദേഹത്തിന്റെ കൂടെ സഹായി ആയി ജോലി ചെയ്യാൻ സാധിച്ചുള്ളൂ.(ആ കഥ പിന്നീടൊരിക്കൽ ).

ചെന്നൈ വിട്ടതിന് ശേഷം മോഹനേട്ടനുമായി ബന്ധം ഒന്നും ഇല്ലായിരുന്നു. വർഷങ്ങൾക്ക് ശേഷം 2012 ഓഗസ്റ്റ് മാസം ഏതോ ഒരു ചിത്രത്തിന്റെ ജോലി കാര്യത്തിനായി ഞാൻ എറണാകുളത്ത് വന്ന് തിരിച്ചു വീട്ടിൽ പോകാൻ നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ ആരോ എന്നെ പിന്നിൽ നിന്ന് വിളിച്ചു.
“ഗോപി..”
പരിചിതമായ ആ ശബ്ദം വർഷങ്ങൾക്ക് ശേഷം കേട്ട ഞാൻ ഓടി അടുത്തെത്തി.മോഹനേട്ടൻ ആരെയോ കാണാൻ വന്ന ശേഷം തിരിച്ചു ചെന്നൈക്ക് പോകാൻ ആലപ്പി എക്സ്പ്രസ്സ്‌ വരുന്നതും കാത്ത് നിൽപ്പാണ്. ഞാനും ആ ട്രെയിനിൽ കയറിയാണ് ഇരിങ്ങാലക്കുടക്ക് പോകാറ്. എനിക്കും ആ ട്രെയിൻ ആണ് പോകേണ്ടതെന്ന് അറിഞ്ഞപ്പോൾ മോഹനേട്ടന് സന്തോഷം ആയി. എന്നോട് വിശേഷങ്ങൾ തിരക്കി. എത്ര കുട്ടികൾ ഉണ്ടെന്നും ഭാര്യ വർക്ക്‌ ചെയ്യുന്നുണ്ടോ എന്നും തുടങ്ങി ഞങ്ങൾ തമ്മിൽ 97 ൽ പിരിഞ്ഞതിന് ശേഷം ഉള്ള എല്ലാ വിശേഷങ്ങളും ഞങ്ങൾ പരസ്പരം പങ്കിട്ടു.ട്രെയിൻ വന്നപ്പോൾ എന്നെ നിർബന്ധിച്ചു അദ്ദേഹത്തിന്റെ കൂടെ റിസർവേഷൻ കമ്പാർട്മെന്റിൽ കയറ്റി.
“നീ കേറ്. T. T. വന്നാൽ ഞാൻ പറഞ്ഞോളാം. എത്ര കാലം കുടി കാണുന്നതാ.”
അന്ന് ഇരിങ്ങാലക്കുട ഇറങ്ങുന്നത് വരെ ഞങ്ങൾ ഒരുപാട് സംസാരിച്ചു. ഞാൻ ഇത് വരെ സ്വന്തമായി പടം ചെയ്യാത്തതിൽ ദുഖിതനായിരുന്നു അദ്ദേഹം.

എനിക്ക് വീണ്ടും അപകടം പറ്റിയതിനെ പറ്റി ഒക്കെ അദ്ദേഹം കേട്ടിരുന്നു. പക്ഷേ നമ്പർ അറിയില്ലായിരുന്നു. അത് കൊണ്ടാ വിളിക്കാതിരുന്നത്. എന്റെ നമ്പർ അപ്പോൾ തന്നെ വാങ്ങിച്ചു. തനിക്ക് അടുത്ത് തന്നെ ഒരു തമിഴ് ചിത്രം ഉണ്ടെന്നും പ്രൊജക്റ്റ്‌ ഓകേ ആയാൽ ഉടൻ ചെന്നൈക്ക് വിളിക്കാം എന്നും ഞാൻ കൂടെ വർക്ക്‌ ചെയ്യണം എന്നും അദ്ദേഹം കൂട്ടി ചേർത്തു.ഇരിങ്ങാലക്കുട ട്രെയിൻ ഇറങ്ങിയ ശേഷം ആലപ്പി എക്സ്പ്രസ്സ്‌ കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു.എന്തൊരു സ്നേഹം..എന്തൊരു ആത്മാർഥത..പഴയ കോടമ്പാക്കം സൗഹൃദങ്ങൾക്ക് അങ്ങനെ ഒരു നിറമുണ്ട്..

ഇല്ലായ്മയിലും വല്ലായ്മയിലും പരസ്പരം പങ്കുചേരാൻ ഉള്ള ഒരു മനസ്സ്. പുതിയ കാലത്തിന്‌ പരിചിതമല്ലാത്ത ആ പോയ് പോയ നല്ല കാലത്തിന്റെ മധുരസ്‌മൃതിയിൽ ഞാൻ വീട്ടിലേക്ക് കയറി ചെന്നു.എന്റെ മുഖത്തെ സന്തോഷം കണ്ടാവും, ഭാര്യ തിരക്കി.
“എന്താ ഇന്ന് വല്ലാത്തൊരു സന്തോഷം പോലെ.പോയ പോലെ അല്ലല്ലോ..”
ഞാൻ മോഹനേട്ടനെ എറണാകുളംസ്റ്റേഷനിൽ വച്ച് കണ്ടത് മുതൽ ഇരിങ്ങാലക്കുട ഇറങ്ങുന്നത്
വരെയുള്ള വിശേഷങ്ങൾ എല്ലാം പുള്ളിക്കാരിയോട് വിസ്തരിച്ചു.എല്ലാം കേട്ട ശേഷം അവൾ പറഞ്ഞു.
“അല്ലെങ്കിലും സിനിമേം, സിനിമാക്കാരേം പറ്റി പറയാൻ തുടങ്ങിയാ നിങ്ങള്ക്ക് വേറൊന്നും വേണ്ടല്ലോ.. ഞാൻ കരുതി എന്തോ ലോട്ടറി അടിച്ചെന്ന്.”
എന്റെ സൗഹൃദങ്ങൾ എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. വീടിന് അപ്പുറം മറ്റൊരു ലോകം ഇല്ലാത്ത എന്റെ പാവം ഭാര്യയോട് ഞാൻ എങ്ങനെ ആ പഴയ സ്നേഹ ബന്ധങ്ങളുടെ മൂല്യത്തെപറ്റി, അത് മനസ്സിൽ ഉണ്ടാക്കുന്ന കുളിർമയെ പറ്റി ഒക്കെ പറഞ്ഞു മനസ്സിലാക്കാൻ??

ഒരു മാസം കഴിഞ്ഞു കാണും.2012 ഒക്ടോബറിലെ ആദ്യ വാരം. ഒരു ദിവസം വാർത്ത ചാനലിൽ അതാ മോഹനേട്ടൻ.സംവിധായകൻ ശശി മോഹൻ അന്തരിച്ചു. ഒരു നിമിഷം എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. നീണ്ട 15 വർഷങ്ങൾക്ക് ശേഷം ഞാൻ കുറച്ചു നാൾക്ക് മുമ്പ് നേരിൽ കണ്ട, മാറുന്ന കാലത്തെ സിനിമയെ പറ്റി ഒരുപാട് സംസാരിച്ച, അടുത്ത ചിത്രത്തിൽ നീ കൂടെ എന്റെ കൂടെ വേണം എന്ന് നിർബന്ധിച്ച,എന്റെ പ്രിയപ്പെട്ട മോഹനേട്ടൻ ഇനിയില്ല.കാലം ചിലപ്പോൾ അങ്ങനെയാണ്..അത് വല്ലാത്ത ചില നിമിഷങ്ങൾ നമുക്കായി ഒരുക്കും.. ദുരൂഹമായ ചില സമസ്യകൾ നമുക്ക് മുന്നിൽ അവശേഷിപ്പിച്ചുകൊണ്ട്..

(തുടരും)

 

Pics..
1. ശിവന്ത മലർകൾ (പോസ്റ്റർ )
2.ശശി മോഹൻ
3. ശരത് കുമാർ
4. ഗൗതമി
5. ശശിമോഹൻ & സഹായികൾ. (മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് )

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്