സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 28
(ഗോപിനാഥ് മുരിയാട്)
ശിവന്ത മലർകൾക്ക് ശേഷം കൗരവർ, (ജോഷി ) കമലദളം, (സിബി മലയിൽ ), സൂര്യ മാനസം (വിജി തമ്പി ), അഹം (രാജീവ് നാഥ് )… തുടങ്ങിയ ചിത്രങ്ങൾ കൂടി 92 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആയി ഞാൻ വർക്ക് ചെയ്തു. എല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങൾ തന്നെ. പടങ്ങൾ തുടരെ വന്നുകൊണ്ടിരുന്നെങ്കിലും വീണ്ടും സെറ്റിൽ വർക്ക് ചെയ്യാൻ കഴിയാത്തതിന്റ വിഷമം എന്നെ അലട്ടി. അപകടം പറ്റി നാട്ടിൽ പോകുന്നതിന് മുമ്പേ ചില ചിത്രങ്ങളിൽ അസ്സോസിയേറ്റ് ആയി വർക്ക് ചെയ്തതോടെ സ്വന്തമായി പടം ചെയ്യാൻ കഴിയും എന്ന് ഒരാത്മവിശ്വാസം വന്നു തുടങ്ങിയതായിരുന്നു. വീണ്ടും റെക്കോർഡിങ് തീയേറ്ററുകളും, എഡിറ്റിംഗ് റൂമുകളും മാത്രം ആയി ജീവിതം ഒതുങ്ങി പോവുമോ എന്ന ഭയം എന്നെ ഗ്രസിക്കാൻ തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം എ.വി.എം.സ്റ്റുഡിയോയിൽ വച്ച് ഞാൻ ജോമോൻ ചേട്ടനെ കണ്ടു.
സി.പി.ജോമോൻ തൃശൂർക്കാരൻ ആണ്.1973 മുതൽ സിനിമാ രംഗത്തുണ്ട്. ഒരു പക്ഷേ ഇന്ന് മലയാള സിനിമാ രംഗത്തുള്ള ഏറ്റവും സീനിയർ അസ്സോസിയേറ്റ് ഡയറക്ടർ ജോമോൻ ചേട്ടൻ ആവും. N. ശങ്കരൻ നായർ, ജോഷി, തമ്പി കണ്ണന്താനം, സിബി മലയിൽ, സംഗീത് ശിവൻ, ജയരാജ് തുടങ്ങി ഒരുപാട് പ്രഗൽഭരുടെ കൂടെ അദ്ദേഹം വർക്ക് ചെയ്തീട്ടുണ്ട്.
സുരേഷ് ഗോപി നായകൻ ആയ കടലോരക്കാറ്റ്, ഉദയം, തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സ്വതന്ത്രമായി സംവിധാനം ചെയ്തവയാണ്. തമ്പി സാറിന്റെ ഭൂമിയിലെ രാജാക്കന്മാർ, വഴിയോര കാഴ്ചകൾ തുടങ്ങിയ ചിത്രങ്ങൾ വർക്ക് ചെയ്യുമ്പോഴേ ജോമോൻ ചേട്ടനെ എനിക്ക് പരിചയം ഉണ്ട്.എനിക്ക് ചേട്ടന്റെ കൂടെ വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടെന്ന് ഞാൻ പുള്ളിയോട് സൂചിപ്പിച്ചിരുന്നു. അത് കൊണ്ടാവാം എന്നെ കണ്ട ഉടനെ പുതിയ വർക്ക് ഏതാണെന്ന് അദ്ദേഹം അന്വേഷിച്ചു. ഷൂട്ടിംഗ് ഒന്നും കമ്മിറ്റ് ചെയ്തീട്ടില്ലെന്നും സെൻസർ വർക്ക് മാത്രമേ ഇപ്പോൾ ഉള്ളു എന്നും ഞാൻ പറഞ്ഞു.
“തനിക്ക് ഹിന്ദി അറിയാം എന്നല്ലേ പറഞ്ഞത്? ”
കോളേജ് കാലത്തെ ബാംഗ്ലൂർ വാസവും ജോലി സംബന്ധമായി രണ്ടു മൂന്നു വർഷം നോർത്ത് ഇന്ത്യയിൽ കഴിഞ്ഞതും മൂലം ഹിന്ദി ഒരു വിധം കൈകാര്യം ചെയ്യാൻ അറിയാമായിരുന്നു. അതെപ്പോഴോ ചേട്ടനോട് സൂചിപ്പിച്ചു കാണണം.
” അറിയാം. എന്താ ചേട്ടാ.? ”
ഞാൻ ജിജ്ഞാസയോടെ തിരക്കി. “സംഗീത് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബുദ്ധ’ യിൽ ഞാൻ ആണ് അസ്സോസിയേറ്റ്. ലാൽ ആണ് നായകൻ. നേപ്പാളിൽ ആണ് ഷൂട്ടിംഗ്. “. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി . അങ്ങനെ ഒരു പടം അനൗൻസ് ചെയ്തിരുന്നത് ഞാൻ കണ്ടിരുന്നു. ‘ചെപ്പി’നു ശേഷം ഞാൻ ലാലിന്റെ കൂടെ വർക്ക് ചെയ്‌തിട്ടില്ല. ഞാൻ ഉടനെ സമ്മതം മൂളി.
‘ശരി. ഞാൻ സാഗ അപ്പച്ചൻ സാറിനോടും സംഗീത് സാറിനോടും പറയാം. മിക്കവാറും ശരിയാകും. താൻ ഇപ്പോൾ എവിടെയാ താമസിക്കുന്നെ”
ഞാൻ എന്റെ വിരുഗംബക്കാം പോലീസ് സ്റ്റേഷന് സമീപം ഉള്ള പുതിയ വീടിന്റെ അഡ്രസ് കൊടുത്തു.
കാണാം എന്ന് പറഞ്ഞ് ചേട്ടൻ പിരിഞ്ഞു.
വൈകുന്നേരം റൂമിൽ അഴക് വന്നപ്പോൾ ഞാൻ വിവരം പറഞ്ഞു. അവനും സന്തോഷമായി.
“എപ്പോ ടാ ഷൂട്ടിംഗ്?”
” ഡീറ്റെയിൽസ് ഒന്നും തെരിയാതു. ”
കുറച്ചു ദിവസം കഴിഞ്ഞു. ജോമോൻ ചേട്ടന്റെ വിളി ഒന്നും വന്നില്ല. എന്റെ പ്രതീക്ഷ അസ്‌തമിക്കാൻ തുടങ്ങി. ഒരു ദിവസം ഉച്ചക്ക് കറുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ ഞാൻ താമസിക്കുന്ന മുറിയിൽ എത്തി.
“ഞാൻ പ്രേമൻ. സാഗ യുടെ പ്രൊഡക്ഷൻ മാനേജർ.ജോമോൻ ആണ് ഗോപിയെ വിളിക്കാൻ പറഞ്ഞത്.
നാളെ രാവിലെ പഞ്ചതൻ റെക്കോർഡിങ് തിയേറ്ററിൽ വരണം.”
“അതെവിടെയാ??”
അങ്ങനെ ഒരു തിയേറ്ററിനെ പറ്റി ഞാൻ കെട്ടിട്ടില്ലായിരുന്നു..
“സുബ്ബരായ നഗർ.3 ർഡ് സ്ട്രീറ്റ്. മ്യൂസിക് ഡയറക്ടർ ദിലീപിന്റെ വീട് ആണ്.”
അങ്ങനെ ഒരു മ്യൂസിക് ഡയറക്ടറെ പറ്റിയോ തിയേറ്ററിനെ പറ്റിയോ ഞാൻ കേട്ടിട്ടില്ല. മദ്രാസിലെ എല്ലാ റെക്കോർഡിങ് തിയേറ്ററിലും കഴിഞ്ഞ 7 വർഷം ആയി ഞാൻ കേറി ഇറങ്ങുന്നുണ്ട്.
“മ്യൂസിക് ഡയറക്ടർ അർജുനൻ മാഷ് താമസിക്കുന്ന വീട് ചോദിച്ചാൽ മതി.”
അത് കേട്ടതും എനിക്ക് സമാധാനം ആയി. “ബ്യൂട്ടി പാലസ് ” എന്ന പടത്തിന്റെ സോങ് റെക്കോർഡിങ് സമയത്ത് ഡയറക്ടർ അമ്പലത്തിന്റെ കൂടെ ഞാൻ ആ വീട്ടിൽ പോയിട്ടുണ്ട്.
“ഓ. അറിയാം. Upstair അല്ലെ ”
“അതെ. ആ വീടിന്റ കീഴെ ആണ് ദിലീപിന്റെ തിയേറ്റർ. അദ്ദേഹം താമസിക്കുന്നതും അവിടെ തന്നെ.”
ഞാൻ എത്താം എന്ന് സമ്മതിച്ചു. പ്രേമൻ യാത്ര പറഞ്ഞു പോയി.
അടുത്ത ദിവസം രാവിലെ ഞാൻ സുബ്ബരായ നഗറിലെ ആ ചെറിയ വീട്ടിൽ എത്തി.
അവിടെ പ്രേമനും ജോമോൻ ചേട്ടനും ഉണ്ടായിരുന്നു.ജോമോൻ ചേട്ടൻ വിവരങ്ങൾ പറഞ്ഞു.
“എന്റെ കാര്യം ഡയറക്ടറോടും കമ്പനിയിലും സംസാരിച്ചു. ജോമോന് താല്പര്യം ഉള്ള ആളെ വച്ചോളാൻ അവർ സമ്മതിച്ചു. ഞങ്ങൾ നാളെ കാഠ്മണ്ഡുവിലേക്ക് തിരിക്കും. ഗോപിക്കുള്ള ട്രെയിൻ ടിക്കറ്റ് പ്രേമൻ കൊണ്ട് വന്നു തരും. ദിലീപ് സോങ് മിക്സ് ചെയ്ത് കഴിഞ്ഞിട്ടില്ല. താൻ വരുമ്പോൾ അതും കൊണ്ട് വരണം.”
ഞാൻ ഒന്ന് അമ്പരന്നു. എല്ലാവരും പോയിട്ട് ഞാൻ മാത്രം ഒറ്റക്കോ? അതും നേപ്പാളിലേക്ക്. ”
“അതൊന്നും പേടിക്കണ്ട. എല്ലാം പ്രേമൻ കേറ്റി വിട്ടോളും.”
ശരി. വർക്ക് ചെയ്യുന്നതിന് മുമ്പ് സ്ക്രിപ്റ്റ് എന്താണെന്ന് അറിയണ്ടേ? സ്ക്രിപ്റ്റിന്റെ കോപ്പി വല്ലതും ചേട്ടന്റെ കയ്യിൽ ഉണ്ടോ?? ഒന്ന് വായിക്കാൻ.. ”
“അത് കൊള്ളാം. ഞാനേ സ്ക്രിപ്റ്റ് വായിച്ചിട്ടില്ല. അതൊക്കെ അവിടെ എത്തിയിട്ട് നോക്കാം. ശശിധരൻ ആറാട്ടു വഴി എന്നൊരു പുതിയ കക്ഷിയാ എഴുതുന്നെ.”
അത് എനിക്ക് ഒരു ഷോക്ക് ആയിരുന്നു. അടുത്ത ആഴ്ച ഷൂട്ടിംഗ് തുടങ്ങുന്ന ഒരു ഫിലിമിന്റെ സ്ക്രിപ്റ്റ് പോലും ആയിട്ടില്ല.
“ഞാൻ ഇല്ലെടോ. താൻ പേടിക്കണ്ട. അപ്പോൾ ഇനി നേപ്പാളിൽ കാണാം.”
ജോമോൻ ചേട്ടൻ യാത്ര പറഞ്ഞു പിരിഞ്ഞു. ഞാൻ ഇനി എന്ത് വേണം എന്ന് അന്വേഷിച്ചു. പ്രേമൻ പറഞ്ഞു
“ഗോപി വിട്ടോ. നാളെ രാവിലെ ഇവിടെ വന്നാൽ മതി.”
“അപ്പോൾ നാളെ കാസറ്റ് കിട്ടിയാൽ നാളെ തന്നെ ഞാൻ പോണ്ടി വരുമോ??”
“ഉറപ്പില്ല. എന്തായാലും നാളെ വാ.”
റൂമിൽ ചെന്നു കിടന്നീട്ടും എനിക്ക് ഉറക്കം വന്നില്ല.
അല്ലെങ്കിലും എനിക്ക് പണ്ട് മുതൽ അങ്ങനെയാ. എന്തെങ്കിലും ഒരു കാര്യം തീരുമാനിച്ചാൽ അത് കഴിയുന്നത് വരെ ഭയങ്കര ടെൻഷൻ ആണ്. ഇതിപ്പോ നാളെ കാസറ്റ് കിട്ടോ.. പോകേണ്ടി വരുമോ? ആർക്ക് അറിയാം. ഈ ദിലീപ് എന്ന മ്യൂസിക് ഡയറക്ടർ ആരാണാവോ?
അവിടെ ഒരു മണിക്കൂറോളം ഞങ്ങൾ ഉണ്ടായിട്ടും പുള്ളി പുറത്തേക്ക് പോലും വന്നില്ല. ഇനി ജാഡ കക്ഷി ആണോ എന്തോ? . അടുത്ത ദിവസം കൃത്യ സമയത്ത് തന്നെ ഞാൻ പഞ്ചതൻ തിയേറ്ററിൽ എത്തി. അവിടെ പ്രേമനും ഇല്ല. ആരും ഇല്ല. അൽപ നേരം നിന്ന് ബോർ അടിച്ചപ്പോൾ ഞാൻ കാളിങ് ബെല്ലിൽ വിരൽ അമർത്തി. അൽപ സമയത്തിന് ശേഷം ഒരു പെൺകുട്ടി വന്ന് കതകു തുറന്നു. ദിലീപിന്റെ സിസ്റ്റർ ആയിരിക്കണം. ഞാൻ ചോദിച്ചു.
” ദിലീപ്..?? ”
“അണ്ണൻ ഇപ്പൊ വരുവാങ്കേ. വെയിറ്റ് പണ്ണുങ്കോ.”
പെൺകുട്ടി തിരിച് പോയി.ഞാൻ കാത്തിരുന്നു.
അൽപ സമയം കഴിഞ്ഞ് പൊക്കം കുറഞ്ഞു വെളുത്ത ഒരു പയ്യൻ വന്ന് കതക് തുറന്നു. മുഖത്ത് ഉറക്കച്ചടവ് കാണാം. എനിക്ക് അത്ഭുതം തോന്നി.
“ഈശ്വരാ. ഈ പയ്യൻ ആണോ മ്യൂസിക് ഡയറക്ടർ? കഷ്ടം. ഈ ഡയറക്ടർക്ക് എന്ത് പറ്റി?വേറെ ജോൺസൻ മാഷെയോ, രവീന്ദ്രനെയോ മറ്റോ വച്ചാൽ പോരായിരുന്നോ?!
“ഞാൻ സാഗയുടെ അസിസ്റ്റന്റ് ഡയറക്ടർ.
ഇന്ന് ഇവിടെ വന്നാൽ കാസറ്റ് തരും എന്ന് പറഞ്ഞു പ്രേമൻ.”
അയാൾ ചിരിച്ചു.
“നാളേക്ക് വാങ്കോ അണ്ണാ.
മിക്സിങ് മുടിയില്ലേ. ”
അൽപ്പം ഈർഷ്യ തോന്നിയെങ്കിലും അത് മുഖത്ത് കാണിക്കാതെ ഞാൻ തിരിച്ചു പോന്നു.ഉച്ചക്ക് ശേഷം പ്രേമൻ റൂമിൽ വന്നു. ഞാൻ ചോദിച്ചു.
” നല്ല ആളാ. എന്നോട് രാവിലെ പഞ്ചതൻ ൽ വരാൻ പറഞ്ഞീട്ടു മുങ്ങി അല്ലെ? പ്രേമൻ സോറി പറഞ്ഞു. “രാവിലെ ഷണ്മുകൻ അണ്ണൻ ഒരു നൂറു കാര്യം ഏൽപ്പിച്ചിരുന്നു.(അടുത്തിടെ മരിച്ച പ്രൊഡക്ഷൻ കൺട്രോളർ കെ.ർ. ഷണ്മുഖം ആയിരുന്നു ആ ചിത്രത്തിന്റെ കൺട്രോളർ ) ഷൂട്ടിംഗിന് ആൾക്കാരെ അയക്കാനും ടിക്കറ്റ് കൊടുക്കാനും മറ്റും. അതിരിക്കട്ടെ. എന്തായി? ”
” കാസറ്റ് കിട്ടിയില്ല. മുടിഞ്ഞില്ലാന്ന്. ”
ചുമ്മാ നടത്തിയതിന്റെ ദേഷ്യം ആയിരുന്നു എനിക്ക്.
“സാരമില്ല. നാളെയും ചെല്ല്.
നമ്മൾ ചെന്നാലേ പുള്ളി സ്പീഡ് ആകൂ ”
പ്രേമന്റെ വാക്ക് കേട്ട് ഞാൻ അടുത്ത ദിവസവും അതിന്റെ അടുത്ത ദിവസവും പോയെങ്കിലും എല്ലാ ദിവസവും അതേ രംഗം തന്നെ ആവർത്തിച്ചു. തങ്കച്ചി വന്ന് ‘അണ്ണൻ എളുന്ത്ക്കല്ലേ. വെയിറ്റ് പണ്ണുങ്കോ ‘ എന്ന് പറഞ്ഞു പോവും. അൽപ്പം കഴിഞ്ഞു ഉറക്കം എണീറ്റ് ദിലീപ് വരും. “മുടിയില്ലേ. നാളേക്ക് വാങ്കോ ” എന്ന് പറഞ്ഞു അയാൾ തിരിച്ചയക്കും. സത്യത്തിൽ എനിക്ക് അയാളോട് ദേഷ്യം തോന്നി. കഷ്ടിച്ച് 25 വയസ്സ് പോലും ഇല്ലാത്ത പയ്യൻ. (എനിക്ക് അന്ന് 31 വയസ്സ് ) എന്തിനാണാവോ എന്നെ ഇങ്ങനെ ദിവസവും നടത്തുന്നെ. ഇത് കിട്ടിയിട്ട് വേണം എനിക്ക് നേപ്പാൾ ൽ പോകാൻ. എല്ലാരും പോയി കഴിഞ്ഞു. അവിടെ ഷൂട്ടിംഗ് തുടങ്ങി കാണുമോ എന്തോ?
ഞാൻ ആകെ ടെൻഷനിൽ ആയി. തുടക്കം മുതൽ ഷൂട്ടിംഗ് ൽ ജോയിൻ ചെയ്തില്ലെങ്കിൽ കണ്ടിന്യൂയിറ്റി ഒന്നും അറിയില്ല. ശ്ശേ.. എന്ത് കഷ്ടം ആണ്. ഇതിനിടയിൽ ഒരു കാര്യം ഞാൻ മനസ്സിലാക്കി. രണ്ടു വർഷം മുമ്പ് ബ്യൂട്ടി പാലസ് റെക്കോഡിങ് സമയത്ത് അർജുനൻ മാസ്റ്ററുടെ കൂടെ കീബോർഡിൽ മ്യൂസിക് പ്രോഗ്രാം ചെയ്യാൻ വന്ന ആ പയ്യൻ തന്നെ ആണ് ഇന്ന് ഞങ്ങളുടെ പടത്തിന്റെ മ്യൂസിക് ഡയറക്ടർ ആയി വന്നിരിക്കുന്നത്!!. നാലാം ദിവസമോ അഞ്ചാം ദിവസമോ എന്ന് കൃത്യമായി ഓർമയില്ല. ദിലീപ് 2 കാസ്സെറ്റുകൾ എന്റെ കയ്യിൽ തന്നു. അന്ന് തന്നെ പഞ്ചതൻ – ൽ പ്രേമനോടൊപ്പം എത്തിയ സാഗയുടെ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ ആയ കെ.ൻ.മേനോൻ എനിക്ക് അഡ്വാൻസ് തന്നു. ഒപ്പം G. T. Express ന് ഡൽഹിക്കുള്ള ടിക്കറ്റും.
ഡൽഹിയിൽ നിന്ന് കാട്മണ്ടു വിലേക്ക് ഫ്ലൈറ്റിൽ പോകാൻ ഉള്ള പണം വേറെയും. അന്ന് വൈകുന്നേരം പ്രേമൻ വീട്ടിൽ എത്തി. എന്നെ യാത്ര അയക്കാൻ അഴകും ഒപ്പം പോന്നു ഞങ്ങൾ മൂവ്വരും കൂടെ സമയത്തിന് മുമ്പേ സെൻട്രൽ സ്റ്റേഷനിൽ എത്തി. വണ്ടി കയറുന്നതിനു മുമ്പേ സ്റ്റേഷന് വെളിയിൽ ഉള്ള ബാറിൽ കയറി ഞങ്ങൾ ഓരോ ബിയർ അകത്താക്കി. എന്നെ ട്രെയിനിൽ കയറ്റി ഇരുത്തിയ ശേഷം ഇരുവരും എനിക്ക് യാത്രാ മംഗളങ്ങൾ നേർന്നുകൊണ്ട് തിരിച്ചു പോയി.. G. T. എക്സ്പ്രസ്സ് മുന്നോട്ട് കുതിച്ചു..
(തുടരും)
Pics.
1. C. പി. ജോമോൻ.
2. Myself.
3. Lal’s 33 rd birthday at Yoddha set.
4.puneet issar & me.
5.santhosh sivan, myself & crew.
6.Master Bunty & his father with Me.