മോഹൻലാൽ, മധുബാല, പുനീത് ഇസ്സാർ .. ഷൂട്ടിങ് ഫുൾ ഫോമിൽ (എന്റെ ആൽബം- 29)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
89 SHARES
1069 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 29
(ഗോപിനാഥ്‌ മുരിയാട്)

ഡൽഹിയിൽ ഇറങ്ങി നേരെ ചെന്നത് അയൽക്കാരനും ബാല്യകാലസുഹൃത്തുമായ ചന്ദ്രമോഹന്റെ അടുത്താണ്. പുള്ളി വർഷങ്ങൾ ആയി ഡൽഹിയിൽ കേന്ദ്ര ഗവണ്മെന്റ് സർവീസിൽ ആണ് ജോലി. താമസിക്കുന്നത് ഗാസിയബാഥിൽ. ഒരു ഓട്ടോ വിളിച്ച് അദ്ദേഹത്തിന്റെ ഓഫീസിൽ എത്തി. അദ്ദേഹം അവിടെ നിന്ന് സ്വന്തം ക്വാർട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഭക്ഷണം കഴിച്ചിട്ട് എയർപോർട്ടിൽ കൊണ്ട് വിടാം എന്നായി അദ്ദേഹവും ഭാര്യ ബേബിയും. അവരുടെ സ്നേഹനിർഭരമായ ആഥിത്യ സൽക്കാരങ്ങൾക്ക് ശേഷം ഞാനും സുഹൃത്തും കൂടി ഡൽഹി എയർപോർട്ടിൽ എത്തി. അപ്പോഴാണ് അടുത്ത പ്രശ്നം. നേപ്പാൾ നമ്മുടെ സുഹൃത്ത് രാഷ്ട്രം ആയതിനാൽ പാസ്പോർട്ട്‌ ആവശ്യമില്ല. പക്ഷേ ഇന്ത്യൻ പൗരൻ ആണെന്ന് ഗസറ്റെഡ് ഓഫീസർ സർട്ടിഫൈ ചെയ്യണം. (ഇതൊന്നും പക്ഷേ പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് ആരും പറഞ്ഞിരുന്നില്ല. എന്റെ സുഹൃത്ത് അവിടെ ഇല്ലായിരുന്നെങ്കിൽ ഞാൻ പെട്ട് പോയേനെ.)

ഉടനെ തന്നെ ഞാനും ചന്ദ്രനും കുടി തിരിച്ച് അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് പുള്ളിയുടെ സീനിയർ ഓഫീസറുടെ കയ്യിൽ നിന്ന് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി വീണ്ടും എയർപോർട്ടിലേക്ക്. ചന്ദ്രനോട് നന്ദി പറഞ്ഞ് ഞാൻ ഫ്ലൈറ്റിൽ കയറി. എന്റെ ആദ്യത്തെ വിമാനയാത്ര. ഓർമ ശരിയാണെങ്കിൽ 1500
രൂപയായിരുന്നു അന്ന് ഡൽഹിയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് ഫ്ലൈറ്റ് ചാർജ്. 6 മണിക്ക് വിമാനത്തിൽ കയറിയ ഞാൻ 7:30 – ഓടെ കാഠ്മണ്ഡു വിൽ ഇറങ്ങി. “രാര “ഹോട്ടലിലെ നമ്പറിൽ വിളിച്ച് പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖൻ അണ്ണനെയോ പ്രൊജക്റ്റ്‌ ഡിസൈനർ മേനോൻ ചേട്ടനെയോ ലൈനിൽ തരാൻ ആവശ്യപ്പെട്ടു.
അൽപ്പം കഴിഞ്ഞ് അണ്ണൻ ഫോണിൽ വന്ന് പറഞ്ഞു.
“മോനെ, അവിടുന്ന് ഒരു ടാക്സി വിളിച്ചു പോരെ.രാര ഹോട്ടൽ എന്ന് പറഞ്ഞാൽ മതി. ഞാൻ ഒന്ന് പരിഭ്രമിച്ചു. സമയം രാത്രി ആയി. ടാക്സിക്കാരൻ വല്ല ക്രിമിനലും ആണെങ്കിലോ??
അണ്ണൻ സമാധാനിപ്പിച്ചു.
“ഒന്നും പേടിക്കണ്ട. ചാർജ് 100 രൂപ എന്ന് പറയും. അത് ഇന്ത്യൻ മണി 60 രൂപ മതിയാകും. എയർപോർട്ടിൽ നിന്ന് അധികം ദൂരം ഒന്നും ഇല്ല ഇങ്ങോട്ട്. ഒരു 10 മിനിറ്റ്.”

ധൈര്യം സംഭരിച്ച് ഞാൻ പുറത്ത് വന്ന് ടാക്സി വിളിച്ചു. എന്നെ കണ്ടാൽ നേപ്പാളി അല്ലെന്ന് അയാൾക്ക് അറിയാം.എങ്കിലും ഹിന്ദിയിൽ തന്നെ രാര ഹോട്ടലിൽ പോകണം എന്ന് ആവശ്യപ്പെട്ടു. യാത്രയിൽ ഉടനീളം ഡ്രൈവറോട് ഹിന്ദിയിൽ തന്നെ കുശലം തുടർന്നു. ഞാൻ ഇവിടെ ആദ്യമാണെന്ന് പുള്ളിക്ക് തോന്നരുതല്ലോ!!
അല്പസമയത്തിനകം ഞാൻ രാര ഹോട്ടലിൽ എത്തി.നേരെ റീസെപ്ഷനിൽ ചെന്നപ്പോൾ അണ്ണൻ അവിടെ ഉണ്ട്. ഒരു റൂം കീ ഏൽപ്പിച്ചീട്ടു പറഞ്ഞു.
“ചെന്ന് കുളിച്ച് ഫ്രഷ് ആയിട്ട് ജോമോന്റെ റൂമിൽ ചെല്ല്.”

ഞാൻ നേരെ റൂമിൽ ചെന്ന് കുളിക്കാൻ ഒരുങ്ങി. അവിടെ റൂം ബോയ്സ് അല്ല ഗേൾസ് ആണ് സർവീസ് ചെയ്യുന്നത്. നല്ല സുന്ദരികൾ ആയ നേപ്പാളി യുവതികൾ. ദുരുദ്ദേശം ഒന്നും വേണ്ട. എല്ലാ റൂമിലും കണ്ട ഒരു ബോർഡ്‌ എന്നെ ഞെട്ടിച്ചു.
“ഒരു കാരണവശാലും ഇവിടെയുള്ള റൂംഗേൾസ് മായി സെക്സ് ബന്ധം പാടില്ല.അത് ഒരുപക്ഷെ നിങ്ങളെ എയ്ഡ്‌സ് രോഗി ആക്കാൻ സാധ്യതയുണ്ട്.”
(അന്നത്തെ നേപ്പാളിൽ ദാരിദ്ര്യം നിമിത്തം ഭൂരിഭാഗം സ്ത്രീകളും വ്യഭിചാരം ചെയ്യുന്നത് സാധാരണയായിരുന്നു അത്രേ ).

കുളിച്ച് ഡ്രസ്സ്‌ മാറി വേഗം ജോമോൻ ചേട്ടന്റെ റൂമിൽ എത്തി. റഹ്‌മാൻ (ദിലീപ് ) തന്ന കാസറ്റ് രണ്ടും ചേട്ടന്റെ കയ്യിൽ ഏല്പിച്ചു.
“വാ. ഡയറക്ടറുടെ റൂമിൽ പോകാം ”
അദ്ദേഹം പറഞ്ഞു.

ഞങ്ങൾ രണ്ട് പേരും കൂടി സംഗീത് ശിവന്റെ റൂമിൽ എത്തി. അപ്പോൾ ആണ് ഞാൻ സംഗീത് നെ ആദ്യമായി കാണുന്നത്.തികച്ചും നിഷ്കളങ്കനായ ഒരു മനുഷ്യൻ. അദ്ദേഹത്തെ പോലെ ഒരാൾ എങ്ങനെ സിനിമയിൽ എത്തി എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. പരിചയപ്പെട്ട ശേഷം അദ്ദേഹം പറഞ്ഞു. “ശശിധരൻ ആറാട്ട് വഴിയും, അലക്സ്‌ കടവിലും അടുത്ത മുറിയിൽ ഉണ്ട്. ചെന്ന് സ്ക്രിപ്റ്റ് വാങ്ങിച്ച് വായിക്കണം. ഭക്ഷണം റൂമിൽ എത്തിയിട്ടുണ്ടാവും.ഡിന്നർ ഒക്കെ കഴിഞ്ഞ് വായിച്ചാൽ മതി. ”

അദ്ദേഹത്തോട് യാത്ര പറഞ്ഞ് ഞാനും ജോമോൻ ചേട്ടനും ശശിധരന്റെ മുറിയിൽ എത്തി. ഇടക്ക് ഞാൻ ജോമോൻ ചേട്ടനോട് ചോദിച്ചു.” ഷൂട്ടിംഗ് വല്ലതും തുടങ്ങിയോ ”
അതായിരുന്നു എന്റെ ഉൽക്കണ്ട.
“ഹേയ്. ഇന്നലെയും ഇന്നും ആ കുട്ടി ഓടുന്നതും ട്രെക്കിൽ പോകുന്നതും അങ്ങനെ കുറച്ചു ഷോട്ട്സ് മാത്രമേ എടുത്തിട്ടുള്ളൂ.ലാൽ സാർ എത്തിയിട്ടില്ല. പുനീത് ഇസ്സറും മണാലി സിങ്ങും വന്നീട്ടുണ്ട്.നാളെ അവരെ വച്ചു തുടങ്ങാം.”

ശശിധരനെയും അലക്സിനെയും മുറിയിൽ ചെന്ന് പരിചയപ്പെട്ട ശേഷം സ്ക്രിപ്റ്റും വാങ്ങി ഞാൻ മുറിയിലേക്ക് മടങ്ങി. പോകുമ്പോൾ ചേട്ടൻ ഓർമിപ്പിച്ചു. “വായിക്കുമ്പോൾ പ്രോപ്പർട്ടി ലിസ്റ്റ് കൂടെ prepare ചെയ്യണം. ഒരാൾ കൂടി ഉണ്ട് അസിസ്റ്റന്റ് ആയി. ട്രിവാൻഡ്രത്ത് നിന്ന് വിജയകുമാർ. അയാൾ കൂടെ ഉണ്ടാവും തന്റെ റൂമിൽ. പുള്ളി നാളെയെ എത്തൂ.”

മുറിയിൽ ചെന്ന് ഭക്ഷണം കഴിച്ച ശേഷം ഞാൻ സ്ക്രിപ്റ്റ് വായിക്കാൻ ഇരുന്നു. ആരംഭത്തിൽ ഉള്ള നാട്ടിലെ സീൻ ന്റെ ഒക്കെ വൺലൈൻ മാത്രമേ ഉള്ളു.ലാമ സന്യാസി മാരുടെ കുറേ സീൻസും റിംബോച്ചയെ തട്ടി കൊണ്ട് പോകുന്നതും, എതിർക്കാൻ വരുന്ന കുങ് ഫൂ ആശാന്റെ മകനെ പുനീത് കൊല്ലുന്നതും ലാമമാർ പ്രാർത്ഥിക്കുന്നത്, പിന്നെ അശോകൻ കാഠ്മണ്ഡു വിൽ വന്ന് ഇറങ്ങുമ്പോൾ പേഴ്സ്, ബാഗ് തുടങ്ങി എല്ലാം നഷ്ടപ്പെട്ട് ബുദ്ധന്റെ വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥിക്കവേ റിംബോച്ചേ അയാൾക്ക് മുന്നിൽ പ്രത്യക്ഷ പ്പെടുന്നു..ഇരുവരും സുഹൃത്തുക്കൾ ആവുന്നു.

പിന്നെ നേപ്പാൾ സീൻ അധികവും ഡയലോഗ് ഒന്നും ഇല്ല. Fight, chase, കണ്ണ് പോകുന്നു. ആദിവാസി കളുടെ അടുത്ത് എത്തുന്ന അശോകനെ കുങ് ഫൂ വാധ്യാർ ചികിൽസിച്ചു ഭേദം ആക്കുന്നു. വീണ്ടും പുനീതുമായി ഏറ്റുമുട്ടി കുട്ടിയെ വീണ്ടെടുക്കുന്നു. എനിക്ക് എന്തോ സ്ക്രിപ്റ്റ് വായിച്ചീട്ട് ഒരു വാലും തുമ്പും ഇല്ലാത്ത അവസ്‌ഥ. ഞാൻ സ്ക്രിപ്റ്റ് വായിച്ച ശേഷം അടുത്ത ദിവസം രാവിലെ തന്നെ സംഗീതിനെ ചെന്ന് കണ്ടു.
കുളിച്ചു പോകാൻ തയ്യാർ എടുക്കുന്ന അദ്ദേഹം എന്നോട് സ്ക്രിപ്റ്റിനെ പറ്റി അഭിപ്രായം ചോദിച്ചു.
ഞാൻ എന്റെ അഭിപ്രായം എപ്പോഴും തുറന്നു പറയുന്ന കൂട്ടത്തിൽ ആണ്. ഞാൻ പറഞ്ഞു. “ഒരുപാട് കല്ല് കടി ഉണ്ട് സാർ. പല രംഗങ്ങളും തീരെ കൺവിൻസിങ് അല്ല.”

തുടർന്ന് എന്റെ ചില സംശയങ്ങൾ ഞാൻ അക്കമിട്ട് നിരത്തി. സംഗീത് ആകെ പരിഭ്രമിച്ചു. അദ്ദേഹം ഉടനെ ശശിധരനെയും സന്തോഷ്‌ ശിവനെയും അലക്സിനെയും ഒക്കെ വിളിച്ചു കാര്യം പറഞ്ഞു. പുള്ളിയുടെ ടെൻഷൻ കണ്ട് ഞാൻ അവിടെ നിന്ന് പിൻവാങ്ങി. പുറത്ത് വന്ന എന്നെ ജോമോൻ ചേട്ടൻ ശാസിച്ചു. “തനിക്ക് വല്ല കാര്യോം ഉണ്ടോടോ. അവർക്ക് ഓക്കേ ആയി തോന്നിയ സ്ക്രിപ്റ്റ് അല്ലേ. നമ്മൾ വർക്ക്‌ ചെയ്യാൻ വന്നാൽ നമ്മുടെ വർക്ക്‌ ചെയ്യുക. പോവുക.”

“അതല്ല ചേട്ടാ. അദ്ദേഹം എന്നോട് അഭിപ്രായം ചോദിച്ചു. സത്യസന്ധമായി പറയണം എന്നും പറഞ്ഞു.
അപ്പോൾ പിന്നെ ഞാൻ എന്റെ സംശയങ്ങൾ ചോദിച്ചെന്നെ ഉള്ളൂ.”

“ഹാ. താൻ നല്ല കക്ഷിയാ. ഇത്രേം നാൾ ആയിട്ടും ഇതൊന്നും അറിയില്ലേ.അഭിപ്രായം ഒക്കെ ചോദിക്കും. എന്ന് വച്ച് അത്രയ്ക്ക് അങ്ങോട്ട് സത്യ സന്ധൻ ആവണ്ട.”

ഞാൻ ആകെ വിഷമിച്ചു. ഉടനെ തന്നെ ശശിധരൻ ആറാട്ട് വഴി യുടെ റൂമിൽ എത്തി. അദ്ദേഹത്തോട് ഞാൻ കാര്യം പറഞ്ഞു. ശശിധരൻ നല്ല ഫോമിൽ ആയിരുന്നു. പുള്ളി പറഞ്ഞു. “ഇത് ഒരു വികലമായ സബ്ജക്റ്റ് ആണ്. എനിക്കറിയാം. പക്ഷേ ഡയറക്ടർക്ക് വേണ്ടത് Golden child & Blind fury. ഈ രണ്ട് വിദേശ ചിത്രങ്ങളുടെയും മിക്സ്‌ ആയ ഒരു മലയാള ചിത്രം ആണ്. അപ്പോൾ അതിന്റെതായ വൈകല്യങ്ങൾ ഒക്കെ കാണും. ദീപസ്തംഭം മഹാശ്ചര്യം . ടേക്ക് ഇറ്റ് ഈസി.”
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല.

ഷൂട്ടിംഗ് തുടങ്ങിയത് പുനീത് ഇസ്സറും മണാലി സിങ്ങും കൂടിയുള്ള ചില രംഗങ്ങൾ ചിത്രീകരിച്ചു കൊണ്ടായിരുന്നു.പുനീത് ന്റെ കൂടെ എപ്പോഴും 2 യുവതികൾ ഉണ്ടാവും.പുള്ളിക്കാരന്റെ അസിസ്റ്റന്റ് സ് ആണെന്നാണ് പറയുന്നത്.അദ്ദേഹത്തിന്റെ മേക്കപ്പും എല്ലാം അവർ തന്നെ.മണാലി സിംഗ് പക്ഷേ ഒറ്റക്കാണ് വന്നിരുന്നത്. പുനീത് എപ്പോഴും എന്നെ അടുത്ത് വിളിച്ച് ഡ്രസ്സ്‌ കണ്ടിന്യൂയിറ്റി ഒക്കെ ഓക്കേയാണോ എന്ന് ചെക്ക് ചെയ്യാൻ പറയും. അത് പക്ഷേ വളരെ ഈസി ആയിരുന്നു. പടത്തിൽ കംപ്ലീറ്റ് ഒരു ബ്ലാക്ക് കോസ്റ്യൂം ആയിരുന്നു പുള്ളിക്ക്.

അടുത്ത ദിവസം എന്റെ കൂടെ അസിസ്റ്റന്റ് ആയിരുന്ന വിജയകുമാർ എത്തി. അയാൾ അധികം സംസാരിക്കുന്ന പ്രകൃതം അല്ലായിരുന്നു. ക്ലാപ്പും ഓക്കേ ടേക്സ് നോട്ട് ചെയ്യുന്നതും മാത്രം ആയിരുന്നു അയാളുടെ ജോലി. അന്ന് സന്തോഷിന്റെ അസിസ്റ്റന്റ് ക്യാമറമാൻമാർ ആയി കൂടെ ഉണ്ടായിരുന്നത്
പിന്നീട് പ്രശസ്തനായ സഞ്ജീവ് ശങ്കറും, ബിജോയ്‌സും ആയിരുന്നു. ബിജോയ്‌സ് അന്നും ഇന്നും എന്റെ പ്രിയ സുഹൃത്ത്‌ തന്നെ.

അടുത്ത ദിവസം ഷൂട്ടിംഗ് നടക്കവേ സന്തോഷ്‌ എന്നോട് ചോദിച്ചു.
“എന്തിനാ ഗോപി സംഗീതിനോട്‌ സ്ക്രിപ്റ്റ് നെ പറ്റി അങ്ങനെ ഒക്കെ പറഞ്ഞത്.ആ പാവം വല്ലാതെ ടെൻഷൻ ആയി പോയി.”

അത് എനിക്ക് ഇതിനകം തന്നെ മനസ്സിലായിരുന്നു. ഷൂട്ടിംങ്ങിന് ഇടയ്ക്കിടെ പുള്ളി അടുത്ത് വന്ന് പറയും.
“ഗോപി, നിങ്ങൾ ഒക്കെ എല്ലാം നോക്കണേ. എനിക്ക് ഡയറക്ഷനിൽ അത്ര വല്യ എക്സ്പീരിയൻസ് ഒന്നും ഇല്ല.”

ഞാൻ സന്തോഷിനോട്‌ സോറി പറഞ്ഞു. ഷൂട്ടിംഗ് ഒരു ലഹരി ആയിരുന്നു സന്തോഷിന്. ലൈറ്റ് അപ്പ്‌ സമയത്ത് ആകെ ഒരു ബഹളം ആണ്. പുള്ളി ഉദ്ദേശിച്ച ഫ്രെയിം കിട്ടുന്നത് വരെ അത് തുടരും. അതിന്റെ റിസൾട്ട്‌ എനിക്ക് മനസ്സിലായത് ഫിലിമിന്റെ റഷസ് കണ്ടപ്പോൾ ആണ്. റോജയും യോദ്ധയും റിലീസ് ആയതോടെ ഇന്ത്യയിലെ തന്നെ നമ്പർ വൺ ക്യാമറ മാൻ ആയി മാറി അദ്ദേഹം.

സാഗ പിക്ചർസിന്റെ ഷേണായ്, ആന്റണി, ജോർജ് & അപ്പച്ചൻ എന്നിവർ ആയിരുന്നു നിർമാണം. ഇതിൽ തന്നെ എല്ലാം നോക്കി നടത്തിയിരുന്നത് അപ്പച്ചൻ സാർ ആണ്. പുള്ളിയെ സഹായിക്കാൻ ഇടതും വലതും ആയി ഷണ്മുഖൻ അണ്ണനും മേനോൻ ചേട്ടനും ഉണ്ടായിരുന്നു. (മേനോൻ ചേട്ടനുമായി അടുത്ത ലാൽ യോദ്ധ കഴിഞ്ഞതോടെ മേനോനെ തന്റെ സ്വന്തം ബാനർ ആയ പ്രണവത്തിന്റെ സാരഥിയാവാൻ ക്ഷണിച്ചു. പ്രണവം മേനോൻ എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്.)

പടത്തിന്റെ ആർട്ട്‌ ഡയറക്ടർ സമീർ ചന്ദ, fight മാസ്റ്റർ ശ്യം കൗശൽ (ഇപ്പോഴത്തെ നടൻ വിക്കി കൗശൽ ഇദ്ദേഹത്തിന്റെ മകൻ ആണ് ), choreography ലേറ്റ് കുമാർ മാസ്റ്റർ & ശാന്തി, മേക്കപ്പ് പാണ്ഡിയൻ, ഇവർ ഒക്കെ ആണ് യോദ്ധയുടെ പ്രധാനപ്പെട്ട അണിയറക്കാർ. രണ്ടു ദിവസം കഴിഞ്ഞാണ് ലാലേട്ടൻ എത്തുന്നത്. ലാലേട്ടന്റെ ഒപ്പം മേക്കപ്പ് മാൻ അന്ന് സലിം ആണ്. കൂടെ കോസ്ട്യൂമർ മുരളിയും ഡ്രൈവർ ആന്റണിയും ഉണ്ട്. (ഇപ്പോഴത്തെ പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ ).ജഗതിയും മധുബാലയും കുടി എത്തിയതോടെ ഷൂട്ടിംഗ് ഫുൾ ഫോമിൽ ആയി. (ഇതിനിടയിൽ ബുദ്ധ എന്ന ടൈറ്റിൽ മാറ്റി യോദ്ധ എന്നാക്കാൻ തീരുമാനിച്ചിരുന്നു )

“കുനു കുനെ ചെറു കുറുനിരകൾ ” ഗാനചിത്രീകരണം പൂർണമായും കാഠ്മണ്ഡുവിലെ മനോഹരമായ ബുദ്ധ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിൽ ആണ് പ്ലാൻ ചെയ്തിരുന്നത്. രണ്ട് ദിവസം രാത്രി സോങിന്റെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും ജനക്കൂട്ടം കാരണം രണ്ടും മൂന്നും ഷോട്ട്സ് എടുത്ത് പാക്ക് അപ്പ്‌ പറയേണ്ടി വന്നു.
രണ്ടാമത്തെ ദിവസം ഷൂട്ടിംഗിനിടെ ഒരത്യാഹിതം നടന്നു. മധുബാലയെ കണ്ട ജനക്കൂട്ടം വയലന്റ് ആയി.
(അജയ് ദേവ് ഗണിന്റെ നായിക ആയി മധു അഭിനയിച്ച phool aur kaante എന്ന ഹിന്ദി ചിത്രം അന്ന് നേപ്പാളിലും ഹിറ്റ്‌ ആയി ഓടുന്നുണ്ടായിരുന്നു.)

രാത്രി 8 മണിയോടെ ഷൂട്ടിംഗ് കാണാൻ വന്ന ജനക്കൂട്ടം അനിയന്ത്രിതമായി. ലാലും മധുവും ഓരോ സ്റ്റെപ്സ് വക്കുമ്പോഴും ജനങ്ങളുടെ ആരവം ഉയർന്നു. ജനങ്ങളെ നിയന്ത്രിക്കാൻ ആർട്ട്‌ അസിസ്റ്റന്റ്സ് കയർ വലിച്ച് പിടിച്ചു നിന്നിരുന്നത് അൽപ സമയത്തിനകം അവരുടെ കയ്യിൽ ആയി. ജനക്കൂട്ടം മുന്നോട്ട് തള്ളി വരുന്നത് ഭീതിയോടെ ഞങ്ങൾ നോക്കി നിന്നു. ഉടനെ ലാലേട്ടനെയും മധുവിനെയും മാറ്റി. ക്യാമറ അസിസ്റ്റന്റ് ബീജോയ്‌സ് ആണ് മധുവിനെ കാറിൽ കയറ്റി ഹോട്ടലിൽ എത്തിച്ചത്.ഞങ്ങൾ ഒക്കെ മറ്റ് ടെക്‌നിഷ്യസിന് വേണ്ടിയുള്ള വാനിൽ കയറി വേഗം ഹോട്ടലിലേക്ക് പൊയ്ക്കോളാൻ ഷണ്മുഖൻ അണ്ണൻ ഓർഡർ ഇട്ടു.
ജീവൻ രക്ഷപ്പെട്ടപോലെ എല്ലാവരും ഹോട്ടലിൽ തിരിച്ചെത്തി.അൽപ സമയം കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ഡയറക്ടറുടെ റൂമിൽ ഒത്ത് കൂടി. രണ്ട് ദിവസം വെറുതെ പോയി. നാളെയും ഇങ്ങനെ ആയാൽ പറ്റില്ല. അവിടെ ഞങ്ങളെ ഹെൽപ് ചെയ്യാൻ രണ്ട് ലോക്കൽ കക്ഷികൾ ഉണ്ടായിരുന്നു. (പേര് ഞാൻ മറന്നുട്ടോ ).

അടുത്ത ദിവസം ഡേ സീൻസ് ഷൂട്ടിംഗ് കഴിഞ്ഞ് 6 മണിയോടെ സോങ് എടുക്കാൻ ഉള്ള ലൊക്കേഷനിൽ എത്തിയപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. അവിടെ രണ്ട് വാൻ നിറയെ പോലീസ്‌കാർ റെഡി. അവർ യുദ്ധരംഗ ത്തെന്ന പോലെ ഏരിയ ഫുൾ കവർ ചെയ്തു.പോലീസിനെ കണ്ട ജനങ്ങൾ ദൂരെ മാറി നിന്നു.
പോലീസ് സംഘം ഞങ്ങളോട് ഷൂട്ടിംഗ് തുടങ്ങിക്കോളാൻ പറഞ്ഞു. അന്ന് രാത്രി മുഴുവൻ ആ ഗാനം ഞങ്ങൾ പ്രശ്നം ഒന്നും ഇല്ലാതെ എടുത്തു തീർത്തു.അൽപ സമയം ചുറ്റി പറ്റി നിന്ന ജനക്കൂട്ടം പോലീസ് മാറുന്നില്ലെന്ന് കണ്ട് ഓരോരുത്തരായി സ്ഥലം വിട്ടു. വെളുപ്പിന് അഞ്ചര മണിക്ക് സൂര്യന്റെ ആദ്യ രശ്മികൾ കിഴക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ ആണ് “ഉണരും നേപ്പാൾ നഗരം “എന്ന ഗാനത്തിന്റെ അവസാന വരികൾ ചിത്രീകരിക്കുന്നത്.. യോദ്ധയുടെ രസകരമായ ചിത്രീകരണ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ.

(തുടരും)

Pics.
1.Lal & Master Bunty.
2.Lal & Bunty.
(Second picture വർഷങ്ങൾക്ക് ശേഷം bunty
കൊച്ചിയിൽ മറ്റൊരു മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ്ന് വന്നപ്പോൾ എടുത്ത ചിത്രം )
3. സംഗീത് ശിവൻ.
4. സന്തോഷ്‌ ശിവൻ
5. സാഗ അപ്പച്ചൻ
6. പ്രണവം മേനോൻ
7. കെ. ആർ. ഷണ്മുഖൻ
8. ശശിധരൻ ആറാട്ടുവഴി
9.അലക്സ്‌. ഐ. കടവിൽ.
10. ശ്യാം കൗശൽ
11. സമീർ ചന്ദ
12.സഞ്ജീവ് ശങ്കർ
13.ആന്റണി പെരുമ്പാവൂർ
14. ബീജോയ്‌സ്.

********************************************

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ