സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 3
(ഗോപിനാഥ് മുരിയാട്)
മോർച്ചറി, പാസ്പോർട്ട്, കുരിശുയുദ്ധം, ഒന്നാം പ്രതി ഒളിവിൽ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച പുഷ്പരാജൻ (രാജപുഷ്പ ഫിലിംസ് )ആയിരുന്നു ഹത്യകെ ആഹ്വാന(മലയാളം നോട്ടപ്പുള്ളി )യുടെ നിർമാതാവ്. പ്രശസ്ത നിര്മാതാവായിരുന്ന സഞ്ജയ് രഘുനാഥ് (സഞ്ജയ് productions)ന്റെ വീട്ടിൽ വച്ചായിരുന്നു നോട്ടപ്പുള്ളിയുടെ ചിത്രീകരണം. ആദ്യ ദിവസങ്ങളിലെല്ലാം വിനോദ് കുമാറും ജയലളിതയും മാത്രമായിരുന്നു ആർട്ടിസ്റ്റ്സ്. മദനോത്സവം, രാസലീല, തമ്പുരാട്ടി, സത്രത്തിൽ ഒരു രാത്രി, ചുവന്ന ചിറകുകൾ, പൂജക്കെടുക്കാത്ത പൂക്കൾ, ലൗലി തുടങ്ങി ഒരുപാട് ഹിറ്റ് ചിത്രങ്ങൾ ചെയ്ത N. ശങ്കരൻ നായർ ആയിരുന്നു ഡയറക്ടർ. ഈയിടെ അന്തരിച്ച അദ്ദേഹത്തിന്റെ പത്നിയും നടിയും ആയിരുന്ന ഉഷാറാണിയും സെറ്റിൽ സ്ഥിരം വരുമായിരുന്നു. രാധാകൃഷ്നേട്ടനെ കൂടാതെ ഞാൻ മാത്രം ആയിരുന്നു സഹ സംവിധായകൻ. താരതമ്യേന പുതുമുഖം ആയിരുന്ന എനിക്ക് കാര്യങ്ങൾ പറഞ്ഞു തന്നത് അസ്സോസിയേറ്റ് ആയിരുന്ന രാധാകൃഷ്ണെട്ടൻ തന്നെ. ശങ്കരൻ നായർ സാർ അധികം സംസാരിക്കാറില്ല. എന്തെങ്കിലും വേണമെങ്കിൽ തന്നെ ചേട്ടനോട് പറയും. വിനോദിന്റെ ഫസ്റ്റ് ഫിലിം ആയിരുന്നു അത്. അത് കൊണ്ട് തന്നെ അവൻ പെട്ടെന്ന് തന്നെ ഞാനും ആയി കമ്പനി ആയി. ഡിറക്ടറോടോ അസ്സോസിയേറ്റിനോടോ ഒക്കെ സംസാരിക്കാൻ അവന് ഭയമായിരുന്നു. മാത്രം അല്ല ഞങ്ങൾ തമ്മിൽ അടുക്കാൻ മറ്റൊരു കാര്യവും ഉണ്ട്.
എന്റെ കോളേജ് വിദ്യാഭ്യാസം ബാംഗ്ലൂരിൽ വച്ച് ആയിരുന്നു. S. S. L. C. കഴിഞ്ഞപ്പോൾ(അന്ന് പ്ലസ് ടു ഇല്ല ) എന്റെ അമ്മാവനും ചെറിയച്ഛനും ഇനി അവിടെ പഠിപ്പിക്കാം എന്ന് പറഞ്ഞു നാട്ടിൽ നിന്നും അങ്ങോട്ട് കൊണ്ട് പോയതാണ്. അത് കൊണ്ട് തന്നെ എനിക്ക് അല്പ സ്വല്പം കന്നഡയും ഹിന്ദിയും ഒക്കെ വഴങ്ങും. വിനോദ് ബാംഗ്ലൂർക്കാരൻ ആയതിനാൽ ഞങ്ങൾ പെട്ടെന്ന് അടുത്തു. ജയലളിത പവിത്രന്റെ ഉപ്പിന് ശേഷം മലയാളത്തിൽ കുറച്ചു ചിത്രങ്ങൾ ഒക്കെ ചെയ്തു പേരെടുത്തു വരുന്നു. കുറച്ചു ഗ്ലാമർ ആയി അഭിനയിക്കാനും തയ്യാർ ആയിരുന്ന ജയയുടെ സൗന്ദര്യം നന്നായി തന്നെ ഈ ചിത്രത്തിൽ ഉപയോഗപ്പെടുത്തി.. 15 ദിവസത്തിന് ശേഷം ചിത്രം പാക്കപ്പ് ആയി.
വിജയ ലാബും പുഷ്പരാജനും ഉള്ള എന്തോ ഫിനാൻഷ്യൽ ഇഷ്യൂസ് ആയിരുന്നു കാരണം. എങ്കിലും ഉടൻ വീണ്ടും തുടങ്ങും എന്ന പ്രത്യാശ യോടെ ഞാൻ മടങ്ങി. ഇടയ്ക്കിടെ രാധാകൃഷ്ണെട്ടനെ കാണും.. ഇനി ഷൂട്ടിംഗ് എന്ന് തുടങ്ങും എന്നറിയാൻ. താമസിയാതെ ആ ആഗ്രഹം പൊലിഞ്ഞു. ഒരു ദിവസം ചേട്ടൻ പറഞ്ഞു. “അതിനി തുടങ്ങില്ലെടാ. ലാബുമായി പുഷ്പരാജന് എന്തൊക്കയോ കട ബാധ്യതകൾ ഉണ്ട്. അവർ ആ പടം ഡ്രോപ്പ് ചെയ്യാൻ തീരുമാനിച്ചു. “അങ്ങനെ ആ പടം പെട്ടിയിൽ ആയി.എന്നെ സംബന്ധിച്ചു അത് വലിയ ഒരു ഷോക്ക് ആയിരുന്നു. ഞാൻ അസ്സിസ്റ്റ് ചെയ്ത മൂന്നാമത്തെ പടം ആണ് നിന്ന് പോകുന്നത്.
മദ്രാസിൽ സിനിമയിൽ ആണെന്ന് നാട്ടുകാരോട് ഒക്കെ പറയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. പക്ഷേ ഇത് വരെ എന്റെ പേര് ടൈറ്റിലിൽ ഉള്ള ഒരു ഫിലിമും ചൂണ്ടി കാണിക്കാൻ ഇല്ല. ധാരാളം പടങ്ങളിൽ ഞാൻ സെൻസർ വർക്ക് ചെയ്തെങ്കിലും ഈ ജോലിയെ ടൈറ്റിലിൽ നിന്നും എല്ലാ സംവിധായകരും ഒഴിവാക്കാറാണ് പതിവ്. (ഈ അടുത്ത കാലത്തായിട്ടാണ് സെൻസർ സ്ക്രിപ്റ്റ് എന്നൊരു ടൈറ്റിൽ റോളിങ്ങ് ടൈറ്റിലിൽ എങ്കിലും പ്രത്യക്ഷപെടാൻ തുടങ്ങിയത് )വീണ്ടും ഞാൻ നിരാശയോടെ സെൻസർ വർക്കുകളുമായ് ഒതുങ്ങി കൂടി. പെട്ടെന്ന് ഒരുനാൾ രാധാകൃഷ്ണേട്ടൻ വിളിച്ചു.
“ഞാൻ ഒരു ദൂരദര്ശൻ സീരിയൽ ചെയ്യുന്നു. കോന്നിയൂർ നരേന്ദ്രനാഥിന്റെ സ്ക്രിപ്റ്റ്. നിർമാതാവ് അദ്ദേഹത്തിന്റെ മകൻ ശ്രീകുമാർ”. ശ്രീകുമാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫോട്ടോഗ്രഫി പഠിച്ചിറങ്ങിയ ആൾ ആണ്. പക്ഷേ മനുഷ്യ ബന്ധങ്ങളുടെ ക്യാമറമാൻ അബ്ദുൽ റഹ്മാൻ എന്ന തമിഴ് നാട്ടുകാരൻ ആയിരുന്നു. ഇരുവരും ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠികൾ ആയതിനാൽ നിർമാതാവിന്റെ ഭാരിച്ച ഉത്തരവാദിത്തം മൂലം സുഹൃത്തിനെ ക്യാമറ വർക്ക് ചെയ്യാൻ ഏല്പിച്ചതാണ് ശ്രീകുമാർ. (ഈ അബ്ദുൽ റഹ്മാൻ 90’s ൽ തമിഴിൽ പ്രശസ്തനായി മാറി. പ്രഭുവിന്റെ രാജകുമാരൻ പ്രിവ്യുന് ചെന്നപ്പോൾ ആണ് ആ സത്യം ഞാൻ അറിയുന്നത് ) സന്തോഷത്തോടെ ഞാൻ സമ്മതിച്ചു. അസ്സോസിയേറ്റ് ഡയറക്ടർ ഹരിഹരന്റെ ശിഷ്യൻ ആയിരുന്ന മോഹൻദാസ്. അതിലും ഞങ്ങൾ രണ്ടുപേരും മാത്രമേ സഹായികൾ ആയി ഉണ്ടായിരുന്നുള്ളൂ.
പ്രശസ്ത സംവിധായകൻ ബാബുരാജ് (കോഴിക്കോട് )ആണ് ഈ സീരിയലിലെ പാട്ടിന് മ്യൂസിക് ചെയ്തത്. (അന്ന് ഭദ്രന്റെ അസ്സോസിയേറ്റ് ആയിരുന്നു ബാബുരാജ്. സംവിധായകൻ ആയിട്ടില്ല )അങ്ങനെ എന്റെ ആദ്യത്തെ ഔട്ട് ഡോർ ഷൂട്ടിംഗിന് ഞങ്ങൾ പാലക്കാട് എത്തി. അകത്തേ തറ ആയിരുന്നു മെയിൻ ലൊക്കേഷൻ. ബസ് സ്റ്റാൻഡിനു ഓപ്പോസിറ്റ് ഉള്ള ദേവപ്രഭ ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ താമസിച്ചത്. സീരിയലിലെ പ്രധാന കഥാപാത്രം ചെയ്തത് ഭരത് ബാലൻ K.നായർ. V.P.രാമചന്ദ്രൻ, ഈയിടെ അന്തരിച്ച ജമീല മാലിക്, അടൂർ പങ്കജം, അവരുടെ മകൻ അജയൻ (അജയൻ പിന്നീട് വേണു നാഗവള്ളി, പ്രീയദർശൻ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യം ആയി).ടോണി, ശ്രീജ എന്നിവർ ആയിരുന്നു നായികയും നായകനും. (ടോണി പിന്നീട് ഒരുപാട് സിനിമയിലും സീരിയലിലും അഭിനയിച്ചു)
ശ്രീജ ഇന്ദ്രജാലത്തിലൂടെ മോഹൻലാൽ ന്റെ നായിക ആയി മാറി എന്ന് മാത്രം അല്ല പിന്നീട് തമിഴിലും ബിസി ആയി. ഇപ്പോൾ തമിഴിലെ തന്നെ ഏതോ സംവിധായകനെ വിവാഹം ചെയ്ത് ചെന്നൈയിൽ സെറ്റിൽ ആയി എന്നാണ് അറിവ്. ശ്രീജയുടെ അമ്മ മണക്കാട് ഉഷ ഒരുപാട് സിനിമയിലും സീരിയലിലും വേഷം ഇട്ടിട്ടുണ്ട് )അങ്ങനെ ഒരുപാട് നാളത്തെ ആഗ്രഹം പൂവണിഞ്ഞത് ഈ സീരിയലിൽ കൂടെ ആയിരുന്നു. രാധാകൃഷ്ണേട്ടനും ആയിട്ടുള്ള അടുപ്പം നിമിത്തം സെറ്റിൽ എനിക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ബാലൻ K.നായർ എന്ന അതുല്യ പ്രതിഭയോടോപ്പം ഉള്ള ഓരോ നിമിഷവും ഒരിക്കലും മറക്കാൻ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം വര്ഷങ്ങളായി ഞാൻ സ്വപ്നം കണ്ടിരുന്ന ആ മായിക ലോകം അതിന്റെ എല്ലാ ചാരുതയോടും കൂടെ എന്റെ മുന്നിൽ തുറക്കപ്പെടുകയായിരുന്നു. ഇതിന് വേണ്ടിയാണ്, ഇതിന് മാത്രം വേണ്ടിയാണ് ഞാൻ ജന്മം എടുത്തതെന്ന് എനിക്ക് തോന്നി. പക്ഷേ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസത്തിന് ശേഷം ഒരു നാൾ ഞങ്ങളുടെ പ്രൊഡക്ഷൻ സാധനങ്ങളുമായ് വന്ന വാൻ ഒരപകടത്തിൽ പെട്ടു.ഡ്രൈവറും പാലക്കാട് കാരനായ ലൊക്കേഷൻ മാനേജരും തത്സമയം മരണപ്പെട്ടു.
തുടരും..
Pics.
1.മൗനദാഹം artists Mervin & co. Stars with me.
2.മനുഷ്യബന്ധങ്ങൾ പൂജ.
3.മനുഷ്യ ബന്ധങ്ങൾ ഷൂട്ടിംഗ് പൂജ. അടൂർ പങ്കജം.
4.മൗന ദാഹം.ഹരീഷ്, കക്ക രവി, പ്രിയങ്ക, ശ്യാമള.
5.മൗന ദാഹം. ഹരീഷ്, പ്രിയങ്ക.
6.വിനോദ് അൽവ.
7.ജയലളിത.
8.ശങ്കരൻ നായർ &ഉഷറാണി.