സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 30
(ഗോപിനാഥ് മുരിയാട്)
1992 മെയ് 21. ലാലേട്ടന്റെ 32 nd ബർത്ത്ഡേ . അന്ന് 6 മണിക്ക് തന്നെ ലൊക്കേഷനിൽ നിന്ന് പാക്ക് അപ്പ് ആയി എല്ലാവരും ഹോട്ടലിൽ എത്തി.
“ഇന്ന് ലാലിന്റെ പിറന്നാൾ ആണ്. വേഗം ഫ്രഷ് ആയി മേലേ വാ. പാർട്ടി ഉണ്ട്.”
ജോമോൻ ചേട്ടൻ പറഞ്ഞു.
ഞാനും എന്റെ റൂംമേറ്റ് ആയ അസിസ്റ്റന്റ് ഡയറക്ടർ വിജയകുമാറും (കൂട്ടത്തിൽ പറയട്ടെ. അന്ന് എന്നോടൊപ്പം അസിസ്റ്റന്റ് ആയിരുന്ന ഈ വിജയകുമാർ ആണ് ഈയിടെ ഭാഗ്യലക്ഷ്മിയെ പറ്റി വീഡിയോ ചെയ്തതിന്റെ പേരിൽ അവരുടെയും കൂട്ടുകാരുടെയും കയ്യിൽ നിന്ന് മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്ന കക്ഷിയെന്ന് ഞാൻ മനസ്സിലാക്കിയത് എന്റെ കഴിഞ്ഞ എപ്പിസോഡ് പുറത്ത് വന്ന ശേഷം ആണ്).
മുറിയിൽ ചെന്ന് കുളി ഒക്കെ പെട്ടന്ന് കഴിച്ച് മേലെയുള്ള ഹാളിൽ എത്തി. അൽപ സമയത്തിനുള്ളിൽ പ്രൊഡ്യൂസേർസ്, ഡയറക്ടർ, സന്തോഷ് ശിവൻ, മറ്റ് ടെക്നിഷ്യൻസ് എല്ലാവരും എത്തിച്ചേർന്നു. അവസാനം ലാലേട്ടനും, ആന്റണിയും. (ശ്രീ ആന്റണി പെരുമ്പാവൂർ അന്ന് പ്രൊഡ്യൂസർ ആയിട്ടില്ലെങ്കിലും സന്തതസഹചാരി ആയി എപ്പോഴും ലാലേട്ടനൊപ്പം ഉണ്ട്.)ലാലേട്ടൻ തന്നെ ഷാമ്പയിൻ ബോട്ടിൽ പൊട്ടിച്ച് മേലോട്ട് ചീറ്റിച്ചായിരുന്നു പിറന്നാൾ ആഘോഷം ആരംഭിച്ചത്.തുടർന്ന് എല്ലാവരും അദ്ദേഹത്തെ വിഷ് ചെയ്തു.
അതിനു ശേഷം വിഭവ സമൃദ്ധമായ ഡിന്നർ. ഞങ്ങൾക്കെല്ലാം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിവസം ആയി ലാലേട്ടന്റെ ആ സെറ്റിലെ പിറന്നാൾ.
അടുത്ത ദിവസം രാവിലെ തന്നെ ഷൂട്ടിംഗ് പതിവുപോലെ ആരംഭിച്ചു.തൃശൂർക്കാരൻ തന്നെയായ ലിഷോയ് ആയിരുന്നു ഈ ചിത്രത്തിൽ മധുബാലയുടെ റിംബോച്ചേ യെ പറ്റിയുള്ള ഗവേഷണത്തിന്റെ ഗൈഡ് ആയി അഭിനയിച്ചിരുന്നത്.ആദ്യ ദിവസങ്ങളിൽ തന്നെ ലിഷോയും മധുബാലയും തമ്മിൽ ഉള്ള കോമ്പിനേഷൻ സീൻസ് എടുത്ത് പുള്ളിയെ തിരിച്ചയച്ചു. ജഗതി, M.S. തൃപ്പുണിത്തുറ എന്നിവർ കൂടെ എത്തിയതോടെ വീട്ടിലെ സീൻസ് തീർക്കാൻ തുടങ്ങി. ഒരു നേപ്പാളി നടിയായിരുന്നു M.S. ന്റെ ഭാര്യയായ ഡോൽമ അമ്മായി ആയി അഭിനയിച്ചത്. (കുട്ടിമാമ യുടെ റോളിൽ ആദ്യം ഫിക്സ് ചെയ്തിരുന്നത് ഇന്നസെന്റിനെ ആയിരുന്നു.
” മക്കൾ മഹാത്മ്യം “എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരുന്ന ഇന്നച്ചന് ആ ഡേറ്റുകളിൽ എത്താൻ ആവില്ലെന്ന് തീർച്ചയായതോടെ വേറെ ആര് ആ വേഷം ചെയ്യും എന്നായി ചിന്ത. അവസാനം ലാൽ തന്നെയാണ് M. S. നെ നിർദേശിച്ചത് എന്നാണ് എന്റെ ഓർമ ).കാട്ടിലെ രംഗങ്ങൾ ചിത്രീകരിക്കവേ അട്ടയുടെ ശല്യം മൂലം എല്ലാവരും വളരെ ബുദ്ധിമുട്ടി. കാലിൽ പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയും ഉപ്പ് തേച്ചും ഒക്കെയാണ് ഞങ്ങൾ അട്ടയെ പ്രതിരോധിച്ചത്.ഷണ്മുഖൻ അണ്ണൻ പലപ്പോഴും ചൂടായി.
“എന്റെ പൊന്നു മോനെ ഇതൊക്കെ ആ അതിരപ്പിള്ളിയിൽ എങ്ങാനും എടുത്താൽ പോരെ. നേപ്പാളിലെ കാടാണെന്ന് എവിടെങ്കിലും എഴുതി വച്ചീട്ടുണ്ടോ??”
പുള്ളി അങ്ങനെ ഒക്കെ പരാതിപ്പെട്ടെങ്കിലും കാട്ടിലെ സീൻസ് എല്ലാം ഞങ്ങൾ അവിടെ തന്നെ തീർത്തു.
ആ രംഗങ്ങൾ ചിത്രീകരിക്കവേ മറ്റൊരു തമാശ ഉണ്ടായത് ജഗതി ചേട്ടനെ ആദിവാസി സ്ത്രീകൾ ചുറ്റും കൂടി മീൻ മണപ്പിച്ചു എണീപ്പിക്കാൻ ശ്രമിക്കുന്ന സീൻസ് എടുക്കവേ ആണ്. ഹിന്ദി അറിയാവുന്ന അസിസ്റ്റന്റ് എന്ന നിലക്ക് ഞാൻ എനിക്കാവുന്ന പോലെ ഒക്കെ രംഗം അവർക്ക് വിവരിച്ചു കൊടുക്കാൻ ശ്രമിച്ചെങ്കിലും തനി നേപ്പാളികളായ ആ ആദിവാസികൾക്ക് നേപ്പാളി ഭാഷ ഒഴിച്ച് മറ്റൊന്നും അറിയില്ലായിരുന്നു. അവസാനം ഞങ്ങളുടെ ലോക്കൽ ആയിട്ടുള്ള ചില സഹായികൾ ആണ് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയത്.
ജഗതി യും M. S. ഉം ഒക്കെ വർക്ക് കഴിഞ്ഞു പോയി 4 ദിവസം കഴിഞ്ഞപ്പോൾ മദ്രാസിൽ നിന്നും അത് വരെ ഷൂട്ട് ചെയ്ത രംഗങ്ങളുടെ റഷ് കണ്ട എഡിറ്റർ ശ്രീകർ പ്രസാദ് ഡയറക്ടറെ വിളിച്ചു.
“ഒരു റോളിൽ എന്തോ ഒരു സ്ക്രാച് ഉണ്ട്. ഉപയോഗിക്കാൻ പറ്റില്ല ”
എല്ലാവരും ഞെട്ടി പോയി.
ലാൽ ആദ്യമായി കുട്ടിമാമ യുടെ വീട്ടിൽ വരുന്ന രംഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ലാലും മധുവും അവിടെ ഉണ്ട്. ഡോൽമ അമ്മായി ലോക്കൽ ആർട്ടിസ്റ്റ് ആണ്.ജഗതി ചേട്ടനെയും M.S. നെയും വീണ്ടും നേപ്പാളിൽ കൊണ്ട് വരണം. ഷണ്മുഖൻ അണ്ണൻ നാട്ടിലേക്ക് വിളിയോട് വിളി. അവസാനം ഏതൊക്കെയോ പ്രൊഡ്യൂസർസിന്റെയും ഡയറക്ടർസിന്റെയും ഒക്കെ കാല് പിടിച്ച് ജഗതി ചേട്ടനെയും M. S. നെയും വീണ്ടും നേപ്പാളിൽ എത്തിച്ചു. ആ വീട്ടിലെ രണ്ട് സീനും റീഷൂട്ട് ചെയ്ത് അടുത്ത ദിവസം തന്നെ ഇരുവരെയും തിരിച്ചയച്ചു.
“കുനു കുനെ ചെറു കുറുനിരകൾക്ക് ” പുറമെ “മാമ്പൂവേ ” എന്ന് തുടങ്ങുന്ന ഒരു ഗാനം കൂടെ യോദ്ധക്ക് വേണ്ടി റെക്കോർഡ് ചെയ്തിരുന്നെങ്കിലും ലെങ്ത് കൂടുതൽ ആവും എന്ന ആശങ്കയെ തുടർന്ന് ആ ഗാനം ചിത്രീകരിച്ചില്ല. (രാത്രി മാട്ടുപ്പാവിൽ വരുന്ന മധുവിനോട് ലാൽ I love u
പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് ആ song പ്ലാൻ ചെയ്തിരുന്നത്. ഇവിടെ സ്വപ്നത്തിൽ നിന്ന് ഉണരുന്ന ലാലിനോട് bunty ക്യാ എന്ന് ചോദിക്കുന്ന രംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന റീറെക്കോർഡിങ് മാമ്പൂവേ എന്ന ട്യൂൺ ആണ്.)
“കുനു കുനെ ” ഗാന രംഗത്തിൽ ഗ്രൂപ്പ് ഡാൻസർ ആയി വന്ന ഒരു പെൺകുട്ടി ഷൂട്ടിംഗ് തീരുന്നതിന് ഒരു ദിവസം മുമ്പ് ലൊക്കേഷനിൽ എന്നെ കാണാൻ എത്തിയതാണ് യോദ്ധ യിലെ മറ്റൊരു മറക്കാനാവാത്ത സംഭവം.ആ ഗാന രംഗത്ത് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാം കൊടുക്കാൻ നിയോഗിക്കപ്പെട്ടിരുന്നത് ഞാൻ ആയിരുന്നതിനാൽ പലരും ഞാനും ആയി നല്ല കമ്പനിയായി.അതിൽ ഒരുവൾ ആണ് എന്നെ കണ്ട് യാത്ര പറയാൻ എത്തിയത്. അവൾ കയ്യിലുണ്ടായിരുന്ന ഒരു പൊതി എന്നെ ഏല്പിച്ചു.
” യെ ക്യാ ഹേ ”
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“കോൽ കേ ദേഖോ നാ ”
എന്നായി അവൾ.
ഞാൻ പൊതി തുറന്നു നോക്കി. ഒരു നേപ്പാളി തൊപ്പിയും, ഗൂര്ഖകൾ ഉപയോഗിക്കുന്ന തരം ഒരു കത്തിയും ആയിരുന്നു അതിൽ.
“ഹേയ്, ന കോ. യെ കയ് കേ ലിയേ.”
ഞാൻ അത് തിരിയെ നൽകാൻ ശ്രമിച്ചു. ഒരു ചമ്മൽ. ലൊക്കേഷനിൽ ജോമോൻ ചേട്ടൻ അടക്കം പലരും രംഗം ശ്രദ്ധിക്കുന്നുണ്ട്. അവർ എന്ത് കരുതും?
” ന കോ മത് ബോൽ ന.
യെ ഹമാര ഏക് ഗിഫ്റ്റ് ഹേ.”
അവൾ ഷേക്ക് ഹാൻഡ് തന്ന് യാത്ര പറഞ്ഞു.
എന്റെ മനസ്സ് നിറഞ്ഞു. ഏതോ നാട്ടിലെ എവിടെയോ പിറന്ന ഒരുവൾ. ഒരുപക്ഷെ ഇനി ജീവിതത്തിൽ ഒരിക്കലും ഞങ്ങൾ തമ്മിൽ കാണാനും സാധ്യതയില്ല. എന്നീട്ടും വെറും രണ്ടു ദിവസത്തെ പരിചയം മാത്രം ഉള്ള എന്നെ തേടിയാണ് അവൾ ഒരു സമ്മാനവുമായി എത്തിയത്. സ്നേഹം.അത് എല്ലാ നാട്ടിലും എല്ലാ മനുഷ്യർക്കിടയിലും ഒരു പോലെ തന്നെ..
35 ദിവസം ഞങ്ങൾ കാഠ്മണ്ഡുവിൽ ഷൂട്ടിംഗ് നടത്തിയെങ്കിലും ഒന്ന് രണ്ട് സീൻ അവിടെ ചിത്രീകരിക്കേണ്ടത് ബാക്കിയായി. ഒരു ഗുഹയിൽ അന്ധൻ ആയ അശോകനും ബന്റിയുടെ അച്ഛൻ അഭിനയിച്ച വില്ലനും തമ്മിൽ ഉള്ള സംഘട്ടനം, കണ്ണ് കാണാത്ത അശോകനെ നേപ്പാളി ഗുരു അഭ്യാസങ്ങൾ പഠിപ്പിക്കുന്നത്. ഈ രണ്ടു സീനും പാലക്കാട് ഷെഡൂളിൽ ഷൂട്ട് ചെയ്യാം എന്ന് തീരുമാനം ആയി. അത് പ്രകാരം കുട്ടി, അച്ഛൻ, ഗുരു ഈ മൂവരോടും നാട്ടിലേക്ക് വരാൻ ഏർപ്പാടാക്കി. അങ്ങനെ ഞങ്ങൾ കാഠ്മണ്ഡു വിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. മടക്കയാത്ര ബസിൽ ആയിരുന്നു. കാഠ്മണ്ഡു to ബോർഡർ.ആ കഥ അടുത്ത ലക്കം..
(തുടരും)
Pics.
1. Lal’s birthday celebration
2, 3&4.Location stills
5.Art asst. Sasi & me.
6.Fight artist & me.
7.Antony perumbavoor.
8.Lishoy.
9.Shanmukhan annan.
10.Master Siddarth, father & Me.
11.location pics.
12.camera ast. & me.
13.Puneeth Issar, fight master & me.
14.Puneeth issar & me.