സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 31
(ഗോപിനാഥ് മുരിയാട്)
കഴിഞ്ഞ എപ്പിസോഡിൽ നേപ്പാൾ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഈ കുട്ടിയുടെ കാര്യം പറയാൻ വിട്ടു പോയി. യോദ്ധ കണ്ടവർ ഇവരെ മറന്നീട്ടുണ്ടാവില്ല. പുനീത് ഇസ്സറിന്റെ ആക്രമണത്തിൽ പരിക്ക് പറ്റി കാട്ടിൽ കിടക്കുന്ന ലാലേട്ടനെ കണ്ട് കൂട്ടി കൊണ്ട് പോവുന്ന ആദിവാസി പെൺകുട്ടിയായി അഭിനയിച്ചത് ഈ കുട്ടിയാണ്. ( സോറി…ആ നടി പേര് മറന്നു). അവർക്ക് സീനും മറ്റും വിശദീകരിച്ചു കൊടുത്തിരുന്നത് ഞാൻ ആയിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ പെട്ടന്ന് ഫ്രണ്ട്സ് ആയി.മാത്രമല്ല മറ്റൊരു സംഭവം കൂടെ ഇതിനിടയിൽ ഉണ്ടായി.
സെറ്റിലെ ഒരു കക്ഷി അവളെ നോട്ടംഇട്ടു. സമയം കിട്ടുമ്പോൾ ഒക്കെ പിന്നാലെ ചെന്ന് അയാൾ ഓരോ നമ്പർ ഇട്ടു പോന്നു.. (ഹിന്ദി ഒന്നും അറിയില്ല കക്ഷിക്ക്. മലയാളത്തിൽ ആണ് ‘വാറ്റൽ’ ). ഒരു ദിവസം കാട്ടിലെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ പതിവുപോലെ അയാൾ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾക്ക് പിന്നാലെ കൂടി. അൽപ്പം മുന്നിൽ ആയി നടന്നു കൊണ്ടിരുന്ന ഞാൻ ഒരു വിളി കേട്ട് നിന്നു.
“ഭയ്യാ, ”
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ നിൽക്കാൻ ആംഗ്യം കാട്ടി.
ഞാൻ നിന്നപ്പോൾ അവൾ വേഗം നടന്ന് എന്റെ ഒപ്പം എത്തി..
“ക്യാ ഹേ ” ഞാൻ ചോദിച്ചു.
അവൾ പതുക്കെ എന്റെ അടുത്ത് വന്ന് മന്ത്രിച്ചു.
“വോ ആദ്മി ടീക് നഹി ഹേ,
ആപ് പീച്ചേ മത് ദേക്ന..”
എനിക്ക് കാര്യം മനസ്സിലായി.
അയാൾ പലപ്പോഴും അവളുടെ അടുത്ത് ചുറ്റിപറ്റി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
“ചോടോ നാ. ആപ് ഫിഗർ മത് കരോ. മേരാ സാത് ചലോ.”
ഞാൻ സമാധാനിപ്പിച്ചു.
അപ്പോഴേക്കും ആ കക്ഷി വേഗം വന്ന് ഞങ്ങൾക്കൊപ്പം എത്തി.
സംശയത്തോടെ അവൻ ചോദിച്ചു.
“എന്താ ഗോപി അവള് പറഞ്ഞെ??”
“ഹേയ്. ഒന്നും ഇല്ല. നാളെ അവൾക്ക് ഷൂട്ട് ഉണ്ടോന്ന് ചോദിച്ചതാ ”
“ഓ, പിന്നെ… അവള് ശ്രീദേവി അല്ലേ. ആദ്യത്തെ പടമാ പെണ്ണിന്റെ ജാഡ കണ്ടാ ലാലിനെക്കാൾ വല്യ സൂപ്പർ സ്റ്റാർ ആണവളെന്നു തോന്നും.”
അവൻ പിന്നെയും എന്തൊക്കെയോ അവളെ ആക്കി കൊണ്ട് പിറു പിറുത്തു കൊണ്ടിരുന്നു. എനിക്ക് ചിരി വന്നു. ഞാൻ ചിരിച്ചത് അവൾ ശ്രദ്ധിച്ചു.
അപ്പോഴേക്കും ഞങ്ങൾ കാട്ടിനു പുറത്ത് നിർത്തിയിരുന്ന ടെമ്പോ വാനിനു അരികിൽ എത്തി.വാനിൽ കയറിയതും ഞാൻ ഇരുന്നതിന് അടുത്ത് തന്നെ അവളും സ്ഥാനം പിടിച്ചു. അത് ഇഷ്ടപ്പെടാതെ അവൻ എന്തോ പറഞ്ഞു കൊണ്ട് പിറകിലേക്ക് നടന്നു.
“വോ ക്യാ ബോൽ രേ ഥാ?”
അവൻ പോയതും അവൾ എന്നോട് ചോദിച്ചു.
“കുച്ച് നഹി ഹേ യാർ. ചോടോ ”
ഞാൻ ചിരിച്ചു കൊണ്ട് രംഗം തണുപ്പിക്കാൻ ശ്രമിച്ചു.
അവൾ വീട്ടില്ല.
” മുജേ മാലൂം ഹേ. ആപ് കാ ഭാഷ ഹം നഹി ജാൻധേ..
ലേക്കിൻ ഹം സമച് സക്‌ത ഹും. ”
ഞാൻ അവളെ ആശ്വസിപ്പിച്ചു.
“ഉസ്‌കോ ചോടോ യാർ. വോ തുമേ കുച്ച് ബി നഹി കരെങ്കെ.വോ ഏക് ഉല്ലു കാ പട്ട ഹേ.”
“ഫിർ ബി,യെ തരീക്കാ ഹേ ഏക് ലഡ്ക്കി കേ സാത്..
(പെൺകുട്ടികളോട് ഇങ്ങനെ ഒക്കെയാണോ നിങ്ങളുടെ നാട്ടിൽ പെരുമാറുക? )
ഞാൻ ഒന്ന് വല്ലാതായി. കാര്യം ഒക്കെ ഉണ്ടെങ്കിലും തമിഴ് നാട്ടിലും നോർത്തിലും ഒക്കെയുള്ള ചെറുപ്പക്കാർ
സ്ത്രീകളോട് പെരുമാറുന്ന രീതി നമ്മുടെ നാട്ടുകാർ കണ്ടു പഠിക്കേണ്ടതാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തായാലും രണ്ടോ മൂന്നോ ദിവസം കൂടിയേ അവൾക്ക് വർക്ക് ഉണ്ടായിരുന്നുള്ളൂ. അപ്പോൾ ഒക്കെ അവൾ വരുമ്പോഴും പോകുമ്പോഴും എന്റെ ഒപ്പം തന്നെ നിൽക്കാൻ ശ്രദ്ധിച്ചു. ഇത് അവനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഒന്ന് രണ്ടു പ്രാവശ്യം അവൻ തന്റെ കലിപ്പ് എന്റെ നേരെയും കാട്ടി.
“ഓ. നീ അവളെ അങ്ങ് ഏറ്റെടുത്തോ..ഒരു ഭയ്യാ വന്നിരിക്കുന്നു. നീ തന്നെ കൊണ്ട് പോയ് തിന്നോ ”
എനിക്ക് ചിരി വന്നു.
കഴുത ക്കാമം കരഞ്ഞു തീർക്കുന്നു എന്നല്ലാതെ എന്ത് പറയാൻ ! പാവം കുട്ടി. ആ കുട്ടിയുടെ വർക്ക് കഴിഞ്ഞു പോകുന്ന അന്ന് പോലും ഞാൻ അവളെ ശരിക്ക് കണ്ടില്ല. ആ ദിവസങ്ങൾ ഒക്കെ സെറ്റിൽ ഷെഡ്യൂൾ പാക്ക് അപ്പ് ചെയ്യാൻ ഉള്ള വല്ലാത്തൊരു തിരക്കും ബഹളവും ആയിരുന്നു.
മറ്റൊരു ദിവസം നേപ്പാളിലെ പ്രശസ്തമായ കപാലീശ്വരൻ ക്ഷേത്രത്തിന് സമീപം ലാലേട്ടനും നേപ്പാളി ഗുണ്ടകളും ആയിട്ടുള്ള ഒരു ഫൈറ്റ് ഷൂട്ട് ചെയ്യുകയായിരുന്നു ഞങ്ങൾ. ഉച്ചക്ക് ബ്രേക്ക് സമയത്ത് അവിടെ ജോലി ചെയ്യുന്ന ഒരു പറ്റം മലയാളികൾ കുടുംബസമേതം ലാലേട്ടനെ കാണാൻ എത്തി. പരിചയപ്പെടലും ഫോട്ടോ എടുക്കലും കഴിഞ്ഞപ്പോൾ ചിലർക്ക് ഒരേ നിർബന്ധം. വൈകുന്നേരം ഷൂട്ടിംഗ് കഴിയുന്ന സമയം വരെ അവർ വെയിറ്റ് ചെയ്യാം. ലാലേട്ടൻ അവർക്കൊപ്പം അവരുടെ വീട്ടിലേക്ക് ചെല്ലണം. കുറച്ചു നേരത്തേക്ക്. അത് കഴിഞ്ഞ് അവർ തന്നെ പുള്ളിയെ തിരിച്ച് ഹോട്ടലിൽ കൊണ്ട് വന്ന് വിടും..
“അത് ശരിയാവില്ല. ഇന്ന് നിങ്ങൾ വരും. ഇത് അറിഞ്ഞാൽ നാളെ വേറെ ചിലർ വന്ന് അവരുടെ വീട്ടിലേക്ക് ഞാൻ ചെല്ലണം എന്ന് പറയും. ഇനി അവരോട് വരാൻ പറ്റില്ലാന്ന് എങ്ങാനും ഞാൻ പറഞ്ഞാൽ അവർക്ക് അത് വിഷമം ആവും.”
ഉടനെ തങ്ങൾ ആരോടും പറയില്ലെന്നായി വന്നവർ.
ലാൽ സമ്മതിച്ചില്ല.
“സോറി. അത് ശരിയാവില്ല. ഞാൻ ഇവിടെ ഒരു വർക്കിന് വന്നിരിക്കയല്ലേ. അപ്പോൾ അങ്ങനെയുള്ള പെർസണൽ യാത്രകൾ ഒന്നും ശരിയാവില്ല. ”
അദ്ദേഹം തീർത്തു പറഞ്ഞു വരാൻ പറ്റില്ലെന്ന്. കുറച്ചു നേരം ചുറ്റിപറ്റി നിന്ന ശേഷം നേപ്പാൾ മലയാളികൾ യാത്ര പറഞ്ഞു പിരിഞ്ഞു പോയി. കാഠ്മണ്ഡുവിൽ നിന്നും പോരുന്ന ദിവസം വല്ലാത്തൊരു വിഷമം ആയിരുന്നു സെറ്റിൽ എല്ലാവർക്കും. ലാലേട്ടനെ എപ്പോഴും ചേസ് ചെയ്യുന്ന കുറച്ചു ചെറുപ്പക്കാരെ ചിത്രത്തിൽ ഉടനീളം കാണാം. എല്ലാവരും കരാട്ടെ ബ്ലാക്ക് ബെൽറ്റ് കാർ ആണ്.അതിൽ കപാലി എന്ന ഒരുത്തനെ മാത്രം എനിക്ക് നല്ല ഓർമയുണ്ട്. ലൊക്കേഷനിൽ നിന്നും ഞങ്ങളെ ബസ് കയറ്റി വിടുന്നത് വരെ അവർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. രാര ഹോട്ടലിൽ നിന്നും ബസ് മുന്നോട്ട് നീങ്ങവേ മനസ്സ് ഒന്ന് പിടഞ്ഞു. 35 ദിവസം ആണ് അന്ന് ഞങ്ങൾ കാഠ്മണ്ഡുവിലും പരിസര പ്രദേശങ്ങളിലും ഷൂട്ട് ചെയ്തത്. ഡയറക്ടർ, ആർട്ടിസ്റ്റുകൾ , മെയിൻ ടെക്‌നിഷ്യൻസ് ഒക്കെ ഫ്ലൈറ്റിൽ മടങ്ങി. ബാക്കിയുള്ള ഞങ്ങൾ അസിസ്റ്റന്റ് ടെക്‌നിഷ്യൻസ്, ക്യാമറ, ആർട്ട്, മേക്കപ്പ് തുടങ്ങി എല്ലാവരും പ്രണവം മേനോൻ സാർ, പ്രൊഡക്ഷൻ മാനേജർ ഷാജി ഒലവക്കോട് എന്നിവരുടെ നേതൃത്വത്തിൽ നേപ്പാൾ ഇന്ത്യ ബോർഡർലേക്ക് യാത്ര തിരിച്ചു. 6 മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ ബോർഡറിലെത്തി.
അതിർത്തി കണ്ട ഞങ്ങൾ ഞെട്ടിപ്പോയി. ചെക്ക് പോസ്റ്റിൽ എന്ന പോലെ വണ്ടി വരുമ്പോൾ റെയിൽവേ സിഗ്നലിൽ കാണുന്നത് പോലെ പൊക്കി ഉയർത്താൻ പറ്റുന്ന ഒരു ചെറിയ ഗേറ്റ്. അടുത്ത് ഒന്നോ രണ്ടോ പോലീസുകാർ നിൽപ്പുണ്ട്. അവർ ഒന്നും ശ്രദ്ധിക്കുന്നില്ല. ഇന്ത്യൻ പൗരന്മാർ നേപ്പാളിലേക്കും നേപ്പാളികൾ ഇങ്ങോട്ടും പാസ്സ് ചെയ്യുന്നുണ്ട്. അപ്പുറത്ത് നിന്ന് ഇന്ത്യയിൽ വന്ന് സാധനം വാങ്ങി പോകുന്നവരെയും കണ്ടു.
ശരിയായ വേലി ഒന്നും ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പാസ്സ് ചെയ്യുന്ന നാട്ടിൻപുറത്തെ രണ്ട് അയൽക്കാരെയാണ് എനിക്കപ്പോൾ ഓർമ വന്നത്.!!
നേപ്പാൾ വാഹനത്തിന് ബോർഡർ വരെയേ വരാൻ അനുവാദം ഉള്ളൂ. മേനോൻ ചേട്ടൻ ആദ്യം ഇറങ്ങി ചെന്ന് ബോർഡറിലെ പോലീസുകാരെ കണ്ട് കയ്യിലുള്ള ഡോക്യൂമെന്റസ് കാണിച്ചു.പിന്നെ ബസിൽ നിന്നും ഇറങ്ങി നിന്ന ഞങ്ങളെ എല്ലാവരെയും കൊണ്ട് ഇന്ത്യൻ മണ്ണിലേക്ക്. അവിടെ ഞങ്ങളെ കാത്ത് മറ്റൊരു ഇന്ത്യൻ ബസ് നിന്നിരുന്നു. അൽപ നിമിഷങ്ങൾക്കകം ഞങ്ങൾ എല്ലാവരും ഇന്ത്യൻ ബസിൽ കയറി സീറ്റ് പിടിച്ചു. മാനേജർ ഷാജി വന്ന് ഞങ്ങളുടെ ഒപ്പം ബസിൽ കയറി. എല്ലാവരും കേറി എന്ന് ഉറപ്പ് വരുത്തിയ ശേഷം വണ്ടി മുന്നോട്ടു കുതിച്ചു. അടുത്ത ലക്ഷ്യം ഗോരഖ് പൂർ റെയിൽവേ സ്റ്റേഷൻ. മണിക്കൂറുകൾക്കകം ബസ് ഗോരഖ് പൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ ഞങ്ങളെ കാത്ത് ചെന്നൈയിലേക്ക് പോകുന്ന ജി.ടി. ട്രെയിൻ അതാ സ്റ്റേഷനിൽ നിൽക്കുന്നു. മിനിറ്റുകൾക്കകം ഞങ്ങൾ എല്ലാവരും കമ്പാർട്ട്മെന്റിൽ കയറി തങ്ങളുടെ സീറ്റുകളിൽ സ്ഥലം പിടിച്ചു. മൊബൈൽ ഇല്ലാത്ത ആ കാലത്ത് കമ്പാർട്മെന്റിൽ ഉണ്ടായിരുന്ന മുഴുവൻ യൂണിറ്റ് അംഗങ്ങളും പാട്ടും കളിയും ചിരിയും ആയി ആ മടക്കയാത്ര ഒരാഘോഷമാക്കി. മൂന്നാം ദിവസം ആണ് ഞങ്ങൾ ചെന്നൈയിൽ വണ്ടി ഇറങ്ങുന്നത്..
(തുടരും)
1.അലക്സ് കടവിൽ, സന്തോഷ് ശിവൻ, ജോമോൻ.
2.സംഗീത് ശിവൻ, മാസ്റ്റർ സിദ്ധാർഥ് & ലാൽ.
3, 4, &5. വർക്കിംഗ് സ്റ്റിൽസ്
6.സംഗീത് & ലാൽ
7.ജഗതി & മി.
8.സിദ്ധാർഥ്
9.ക്യാമറ അസിസ്റ്റന്റ്സ് & മി.
10.വിജയകുമാർ & മി
11 Me at exterior Kathmandu airport.
12. പ്രണവം മേനോൻ.
13.ഷാജി ഒലവക്കോട്.
14. നേപ്പാളി അര്ടിസ്റ്റ്.
****