സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 32
(ഗോപിനാഥ് മുരിയാട്)
നേപ്പാൾ ഷെഡ്യൂൾ കഴിഞ്ഞ് യോദ്ധയുടെ യൂണിറ്റ് മദ്രാസിൽ തിരിച്ചെത്തി. ഒരാഴ്ചക്കകം തന്നെ അടുത്ത ഷെഡ്യൂൾ പാലക്കാട് ആരംഭിക്കണം. നാട്ടിലെ രംഗങ്ങളിൽ തൈപറമ്പിൽ അശോകന്റെയും അരശുമ്മൂട്ടിൽ അപ്പുക്കുട്ടന്റെയും കുടുംബങ്ങളും, ഇരുവരും തമ്മിൽ ഉള്ള അതീവ രസകരമായ കുറേ മത്സര രംഗങ്ങളും ഒക്കെ ആണ് ചിത്രീകരിക്കാൻ ഉള്ളത്. അശോകന്റെ അച്ഛനും അമ്മയും ആയി ജഗന്നാഥ വർമ സാർ, സുകുമാരി ചേച്ചി എന്നിവരും അപ്പുക്കുട്ടന്റ മാതാപിതാക്കളായി ഒടുവിലും മീനാമ്മയും മുമ്പ് തന്നെ കരാർ ചെയ്യപ്പെട്ടിരുന്നു. പിന്നെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ഉള്ളത് അശോകന്റെ സഹോദരിയാണ്. അതിന് ആരെയെങ്കിലും പാലക്കാട് നിന്ന് തന്നെ കണ്ടെത്താം എന്ന് തീരുമാനിച്ച് ഷൂട്ടിംഗ് യൂണിറ്റ് പാലക്കാട് എത്തി. ദേവപ്രഭ ഹോട്ടലിൽ ആയിരുന്നു യൂണിറ്റ് തങ്ങിയിരുന്നത്. ലാലേട്ടൻ മാത്രം ഇന്ദ്ര പ്രസ്ഥ ഹോട്ടലിലും. പാലക്കാടുകാരൻ തന്നെയായ ഞങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനർ മേനോൻ ചേട്ടൻ അവിടെ ഷൂട്ടിംഗിന് വേണ്ടിയുള്ള കാര്യങ്ങൾ എല്ലാം അതിനകം അറേഞ്ച് ചെയ്തിരുന്നു. ഒപ്പം ഷണ്മുഖൻ അണ്ണനും പ്രൊഡക്ഷൻ മാനേജർ ഷാജി ഒലവക്കോടും എണ്ണയിട്ട യന്ത്രം പോലെ പ്രവൃത്തിക്കാൻ ഉള്ളപ്പോൾ പാലക്കാട് ഷെഡ്യൂൾ സുഖമമായി തന്നെ ആരംഭിച്ചു.15 ദിവസം ആണ് പാലക്കാട് ചാർട്ട് ചെയ്തിരുന്നത്.
ദേവപ്രഭയിൽ തന്നെ സിബി സാറിന്റെ വളയം എന്ന സിനിമയുടെ യൂണിറ്റ് അംഗങ്ങളും താമസിക്കുന്നുണ്ട്. സെവൻ ആർട്സ് മോഹനേട്ടൻ ആയിരുന്നു വളയത്തിന്റെ കൺട്രോളർ. വളയത്തിൽ അഭിനയിക്കാൻ എത്തിയ ഒരു പുതിയ പെൺകുട്ടിയെ പറ്റി ഇതിനകം മോഹനേട്ടനിൽ നിന്നും അറിഞ്ഞ ഷണ്മുഖൻ അണ്ണൻ അവരെ സമീപിച്ചു.സിബി സാറിന്റെ ഡേറ്റ് ആണെങ്കിലും രണ്ടോ മൂന്നോ ദിവസം സിബി സാറും മോഹനേട്ടനും സമ്മതിച്ചാൽ വരാൻ അവർക്ക് സന്തോഷമേ ഉള്ളു. അണ്ണൻ സിബി സാറുമായി സംസാരിച്ചു. ബീന ആന്റണി അങ്ങനെയാണ് യോദ്ധ യിൽ എത്തുന്നത്.ആദ്യ ദിവസങ്ങളിൽ തന്നെ അശോകന്റെയും അപ്പുക്കുട്ടന്റെയും ചെസ്സ് മത്സരം, കബഡി മത്സരം, നാട്ടിലെ അശോകന്റെ കുഞ്ഞു സുഹൃത്തായ ഉണ്ണി കുട്ടനും (മാസ്റ്റർ വിനീത് ആണ് നാട്ടിലെ ഉണ്ണികുട്ടനെ അവതരിപ്പിച്ചത്) ഒത്തുള്ള രംഗങ്ങൾ എല്ലാം ചിത്രീകരിച്ചു തീർത്തു.
ഉർവശി ആണ് ജഗതി ചേട്ടന്റെയും അശോകന്റെയും മുറപ്പെണ്ണായ ദമയന്തിയായി എത്തിയത്.(ലാലേട്ടന്റെ നായികയായ മധുബാലക്ക് പാലക്കാട് വർക്ക് ഇല്ലായിരുന്നു ).
ഉർവശിയെ എനിക്ക് നേരത്തെ പരിചയം ഉണ്ട്. ചക്കിക്കൊത്ത ചങ്കരനിൽ ജയറാമിന്റെ നായിക ഉർവശി ആയിരുന്നല്ലോ. ഹോട്ടൽ ദേവപ്രഭയും പരിസരവും എനിക്ക് പണ്ടേ പരിചയം ഉണ്ട്. മുമ്പ് രാധാകൃഷ്ണേട്ടന്റെ മനുഷ്യബന്ധങ്ങൾ സീരിയലിൽ വർക്ക് ചെയ്യാൻ വന്നപ്പോൾ ഞങ്ങൾ തങ്ങിയിരുന്നത് ഇതേ ദേവപ്രഭയിൽ തന്നെ.അന്ന് ഷൂട്ട് ചെയ്ത അകത്തേതറയും ചുറ്റുപാടും തന്നെയാണ് യോദ്ധയിലെ രംഗങ്ങളും പകർത്തിയത്. ലാലേട്ടന്റെ സുഹൃത്തുക്കളിൽ ഒരാൾ ആയി നന്ദുവും യോദ്ധായിൽ അഭിനയിച്ചീട്ടുണ്ട്. അന്ന് തിരുവനന്തപുരം ബേസ് ആയിട്ടുള്ള ചിത്രങ്ങളിൽ ചെറിയ റോളുകളിലൂടെ നന്ദു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു. (മുമ്പ് G. S. വിജയൻ ആദ്യമായി സംവിധാനം ചെയ്ത ചരിത്രം എന്ന ചിത്രത്തിന്റ സെൻസർ വർക്കിന് വന്നപ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് ഞാൻ നന്ദുവിനെ പരിചയപ്പെട്ടിരുന്നു ).
നന്ദു കഴിവുള്ള ഒരു നടനും സഹസംവിധായകനും ആയിരുന്നെങ്കിലും സ്പിരിറ്റ് എന്ന ലാലേട്ടൻ – രഞ്ജിത് ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ ശ്രദ്ധേയൻ ആവുന്നത്. ഇടത്തറ അമ്പലത്തിന് മുന്നിൽ പന്തൽ ഇട്ടാണ് പ്രശസ്തമായ “പടകാളി ചണ്ഡി ചങ്കരി “എന്ന ഗാനം ചിത്രീകരിച്ചത്. പരേതനായ കുമാർ മാസ്റ്റർ അദ്ദേഹത്തിന്റെ ഭാര്യയും നൃത്തസംവിധായികയുമായ ശാന്തി എന്നിവർ ഒന്നിച്ചു ചെയ്ത ആ ഗാനരംഗം മലയാളത്തിലെ എക്കാലത്തെയും ഒരു മാസ്റ്റർ പീസ് ആണ്. ലാലേട്ടനും ജഗതിയും തകർത്താടിയ പടകാളി ഇന്നും റിയാലിറ്റി ഷോകളിൽ കുട്ടികളുടെ പ്രിയപ്പെട്ട ഗാനം തന്നെ. മൂന്നു രാത്രികളിൽ ആയാണ് ഇടത്തറ ക്ഷേത്രത്തിനു മുമ്പിൽ അരങ്ങേറിയ ഈ ഗാനരംഗം സന്തോഷ് ശിവൻ ക്യാമറയിൽ പകർത്തിയത്.(ഈ ഗാനരംഗത്ത് ഒരു ഹമ്മിങ് പോർഷനിൽ അഭിനയിക്കാൻ വന്ന ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാൾ ആയിരുന്നു പ്രിയങ്ക.
(പക്ഷേ ആ ഹമ്മിങ് രംഗത്തിൽ അഭിനയിച്ച നാട്ടിലെ പെൺകുട്ടികളുടെ ചലനങ്ങൾ കുമാർ മാസ്റ്റർക്ക് തൃപ്തി യാവാത്തതിനാൽ ഇത് പിന്നീട് ചെന്നൈയിൽ വച്ച് ഒരു ദിവസം പ്രൊഫഷണൽ ഡാൻസേഴ്സ് നെ വച്ച് റീഷൂട്ട് ചെയ്തു.)
നേപ്പാളിൽ വച്ച് ചിത്രീകരിക്കാൻ കഴിയാതെ പോയ രണ്ട് രംഗങ്ങൾ കൂടെ പാലക്കാട് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. ഒന്ന് പുനീത് ഇസ്സാർ അയക്കുന്ന ഒരു അനുചരനുമൊത്തു ഗുഹയിൽ അന്ധനായ അശോകൻ ഏറ്റുമുട്ടുന്നതും റിംബോച്ചേയെ രക്ഷിക്കുന്നതും മറ്റൊന്ന് കുങ്ഫു ആചാര്യനിൽ നിന്നും അശോകൻ
ആയോധനകലകൾ അഭ്യസിക്കുന്നതും.
പാലക്കാട് ധോണിയിൽ ആണ് ഗോപാൽ ഭൂട്ടാനിയുമൊത്തുള്ള രംഗങ്ങൾ ചിത്രീകരിച്ചത് .സിദ്ധാർഥയുടെ അച്ഛൻ യുവരാജ് ലാമയോടൊപ്പം ഉള്ള ലാലേട്ടന്റെ blind fight ന് വേണ്ടി സമീർചന്ദ ഒരു ഗോഡൗണിനുള്ളിൽ മനോഹരമായ സെറ്റ് ഒരുക്കി. രണ്ട് ദിവസം കൊണ്ടാണ് ആ fight എടുത്ത് തീർന്നത്.നേപ്പാളിൽ നിന്നും വിഭിന്നമായി വളരെ പെട്ടെന്നാണ് പാലക്കാട് രംഗങ്ങൾ ചിത്രീകരിച്ചു തീർന്നത്.15 ദിവസം കണ്ണടച്ച് തുറക്കും മുമ്പേ തീർന്നു.
ഷൂട്ടിങ് പാക്ക് അപ്പ് ആയെങ്കിലും ചെന്നൈയിൽ വച്ച് ഒരു ദിവസം കൂടി വർക്ക് ഉണ്ടായിരുന്നു. കുനു കുനെ പാട്ടിൽ രണ്ട് മൂന്ന് കട്ട്സ്, പിന്നെ നേരത്തേ സൂചിപ്പിച്ച പടകാളി യിലെ ഹമ്മിങ്. ആ ഒരു ദിവസത്തെ ഷൂട്ടിംങ്ങോടെ യോദ്ധയുടെ ചിത്രീകരണം അവസാനിച്ചു. നീണ്ട 51 ദിവസത്തെ ചിത്രീകരണത്തോടെ
പൂശനിക്ക ഉടച്ച് പാക്ക് അപ്പ്.
(ചിത്രീകരണം കഴിഞ്ഞ ശേഷം ഒരു കുമ്പളങ്ങയിൽ കർപ്പൂരം കത്തിച്ചുവച്ചു ക്യാമറക്ക് ചുറ്റും ഉഴിഞ്ഞു പുറത്ത് കൊണ്ട് പോയി ഉടക്കുന്ന ഒരു പതിവ് അന്നത്തെ കാലത്ത് ഉണ്ടായിരുന്നു. ദൃഷ്ടി ദോഷം ഉണ്ടാവാതിരിക്കാൻ ഉള്ള ഒരു സിനിമാ ആചാരം ആയിരുന്നു അത്. ഇന്ന് അതൊക്കെ ഉണ്ടോ എന്നറിയില്ല.)
പിന്നെ ഫിലിം റോളുകൾ നേരെ ശ്രീകർപ്രസാദ് എന്ന പ്രശസ്ത സൗത്ത് ഇന്ത്യൻ എഡിറ്ററുടെ ടേബിളിലേക്ക്.
സ്റ്റീന്ബെക്ക് എന്ന എഡിറ്റിംഗ് യന്ത്രം ഞാൻ ആദ്യമായി പരിചയപ്പെടുന്നത് ശ്രീകർ പ്രസാദ് ന്റെ റൂമിൽ വച്ചാണ്. മൂവിയോള യുഗം അവസാനിച്ചു തുടങ്ങുകയായിരുന്നു.
തുടർന്ന് പ്രസാദ് സ്റ്റുഡിയോയിൽ ഡബ്ബിങ്. പിന്നീട് A.R. റഹ്മാൻ റീറെക്കോർഡിങ് ചെയ്യാനും, പ്രകാശ്, മുരുകേഷ് ടീമിന് എഫക്റ്റ് ചെയ്യാനും പോസിറ്റീവ് പ്രിന്റ്റുകൾ നീങ്ങി. പ്രസാദ് സ്റ്റുഡിയോയിൽ ലാലേട്ടൻ ഡബ്ബിങ് തുടങ്ങിയ ദിവസം ആണ് സ്റ്റുഡിയോയിൽ ഒരു വാർത്ത പരക്കുന്നത്. തിരുവനന്തപുരത്ത് നിന്നും G. S. വിജയന്റെ പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടി മോനിഷയുടെ കാർ ആലപ്പുഴ വച്ച് അപകടത്തിൽ പെട്ടു. മോനിഷ ഉടൻ മരണപ്പെട്ടു. അമ്മ ശ്രീദേവി ഉണ്ണി ഹോസ്പിറ്റലിൽ. വിവരം അറിഞ്ഞപ്പോൾ ലാലേട്ടൻ ആസ്വസ്ഥനായി. മോനിഷയും ഒത്ത് അദ്ദേഹം അതിന് മുമ്പ് അഭിനയിച്ച കമലദളം സൂപ്പർ ഹിറ്റ് ആയിരുന്നു. അദ്ദേഹം ഉടനെ ഡബ്ബിങ് മതിയാക്കി തിരിച്ചു പോയി.
മധുബാലക്ക് ഭാഗ്യലക്ഷ്മി ആണ് ഡബ്ബ് ചെയ്തത് മറ്റുള്ളവരുടെ ഒക്കെ ഡബ്ബിങ് ധ്രുതഗതിയിൽ തീർന്നു. അവസാനം പ്രസാദ് സ്റ്റുഡിയോയിലെ പ്രിവ്യു തിയേറ്ററിൽ പടം കണ്ട് ഇറങ്ങുമ്പോൾ എല്ലാവർക്കും പൂർണ സംതൃപ്തി ആയിരുന്നു. ചിത്രം അപ്പോൾ തന്നെ 29 ലക്ഷത്തിന്ന് തെലുഗ്, തമിഴ് ഡബ്ബിങ് റൈറ്റ് വിറ്റ് പോയി എന്നാണ് അന്ന് ഞാൻ കേട്ടത്. (1 കോടിയാണ് അന്ന് ആ പടത്തിന്റെ ബഡ്ജറ്റ് ).
92 ഓണത്തിന് യോദ്ധ തിയേറ്ററിൽ എത്തി. ഒപ്പം ലാൽ പ്രിയൻ ടീം ന്റെ അദ്വൈതം , മമ്മൂട്ടിയുടെ കിഴക്കൻ പത്രോസ്, സിബിയുടെ വളയം. തീയേറ്ററിൽ ജനപ്രളയം ആയിരുന്നു എന്നാണ് അറിവ്. ഇന്നും മാസത്തിൽ ഒരിക്കൽ എങ്കിലും ചാനലുകളിൽ യോദ്ധ ഉണ്ടായിരിക്കും. എന്ത് കൊണ്ടോ ആളുകൾക്ക് ഇന്നും വളരെ പ്രിയപ്പെട്ടതാണ് ഈ ചിത്രം. ലാലേട്ടൻ പറയാറുള്ളത് പോലെ ഓരോ സിനിമക്കും ഓരോ തലവിധി ഉണ്ട്.
അതാർക്കും മാറ്റാൻ കഴിയില്ല..
(തുടരും)
Pics.
1. പ്രണവം മേനോൻ
2. ജഗന്നാഥ വർമ.
3. സുകുമാരി
4. ഒടുവിൽ
5. മീന
6.ഉർവശി
7. മധുബാല
8. നന്ദു
9. ബീന ആന്റണി
10. ഗോപാൽ ഭൂട്ടാനി
11. പ്രിയങ്ക
12. ലാൽ, മാസ്റ്റർ വിനീത് & all
13. ലാൽ & വിനീത്