ഭരതൻ സാറിന്റെ കൂടെ… (എന്റെ ആൽബം- 33)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
66 SHARES
795 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 33
(ഗോപിനാഥ്‌ മുരിയാട്)

യോദ്ധ റിലീസിന് ശേഷം അടുത്തതായി ഞാൻ വർക്ക്‌ ചെയ്തത് രണ്ടു ചിത്രങ്ങളുടെ സെൻസർ സ്ക്രിപ്റ്റുകൾ ആയിരുന്നു. ചന്ദ്രശേഖരൻ സംവിധാനം ചെയ്ത് ശ്രീനിവാസനും ശോഭനയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഒരു കൊച്ചു ഭൂമി കുലുക്കം, M. മണി നിർമിച്ച് അനിൽ (ദൗത്യം ഫെയിം ) സംവിധാനം ചെയ്ത് മോഹൻലാൽ, ഉർവശി എന്നിവർ മുഖ്യ വേഷം ചെയ്ത സൂര്യഗായത്രി. Q അരോമ പ്രോഡക്ഷൻസിന്റ ഇരുപതാം നൂറ്റാണ്ടും, C.B.I. ഡയറികുറിപ്പും സൂപ്പർ ഹിറ്റ്‌ ആയതിനെ തുടർന്ന് അവരുടെ തുടർന്നുള്ള എല്ലാ ചിത്രങ്ങളും വർക്ക്‌ ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി.

അനിലിനെയും ശശി സാറിന്റെ അസ്സോസിയേറ്റ് ആയി വർക്ക്‌ ചെയ്യുന്ന കാലം മുതൽ എനിക്ക് അടുത്തറിയാമായിരുന്നു. 92 ഒക്ടോബറിലായിരുന്നു ഈ രണ്ടു ചിത്രങ്ങളുടെയും ഫൈനൽ വർക്ക്‌ നടന്നത്.
സൂര്യഗായത്രിയുടെ റീ റെക്കോർഡിങ് പ്രസാദ് 70 M. M. തിയേറ്ററിൽ നടക്കവേ ഒരു ദിവസം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് N. വിജയകുമാർ (വിജയേട്ടൻ ) എന്നെ തേടി എത്തി.
“ഗോപി ഫ്രീയാണോ??
ഒരു പടം ഉണ്ട്. പെട്ടന്ന് പ്ലാൻ ചെയ്തതാ. ഭരതൻ സാറിന്റെ.”
ഞാൻ ഞെട്ടി പോയി. സിനിമയിൽ വന്ന കാലം മുതൽ എന്റെ സ്വപ്നമാണ് ഭരതൻ സാർ ന്റെ കൂടെ വർക്ക്‌ ചെയ്യുക എന്നുള്ളത്. കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാൽ ഇരിങ്ങാലക്കുട പ്രഭാത് തിയേറ്ററിൽ “രതിനിർവേദവും, ചാമരവും, ലോറിയും എല്ലാം കണ്ടത് മുതൽ ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആണ്. ഇതിനിടയിൽ പലവട്ടം ഞാൻ അദ്ദേഹത്തോടൊപ്പം വർക്ക്‌ ചെയ്യാൻ വേണ്ടി പരിശ്രമിക്കയും ചെയ്തു. ഒരിക്കൽ ഭരതൻ സാറിന്റെ K. K. നഗറിൽ ഉള്ള വീട്ടിൽ തന്നെ ചെന്ന് അദ്ദേഹത്തിനോട് എന്റെ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അപ്പോൾ രണ്ട് മൂന്ന് പേർ സഹായികളായി ഉണ്ടെന്നും പിന്നീട് എപ്പോഴെങ്കിലും നോക്കാം എന്നും പറഞ്ഞ് അദ്ദേഹം എന്നെ മടക്കി.

ഇതിനിടയിൽ നീലക്കുറിഞ്ഞി പൂത്തപ്പോൾ, പ്രണാമം, വൈശാലി, മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, താഴ്‌വാരം, ഇങ്ങനെ അദ്ദേഹത്തിന്റെ പല ചിത്രങ്ങളുടേയും സെൻസർ വർക്കുകൾ ചെയ്യാൻ എനിക്ക് അവസരം ഉണ്ടായെങ്കിലും അസിസ്റ്റന്റ് ആവുക എന്ന സ്വപ്നം, സ്വപ്നമായി തന്നെ അവശേഷിച്ചു. പക്ഷേ 90’ൽ
അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സ് ആയ ജയരാജിന്റെയും ബാലു വാസുദേവിന്റെയും റൂം മേറ്റ്‌ ആയി ഞാൻ മാറിയതോടെ എന്റെ സ്വപ്നം എന്നെങ്കിലും നിറവേറും എന്നൊരു പ്രതീക്ഷ എന്നിൽ മുള പൊട്ടിയിരുന്നു. ഞങ്ങളുടെ റൂംമേറ്റ്‌ ആയ വിജയേട്ടനും എന്റെ ഈ ആഗ്രഹത്തെ പറ്റി അറിയാം. 90 ‘ൽ ഞാൻ ആക്‌സിഡന്റ് ആയി നാട്ടിൽ പോയ സമയത്താണ് “വിദ്യാരംഭ”ത്തിലൂടെ ജയരാജ്‌ സ്വാതന്ത്ര സംവിധായകൻ ആകുന്നത്.
92 ആരംഭം മുതൽ ബാലുവും സ്വന്തം പടം ചെയ്യാൻ ഉള്ള പരിശ്രമം തുടങ്ങിയിരുന്നു. ( എന്തുകൊണ്ടോ എന്നെ പ്പോലെ തന്നെ ബാലുവിനും ഇതുവരെ സ്വന്തമായി പടം ചെയ്യാൻ കഴിഞ്ഞീട്ടില്ല ).
“അപ്പോൾ പിന്നെ ജോർജ് കിത്തു ആകും അസ്സോസിയേറ്റ് അല്ലേ??”
ഞാൻ ചോദിച്ചു. (ആധാരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ കിത്തു ചേട്ടനെ ഇടക്കെപ്പോഴോ ഞങ്ങളുടെ റൂമിൽ വന്നപ്പോൾ ഞാൻ പരിചയപ്പെട്ടിരുന്നു.)
“അല്ല. കിത്തുവും പടം ചെയ്യാൻ ഉള്ള ഒരുക്കത്തിൽ ആണ്. കരിം എന്ന വേറൊരു കക്ഷി ആണ് അസ്സോസിയേറ്റ്.”
ആ പേര് ഞാൻ ആദ്യം കേൾക്കുകയാണ്. അപ്പോൾ ഫീൽഡിൽ ഉള്ള ഒട്ടുമുക്കാൽ സഹസംവിധായകരെയും എനിക്ക് പരിചയം ഉണ്ടായിരുന്നു.
“അതാരാ ചേട്ടാ ”
ഞാൻ ആകാംക്ഷയോടെ അന്വേഷിച്ചു.
“പുള്ളി പവിത്രന്റെ കൂടെ ഉണ്ടായിരുന്നു. പവിത്രൻ ആകെ രണ്ടു പടമേ ചെയ്തിട്ടുള്ളൂ. ഈ പുള്ളിക്കാരൻ ഒന്നര പടത്തിലോ മറ്റോ ആണ് വർക്ക്‌ ചെയ്‌തീട്ടുള്ളത്.”

സ്വതസിദ്ധമായ നർമരസം കലർത്തി വിജയേട്ടൻ കൂട്ടി ചേർത്തു. “തണ്ണി പാർട്ടി ആയതിനാൽ ഭരതൻ സാറു മായിട്ട് വല്യ അടുപ്പത്തിലാ. അതുകൊണ്ട് തന്നെ അസ്സോസിയേറ്റ് അവനേ ആകൂ. വർക്ക്‌ ഒക്കെ ഗോപി നോക്കേണ്ടി വരും. എന്താ ഓക്കേയാണോ?? ”

ഞാൻ സമ്മതിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഭരതൻ സാറിന്റെ കൂടെ വർക്ക്‌ ചെയ്യുക എന്നുള്ളത് തന്നെ ദീർഘകാലം ആയുള്ള സ്വപ്നം ആണല്ലോ..
“എങ്കിൽ മറ്റന്നാൾ കോതണ്ഡപാണി (S. P. B. യുടെ റെക്കോർഡിങ് തിയേറ്റർ) സ്റ്റുഡിയോയിലേക്ക് പോരേ.
അന്നാണ് പൂജയും റെക്കോർഡിങ്ങും.”
എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
എത്രയോ കാലം ആയുള്ള സ്വപ്നം ആണ്..
“എന്താ ചേട്ടാ ചിത്രത്തിന്റെ പേര്??”
പോകാൻ ഇറങ്ങിയ വിജയേട്ടനോട് ഞാൻ ചോദിച്ചു.
“വെങ്കലം. ലോഹിതദാസ് ആണ് സ്ക്രിപ്റ്റ് ”

ആ മറുപടി എന്നെ കൂടുതൽ സന്തോഷിപ്പിച്ചു. തനിയാവർത്തനം മുതൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിക്കതും കണ്ടീട്ടുണ്ടെങ്കിലും ഇത് വരെ ഒപ്പം വർക്ക്‌ ചെയ്യാൻ കഴിഞ്ഞീട്ടില്ല. (മൃഗയാ, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമലദളം ഇങ്ങനെ ചില ചിത്രങ്ങൾ ഒക്കെ സെൻസർ വർക്കുകൾ ചെയ്തിട്ടുണ്ട്. പലപ്പോഴും സ്റ്റുഡിയോകളിൽ വച്ച് കണ്ടീട്ടും ഉണ്ട്. പക്ഷേ പരിചയപെടാൻ സ്വതവേ അന്തർമുഖൻ ആയ ഞാൻ താല്പര്യപ്പെട്ടില്ല ).

സൂര്യഗായത്രിയുടെ വർക്ക്‌ ഉറക്കമൊഴിച്ച് എഴുതി തീർത്തു എന്ന് പറയുന്നതാവും ശരി. അങ്ങനെ റെക്കോർഡിങ് ദിവസം വന്നെത്തി. കോതണ്ഡപാണി സ്റ്റുഡിയോയിൽ ഞാൻ എത്തുമ്പോൾ ഗുരുവിന്റെ പടത്തിന്റെ പൂജയിൽ സംബന്ധിക്കാൻ ജയരാജ്ഉം ബാലുവും അവിടെ എത്തിയിരുന്നു. വിജയേട്ടനും ഉണ്ട്. അകത്തു കമ്പോസിംഗ് നടക്കുന്നു. ഗാനങ്ങൾ ഭാസ്കരൻ മാഷും മ്യൂസിക് ഡയറക്ടർ രവീന്ദ്രനും. ഇപ്പോഴത്തെ പ്രശസ്ത സംഗീത സംവിധായകൻ ആയ വിദ്യാസാഗർ ആണ് അന്ന് മ്യൂസിക് കണ്ടക്റ്റ് ചെയ്തിരുന്നത്. (ശ്യാം സാറിന്റെ കൂടെയും അന്ന് മിക്ക ചിത്രങ്ങളിലും വിദ്യാസാഗർ ആയിരുന്നു കണ്ടക്ടർ ).
‘പത്തു വെളുപ്പിന് ‘ എന്ന ഗാനം ആണ് ആദ്യം റെക്കോർഡ് ചെയ്തത്. ബിജു നാരായണൻ എന്ന ഗായകനെ ആദ്യമായി കാണുന്നതും അന്ന് തന്നെ. തുടർന്ന് “ആറാട്ട് കടവിങ്കൽ”, “ഒത്തിരി ഒത്തിരി ” തുടങ്ങിയ ഗാനങ്ങളും. ആറാട്ട് കടവിങ്കലും, പത്തു വെളുപ്പിനും റെക്കോഡിങ് കഴിഞ്ഞ് സ്റ്റുഡിയോയിൽ വച്ച് കേട്ടപ്പോഴേ ഉറപ്പായിരുന്നു രണ്ടും സൂപ്പർ ഹിറ്റ്‌ ആണെന്ന്. ബ്രേക്ക് സമയത്ത് എപ്പോഴോ വിജയേട്ടൻ എന്നെ ഭരതൻ സാർനും കരീംനും പരിചയപ്പെടുത്തി.
എന്നെ കണ്ടപ്പോൾ ഭരതൻ സാർ ചോദിച്ചു.
“ങ്ങാ. ഇയാൾ ആണോ.. സ്ക്രിപ്റ്റ് എഴുതാൻ വരാറുണ്ടല്ലേ ”
ഞാൻ തലയാട്ടി.
“ശരി. കരീമിനെ പരിചയപ്പെട്ടോ??”
“ഉവ്വ്‌.”
“ശരി.”അദ്ദേഹം റെക്കോർഡിങ് ന്റെ തിരക്കിലേക്ക് നീങ്ങി.

3 ദിവസം കോതണ്ഡപാണിയിൽ തന്നെ റെക്കോർഡിങ് ഉണ്ടായിരുന്നു. ഇതിനിടയിൽ മറ്റ് രണ്ടു അസിസ്റ്റന്റ്സിനെ കൂടി പരിചയപ്പെട്ടു. ഭാസി, അജിത്. ഭാസിയെ എനിക്ക് മുമ്പേ പരിചയം ഉണ്ട്. അജിത് ആദ്യ ചിത്രം ആണ് എന്നാണ് എന്റെ ഓർമ. കൂടാതെ ആർട്ട്‌ കം അസിസ്റ്റന്റ്സ് ആയി ശരത് ചന്ദ്രൻ വയനാട്, ശെന്തിൽ എന്നിവരും ഉണ്ട്. (ശരത് ചന്ദ്രനെ പറ്റി മുമ്പ് ഒരു ലക്കത്തിൽ എഴുതിയിരുന്നു).

ഒക്ടോബർ 25ന് ഷൊർണൂർ പോണം. അവിടെയാണ് ഔട്ട്ഡോർ ഷൂട്ടിംഗ്. സ്ക്രിപ്റ്റ് ഒക്കെ അവിടെ ചെന്നേ അറിയൂ. ലോഹി അവിടെ ഇരുന്നാണ് എഴുതുന്നത്. വിജയേട്ടൻ കാര്യങ്ങൾ വിശദീകരിച്ചു.
പോകുന്നതിന് മുമ്പ് അഴകും ഞാനും എന്റെ കസിൻ ആയ ജയപ്രകാശ് (കുട്ടൻ ) എന്നിവരും ഞങ്ങളുടെ സത്യാ ഗാർഡൻ വീട്ടിൽ വച്ച് ഒന്ന് കൂടി. ഞങ്ങളുടെ കൂടൽ ഓരോ ബിയർ അകത്താക്കുന്നതാണ്.കൂടെ കുറച്ചു മിക്സ്ചർ അല്ലെങ്കിൽ കൊക്കുവട ഇങ്ങനെ എന്തെങ്കിലും കാണും. ഒരു പാക്കറ്റ് ഗോൾഡ് ഫ്ലാക്ക് ഫിൽറ്റർ കൂടെ ഉണ്ടെങ്കിൽ സംഗതി ഉഷാർ.

ഇതിനിടയിൽ ഒരാൾ കൂടെ എന്റെ മുറിയിൽ താമസിക്കാൻ എത്തിയിരുന്നു.വയനാടുകാരൻ തന്നെ ആയ ജീവൻദാസ്. അന്ന് ആർട്ട്‌ ഡയറക്ടർ കൃഷ്ണമൂർത്തിയുടെ അസിസ്റ്റന്റ് ആയിരുന്നു അയാൾ. ഞാൻ അപകടം പറ്റി നാട്ടിലേക്ക് പോകുന്നതിന് മുമ്പേ ജീവനെ പരിചയപ്പെട്ടിരുന്നു.പക്ഷേ തിരിച്ചു വന്നതിന് ശേഷം ആണ് ഞങ്ങൾ കൂടുതൽ അടുത്തത്. സൗമ്യ പ്രകൃതക്കാരൻ ആയ ജീവനെ എനിക്ക് പെട്ടന്ന് ഇഷ്ടമായി. അത് കൊണ്ട് തന്നെ ഒരുദിവസം അവൻ എന്റെ റൂമിൽ താമസിക്കാൻ വരട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ സന്തോഷപൂർവം സമ്മതിച്ചു.(ഈ ജീവൻ ദാസ് ആണ് രണ്ടു വർഷം മുമ്പ് ക്യാമ്പസ്‌ ഡയറി എന്ന സിനിമ സംവിധാനം ചെയ്തത് ).
പാർട്ടിയിൽ ഞാൻ അൽപ്പം ഓവർ ആയി എന്ന് തോന്നുന്നു. ഭരതൻ സാറിനൊപ്പം അസിസ്റ്റന്റ് ആവാൻ പോകുന്നു എന്ന സന്തോഷം എന്നെ ബാധിച്ച പോലെ.
ബിയർ കുടിച്ച് കിക്ക് ആയ ഞാൻ എന്തോ പറഞ്ഞ് അഴകുമായി ഉടക്കി. ജീവനും കുട്ടനും എന്നെ തടഞ്ഞു.
“എന്താ ചേട്ടാ ഇത്.. പ്ലീസ്..
പോയി കിടക്കൂ..”

ഞാൻ ലഹരിയുടെ ആലസ്യത്തിൽ കട്ടിലിലേക്ക് വീണു. അഴക് എത്ര ലേറ്റ് ആയാലും രാത്രി സ്വന്തം വീട്ടിലേക്ക്‌ പോകും. എന്നും അവനെ യാത്ര അയച്ചീട്ടെ ഞാൻ കിടക്കാറുള്ളൂ. അന്നെന്തോ പതിവുകൾ എല്ലാം തെറ്റി. വിഷമത്തോടെയാണ് അന്ന് അഴക് മടങ്ങിയത്. അടുത്ത ദിവസം ഉണർന്നപ്പോൾ തലക്ക് വല്ലാത്ത കനം. രണ്ടു ബോട്ടിൽ ബിയർ വരുത്തിയ വിന. സത്യത്തിൽ എനിക്കൊന്നും ഓർമയില്ലായിരുന്നു.
അനിയൻ എന്ന സ്വാതന്ത്ര്യം ഉള്ളതിനാൽ കുട്ടൻ എന്നെ കുറ്റപ്പെടുത്തി.
“എന്നാലും ചേട്ടൻ ഇന്നലെ വല്ലാതെ മോശമായി. അഴക് വല്ലാതെ വിഷമിച്ചാ പോയത്.”

എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.5 വർഷം ആയുള്ള സ്നേഹബന്ധം ആണ്. ഞാൻ അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോൾ ഒക്കെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കൂടെ നിന്നവനാണ് അവൻ. ഇന്ന് ഔട്ട്ഡോർ ഷൂട്ടിംഗിന് പോകേണ്ടതാണ്. രാവിലെ തന്നെ ടിക്കറ്റ് രഘു വിജയേട്ടൻ പറഞ്ഞു വിട്ട പ്രകാരം ഷൊർണുരിലേക്ക് ഉള്ള ട്രെയിൻ ടിക്കറ്റ് കൊണ്ട് വന്നു തന്നു. എവിടെ പോകുകയാണെങ്കിലും കഴിഞ്ഞ കുറേ കാലമായി അഴക് എന്നെ യാത്ര അയക്കാൻ സെൻട്രൽ സ്റ്റേഷനിൽ എത്തും. ഇന്നിനി അവൻ വരാതിരിക്കുമോ?

അത് എനിക്ക് ആലോചിക്കാൻ പോലും വയ്യ. സത്യത്തിൽ കഴിഞ്ഞ ദിവസം എന്ത് പറഞ്ഞാണ് ഞാൻ അവനുമായി ഉടക്കിയതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. മദ്യം വിഷമാണെന്ന് പറയുന്നത് സത്യം തന്നെ! ഒന്ന് വിളിക്കാമെന്ന് വച്ചാൽ ഇന്നത്തെ പോലെ മൊബൈലോ ഫോണോ ഒന്നും സാർവ്വത്രികം ആയിട്ടില്ല. ഉച്ചയായപ്പോഴേക്കും എന്റെ ടെൻഷൻ അതിന്റെ പാരമ്യത്തിൽ എത്തി. കുട്ടനും ജീവനും പോലും മിണ്ടുന്നില്ല. അവർ എല്ലാത്തിനും സാക്ഷിയാണല്ലോ. അധികം വൈകിയില്ല. അതാ അവച്ചി സ്കൂൾ ബസ് സ്റ്റോപ്പിൽ വന്നിറങ്ങിയ അഴക് ഞങ്ങളുടെ റൂമിന് നേരെ നടന്നു വരുന്നു.
എന്റെ കണ്ണ് നിറഞ്ഞു. ഫസ്റ്റ് ഫ്ലോറിൽ നിന്നും ഞാൻ താഴേക്ക് ഓടി ഇറങ്ങി.
“എന്നാടാ.. തണ്ണി ഇറങ്ങിയാച്ചാ??”
ചിരിച്ചു കൊണ്ട് അവൻ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ശർക്കര പന്തലിൽ തേൻ മഴ പെയ്തത് പോലെ.
ഞാൻ അവന്റെ കയ്യിൽ പിടിച്ച് നേരെ മുറിയിലേക്ക് കൂട്ടി കൊണ്ട് വന്നു.
ജീവനും കുട്ടനും ചിരിച്ചു കൊണ്ട് അടുത്തെത്തി.
“നാൻ ഭയന്തേ പോയിട്ടേൻ.
നീ ഇനി വരാമേ പോയിടുമാ ന്ന്..”
“വര വേണ്ടാന്ന് താൻ നിനചെൻ. ആനാ മനസ്സ് കേൾക്കലെ..”
“ടെയ്, മന്നിച്ചിടാടാ.. ബോധയിലെ നാൻ എന്നമോ.. സത്യമാ എനക്ക് ഒന്നുമേ ഞാപകം ഇല്ലൈ.”
എന്റെ ശബ്ദം ഇടറി.
അവൻ എന്നെ കെട്ടിപ്പിടിച്ചു.
“ഉന്നൈ എനക്ക് തെരിയാതാ? പോയ് ശീക്രം റെഡിയാവ്..”
ഞാൻ വേഗം ചെന്ന് ഡ്രസ്സ്‌ ചെയ്ത് റെഡിയായി. വൈകാതെ
ഓട്ടോയിൽ കയറി ഞങ്ങൾ സെൻട്രൽ സ്റ്റേഷനിൽ എത്തി.മംഗലൂർ ട്രെയിൻ കിടക്കുന്ന പ്ലാറ്റഫോമിൽ വന്ന് എന്നെ വണ്ടിയിൽ കയറ്റി suitcase ഉം മറ്റും ബർത്തിൽ വച്ച ശേഷം അവൻ താഴേക്ക് ഇറങ്ങി..
“Thank u അഴക്..പോയിട്ട് വരട്ടുമാ.””
പുറത്ത് നിന്ന അവന്റെ കയ്യിൽ പിടിച്ച് ഞാൻ യാത്ര ചോദിച്ചു..
“ഭദ്രം. Take care daa..
അങ്കെ പോയ് തണ്ണി കിണ്ണി പോട്ട് ഒഴറി പ്രശ്ന പണ്ണാതേ.
ജാഗ്രതൈ..”
അവൻ ചിരിച്ചു കൊണ്ട് കൈവീശി..എനിക്ക് എന്തോ ചിരി വന്നില്ല. വെങ്കലത്തിന്റ സെറ്റിൽ എന്നെ കാത്തിരുന്നത് അന്ന് വരെ ഒരു സെറ്റിലും എനിക്ക് നേരിടേണ്ടി വരാത്ത സംഭവംങ്ങൾ ആയിരുന്നു..
ആ കഥ അടുത്തതിൽ…

(തുടരും)

 

1. പോസ്റ്റർ.
2. ഭരതൻ
3. ലോഹിതദാസ്
4. ജയരാജ്‌, ബാലു, വിജയേട്ടൻ & me..
(വെങ്കലം പൂജക്ക് എടുത്ത ചിത്രം )
5. Azhagu & Me.
6.Jeevandas & Me.
7. Jayaprakash.

Leave a Reply

Your email address will not be published. Required fields are marked *

LATEST