‘വെങ്കലം’ സെറ്റിലെ ദുരനുഭവം (എന്റെ ആൽബം- 34)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
83 SHARES
994 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 34
(ഗോപിനാഥ്‌ മുരിയാട്)

ഷൊർണൂർ T. B. യിൽ ആയിരുന്നു ഞങ്ങൾ സഹസംവിധായകർ ഒക്കെ താമസിച്ചിരുന്നത്.വിജയേട്ടനും ഞങ്ങളോടൊപ്പം ടി.ബി.യിൽ തന്നെ. ഭാരതപ്പുഴയുടെ തീരത്തായി ഒരു കുടിലും ആലയും ആർട്ട്‌ ഡയറക്ടർ പണി കഴിപ്പിച്ചിരുന്നു. ഷൂട്ടിംഗിന്. ഒരാഴ്ച മുമ്പേ ഞങ്ങൾ അസിസ്റ്റന്റ്സ്, (കരീം, ഭാസി, ശരത് ചന്ദ്രൻ വയനാട്, ശെന്തിൽ, അജിത്-ഇതിൽ ശരത് & ശെന്തിൽ ആർട്ട്‌ അസിസ്റ്റന്റ്സ് ആയിരുന്നു).വിജയേട്ടൻ, ഭരതൻ സാർ ഒക്കെ ഷൊർണൂർ എത്തിയിരുന്നു.സ്ക്രിപ്റ്റ് എഴുതി കിട്ടിയിട്ടില്ല.

ഷൊർണുർ തന്നെ മറ്റൊരിടത്തിരുന്ന് ലോഹി എഴുതുന്നുണ്ട്. അത് കിട്ടിയിട്ടേ ചാർട്ട് ചെയ്യാൻ പറ്റൂ. തത്കാലം സോങ്‌ എല്ലാം പഞ്ച് ചെയ്ത് വെക്കാം. അങ്ങനെ ആ ജോലിയൊക്കെ തീർത്തു. ഒരു ദിവസം ലോഹി സാറിനെ ചെന്ന് കണ്ട് സീൻസ് വല്ലതും എഴുതിയിട്ടുണ്ടെങ്കിൽ വാങ്ങിയിട്ട് വരാൻ പറഞ്ഞ് ഭരതൻ സാർ എന്നെ അദ്ദേഹം താമസിക്കുന്നിടത്തേക്ക് അയച്ചു. (അതും ഷോർണൂരിലെ മറ്റൊരു ഗവണ്മെന്റ് ഗസ്റ്റ് ഹൌസ് തന്നെയാണെന്നാണ് എന്റെ ഓർമ ).

അങ്ങനെ തികഞ്ഞ സന്തോഷത്തോടെ, അതിലേറെ ഉത്കണ്ഠയോടെ ഞാൻ ലോഹി സാർ താമസിക്കുന്ന ഗസ്റ്റ് ഹൌസിൽ എത്തി.എങ്ങനെയായിരിക്കും അദ്ദേഹം പെരുമാറുക. അന്ന് മലയാളത്തിലെ നമ്പർ വൺ റൈറ്റർ ആണ് അദ്ദേഹം. കതകിൽ തട്ടിയതും അദ്ദേഹം തന്നെയാണ് കതക് തുറന്നത്. ഞാൻ സ്വയം പരിചയപ്പെടുത്തി. ഭരതൻ സാറിന്റെ അസിസ്റ്റന്റ് ആണ്. പേര് ഗോപിനാഥ്. അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു.
“ഓ, പുതിയ ആളാണോ??
നമ്മൾ മുമ്പ് വർക്ക്‌ ചെയ്തീട്ടുണ്ടോ ”
“പുതിയ ആൾ അല്ല. ഭരതൻ സാറിന്റെ കൂടെ ആദ്യമായിട്ടാണ്. പക്ഷേ സാറിന്റെ മൃഗയ, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമലദളം ഇങ്ങനെ കുറേ ചിത്രങ്ങൾ സെൻസർ സ്ക്രിപ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ അങ്ങയുടെ എഴുത്തിന്റെ ഒരാരാധകൻ കൂടെയാണ്.”
അദ്ദേഹം ചിരിച്ചു.
സ്ഥലം എവിടെയാണെന്നും, ആരുടെ കൂടെ ഒക്കെ വർക്ക്‌ ചെയ്തിട്ടുണ്ടെന്നും മറ്റും അന്വേഷിച്ചു.
അല്പനേരം സംസാരിച്ചിരുന്ന ശേഷം ഞാൻ വന്ന കാര്യം സൂചിപ്പിച്ചു.
“സീൻ ഒന്നും കഴിഞ്ഞീട്ടില്ലല്ലോ.”
ഞാൻ യാത്ര പറഞ്ഞു മടങ്ങി. അതായിരുന്നു ഞാൻ ലോഹിതദാസിനെ ആദ്യമായി പരിചയപ്പെട്ട നിമിഷം. (അവസാനവും. പിന്നീടൊരിക്കലും അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ എനിക്ക് ഭാഗ്യം ഉണ്ടായില്ല ).

സ്ക്രിപ്റ്റ് ലഭിക്കാത്തതിനാൽ ആദ്യം ഗാനരംഗങ്ങൾ ചിത്രീകരിക്കാം എന്ന് തീരുമാനമായി.അങ്ങനെ 92 നവംബർ ആദ്യ വാരം വെങ്കലത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മുരളി, മനോജ്‌. K. ജയൻ, ലളിതചേച്ചി എന്നിവർ ആയിരുന്നു ആദ്യദിവസം ചിത്രീകരണത്തിന് ഉണ്ടായിരുന്നത്. “ആറാട്ടു കടവിങ്കൽ ” എന്ന അതിമനോഹരമായ ഗാനത്തിന്റെ തുടക്കം തന്നെ ഭാരതപ്പുഴ യിൽ മുങ്ങി നിവർന്ന് വരുന്ന മുരളി ,മനോജ്‌ എന്നിവരുടെ ദൃശ്യതോടെയാണ്. മൂശാരിമാർ ആയ മുരളി, സഹോദരൻ മനോജ്‌, അമ്മ ലളിത ചേച്ചി എന്നിവർ ചേർന്ന് ആലയിൽ ഈയം ഉരുക്കി ഓട്ടുവിളക്ക് നിർമിക്കുന്ന രംഗങ്ങളും ആദ്യ ദിവസം തന്നെ രാമചന്ദ്രബാബു ക്യാമറയിൽ പകർത്തി.
(ബാബുവേട്ടന്റ കൂടെയും ഞാൻ ആദ്യമായും അവസാനമായും വർക്ക്‌ ചെയ്യുന്നത് ഈ ചിത്രത്തിൽ ആണ് ).
ഈയം ഉരുക്കിയ പാത്രം എടുത്ത് മൂശയിലേക്ക് ഒഴിക്കുന്ന ജോലി അൽപ്പം ശ്രമകരം തന്നെ. ആയിരുന്നു.
രണ്ടുപേരും ഷോട്ട് കഴിഞ്ഞതും വിയർത്തു കുളിച്ചു.കസേരയിൽ ചെന്ന് വിശ്രമിക്കവേ മുരളി വിളിച്ചു പറഞ്ഞു.
“പ്രൊഡ്യൂസർ എവിടെ??
ശമ്പളക്കാര്യം നമുക്ക് ഒന്നുകൂടി ആലോചിക്കണം.”

കേട്ടുനിന്ന എല്ലാവരും ചിരിച്ചു. മൂന്നു ദിവസം തുടർച്ചയായി ഈ ഗാനം തന്നെയാണ് ചിത്രീകരിച്ചത്.
(തകര ബാബുവായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.)മൂന്നാം ദിവസം ഉച്ചക്ക് വിജയേട്ടൻ എന്നെ വിളിച്ചു മാറ്റി നിർത്തിയിട്ട് പറഞ്ഞു.)
“ബാബു സാർ അൽപ്പം സാമ്പത്തിക പ്രശ്നത്തിൽ ആണ്. ”
വിവരം അറിഞ്ഞപ്പോൾ ഭരതൻ സാർ പറഞ്ഞു.
“അങ്ങനെയാണെങ്കിൽ അസിസ്റ്റന്റ്സിനോടോക്കെ ഇന്ന് മുതൽ ലൊക്കേഷനിൽ ഉള്ള കുടിലിൽ തന്നെ താമസിക്കാൻ പറ.”
വിജയേട്ടൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി.
ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
“എല്ലാവരും?”
“കരിംനോടും കൂടെ ഒരു അസിസ്റ്റന്റിനോടും T.B. യിൽ തന്നെ തുടരാമെന്ന്
പറഞ്ഞിട്ടുണ്ട് ”
എനിക്ക് സന്തോഷമായി.
അസ്സോസിയേറ്റ് ഞാനും കരീമും ആണ്. അത് കൊണ്ട് ഞങ്ങൾക്ക് രണ്ടു പേർക്കും റൂമിൽ തന്നെ തുടരാമല്ലോ?
വിജയേട്ടൻ സങ്കോചത്തോടെ പറഞ്ഞു.
“ഞാനും അതാ ഉദ്ദേശിച്ചത്.”
പക്ഷേ കരീം ഭരതൻ സർനോട് പറഞ്ഞു. അവന് കൂടെ സഹായി ആയി അജിത്തിനെ മതിയെന്ന്.”

ഞാൻ ഒരു നിമിഷം അന്തിച്ചു നിന്നു.അജിത് ആദ്യമായി അസിസ്റ്റന്റ് ആയി വർക്ക്‌ ചെയ്യുകയാണ്. ജോഷി സാറിന്റെ കസിനോ മറ്റോ ആണത്രേ കക്ഷി. എന്നാലും അതെന്തു നീതിയാണ്? ലൊക്കേഷനിൽ താമസിക്കുക എന്ന് പറയുന്നത് ചിന്തിക്കാനേ വയ്യ. അവിടെ ബാത്റൂം പോലും ഇല്ല. കുളിയൊക്കെ താഴെ പുഴയിൽ ആവാമെന്ന്. എനിക്ക് ആ അപമാനം സഹിക്കാനാവുന്നതിൽ അധികം ആയിരുന്നു.

“സോറി ചേട്ടാ. എന്റെ ഓപ്പറേഷൻ കഴിഞ്ഞ് ഒരു വർഷം ആകുന്നേ ഉള്ളൂ. ഈ ഒരവസ്ഥയിൽ പുഴയിൽ ഇറങ്ങി കുളിക്കാനൊന്നും എനിക്കാവില്ല. ഭരതൻ സാറിനോട്‌ ഒന്ന് പറഞ്ഞ് നോക്കിയാലോ?”
ഞാൻ ചോദിച്ചു.

വിജയേട്ടന് ഭരതൻ സാറിനെ ഭയമാണ്.
“ഒന്നും അങ്ങോട്ട് പറയുന്നത് ഇഷ്ടമല്ല സാറിന്.ഞാൻ അവനോട് പറഞ്ഞതാ ഗോപിയെ കൂടി റൂമിൽ അക്കൊമഡേറ്റ് ചെയ്യാൻ.പക്ഷേ അവൻ സമ്മതിക്കുന്നില്ല.”
ഒന്ന് നിർത്തി വിജയേട്ടൻ കൂട്ടി ചേർത്തു.
“വേറൊന്നും അല്ല കാര്യം. ഈ പുതിയ കക്ഷി അൽപ്പം സാമ്പത്തികം ഒക്കെയുള്ള കൂട്ടത്തിൽ ആണ്. ദിവസവും കരീമിന് കള്ള് വാങ്ങിച്ചു കൊടുക്കുന്നുണ്ട്.
അതാ അവൻ അജിത്തിനെ വിടാതെ പിടിച്ചിരിക്കുന്നത്.”
അത് കൂടി കേട്ടപ്പോൾ ആ സെറ്റിൽ വർക്ക്‌ ചെയ്യാൻ ഉള്ള എല്ലാ ആഗ്രഹവും അവസാനിച്ചു.
ഞാൻ പറഞ്ഞു.
“എങ്കിൽ ഞാൻ പൊയ്ക്കോളാം ചേട്ടാ. എനിക്ക് ഒരു ടിക്കറ്റ് എടുത്തു തന്നാൽ മതി.അങ്ങനെ അപമാനം സഹിച്ച് ഇവിടെ വർക്ക്‌ ചെയ്യണം എന്നെനിക്കില്ല. ഭരതൻ സാറിന്റെ കൂടെ വർക്ക്‌ ചെയ്യുക എന്നുള്ളത് എന്റെ ഒരാഗ്രഹം ആയിരുന്നു. പക്ഷേ..”
എന്റെ സ്വരം ഇടറി. കണ്ണ് നിറയുന്നത് ചേട്ടൻ കാണാതിരിക്കാൻ ഞാൻ മുഖം തിരിച്ചു.
“ഞാൻ എന്താ ചെയ്യാ ഗോപി. സാറിനെ അനുസരിക്കാതിരിക്കാൻ എനിക്കാവില്ല. കരിം ആണെങ്കിൽ കൂടെ റൂം മേറ്റ്‌ ആയി ആ പയ്യൻ മാത്രം മതിയെന്ന വാശിയിലാ..”
“എങ്കിൽ ഞാൻ പോകാം ചേട്ടാ..”
എന്റെ തീരുമാനത്തിന് മാറ്റം ഇല്ലെന്ന് മനസ്സിലാക്കിയ വിജയേട്ടൻ പോക്കറ്റിൽ നിന്നും 500 രൂപ എടുത്തു എനിക്ക് തന്നു.
“ഇതേ ഉള്ളൂ ഗോപി. ഇവിടുത്തെ അവസ്ഥ ഏതാണ്ട് മനസ്സിലായല്ലോ..”

ഞാൻ ഒന്നും പറഞ്ഞില്ല.അദ്ദേഹം തന്ന പൈസയും വാങ്ങി ഷൊർണൂർ സ്റ്റേഷൻ ലക്ഷ്യമാക്കി യാത്രയായി.
ഭരതൻ സാറിനോടോ മറ്റ് സെറ്റിൽ ആരോടെങ്കിലുമൊ യാത്ര ചോദിക്കാൻ ഉള്ള ധൈര്യം എനിയ്ക്കില്ലായിരുന്നു. അങ്ങനെ മൂന്നേ മൂന്ന് ദിവസം മാത്രം ആയിരുന്നു വെങ്കലം എന്ന സിനിമയിൽ
ഞാൻ അസ്സിസ്റ്റ്‌ ചെയ്തത്.ഷൊർണൂർ സ്റ്റേഷനിൽ നിന്നും ചെന്നൈ ട്രെയിനിൽ കയറി തിരിച്ചു പോകുമ്പോൾ മനസ്സിൽ വല്ലാതെ ഇരുൾ മൂടിയിരുന്നു..

(തുടരും)

Pics.

വിജയേട്ടൻ & me.
മുരളി.
ഉർവശി.
മനോജ്‌,
ലളിത ചേച്ചി..

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച