സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 35
(ഗോപിനാഥ് മുരിയാട്)
വെങ്കലം ലൊക്കേഷനിൽ നിന്നുണ്ടായ തിക്തമായ അനുഭവം പേറി ചെന്നൈയിലെ സത്യാഗാർഡനിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അന്ന് എന്റെ റൂംമേറ്റ്സ് ആയിരുന്ന ജീവൻദാസും എന്റെ കസിൻ കൂടെ ആയ ജയപ്രകാശും ആദ്യം ഒന്ന് അമ്പരന്നു. അപ്രതീക്ഷിതമായിട്ടായിരുന്നല്ലോ എന്റെ പെട്ടെന്നുള്ള തിരിച്ചു വരവ്. ഞാൻ നടന്നതെല്ലാം വിശദീകരിച്ചപ്പോൾ അവർക്കും വിഷമമായി. ഞാൻ തിരിച്ചു വന്നതറിഞ്ഞ് അഴകും ഓടിയെത്തി. ഭരതൻ സാറിനൊപ്പം ഞാൻ വർക്ക് ചെയ്യാൻ പോയതിൽ അവരും ഏറെ ത്രില്ലിൽ ആയിരുന്നു. പക്ഷേ അതെല്ലാം വെറുതെയായി.
കുട്ടന് (ജയപ്രകാശ് ) പറയാൻ മറ്റൊരു ദുഃഖ വാർത്ത കൂടെ ഉണ്ടായിരുന്നു. ഞാൻ ഔട്ട്ഡോർ ഷൂട്ടിംഗിന് പോയ ആ ദിവസങ്ങളിൽ എന്നോ ഒരു ദിവസം, അവർ ഇരുവരും പുറത്ത് പോയിരുന്ന അവസരത്തിൽ ഞങ്ങളുടെ മുറിയിൽ ഒരു കള്ളൻ കയറി. കള്ളന് മോഷ്ടിക്കാൻ ആ മുറിയിൽ ആകെ ഉണ്ടായിരുന്നത് എന്റെ ഒരു ടേപ്പ് റെക്കോർഡർ ആണ്. അതാണെങ്കിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും. എന്റെ ഏക സമ്പാദ്യം ആയ ആ പാട്ടുപ്പെട്ടിയിൽ നിന്നും ഉയരുന്ന മധുരഗാനങ്ങൾ കേട്ടാണ് ഞാൻ എന്നും രാത്രി ഉറങ്ങാറുള്ളത്. ഉറങ്ങാൻ കിടക്കുമ്പോൾ ഓൾഡ് ക്ലാസ്സിക് ഗാനങ്ങളോ ഗസൽസോ കേൾക്കുക എന്നുള്ളത് വർഷങ്ങളായി എന്റെ ഒരു വീക്നെസ് ആയിരുന്നു.
“പ്രാണസഖിയും, ദേവീ നിൻ ചിരിയിലും, ശ്യാമസുന്ദര പുഷ്പമെയും, രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല തുടങ്ങി മുഹമ്മദ് റാഫി യുടെ ഗോൾഡൻ ഹിറ്റ്സ്, പങ്കജ് ഉദാസ്, ജഗജിത് സിംഗ് ഗസൽസ്, S. P. B.യുടെ ഇളയനിലാ, നാൻ പാടും മൗനരാഗം, കന്നഡയിലെ രാജ്‌കുമാർ സോങ്ങ്സ്, രാജ് കപൂറിന്റെ മേരാ നാം ജോക്കർ ഹിറ്റ്സ്, ഭൂപെൻ ഹസാരികയുടെ രുദാലി ഗാനങ്ങൾ ഇതൊക്കെ എന്റെ പ്രിയപ്പെട്ട ഉറക്കു പാട്ടുകൾ ആണ്. അന്നും ഇന്നും..
അങ്ങനെ പിന്നെ കുറേ നാൾ എന്റെ രാത്രികൾ നിദ്രാവിഹീനങ്ങളായി എന്ന് പറഞ്ഞാൽ മതിയല്ലോ.. കൂട്ടുകാരുടെ ആശ്വാസവചനങ്ങൾ കേൾക്കാൻ നിൽക്കാതെ ഞാൻ നേരെ A.V. M. സ്റ്റുഡിയോയിലേക്ക് വിട്ടു. പടങ്ങൾ വരും, പോകും..ജീവിതം തുടർന്നല്ലേ മതിയാകൂ. എന്റെ പ്രിയപ്പെട്ട രാജ് കപൂർ ഗാനം പോലെ.
(ജീനാ യഹാ മർന യഹാ ഇസ്‌കെ സിവ ജാനാ കഹാൻ ).
A. V. M. സ്റ്റുഡിയോയിലെക്ക് കയറിയാൽ ആദ്യം തന്നെ വലതു ഭാഗത്ത് കാണുന്ന എഡിറ്റിംഗ് റൂം പ്രശസ്തരായ ലെനിൻ – വി.ടി. വിജയൻമാരുടേതാണ്. അന്ന് മണിരത്നം അടക്കം പ്രശസ്തരായ പല തമിഴ് ഡയറക്ടർസിന്റെയും മലയാളത്തിലെ ഭരതൻ, ജയരാജ് തുടങ്ങിയവരുടെയും ചിത്രങ്ങൾ എഡിറ്റ് ചെയ്തിരുന്നത് ലെനിൻ, വിജയൻ ടീം ആണ്.വെറുതെ അങ്ങോട്ട് നോക്കിയപ്പോൾ അതാ എഡിറ്റിംഗ് റൂമിനു മുമ്പിൽ ജയരാജ്. വേഗം ജയന്റെ അടുത്തേക്ക് ചെന്നു. (നീലക്കുറിഞ്ഞി പൂത്തപ്പോൾ മുതൽ ജയനും ആയുള്ള സൗഹൃദത്തെ പറ്റി മുമ്പ് പലയിടത്തും ഞാൻ പ്രതിപാദിച്ചീട്ടുണ്ടല്ലോ ).
വെങ്കലത്തിൽ നിന്നും പിരിഞ്ഞു പോരേണ്ടി വന്ന സാഹചര്യത്തെ പറ്റിയൊക്ക ജയനോട് പറഞ്ഞപ്പോൾ അദ്ദേഹം സമാധാനിപ്പിച്ചു.
“പോട്ടെ. എന്റെ അടുത്ത ചിത്രത്തിൽ തീർച്ചയായും ഗോപി ഉണ്ടാവും. ഇപ്പോൾ തത്കാലം ഇതിന്റെ സെൻസർ വർക്ക് തുടങ്ങിക്കോളൂ. രണ്ട് ദിവസത്തിനുള്ളിൽ നമുക്ക് റീ റെക്കോർഡിങ് തുടങ്ങാം.”
എനിക്ക് സന്തോഷം ആയി.ഈ ഒരവസ്ഥയിൽ എന്തെങ്കിലും ചെയ്യാൻ ഇല്ലെങ്കിൽ അത് മനസ്സിനെ ബാധിക്കും.
“കുടുംബസമേതം” എന്നചിത്രത്തിന്റെ എഡിറ്റിംഗ് ആണ് അപ്പോൾ അവിടെ നടന്നിരുന്നത്. പറഞ്ഞ പോലെ ദിവസങ്ങൾക്കകം ആ ചിത്രത്തിന്റെ റീ റെക്കോർഡിങ്ങും സെൻസർ വർക്കുകളും ആരംഭിച്ചു.
സിംപിൾ പ്രോഡക്ഷൻസിന്റെ ചിത്രം ആയിരുന്നു കുടുംബ സമേതം.
മനോജ്. K. ജയൻ നായകൻ ആവുന്ന ആദ്യ ജയരാജ് ചിത്രം. മറ്റൊരു പ്രധാന വേഷത്തിൽ മധു സാറും ഉണ്ട്. മോനിഷ, ശ്രീവിദ്യ, നരേന്ദ്ര പ്രസാദ്, കവിയൂർ പൊന്നമ്മ തുടങ്ങി ഒട്ടേറെ പേർ ചിത്രത്തിലുണ്ട്. കൈതപ്രം -ജോൺസൻ ടീമിന്റെ മനോഹരമായ ഗാനങ്ങൾ. കലൂർ ഡെന്നിസ് ആണ് സ്ക്രിപ്റ്റ്. ജോണി വാക്കർ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വന്ന ജയരാജിന്റെ ഈ ചിത്രം, മികച്ച വിജയം നേടിയെന്ന് മാത്രം അല്ല അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ശ്രദ്ധേയമായ ഒരു ചിത്രം ആയി മാറി.
(തുടരും)
Pics.
1. ജയരാജ്.
2. മധു
3.മനോജ്. K. ജയൻ.
4. ശ്രീവിദ്യ
5. നരേന്ദ്ര പ്രസാദ്
6. കവിയൂർ പൊന്നമ്മ
7. മോനിഷ
8. B. ലെനിൻ
9. കൈതപ്രം
10. ജോൺസൺ.