ഡാഡി സിനിമയും സുരേഷ് ഗോപിയെ പരിചയപ്പെട്ട ദിവസവും (എന്റെ ആൽബം- 36)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
52 SHARES
624 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 36
(ഗോപിനാഥ്‌ മുരിയാട്)

“കുടുംബസമേതം’ വർക്ക്‌ കഴിഞ്ഞതും സംഗീത് ശിവന്റെ എഡിറ്റിംഗ് റൂമിൽ നിന്നും വിളി വന്നു. ഡാഡി ഷൂട്ടിംഗ് കഴിഞ്ഞു വന്നു. ഉടനെ ഡബ്ബിങ് തുടങ്ങണം.അൽപ്പം ഫ്ലാഷ് ബാക്ക്.

വെങ്കലത്തിന്റ ഷൂട്ടിംഗിന് മുമ്പ് നടന്ന സംഭവങ്ങൾ ആണ്.യോദ്ധ റിലീസ് ആയി ഒരു മാസം കഴിഞ്ഞു കാണും. സംഗീത് ജമിനിക്കരികെയുള്ള പാമ്ഗ്രോവ് ഹോട്ടലിൽ എത്തിയിട്ടുണ്ടെന്നും ഉടനെ ചെല്ലണമെന്നും ആരോ എന്നെ അറിയിച്ചു. ഞാൻ ചെല്ലുമ്പോൾ ഹോട്ടലിൽ സംഗീത്, സന്തോഷ്‌ ശിവൻ, തമിഴ് ഫോട്ടോഗ്രാഫർ ആയ B. R. വിജയലക്ഷ്മി,ആൽവിൻ ആന്റണി എന്നിവർ ഒക്കെയുണ്ട്. വിജയലക്ഷ്മിയെ യോദ്ധ യുടെ ഫൈനൽ വർക്ക്‌ നടക്കുമ്പോൾ പലപ്പോഴും എഡിറ്റിംഗിലും സംഗീത് താമസിക്കുന്ന ഹോട്ടൽ റൂമിലും ഒക്കെ വച്ച് ഞാൻ കണ്ടീട്ടുണ്ട്. സന്തോഷിന്റെ അടുത്ത സുഹൃത്താണ് വിജയലക്ഷ്‌മി. ഇവരെ കൂടാതെ മറ്റ് രണ്ടു പേർ കൂടി മുറിയിൽ ഉണ്ടായിരുന്നു. ഒന്ന് സംഗീതിന്റെ കസിൻ ആയ കുക്കു (സുബിൽ സുരേന്ദ്രൻ.) ഇദ്ദേഹം പിന്നീട് ഒരാൾ, വീരാളിപ്പട്ട് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. സംഗീത് തന്നെ പിന്നീട് സംവിധാനം ചെയ്ത ‘അന്ന’ എന്ന ചിത്രത്തിലേ നായകനും കുക്കു ആണ്. പിന്നെ ഒരാൾ ബാബു പള്ളാശ്ശേരി.
സംഗീത് കാര്യങ്ങൾ വിശദീകരിച്ചു. പ്രതീക്ഷ പീറ്റർ എന്ന പ്രൊഡ്യൂസർക്ക് വേണ്ടി പെട്ടെന്നൊരു പടം ചെയ്യണം. അടുത്ത മാസം ഊട്ടിയിൽ ഷൂട്ടിംഗ്. ക്രിസ്തുമസിന് റിലീസ് ചെയ്യണം. കഥ വിജയലക്ഷ്‌മിയുടെ ആണ്. പെട്ടെന്ന് സ്ക്രീൻപ്ലേ റെഡിയാക്കണം. ബാബു സ്ക്രീൻപ്ലേയിൽ സഹകരിക്കാൻ ഉണ്ടാവും.
അങ്ങനെ ഡിസ്കഷൻ ആരംഭിച്ചു. ഒരു കുട്ടിയുടെ കുസൃതികളിലൂടെയാണ് കഥ തുടങ്ങുന്നത്. നായിക ഗൗതമി, നായകൻ അരവിന്ദ് സ്വാമി, മറ്റൊരു പ്രധാന റോളിൽ സുരേഷ് ഗോപിയും ഉണ്ട്. ( സന്തോഷിന് അരവിന്ദ് സ്വാമിയുടെ ഡേറ്റ് പെട്ടെന്ന് ഒത്തു വന്നപ്പോൾ പ്ലാൻ ചെയ്‌ത പടം ആണ് അതെന്ന് എനിക്ക് മനസ്സിലായി. അരവിന്ദ് ആദ്യമായി ചെയ്ത മണിരത്നം ചിത്രം റോജയുടെ ക്യാമറമാൻ സന്തോഷ്‌ ആയിരുന്നല്ലോ ).

ആൽവിൻ ആന്റണി ആണ് പ്രൊഡക്ഷൻ കൺട്രോളർ. അസ്സോസിയേറ്റ് ഡയറക്ടർ ആയി വിനോദ് ഏട്ടൻ. (സുരേഷ് -വിനു ടീമിലെ വിനു ). ഒരാഴ്ച യോളം പാമ്ഗ്രോവിൽ ഡിസ്കഷൻ നടന്നു. ദിവസവും രാവിലെ ഹോട്ടലിൽ ചെല്ലും. ഒന്നോ രണ്ടോ സീൻ ഡിസ്‌കസ് ചെയ്യും. ഊണ്, ചായ എല്ലാം സമയാസമയം കറക്റ്റ് ആയിട്ടുണ്ട്. കഥ എങ്ങും എത്തുന്നില്ല. വിജയലക്ഷ്മിയുടെ കഥ ആയതിനാൽ പുള്ളിക്കാരി പറയുന്ന സീനിന് ഒക്കെ ഒരു തമിഴ് ടച്ച്‌. എനിക്ക് ബോർ അടിച്ചു തുടങ്ങി. ഈ സമയത്താണ് ജോഷി സാറിന്റെ ഹിന്ദി സിനിമയുടെ (സോറി..പടം ഏതാണെന്നു ഓർമയില്ല) സെൻസർ സ്ക്രിപ്റ്റ് എഴുതാൻ എന്നെ തേടി ഹിന്ദി പടത്തിന്റെ പ്രൊഡക്ഷൻ മാനേജർ എത്തുന്നത്. ജോഷി സർ പറഞ്ഞയച്ചതാണ്. (മലയാളം ന്യൂ ഡൽഹി ചെയ്തത് ഞാൻ ആയിരുന്നു ). അതിന് ശേഷം ജോഷി സാറിന്റെ എല്ലാ ചിത്രങ്ങളും മദ്രാസ് വിടുന്നത് വരെ ഞാൻ ആയിരുന്നു ചെയ്തിരുന്നത്.

ഞാൻ സംഗീതിനോട്‌ പെർമിഷൻ ചോദിച്ചു അവിടെ നിന്ന് മുങ്ങി. അത് കഴിഞ്ഞ് ചെന്നപ്പോഴേക്കും ഡിസ്കഷൻ നിർത്തി സംഗീതും മറ്റും സ്ഥലം വിട്ടിരുന്നു. ഒരു വൺലൈൻ തയ്യാർ ആയിട്ടുണ്ട്. അത് വച്ച് ഷൂട്ടിംഗിന് പോകാം. ബാക്കി ഒക്കെ അവിടെ ചെന്ന് നോക്കാം. ഷൂട്ടിംഗിന് വിനുവേട്ടനും മറ്റ് ടെക്‌നിഷ്യൻസിനും ഒപ്പം ഊട്ടിക്ക് ആൽവിൻ ആന്റണി ടിക്കറ്റ് എടുത്തു തരും. നവംബറിലാണ് ഷൂട്ടിംഗ്. ഊട്ടിയിൽ കൊടും തണുപ്പാണ്. എനിക്ക് പണ്ടേ തണുപ്പ് പറ്റില്ല. ( വർഷങ്ങൾക്ക് മുമ്പ് ഒരു മാർച്ചിൽ ജോലി കിട്ടി ഞാൻ U. P. യിലെ ഡെറാഡൂണിൽ എത്തിയെങ്കിലും അവിടുത്തെ തണുപ്പിനെ പറ്റി സഹപ്രവർത്തകരിൽ നിന്നും കേട്ടറിഞ്ഞ ഞാൻ ഓഗസ്റ്റ് ആവുന്നതിന് മുമ്പേ അവിടുന്ന് ട്രാൻസ്ഫർ വാങ്ങി സ്ഥലം വിട്ട ഒരു ചരിത്രം എനിക്കുണ്ട് ).

ഞാൻ വിനുവേട്ടനോട് കാര്യം പറഞ്ഞു.ഊട്ടിക്ക് ഞാൻ ഇല്ല. തണുപ്പ് പ്രശ്നം ആണ്. മദ്രാസ് വർക്കിന് ഞാൻ ഉണ്ടാവാം.
പ്ലീസ്…
വിനുവേട്ടൻ കുറേ നിർബന്ധിച്ചു.
“വേറെ അസിസ്റ്റന്റ്സ് ആരും ഇല്ല. എല്ലാവരും അപ്പ്രെന്റിസ് ആണ്. ഞാൻ ഒറ്റക്ക് പെട്ടു പോവും.”
ഞാൻ പറഞ്ഞു.
“ഞാൻ വന്നാലും ചേട്ടന് പണിയാകും. അടുത്ത ദിവസം തന്നെ എന്നെ പാക്ക് ചെയ്യേണ്ടി വരും. തണുപ്പും ഞാനും മുജ്ജന്മ ശത്രുക്കളാ.”
എന്റെ അവസ്ഥ മനസ്സിലാക്കിയ വിനുവേട്ടൻ പിന്നെ നിർബന്ധിച്ചില്ല. അങ്ങനെ ഡാഡി ഔട്ട്ഡോർ ഷൂട്ടിംഗിൽ നിന്നും ഞാൻ തലയൂരി.

ഹിന്ദി വർക്ക്‌ കഴിഞ്ഞ ഉടനെയാണ് വിജയേട്ടൻ എന്നെ വന്ന് കാണുന്നതും വെങ്കലത്തിന്റെ വർക്കിന് വിളിക്കുന്നതും. വെങ്കലത്തിന്റെ സെറ്റിൽ ഉണ്ടായ കഥ എല്ലാം ഞാൻ പറഞ്ഞല്ലോ. അങ്ങനെ ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചെത്തിയ ‘ഡാഡി’ യുടെ എഡിറ്റിംഗ് വർക്ക്‌ ശ്രീകർ പ്രസാദിന്റെ റൂമിൽ നടക്കുന്നിടത്തേക്ക് ഞാൻ ചെന്നു. സംഗീത് ആദ്യം ഊട്ടിയിൽ ചെല്ലാത്തതിന് കുറെ പരിഭവം പറഞ്ഞു.
ഞാൻ എന്റെ അവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു.
“അത് പോട്ടെ. ഇപ്പോൾ ഫ്രീ ആണല്ലോ.”
ഞാൻ തലയാട്ടി..
“എങ്കിൽ ബാലൻസ് ഷൂട്ടിംഗും പോസ്റ്റ്‌ പ്രൊഡക്ഷൻ കംപ്ലീറ്റ് വർക്ക്‌ ചെയ്യണം. വിനോദ് പുതിയ പടത്തിന് പോയി. പിന്നെ വർക്ക്‌ അറിയാവുന്ന ആരും ഇല്ല.” (വിനോദേട്ടൻ അന്ന് തിരക്കേറിയ അസ്സോസിയേറ്റ് ആണ്. ഒരു പടം ഷൂട്ടിംഗ് പാക്ക് അപ്പ്‌ ആയി വന്നാൽ ഉടനെ അടുത്ത ഷൂട്ടിംഗിന് പോകും. പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്ക്‌ ഒക്കെ അസ്സോസിയേറ്റ് ഇല്ലെങ്കിലും നടന്നു പോവും. ചെന്നൈയിൽ അന്ന് ഒരുപാട് അസിസ്റ്റന്റ് ഡയറക്ടർസ് ഉണ്ടല്ലോ. ആരെയെങ്കിലും ഒക്കെ സ്റ്റുഡിയോ വർക്കുകൾക്കായി വിളിക്കും )

ഞാൻ സമ്മതിച്ചു. രണ്ടു ദിവസത്തിനുള്ളിൽ A. V. M. സ്റ്റുഡിയോയിൽ ഷൂട്ടിംഗ് ചാർട്ട് ചെയ്തു. സെറ്റിൽ ഒരു song എടുക്കാൻ ഉണ്ട്. അരവിന്ദും ഗൗതമിയും ചേർന്നുള്ള ഒരു duet ആണ്. കല മാസ്റ്റർ ആണ് നൃത്തസംവിധായിക.
രണ്ടു ദിവസം കൊണ്ട് ആ ഗാനം ചിത്രീകരിച്ചതോടെ ഷൂട്ടിംഗ് പാക്ക് അപ്പ്‌ ആയി.കൂട്ടത്തിൽ പറയട്ടെ, അരവിന്ദ് പക്കാ gentleman ആണ്. തമിഴ് താരങ്ങളുടെ ജാടയോ, ചുറ്റും സിൽബന്ധികളോ ഒന്നും ഇല്ലാത്ത ഒരു genuine personality.

അരവിന്ദ് ഓഡിയോയിൽ ഡബ്ബിങ് നടക്കുമ്പോൾ ആണ് സുരേഷ് ഗോപിയെ ഞാൻ പരിചയപ്പെടുന്നത്. മുമ്പ് പലപ്പോഴും ഡബ്ബിങ് സ്റ്റുഡിയോകളിൽ വച്ച് കണ്ടീട്ടുണ്ടെങ്കിലും പരിചയപെട്ടിട്ടില്ല. ഡബ്ബിങ്ങിന് ഡയലോഗ്സ് പറഞ്ഞു കൊടുക്കാൻ അടുത്ത് ചെന്ന എന്നെ കണ്ട് സുരേഷ് ചോദിച്ചു.
“ഇയാളെ ഷൂട്ടിംഗ് ന് കണ്ടില്ലല്ലോ. പുതിയ ആളാണോ “.
കേട്ട് നിന്ന സംഗീത് വേഗം അടുത്ത് വന്ന് എന്നെ പരിചയപ്പെടുത്തി.
“ഗോപി പുതിയ ആൾ ഒന്നും അല്ല. എന്നേക്കാൾ സീനിയർ ആണ്. യോദ്ധയിൽ ഉണ്ടായിരുന്നു.ഇതിന്റെ ഡിസ്കഷൻ തുടങ്ങുമ്പോളോക്കെ ഉണ്ടായിരുന്ന കക്ഷിയാ. പെട്ടെന്ന് ജോഷി സാറിന്റെ ഹിന്ദി പടം വന്നപ്പോൾ മുങ്ങിയതാ. പിന്നെ ഷൂട്ടിംഗ് കഴിഞ്ഞ് വന്നപ്പോഴാ കാണുന്നെ..”

സുരേഷ് കുറ്റപ്പെടുത്തുന്ന പോലെ എന്നെ നോക്കി.
“അമ്പടാ. ഹിന്ദി പടം കണ്ടപ്പോ മുങ്ങിയതാ അല്ലേ”.
ഞാൻ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് എന്റെ ജോലിയിലേക്ക് കടന്നു.
സുരേഷിന് ഡാഡിയിൽ ഒരു ചെറിയ റോൾ ആയിരുന്നു. ചിത്രത്തിലെ ബാലനടന്റെ അച്ഛൻ കഥാപാത്രം. ഫ്ലാഷ് ബാക്കിലും ക്ലൈമാക്സിലും മാത്രം. രണ്ടു മണിക്കൂറിനുള്ളിൽ തന്റെ ഡബ്ബിങ് തീർത്തു സുരേഷ് മടങ്ങി.
അരവിന്ദ് സ്വാമിക്ക് വേണ്ടി ഡബ് ചെയ്തത് ഷമ്മി തിലകൻ ആണെന്നാണ് എന്റെ ഓർമ.

നായകൻ ആയിരുന്നെങ്കിലും അദ്ദേഹത്തിന് പടത്തിൽ കാര്യമായി ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. ക്രീയേറ്റീവ് കോൺട്രിബൂഷൻ എന്ന പേരിൽ ആണ് ഡയലോഗ്സ് എഴുതാൻ സഹായിച്ച ബാബു പള്ളാശ്ശേരിയെ ടൈറ്റിലിൽ ചേർത്തത്.. സ്റ്റോറി – സ്ക്രീൻപ്ലേ വിജയലക്ഷ്‌മി യുടെ പേരിൽ തന്നെ. ഡയലോഗ്സ് റാഫി -മെക്കാർട്ടിൻ എന്ന് ടൈറ്റിലിൽ പേര് ചേർത്തെങ്കിലും ഇവർ എഴുതിയ സ്ക്രിപ്റ്റ് ഇഷ്ടം ആവാതെയാണ് സംഗീത് ബാബുവിനെ വിളിച്ചു വരുത്തി ഡയലോഗ്സ് എഴുതാൻ സഹായം ആവശ്യപ്പെട്ടതെന്ന് ഞാൻ അറിയുന്നത് പിന്നെയും കൂറേ കാലം കഴിഞ്ഞാണ് !!
ബിച്ചു തിരുമല, S. P. വെങ്കിട്ടേഷ് ടീം ആണ് ചിത്രത്തിലെ സംഗീതം.ഗാനങ്ങൾ തരക്കേടില്ലായിരുന്നു.
പക്ഷേ സ്ക്രിപ്റ്റ് ഡിസ്കഷൻ ടൈമിൽ എനിക്ക് തോന്നിയ പോലെ തന്നെ വളരെ ദുർബലമായ
ആ തിരക്കഥ തന്നെയായിരുന്നു ചിത്രത്തിന്റെ പരാജയത്തിന് ഹേതു. വ്യൂഹത്തിനും യോദ്ധാക്കും ശേഷം സംഗീത് -സന്തോഷ്‌ ടീം ചെയ്‌ത ഡാഡി ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും എനിക്ക് പ്രിയപ്പെട്ട കുറച്ചേറെ ഓർമ്മകൾ സമ്മാനിച്ച ചിത്രം തന്നെയായിരുന്നു അത്..

(തുടരും)

1. സംഗീത് ശിവൻ
2. സന്തോഷ്‌ ശിവൻ
3. അരവിന്ദ് സ്വാമി
4. സുരേഷ് ഗോപി
5. ഗൗതമി
6.ബാബു പള്ളാശ്ശേരി
7. റാഫി -മെക്കാർട്ടിൻ
8.B. R. വിജയലക്ഷ്മി.
9. ആൽവിൻ ആന്റണി.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.